8 Tuesday
July 2025
2025 July 8
1447 Mouharrem 12

അമ്പിയാക്കളും മുഅ്ജിസത്തും സഹായവും – പി കെ മൊയ്തീന്‍ സുല്ലമി

അല്ലാഹുവിന്റെ ഏകത്വം അഥവാ തൗഹീദ് വികലമാക്കാന്‍ വേണ്ടി നിരവധി നൂതന വാദങ്ങള്‍ അവതരിപ്പിക്കാറുണ്ട്. അതില്‍ പെട്ട ഒരു പുതിയ വാദമാണ് അമ്പിയാക്കന്മാര്‍ മുഅ്ജിസത്തുകള്‍ കൊണ്ട് അവരുടെ ജീവിതകാലത്തും മരണ ശേഷവും സഹായിക്കും എന്നത്. അവരുടെ മരണശേഷം അവരോട് സഹായം തേടുന്നത് അനുവദനീയമാണെന്ന് അവര്‍ പറയുന്നു.
എന്നാല്‍ ‘മുഅ്ജിസത്ത്’ എന്നത് ചില മജീഷ്യന്‍മാര്‍ പ്രകടിപ്പിക്കുന്നതുപോലെ പ്രവാചകന്മാര്‍ ഉദ്ദേശിക്കുമ്പോള്‍ പ്രകടിപ്പിക്കുവാന്‍ കഴിയുന്ന കാര്യമല്ല. മുഅ്ജിസത്തുകള്‍ സമ്പൂര്‍ണമായും അല്ലാഹുവിന്റെ നിയന്ത്രണത്തിലാകുന്നു. അതിന്റെ നിര്‍വചനം ശ്രദ്ധിക്കുക: ‘എതിരാളികള്‍ വെല്ലുവിളിക്കുമ്പോള്‍ പ്രവാചകത്വം ലഭിച്ചവരുടെ കൈകളിലൂടെ അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണ സംഭവങ്ങള്‍ക്കാണ് മുഅ്ജിസത്ത് (അമാനുഷിക സംഭവം) എന്നു പറയുന്നത്”(ശറഹുല്‍ അഖാഇദ: പേജ് 134).
അമ്പിയാക്കന്മാര്‍ക്ക് അവരുടെ ജീവിത കാലത്തുപോലും സ്വന്തം ശരീരങ്ങള്‍ക്ക് രക്ഷ നല്‍കാന്‍ അവരുടെ മുഅ്ജിസത്തുകള്‍ കൊണ്ട് സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അമ്പിയാക്കന്മാരില്‍ ഏറ്റവും ശ്രേഷ്ടനായ നബി(സ)യുടെ ജീവിതം പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. ഉഹ്ദു യുദ്ധവും ഹുനൈനും മുസ്‌ലിംകള്‍ പരാജയപ്പെട്ടത് മുഅ്ജിസത്തുള്ള പ്രവാചകന്റെ സാന്നിധ്യത്തില്‍ തന്നെയാണ്. എന്തുകൊണ്ട് നബി(സ) ക്ക് മുഅ്ജിസത്തുണ്ടായിട്ടും മേല്‍പറഞ്ഞ രണ്ടു യുദ്ധങ്ങളും പരാജയപ്പെട്ടു? നബി(സ) നമസ്‌കാരത്തില്‍ സുജൂദിലായിരിക്കെ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാലകള്‍ കഴുത്തില്‍ ചാര്‍ത്തിയപ്പോള്‍ തല ഉയര്‍ത്താനാവാത്ത മുഅ്ജിസത്തുള്ള പ്രവാചകരെ രക്ഷിക്കാന്‍ തന്റെ പ്രിയപ്പെട്ട മകള്‍ ഫാത്വിമ(റ) വരേണ്ടി വന്നത് എന്തുകൊണ്ടാണ്? ഖദീജ(റ) യുടെയും അബൂത്വാലിബിന്റെയും മരണശേഷം സ്വയരക്ഷക്കുവേണ്ടി ത്വാഇഫിലേക്ക് ഹിജ്‌റ പോയ പ്രവാചകനെ കല്ലെറിഞ്ഞു ചോരയൊലിപ്പിച്ചപ്പോള്‍ എന്തുകൊണ്ട് തന്റെ മുഅ്ജിസത്തുകൊണ്ട് ഏറ് തടുക്കാനോ എറിഞ്ഞവരെ ശിക്ഷിക്കാനോ സാധിച്ചില്ല. ഉഹ്ദ് രണാങ്കണത്തില്‍ വെച്ച് മുന്‍പല്ല് നഷ്ടപ്പെടുകയും പടത്തൊപ്പിയുടെ ആണി മുഖത്ത് തറയ്ക്കുകയും ശത്രുക്കള്‍ കുഴിച്ച കുഴിയില്‍ വീഴുകയും ചെയ്ത പ്രവാചകന് എന്തുകൊണ്ട് മുഅ്ജിസത്തുകള്‍ കൊണ്ട് അവ തടുക്കാന്‍ സാധിച്ചില്ല?
