അമിത്ഷായ്ക്ക് മുന്നില്‍ മുട്ടു വിറയ്ക്കുന്ന ഫാസിസത്തോടുള്ള പോരാട്ട- ബഷീര്‍ വള്ളിക്കുന്ന്
തീവ്രവാദികളെ പിന്തുണക്കുന്നവര്‍ ആരാണെന്ന് ഇന്ത്യന്‍ ജനത കാണട്ടെ എന്ന അമിത് ഷായുടെ ഭീഷണി ബോംബില്‍ മുട്ട് വിറച്ചുവോ നിങ്ങള്‍ക്ക് എന്നാണ് കേരളത്തില്‍ നിന്ന് പോയ പത്തൊമ്പത് പേരോടും ചോദിക്കാനുള്ളത്.. ബില്ലിനെതിരെ ശക്തമായ ഭാഷയില്‍ ഇ ടി മുഹമ്മദ് ബഷീരടക്കമുള്ളവര്‍ സംസാരിക്കുന്നത് കേട്ടു, പക്ഷേ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുവാന്‍ എന്തുകൊണ്ട് ധൈര്യം കാണിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്. എന്‍ ഐ ഐ ക്ക് നിലവിലുള്ള അധികാരങ്ങള്‍ തന്നെ വ്യാപകമായി ദുരുപയോഗം ചെയ്യുകയും ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ടൂളായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ഫാസിസ്റ്റ് കാലത്ത്, കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത വിധമുള്ള അപരിമിതമായ അധികാരങ്ങള്‍ നല്കി അതിനെ ഒരു ഭീകരജീവിയായി വളര്‍ത്താനുള്ള ബില്ലാണിത്. ആ ബില്ലിനാണ് കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍ അനുകൂലിച്ചു വോട്ട് ചെയ്തത് എന്നോര്‍ക്കണം. ഇന്ത്യക്ക് പുറത്തുള്ളവരിലേക്കും സൈബര്‍ ലോകത്തുമൊക്കെ എന്‍ ഐ എയെ ഉപയോഗിച്ചുള്ള ഭരണകൂട വേട്ടകള്‍ക്ക് നിങ്ങളുടെ കൂടെ പിന്തുണ അവര്‍ക്ക് കിട്ടി എന്ന് ചുരുക്കം.. നിങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്താലും ബില്ല് പാസ്സാകും, പക്ഷേ എതിര്‍പ്പിന്റെ ശബ്ദം രേഖപ്പെടുത്തുക എന്നത് ജനാധിപത്യത്തിന്റെ ജീവത് ധര്‍മ്മമാണ്.. ആ ധര്‍മ്മമാണ് നിങ്ങള്‍ നിര്‍വഹിക്കാതെ പോയത്.