22 Sunday
December 2024
2024 December 22
1446 Joumada II 20

അമ്പലക്കടവ്  പറഞ്ഞതും  പറയാത്തതും!  കെ പി എസ് ഫാറൂഖി

സമസ്ത ഇ കെ വിഭാഗം സുന്നീ നേതാവ് അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് കഴിഞ്ഞ ദിവസം (19/5/19) ഒരു പത്രത്തില്‍ എഴുതിയ ‘ദരിദ്രനെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കുക’ എന്ന റമദാന്‍ സന്ദേശക്കുറിപ്പ് ശ്രദ്ധേയവും അഭിനന്ദനാര്‍ഹവുമാണ്. സാധാരണ സമസ്തയുടെ പണ്ഡിതന്മാരില്‍ നിന്ന് സകാത്ത് വിഷയത്തില്‍ ഇപ്പോള്‍ അമ്പലക്കടവ് എഴുതിയത് പോലെയുള്ള പുരോഗമനാത്മകമായ എഴുത്തുകളും പ്രസംഗങ്ങളും അധികമൊന്നും കാണാറില്ല. അബ്ദുല്‍ ഹമീദ് ഫൈസി ഇപ്പോള്‍ എഴുതിയ നവോത്ഥാന ചിന്താധാരക്ക് സമാനമായ രണ്ട് വരികള്‍ ഇപ്രകാരമാണ്: ”പാവപ്പെട്ടവരെ സ്വയംപര്യാപ്തരാക്കാന്‍ എത്ര പണം ആവശ്യമാണോ അത്രയും പണമാണ് സമ്പന്നരുടെ സമ്പത്തില്‍ അല്ലാഹു സകാത്തായി ചുമത്തിയിരിക്കുന്നത്. സമ്പൂര്‍ണമായി യഥാവിധി വിനിയോഗിക്കപ്പെടുകയാണെങ്കില്‍ സമുദായത്തിലെ പാവപ്പെട്ടവരുടെ ദാരിദ്ര്യം പൂര്‍ണമായും നിഷ്‌കാസനം ചെയ്യപ്പെടാവുന്ന വിധം ബാലന്‍സ് ഒപ്പിച്ചാണ് സമ്പത്തും ദാരിദ്ര്യവും അല്ലാഹു നല്‍കിയിരിക്കുന്നത്.”
അമ്പലക്കടവിനോട് സ്‌നേഹപൂര്‍വം ഒരു ചോദ്യം: സകാത്ത് സംഭരണ – വിതരണം ‘സമ്പൂര്‍ണമായി യഥാവിധി’ നിര്‍വഹിക്കപ്പെടാന്‍ താങ്കളുടെ സംഘടനക്ക് എന്തെങ്കിലും പ്രായോഗിക കര്‍മപദ്ധതികളുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്? (മുജാഹിദുകള്‍ക്ക് സകാത്ത് സെല്‍, ജമാഅത്തുകാര്‍ക്ക് ബൈത്തുസ്സകാത്ത് എന്നിവയുള്ളത് പോലെ).
അമ്പലക്കടവ് ഫൈസി വീണ്ടുമെഴുതുന്നു: ”തൊഴിലറിയുന്നവന് തൊഴിലുപകരണവും കച്ചവടം ചെയ്യാന്‍ കഴിയുന്നവന് കച്ചവടത്തിന്റെ മൂലധനവും ഒന്നും അറിയാത്തവന് ആയുഷ്‌കാലം ജീവിക്കാന്‍ ആവശ്യമായ തുകയുമാണ് സകാത്തായി നല്‍കേണ്ടത്.”
ഇതെഴുതിയ അമ്പലക്കടവിന് പൂച്ചെണ്ടുകള്‍.പക്ഷെ ഒരു ചോദ്യത്തിന് കൂടി  അദ്ദേഹം മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ചോദ്യമിതാണ്: സകാത്തിന്റെ വിഹിതമായി തൊഴിലുപകരണവും കച്ചവട മൂലധനവും ആയുഷ്‌കാല ജീവിതോപാധിയും നല്‍കി മഹല്ലിലെ പാവപ്പെട്ടവരെ സ്വയംപര്യാപ്തരാക്കി മാതൃകയായി നിലകൊള്ളുന്ന ഇ കെ വിഭാഗം സുന്നികളുടെതായ വല്ല മഹല്ലും ഉണ്ടോ? ഉണ്ടെങ്കില്‍ എവിടെ?