അതുകൊണ്ടു തന്നെയാണ് അല്ലാഹു ഇപ്രകാരം അരുളിയത്. ”നബിയേ പറയുക: എന്റെ സ്വന്തം ശരീരത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ” (അഅ്‌റാഫ് 188). മുഅ്ജിസത്തുകള്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ പ്രവാചകന്മാര്‍ക്ക് വെളിപ്പെടുത്താന്‍ കഴിയൂ എന്ന് താഴെ വരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു: ”അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു ദൃഷ്ടാന്തവും കൊണ്ടുവന്നു തരാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല”(ഇബ്‌റാഹീം 11).
മറ്റൊരു ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക: ”അവര്‍ (നിഷേധികള്‍) പറഞ്ഞു: ഇദ്ദേഹത്തിന് തന്റെ രക്ഷിതാവിങ്കല്‍ നിന്ന് എന്തുകൊണ്ട് ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെടുന്നില്ല. താങ്കള്‍ പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു”(അന്‍കബൂത്ത് 50). ഇതുപോലെ മുഅ്ജിസത്തുകളുടെ ഉടമസ്ഥന്‍ അല്ലാഹു മാത്രമാണെന്നു തെളിയിക്കുന്ന വേറെയും പല വചനങ്ങളും വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. മാത്രവുമല്ല, ഇന്നിന്ന മുഅ്ജിസത്തുകള്‍ കൊണ്ടുവന്നാല്‍ ഞങ്ങള്‍ താങ്കളില്‍ വിശ്വസിക്കാം എന്ന നിലയില്‍ മുശ്‌രിക്കുകള്‍ നബി(സ)യോട് വില പേശുകയും ചെയ്തിരുന്നു. അപ്പോള്‍ നബി(സ)യോട് അല്ലാഹു, അവരോട് ഇപ്രകാരം മറുപടി പറയാനാണ് കല്പിച്ചത്. അത് ശ്രദ്ധിക്കുക:
”അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ താങ്കളില്‍ വിശ്വസിക്കുകയേയില്ല. അല്ലെങ്കില്‍ ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും അതിന്നിടയിലൂടെ താങ്കള്‍ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നതുവരെ. അല്ലെങ്കില്‍ താങ്കള്‍ ജല്പിക്കുന്നതു പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ താങ്കള്‍ക്ക് കഷ്ണം കഷ്ണമായി താങ്കള്‍ വീഴ്ത്തുന്നതുവരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി താങ്കള്‍  കൊണ്ടുവരുന്നതു വരെ. അതുമല്ലെങ്കില്‍ ഒരുസ്വര്‍ണ ഭവനം താങ്കള്‍ക്കുണ്ടാവണം. അല്ലെങ്കില്‍ മാനത്തേക്ക് കയറണം. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം അവിടെ നിന്ന് ഇറക്കിത്തരാത്ത കാലത്തോളം അങ്ങനെ കയറിപ്പോയാലും ഞങ്ങള്‍ വിശ്വസിക്കില്ല. നബിയേ പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍. ഞാനൊരു ദൂതനായ മനുഷ്യന്‍ മാത്രമല്ലേ?” (ഇസ്‌റാഅ് 90-93)
നബി(സ) മുഖേന ഒരു ദൃഷ്ടാന്തം എന്ന നിലയില്‍ അല്ലാഹു മുഅ്ജിസത്തുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. താഴെ വരുന്ന ഖുര്‍ആന്‍ വചനവും അതിന്റെ വ്യാഖ്യാനവും പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. ”അന്ത്യസമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു”(ഖമര്‍ 1). നബി(സ)യുടെ പ്രവാചകത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കണമെങ്കില്‍ വ്യക്തമായ വല്ല ദൃഷ്ടാന്തവും കണ്ടേ തീരു എന്ന് സത്യനിഷേധികള്‍ ശഠിച്ചപ്പോള്‍ ചന്ദ്രന്‍ പിളരുകയുണ്ടായി” (ബുഖാരി, മുസ്‌ലിം). അതേയവസരത്തില്‍ ദൃഷ്ടാന്തങ്ങള്‍ ചോദിക്കുകയും അല്ലാഹു അത് വെളിപ്പെടുത്തുകയും ചെയ്തതിനു ശേഷവും ധിക്കാരം പ്രവര്‍ത്തിക്കുന്ന പക്ഷം ആ നാടിനെത്തന്നെ നശിപ്പിക്കുകയെന്നതാണ് അല്ലാഹുവിന്റെ നടപടി.
