അഭയമില്ലാതെ കൊല്ലപ്പെടുന്നവര്‍ – റഷീദ് കണ്ണൂര്‍
മെഡിറ്റേറിയന്‍ തീരത്ത് പഞ്ചാര മണലില്‍ കമിഴ്ന്നു കിടക്കുന്ന ഐലന്‍ കുര്‍ദിയുടെ ചിത്രം നമ്മുടെ മനസ്സുകളില്‍നിന്നും ഇത് വരെ പോയിട്ടില്ല. ലോകം നേരിടുന്ന അഭയാര്‍ത്ഥി പ്രശ്‌നം അന്നൊരിക്കന്‍ ലോകം ചര്‍ച്ച ചെയ്തു. അതേ രീതിയില്‍ മറ്റൊരു ചിത്രം കൂടി ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. അച്ഛന്റെ ടീഷര്‍ട്ടിനുള്ളില്‍ കരുതല്‍ തേടിയ കുഞ്ഞു വലേറിയയും കുഞ്ഞോമനയെ കൈവിടാതെ കൂട്ടിപ്പിടിച്ചു കിടക്കുന്ന അച്ഛന്‍ മാര്‍ട്ടിനസും അഭയാര്‍ഥി വിരുദ്ധ രാഷ്ട്രീയത്തിന്റെ ചെളിക്കുഴിയില്‍ മരിക്കാത്ത ചിത്രമായി പതിച്ചിരിക്കുകയാണ്. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ജീവിക്കാനുള്ള ഇടം തേടിയുള്ള യാത്ര ആധുനിക കാലത്തും അവസാനിക്കുന്നില്ല. കുടിയേറ്റം ഇന്ന് ഒരു വലിയ മാനുഷിക വിഷയമായി അവശേഷിക്കുന്നു. ആരാണ് അതിനുത്തരവാദി എന്ന ചോദ്യത്തിന് മനുഷ്യന്‍ എന്ന് തന്നെയാണ് മറുപടി.
ലോകമെമ്പാടുമുള്ള അഭയാര്‍ഥി പ്രതിസന്ധികള്‍ക്ക് പിന്നില്‍ യുദ്ധങ്ങളും പീഡനങ്ങളുമാണ് പ്രധാന കാരണമെന്ന് 2015 ജൂണില്‍ യു എന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ കണക്കനുസരിച്ച് ഓരോ മിനിട്ടിലും ലോകത്തു 24 പേര്‍ സ്വന്തം നാട്ടില്‍ നിന്നും അഭയാര്‍ഥികളായി പുറത്തു പോകുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍, പരിസ്ഥിതിയും കാലാവസ്ഥയും, സാമ്പത്തിക ഞെരുക്കം എന്നിവയാണ് പാലായനത്തിന്റെ മറ്റു മുഖ്യ കാരണങ്ങള്‍. ലോകത്തു 65 മില്യണ്‍ അഭയാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് രാജ്യമില്ലാത്ത ജനതയും ആ കൂട്ടത്തിലുണ്ട്. അതിനിയും വര്‍ധിക്കും എന്ന് കൂടി കണക്കുകള്‍ പറയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലെയും പശ്ചിമേഷ്യയിലെ യും കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രീയ സംഭവവികാസങ്ങളാണ് അഭയാര്‍ഥികളുടെ വര്‍ധനവില്‍ ഒരു കാരണം. അതെ പോലെ തന്നെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അമേരി ക്കന്‍ നാടുകളിലും പ്രശ്‌നം ഉണ്ടാക്കുന്നു. അതിന്റെ ഇരയാണ് ഇന്നലെ മുങ്ങി മരിച്ച അച്ഛനും മകളും. ട്രംപിന്റെ പുതിയ തീരുമാന പ്രകാരം അഭയാര്‍ത്ഥികള്‍ വര്‍ഷങ്ങള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണം. ചൂടും വിപരീത സാഹചര്യങ്ങളും ആളുകളെ അതില്‍ നിന്നും തടയുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ പലരും പല വഴി നോക്കുന്നു. അതിന്റെ ഇരയായി ചിലര്‍ മാറുകയും ചെയ്യുന്നു.
രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെ അഭയാര്‍ത്ഥികളുടെ കണക്ക്.
ഐലന്‍ കുര്‍ദി ഒരിക്കല്‍ അഭയാര്‍ഥികളുടെ നേര്‍ക്കുള്ള ആഗോള ശ്രദ്ധ നേടാന്‍ കാരണമായി. ഇപ്പോള്‍ കുഞ്ഞു വലേറിയയും അച്ഛനും കൂടുതല്‍ ചര്‍ച്ചക്ക് കാരണമായേക്കാം. അഭയാര്‍ഥികളെ അകറ്റി നിര്‍ത്താന്‍ മെക്‌സിക്കോയുമായുള്ള കിഴക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ട്രംപ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. മതിലിന്റെ കാര്യത്തില്‍ വേണ്ടത്ര ജനസമ്മിതി കിട്ടാത്ത ട്രംപ് അഭയാര്‍ത്ഥി നയം കടുപ്പിച്ചാണ് കുടിയേറ്റക്കാരോട് പക തീര്‍ക്കുന്നത്. ലോകം പുരോഗമിക്കുന്നു എന്ന് നാം പറയുമ്പോഴും വര്‍ധിച്ചുവരുന്ന അഭയാര്‍ത്ഥി പ്രശ്‌നം മനുഷ്യ കുലത്തിനു നേര്‍ക്കുള്ള ചോദ്യമായി എന്നും നിലനില്‍ക്കും.