അമേരിക്കയുടെ പുതിയ പശ്ചിമേഷ്യന്‍ നയം
തങ്ങളുടെ പുതിയ പശ്ചിമേഷ്യന്‍ നയം റമദാനിന് ശേഷമുണ്ടാകുമെന്ന അമേരിക്കയുടെ അറിയിപ്പാണ് മിഡില്‍ ഈസ്റ്റുമായി ബന്ധപ്പെട്ടുള്ള പുതിയ അന്താരാഷ്ട്ര വാര്‍ത്ത. പശ്ചിമേഷ്യയെ സംബന്ധിച്ചേടത്തോളം വളരെ പ്രാധാന്യമുള്ളതാണ് അമേരിക്കയുടെ നയങ്ങളും സമീപനങ്ങളും. ഇസ്‌റാഈലിന്റെ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായി അമേരിക്ക നില്‍ക്കുന്നത് കൊണ്ടാണ് സ്വാഭാവികമായ നീതിയും അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു പരിഹാരവും പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളില്‍ ഉണ്ടാകാത്തതെന്നാണ് പൊതുവെയുള്ള വിമര്‍ശനങ്ങള്‍. അതുകൊണ്ട് തന്നെ അമേരിക്ക തങ്ങളുടെ പശ്ചിമേഷ്യന്‍ നയത്തില്‍ വരുത്തുന്ന ഏതൊരു ഭേദഗതിയും വളരെ പ്രാധാന്യപൂര്‍വമായിരിക്കും വീക്ഷിക്കപ്പെടുന്നത്. ഇസ്‌റാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കക്ക് നടത്താന്‍ സാധിക്കുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പരമാവധി ഊന്നല്‍ കൊടുത്ത് കൊണ്ടുള്ള ഒരു നയമാകും അമേരിക്ക പ്രഖ്യാപിക്കുകയെന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേശകരില്‍ ഒരാളും മരുമകനുമായ ജാര്‍ദ് കൂഷ്‌നറാണ് പശ്ചിമേഷ്യന്‍ നയവുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇരു ഭാഗത്തും ശക്തമായ വിട്ട് വീഴ്ചകളും ഒത്ത് തീര്‍പ്പുകളും ഉണ്ടാകത്തക്ക വിധമുള്ള ഒരു നയമാകും തങ്ങള്‍ സ്വീകരിക്കുകയെന്നാണ് കൂഷ്‌നര്‍ വ്യക്തമാക്കിയത്. ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ല. പക്ഷേ മുന്‍കാലങ്ങളില്‍ തങ്ങള്‍ പുലര്‍ത്തി വന്ന പല വീക്ഷണങ്ങളെയും പുതിയ നയത്തില്‍ പുനപ്പരിശോധിക്കും. ഇസ്‌റാഈല്‍- ഫലസ്തീന്‍ വിഷയത്തില്‍ ഇതുവരെ നടത്തിവന്ന ചര്‍ച്ചകളുടെയും ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെയും ചരിത്രത്തെ പൂര്‍ണമായും പഠിക്കാന്‍ ശ്രമിച്ചും അവ എന്ത്‌കൊണ്ട് പരാജയപ്പെട്ടു എന്ന് വിശകലനം ചെയ്തുമാകും പുതിയ നയം ആവിഷ്‌കരിക്കുകയെന്നും കൂഷ്‌നര്‍ വിശദീകരിച്ചു.