സ്വാലിഹ് നബി(അ)യുടെ ജനതയായ സമൂദ് വര്‍ഗത്തിന് സംഭവിച്ചത് അതാണ്. അവര്‍ പറഞ്ഞു: അക്കാണുന്ന മലഞ്ചെരുവില്‍ ഒരു ഗര്‍ഭമുള്ള ഒട്ടകത്തെ ദൃഷ്ടാന്തം എന്ന നിലയില്‍ ഞങ്ങള്‍ കാണണം. എങ്കില്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കാം. അങ്ങനെ അല്ലാഹു ഒട്ടകത്തെ വെളിപ്പെടുത്തുകയും അവര്‍ അതിനെ അറുക്കുകയും ചെയ്തു. താഴെ വരുന്ന വചനങ്ങള്‍ അതിനെ സംബന്ധിച്ചാണ്. ”അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം കാരണത്താല്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും അവര്‍ക്കെല്ലാം ശിക്ഷ സമമാക്കുകയും ചെയ്തു”(ശംസ് 14). അപ്പോള്‍ മുഅ്ജിസത്തുകള്‍ (അമാനുഷിക ദൃഷ്ടാന്തങ്ങള്‍) സമ്പൂര്‍ണമായും അല്ലാഹുവിന്റെ കൈവശം മാത്രമാണ്. ഒരു ദൃഷ്ടാന്തം കാണിച്ചുകൊടുത്ത് ജനങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിപ്പിക്കാന്‍ നബി(സ) അതിയായി ആഗ്രഹിച്ചിരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ ശക്തമായ മുന്നറിയിപ്പാണ് നബി(സ)ക്ക് അല്ലാഹു നല്‍കിയത്. അതിപ്രകാരമാണ്:
”അവര്‍ (ദീനില്‍ നിന്ന്) പിന്തിരിഞ്ഞു കളയുന്നത് താങ്കള്‍ക്ക് ദുസ്സഹമായി തോന്നുന്നുവെങ്കില്‍ ഭൂമിയില്‍ (ഇറങ്ങിപ്പോകുവാന്‍) ഒരു തുരങ്കമോ ആകാശത്ത് (കയറിപ്പോകുവാന്‍) ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവര്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടുവന്നു കൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുന്ന പക്ഷം അപ്രകാരം പ്രവര്‍ത്തിച്ചുകൊള്ളുക”(അന്‍ആം 35). മുഅ്ജിസത്തുകള്‍ സമ്പൂര്‍ണമായും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ പെട്ടതാണ്. അതിനാല്‍ മുഅ്ജിസത്തുകള്‍ കൊണ്ട് ലഭിക്കുന്ന ഫലങ്ങളും അനുഗ്രഹങ്ങളും അല്ലാഹുവിന്റെ അനുഗ്രഹം മാത്രമായിട്ടേ വിലയിരുത്താവൂ.
