3 Wednesday
December 2025
2025 December 3
1447 Joumada II 12

അമിതപ്രശംസയും ശാപവും – പി കെ മൊയ്തീന്‍ സുല്ലമി

മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് നന്മയും തിന്മയും സമ്മിശ്രമായി ചെയ്യുന്ന വിധത്തിലാണ്. നന്മ ചെയ്യുന്നവന്‍ അത് അല്ലാഹുവിന്റെ പ്രതിഫലം ഉദ്ദേശിച്ചുകൊണ്ടാണെങ്കില്‍ അവനെ നന്ദിയുള്ളവനായി അല്ലാഹു വിലയിരുത്തുന്നു. ഒരാള്‍ തിന്മ ചെയ്യുന്നത് മനപ്പൂര്‍വമാണെങ്കില്‍ അത്തരക്കാരെ അല്ലാഹു നന്ദി കെട്ടവനായി കണക്കാക്കുന്നു. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം അവന് വഴി കാണിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ അവന്‍ നന്ദി കെട്ടവനായിത്തീരുന്നു.” (ഇന്‍സാന്‍ 3)
സമൂഹത്തില്‍ 99 ശതമാനം ആളുകളും പ്രശംസ ആഗ്രഹിക്കുന്നവരാണ്. അതിന് ഇസ്‌ലാം എതിരല്ല. തന്നെ മോശമായി ജനം വിലയിരുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരുമുണ്ടാവില്ല.
ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അയാള്‍ നന്മകള്‍ ചെയ്യുന്നത് പരലോക പ്രതിഫലം കൂടി ആഗ്രഹിച്ചുകൊണ്ടായിരിക്കണം. ആളുകളുടെ പ്രശംസ ആഗ്രഹിച്ചുകൊണ്ടായിരിക്കരുത്. കാരണം ജനങ്ങള്‍ കാണാനും തന്നെക്കുറിച്ച് നല്ലത് പറഞ്ഞ് പ്രശംസിക്കാനുമാണ് ഒരു വ്യക്തി ആരാധനകളോ മറ്റു കര്‍മങ്ങളോ ചെയ്യുന്നതെങ്കില്‍ അത് അല്ലാഹു നിരോധിച്ചതും ശിര്‍ക്കുല്‍ അസ്വ്അറില്‍ (ചെറിയ ശിര്‍ക്ക്) പെട്ടതുമാണ്. അല്ലാഹു പറയുന്നു: ”എന്നാല്‍ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം. അവര്‍ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാകുന്നു’‘ (മാഊന്‍ 4-6)
ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റാന്‍ വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ആരാധനാ കര്‍മങ്ങള്‍ക്കും അത് ബാധകമാണ്. അല്ലാഹു പറയുന്നു: ”അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്ന പക്ഷം അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ” (അല്‍കഹ്ഫ് 110). ഇവിടെ ആരാധനയില്‍ പങ്കുചേര്‍ക്കുക എന്നതിന്റെ ഉദ്ദേശം മറ്റുള്ളവര്‍ കാണാനും പ്രശംസിക്കാനും ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുകയെന്നതുമാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് നന്മകള്‍ ചെയ്യുന്ന നിരവധി പേരുണ്ട്.
ഇത്തരം പ്രശംസകള്‍ ദീനീരംഗത്തും വ്യാപകമാണ്. മരണപ്പെട്ടവരെ പ്രശംസിക്കുമ്പോള്‍ അത് പത്തിരട്ടിയായി മാറുന്നു. നബി(സ) പറയുന്നു: ”ക്രിസ്ത്യാനികള്‍ ഈസാ(അ)യെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ ഒരടിമ മാത്രമാണ്. അല്ലാഹുവിന്റെ അടിമ, അവന്റെ ദൂതന്‍ എന്നിങ്ങനെ എന്നെക്കുറിച്ച് പറഞ്ഞാല്‍ മതി” (ബുഖാരി).