എന്നാല്‍ ഇത്രയും നവോത്ഥാനപരമായ ആശയം സകാത്ത് വിഷയത്തില്‍ എഴുതിയ പ്രിയ സുഹൃത്ത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് തീരെ നിരാശ കലര്‍ന്ന ശൈലിയിലാണ്. അഥവാ ഇവിടെ ഇസ്‌ലാമിക ഭരണമില്ലാത്തതിനാല്‍ സകാത്ത് വിഷയത്തില്‍ നമുക്കിതൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് പറയാതെ പറഞ്ഞവസാനിപ്പിക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ ഇപ്രകാരം: ”ഇസ്ലാമിക ഭരണമുള്ള രാജ്യങ്ങളില്‍ ഭരണകൂടം തന്നെ സകാത്ത് സംഭരണവും വിതരണവും കാര്യക്ഷമമായി നിര്‍വഹിക്കണമെന്നതാണ് ഇസ്ലാമിക പക്ഷം.”
പ്രാദേശികതലത്തിന്‍, മഹല്ലടിസ്ഥാനത്തില്‍, സംഘടനാടിസ്ഥാനത്തില്‍ ഖാദിയുടെയോ ഖത്വീബിന്റെയോ വിശ്വസ്തനായ വ്യക്തിയുടെയോ നേതൃത്വത്തില്‍ സകാത്ത് കമ്മിറ്റിയുണ്ടാക്കി സാധ്യമാകുന്നത്ര ‘സമ്പൂര്‍ണമായും യഥാവിധിയും’ സകാത്ത് സംഭരണ-വിതരണ രീതി നടപ്പാക്കുന്നതിന്റെ ഇസ്ലാമിക വിധി അമ്പലക്കടവ് ഫൈസി പറയാതെ വിട്ടവസാനിപ്പിച്ച ലേഖനത്തിന്റെ പൂരണമായി ഇത് വായിക്കാവുന്നതാണ്. അതിപ്രകാരം: ”ഒരു പ്രദേശത്തെ സകാത്ത് കൊടുക്കാന്‍ ബാധ്യതപ്പെട്ട ധനികരുടെ ലിസ്റ്റെടുക്കുക എന്നത് ഇക്കാലത്ത് പ്രയാസമുള്ള കാര്യമല്ല. ആ പ്രദേശത്തെ സകാത്തിന്റെ അവകാശികളായ ആളുകളുടെ കണക്കെടുപ്പും പ്രയാസമുള്ള കാര്യമല്ല. ഇസ്ലാമിക ഭരണമുണ്ടെങ്കില്‍ ഭരണത്തിലെ ഉദ്യോഗസ്ഥന്മാര്‍ ഈ ദൗത്യം നിര്‍വഹിക്കണം. ഇസ്ലാമിക ഭരണമില്ലാത്ത പ്രദേശങ്ങളില്‍ പ്രാദേശിക മഹല്ലു കമ്മിറ്റികളാണ് ഈ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത്.” ”പ്രാദേശിക മഹല്ല് അടിസ്ഥാനത്തില്‍ മുസ്ലിം സമൂഹം സകാത്തുമായി ബന്ധപ്പെട്ട ഈ സാമൂഹിക ദൗത്യം ഉത്തരവാദിത്ത ബോധത്തോടെ നിര്‍വഹിച്ചിരുന്നുവെങ്കില്‍ എല്ലാ മുസ്ലിം മഹല്ലുകളും സാമ്പത്തിക സ്വയംപര്യാപ്തത നേടുകയും യാചനാ രഹിത പ്രദേശങ്ങളായി എല്ലാ മുസ്ലിം മഹല്ലുകള്‍ക്കും അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കാനും കഴിയും.
Back to Top