പ്രവാചകന്മാര്‍ക്ക് നല്‍കിയ ജ്ഞാനതലത്തിലുള്ള മുഅ്ജിസത്തുകളുമുണ്ട്. ദാവൂദ് നബി(അ)യുടെ സങ്കീര്‍ത്തന ശബ്ദങ്ങളും യൂസുഫ് നബി(അ)യുടെ സ്വപ്ന വ്യാഖ്യാന പ്രാപ്തിയും അതില്‍ പെട്ടതാണ്. നബി(സ)ക്ക് നല്‍കിയ ഖുര്‍ആനും ഇത്തരത്തിലുള്ള മുഅ്ജിസത്താണ്. ഇവയുടെ ഗുണഫലം മറ്റുള്ളവര്‍ക്കും ലഭിക്കും.
എന്നാല്‍ മറ്റുള്ള മുഅ്ജിസത്തുകളില്‍ നിന്ന് പ്രവാചകന്മാരോട് ചോദിക്കല്‍ ശിര്‍ക്കാണ്. കാരണം മുഅ്ജിസത്തിന്റെ ഉടമസ്ഥന്‍ അല്ലാഹു മാത്രമാണ്. അത് മരണശേഷം പ്രവാചകന്മാരോട് ചോദിക്കല്‍ (അവരെ വിളിച്ചുതേടല്‍) വമ്പിച്ച ശിര്‍ക്കും കുഫ്‌റുമാണ്. കാരണം മരണ ശേഷം പ്രവാചകന്മാരിലൂടെ മുഅ്ജിസത്തുകള്‍ വെളിപ്പെടുത്തേണ്ട ആവശ്യം അല്ലാഹുവിനില്ല. മുഅ്ജിസത്ത് എന്നത് ഒരു വ്യക്തി പ്രവാചകനാണ് എന്നത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ളതാണ്. പ്രവാചകന്മാരുടെ മരണശേഷം അത്തരം ഒരു സാഹചര്യം നിലനില്‍ക്കുന്നില്ല.
രണ്ടാമതായി കാര്യകാരണബന്ധങ്ങള്‍ക്കതീതവും, അഭൗതികമായും അദൃശ്യമായും നമ്മുടെ വിളിയും തേട്ടവും കേള്‍ക്കുന്നവനും ഉത്തരം ചെയ്യുന്നവനും അല്ലാഹു മാത്രമാണ്. അത്തരം പ്രാര്‍ഥനകള്‍ അല്ലാഹു അല്ലാത്തവരോട് നടത്തല്‍ ശിര്‍ക്കും കുഫ്‌റുമാണ്. അല്ലാഹു അരുളി: ”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതുമല്ല. അന്ത്യദിനത്തിലാകട്ടെ നിങ്ങള്‍ ചെയ്ത ശിര്‍ക്കിനെ അവര്‍ നിഷേധിക്കുന്നതുമാണ്”(ഫാത്വിര്‍ 14).
ആരൊക്കെയാണ് പ്രാര്‍ഥിക്കപ്പെടുന്നവര്‍. ഇമാം ഖുര്‍ത്വുബിയടക്കമുള്ള മുഫസ്സിറുകള്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”മലക്കുകള്‍, ജിന്നുകള്‍, അമ്പിയാക്കള്‍, പിശാചുക്കള്‍ തുടങ്ങിയവര്‍ മേല്‍പറഞ്ഞ വചനത്തില്‍ ഉള്‍പ്പെടും”(അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍: ഫാത്വിര്‍ 14).
അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന ശിര്‍ക്കും കുഫ്‌റുമാണെന്നത് വ്യക്തമാക്കുന്ന നിരവധി ആയത്തുകള്‍ മക്കാ മുശ്‌രിക്കുകള്‍ക്ക് മാത്രമാണെന്ന വാദം വിചിത്രമാണ്. അതിന് അല്ലാഹുവിന്റെ കോടതിയില്‍ അവര്‍ ഉത്തരം പറയേണ്ടി വരും. ജീവിതകാലത്ത് മുഅ്ജിസത്തുകള്‍ കൊണ്ട് സ്വന്തം ശരീരത്തിന് രക്ഷ നല്‍കാന്‍ കഴിയാത്ത പ്രവാചകന്മാര്‍ക്ക് മരണശേഷം മറ്റുള്ളവര്‍ ക്ക് എങ്ങനെ രക്ഷ നല്‍കാന്‍ സാധിക്കും? എന്നതാണ് നമ്മുടെ ചോദ്യം!
Back to Top