22 Sunday
December 2024
2024 December 22
1446 Joumada II 20

അറബ് യൂറോപ്പ് ഉച്ചകോടി

കഴിഞ്ഞയാഴ്ചയില്‍ നടന്ന അറബ് യൂറോപ്പ് ഉച്ചകോടിയാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള ഒരു വാര്‍ത്ത. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്ഥിരതയ്ക്കും സമാധാനത്തിനും യൂറോപ്പിന് എന്ത് പങ്ക് നിര്‍വഹിക്കാനാകും എന്ന അന്വേഷണങ്ങളും അതിനെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളുമാണ് പ്രധാനമായും ഉച്ചകോടിയില്‍ നടന്നത്. സാംസ്‌കാരികമായ കൈമാറ്റങ്ങളും മറ്റ് സഹകരണങ്ങളും എങ്ങനെ സാധ്യമാക്കാം എന്ന ചര്‍ച്ചകളും ഉച്ചകോടിയില്‍ നടന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍ പിന്തുണയും പ്രാധാന്യവും നല്‍കാനുള്ള തീരുമാനവും കൈക്കൊണ്ടാണ് ഉച്ചകോടി സമാപിച്ചത്. ഈജിപ്തിലെ ശാമശൈഖില്‍ വെച്ചായിരുന്നു രണ്ട് ദിവസത്തെ ഉച്ചകോടി നടന്നത്. മിക്കവാറും അറബ്, യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളും നേതാക്കളും ഉച്ച കോടിയില്‍ പങ്കെടുത്തു. ഫലസ്തീനില്‍ അന്താരാഷ്ട്രാ നിയമങ്ങള്‍ ലംഘിച്ചുള്ള ഇസ്രയേലിന്റെ കടന്നുകയറ്റത്തിനെതിരില്‍ ഐകകണ്‌ഠേനയുള്ള ചര്‍ച്ചകളും അഭിപ്രായങ്ങളും ഉച്ച കോടിയില്‍ നിന്നുണ്ടായി. ഇരു പക്ഷത്ത് നിന്നുള്ള നേതാക്കളും ഈ വിഷയത്തില്‍ ഇസ്രായേലിനെ നിശിതമായി വിമര്‍ശിച്ചു. 1967 ലെ അതിര്‍ത്തി പ്രകാരം ഫലസ്തീനും ഇസ്രായേലും രണ്ട് സ്വതന്ത്ര പരാമിധികാര രാഷ്ട്രങ്ങളാകുകയെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമെന്നും ഉച്ച കോടി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ യു എന്‍ പാസാക്കിയിട്ടുള്ള പ്രമേയത്തെ അംഗീകരിച്ച്‌കൊണ്ട് ദ്വിരാഷ്ട്ര ഫോര്‍മുലയിലൂടെ പ്രശ്‌ന പരിഹാരത്തിന് ഇസ്രായേല്‍ തയാറാകണമെന്നും നിര്‍ദേശമുയര്‍ന്നു. 28 യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും 21 അറബ് രാജ്യങ്ങളിലെ നേതാക്കളും പങ്കെടുത്തുവെന്നതാണ് അറബ് യൂറോപ്പ് ഉച്ചകോടിയുടെ പ്രാധാന്യം. ഒരു രാഷ്ട്രീയ നീക്കത്തിനപ്പുറം രണ്ട് വന്‍ കരകളിലെ രണ്ട് സംസ്‌കാരങ്ങള്‍ തമ്മില്‍ നടക്കുന്ന ആദാന പ്രദാനങ്ങളാണ് ഉച്ചകോടിയുടെ പ്രസക്തിയെന്നും വാണിജ്യം,ഊര്‍ജം,ശാസ്ത്രം,സാങ്കേതികം,ഐ.ടി ടൂറിസം, കൃഷി തുടങ്ങിയ മേഖലകളില്‍ സഹകരണം  മെച്ചപ്പെടുത്താന്‍ ഇരു പക്ഷത്തുമുള്ള രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയായെന്നും ഉച്ചകോടിയുടെ സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Back to Top