ഒരു വ്യക്തിയെ സംബന്ധിച്ച് ഉള്ളതു പറയാം. അതിനെ ഇസ്‌ലാം വിരോധിക്കുന്നില്ല. അതേയവസരത്തില്‍ അവരുടെ നന്മകള്‍ പോലും പറഞ്ഞു നടക്കുകയെന്നത് അത്ര ഗുണകരമല്ല. ”മരിച്ചവരുടെ നന്മകള്‍ നിങ്ങള്‍ പറയണം”(അബൂദാവൂദ്, തിര്‍മിദി). ഈ ഹദീസ് സ്വഹീഹല്ല. ഇമാം നവവിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ”ഈ ഹദീസ് ദുര്‍ബലമാണ്. ഈ ഹദീസ് ഒറ്റപ്പെട്ടതാണെന്ന് ഇമാം തിര്‍മിദി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പരമ്പരയിലുള്ള ഇംറാനുബ്‌നു അനസിന്റെ ഹദീസ് തള്ളിക്കളയേണ്ടതാണ്.” (നൈലുല്‍ ഔത്വാര്‍ 1:364). എന്നാല്‍ മരണപ്പെട്ടവരെ ശപിക്കലും ദുഷിച്ചുപറയലും കുറ്റകരമാണ്. നബി(സ) പറയുന്നു: ”നിങ്ങള്‍ മരണപ്പെട്ടുപോയവരെ ദുഷിച്ചു പറയരുത്. തീര്‍ച്ചയായും അവരുടെ പ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ മുന്നിട്ടിരിക്കുന്നു” (ബുഖാരി)
അതേയവസരത്തില്‍ മരണപ്പെട്ട ഏതെങ്കിലും ഒരു വ്യക്തി വല്ല ശിര്‍ക്കോ കുഫ്‌റോ പ്രചരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ പേരു പറഞ്ഞുകൊണ്ടുതന്നെ തിരുത്താവുന്നതാണ്. പല പണ്ഡിതന്മാരും സലക്ഷ്യം അത് വിശദീകരിച്ചിട്ടുണ്ട്. ഇമാം നവവിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ”എന്നാല്‍ തോന്നിവാസം, അനാചാരങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതില്‍ അറിയപ്പെടുകയും മരണപ്പെട്ടുപോവുകയും ചെയ്തിട്ടുള്ളവരെ സംബന്ധിച്ച് പൊതു നന്മയുദ്ദേശിച്ചും അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ വേണ്ടിയും മുന്നറിയിപ്പു നല്‍കാന്‍ വേണ്ടി അവരുടെ പേരുകള്‍ പരാമര്‍ശിക്കാവുന്നതാണ്’ (നൈലുല്‍ ഔത്വാര്‍ 1:391).
ഇന്ന് ഏറ്റവുമധികം പുകഴ്ത്തപ്പെടാറുള്ളത് അതിനര്‍ഹതയില്ലാത്തവരെയാണ്. അര്‍ഹതയുള്ളവര്‍ ചിലപ്പോള്‍ പരലോക ഭയം ഉള്ളതിനാല്‍ അതിനാഗ്രഹിച്ചു എന്നു വരില്ല. അര്‍ഹതയില്ലാതെ പുകഴ്ത്തപ്പെടലിന് പൂതിവെക്കുകയെന്നത് കുറ്റകരമാണ്. അല്ലാഹു അരുളി: ”തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സന്തോഷിക്കുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് താങ്കള്‍ വിചാരിക്കരുത്. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്” (ആലുഇംറാന്‍ 188).
എന്നാല്‍ ഒരു വ്യക്തിയെ നന്മ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയെന്നതും ജനങ്ങളെ നന്മയിലേക്ക് പ്രേരിപ്പിക്കാന്‍ വേണ്ടി ചെയ്യാവുന്നതാണ്. അല്ലാതെ ജനങ്ങളെ അഹങ്കാരികളാക്കും വിധമുള്ള പ്രശംസകള്‍ നബി(സ) നിരോധിച്ചിരിക്കുന്നു. താഴെ വരുന്ന നബിവചനങ്ങള്‍ ശ്രദ്ധിക്കുക: ”അബൂബക്‌റത്ത്(റ) പ്രസ്താവിച്ചു: ഒരാള്‍ നബി(സ)യുടെ സാന്നിധ്യത്തില്‍ മറ്റൊരാളെ അമിതമായി പ്രശംസിക്കുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അയാളെ നശിപ്പിക്കുകയും മുതുകിനെ മുറിച്ചുകളയുകയും ചെയ്തിരിക്കുന്നു” (ബുഖാരി, മുസ്‌ലിം).
