21 Saturday
December 2024
2024 December 21
1446 Joumada II 19

അമേരിക്കന്‍ ഉപരോധത്തെ മറികടക്കാന്‍ ഇറാന്‍ യൂറോപ്പിലേക്ക്

യൂറോപ്യന്‍ യൂണിയനുമായി ഇറാന്‍ കൂടുതല്‍ അടുക്കുന്നുവെന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. അമേരിക്കയുടെ അതൃപ്തികളെ അവഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ ഇറാനുമായി ചങ്ങാത്തത്തിലാകുന്നത് എന്നൊരു സവിശേഷത കൂടി ഈ വാര്‍ത്തയ്ക്കുണ്ട്. ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായി ചെയ്ത നടപടികളിലൊന്ന് ഒബാമയുടെ കാലത്ത് അമേരിക്ക ഇറാനുമായി നടത്തിയ ആണവ കരാറിനെ അസ്ഥിരപ്പെടുത്തലായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള അനേകം ലോക രാജ്യങ്ങള്‍ ഈ കരാര്‍ ലംഘനത്തിന്റെ നീതികേടിനെ സംബന്ധിച്ച് അമേരിക്കയെ ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ ട്രംപ് ഏകപക്ഷീയമായി ആണവ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. കരാറില്‍ നിന്ന് പിന്മാറുക മാത്രമല്ല, ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കാനും ട്രംപ് ധൃതി കാണിക്കുകയായിരുന്നു. തങ്ങളുടെ സുഹൃദ് രാഷ്ട്രങ്ങളെക്കൊണ്ട് കൂടി ഉപരോധം നടത്തിച്ച് ഇറാനെ പൂട്ടുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍ ഇറാന്റെ പുതിയ നീക്കത്തോടെ അമേരിക്കക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അമേരിക്കന്‍ ഉപരോധത്തെ നിസാരമാക്കി പുതിയ വഴികളിലൂടെ തങ്ങളുടെ വ്യാപാരം ശക്തിപ്പെടുത്താനും അതു വഴി ട്രംപിന് തക്ക മറുപടി നല്‍കാനുമാണ് ഇറാന്‍ ശ്രമിക്കുന്നത്.  പുതിയ ധാരണ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും റഷ്യ, ചൈന തുടങ്ങിയ വന്‍ ശക്തികളും ഇറാനുമായി വ്യാപാര ബന്ധം ശക്തമാക്കും. ഇതോടെ ഇറാന് അമേരിക്കന്‍ ഉപരോധം ഏല്‍പ്പിച്ച ക്ഷീണത്തെ മറികടക്കാനാകും എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ കരുതുന്നത്. എന്നാല്‍ പുതിയ നീക്കത്തെ അമേരിക്ക എങ്ങനെയാകും നേരിടാന്‍ ശ്രമിക്കുകയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ സാകൂതം വീക്ഷിക്കുന്നുണ്ട്.

Back to Top