മറ്റൊരു നബിവചനം ഇപ്രകാരമാണ്: ”മിഖ്ദാദ്(റ) പ്രസ്താവിച്ചു: ഒരാള്‍ ഉസ്മാന്‍(റ)വിനെ പുകഴ്ത്താന്‍ തുടങ്ങി. അപ്പോള്‍ മിഖ്ദാദ്(റ) മുട്ടുകുത്തിയിരുന്ന് പുകഴ്ത്തിയ വ്യക്തിയുടെ മുഖത്തേക്ക് മണ്ണുവാരിയിടാന്‍ തുടങ്ങി. അപ്പോള്‍ ഉസ്മാന്‍ ചോദിച്ചു: എന്താണ് താങ്കളുടെ പ്രശ്‌നം? അനന്തരം മിഖ്ദാദ്(റ) പറഞ്ഞു: നബി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ അമിതമായി പുകഴ്ത്തുന്നവരെ കണ്ടാല്‍ അവരുടെ വായയിലേക്ക് മണ്ണുവാരിയിടണം”(മുസ്‌ലിം). ഇത്തരം പുകഴ്ത്തലുകള്‍ ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരണപ്പെട്ടുപോയവര്‍ക്കും അത് ബാധകമാണ്.
താഴെ വരുന്ന സംഭവം ശ്രദ്ധിക്കുക: ”ഉസ്മാനുബ്‌നു മള്ഊന്‍ (മദീനയില്‍ വെച്ച്) ഉമ്മുല്‍ അലാഅ് എന്ന സ്ത്രീയുടെ വീട്ടില്‍ വെച്ചു മരണപ്പെട്ടപ്പോള്‍ അവര്‍ (ഉമ്മുല്‍ അലാഅ്) പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു താങ്കളെ ആദരിച്ചിരിക്കുന്നു. അപ്പോള്‍ അവരോട് നബി(സ) (ചോദിച്ചു: അല്ലാഹു അദ്ദേഹത്തെ ആദരിച്ചതായി എവിടുന്നാണ് നിനക്ക് അറിവു ലഭിച്ചത്? അവര്‍ പറഞ്ഞു: അല്ലാഹു തന്നെ സത്യം, അതിന്നു ശേഷം ഞാന്‍ ഒരിക്കലും ആരെയും പരിശുദ്ധപ്പെടുത്താറില്ല”(ബുഖാരി). അതുപോലെ മറ്റുള്ളവരെ ശപിക്കലും ഇസ്‌ലാം കര്‍ശനമായി നിരോധിച്ചതാണ്.
താഴെ വരുന്ന സംഭവങ്ങള്‍ ശ്രദ്ധിക്കുക: ”അനസ്(റ) പ്രസ്താവിച്ചു: ഉഹ്ദു യുദ്ധത്തില്‍ നബി(സ)യുടെ മുന്‍ പല്ല് പൊട്ടുകയും മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തു. അങ്ങനെ നബി(സ)യുടെ മുഖത്തുനിന്ന് രക്തം ഒഴുകി. അപ്പോള്‍ നബി(സ) ഇപ്രകാരം പറഞ്ഞു: ഇപ്രകാരം ഒരു പ്രവാചകനോട് ചെയ്ത ഒരു ജനത എങ്ങനെ വിജയം കൈവരിക്കും. അവര്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അപ്പോഴാണ് അല്ലാഹു ഇപ്രകാരം ഇറക്കിയത് ‘നബിയേ, കാര്യത്തിന്റെ തീരുമാനത്തില്‍ താങ്കള്‍ക്ക് യാതൊരവകാശവുമില്ല. അവര്‍ ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു” (അഹ്മദ്, മുസ്‌ലിം: മുഖ്തസ്വര്‍ ഇബ്‌നി കസീര്‍ 1:316).
ഈ വചനത്തിന്റെ അവതരണ സന്ദര്‍ഭം മറ്റു നിലയിലും വന്നിട്ടുണ്ട്. അതുപോലെ നബി(സ)യെ എറിഞ്ഞു ചോരയൊലിപ്പിച്ച ത്വായിഫുകാരെ  ശിക്ഷിക്കാന്‍ സന്നദ്ധനായ മലക്കിനോട് നബി(സ) പറഞ്ഞത് ഇപ്രകാരമായിരുന്നു: ”ഇവരുടെ മുതുകുകളില്‍ നിന്നും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ശിര്‍ക്കു ചെയ്യാത്ത ഒരു ജനത ഉണ്ടായിത്തീരാന്‍ ഞാനാഗ്രഹിക്കുന്നു’ (അല്‍ബിദായത്തു വന്നിഹായ 3:159). നബി(സ) ത്വായിഫുകാരെ ശപിക്കുകയുണ്ടായില്ല.
Back to Top