5 Friday
December 2025
2025 December 5
1447 Joumada II 14

അബ്രഹാം വംശ ഗേഹം 2022 ല്‍ പൂര്‍ത്തിയാവും

യു .എ .ഇ തലസ്ഥാന നഗരിയിലെ സാദിയാത്ത് ദ്വീപില്‍ മസ്ജിദും ചര്‍ച്ചും സിനഗോഗും ഒരേ സ്ഥലത്ത് ഒരുക്കുന്നു. അബ്രഹാം വംശ ഗേഹം (അബ്രഹാമിക് ഫാമിലി ഹൗസ്) എന്നു പേരിട്ട ചരിത്രപദ്ധതി 2022 ല്‍ പൂര്‍ത്തീകരിച്ച് പ്രാര്‍ഥനക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. 74ാമത് ഐക്യരാഷ്ട്ര പൊതുസഭ യോഗത്തിന് മുന്നോടിയായി ന്യൂയോര്‍ക് പബ്ലിക് ലൈബ്രറിയില്‍ നടന്ന പദ്ധതി അവലോകന യോഗം ഹ്യൂമന്‍ ഫ്രറ്റേണിറ്റി ഹയര്‍ കമ്മിറ്റിയുടെ പ്രഥമ പ്രോജക്ടുകളില്‍ ഒന്നായാണ് അബ്രഹാം വംശ ഗേഹത്തെ വിശേഷിപ്പിച്ചത്. വിവിധ മതവിശ്വാസികള്‍ തമ്മില്‍ പരസ്പര ബഹുമാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ഉന്നത ദൗത്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
യു എ ഇ തലസ്ഥാന നഗരിയില്‍ ലോകത്തിലെ മതസൗഹാര്‍ദത്തിന്റെ അടയാളമായി ഈ ആരാധനാലയം ഉയര്‍ന്നുവരും. ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അഹ്‌സര്‍ ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബും ഫെബ്രുവരിയില്‍ അബൂദബിയില്‍ ഒപ്പിട്ട ലോക സമാധാനവും ഒത്തൊരുമയിലുള്ള ജീവിതവും സാധ്യമാക്കാനുള്ള മനുഷ്യ സാഹോദര്യ പ്രമാണത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും ഉപദേശവും നല്‍കുന്നതിന് അധികാരമുള്ള ഉന്നത സമിതിയാണ് ‘അബ്രഹാം വംശ ഗേഹം’ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി അവലോകന ചടങ്ങില്‍ യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനും വിവിധ സ്ഥാപനങ്ങളുടെയും പങ്കാളികളുടെയും പ്രതിനിധികളും പങ്കെടുത്തു.
ഒരൊറ്റ സമൂഹമായി പരസ്പരം ബന്ധപ്പെടുകയും മൂല്യങ്ങള്‍ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം അവരവരുടെ മതവിശ്വാസങ്ങളും ദേശീയതകളും സംസ്‌കാരങ്ങളും അനുസരിച്ച് ജീവിക്കാന്‍ സാധ്യമാകുന്ന സൗഹൃദാന്തരീക്ഷം വിളംബരം ചെയ്യുന്നതുമാവും പദ്ധതി. ലോകപ്രശസ്ത വാസ്തുശില്‍പി സര്‍ ഡേവിഡ് അഡ്ജയ് ആണ് പദ്ധതി രൂപകല്‍പന തയാറാക്കിയത്. മതങ്ങളുടെ പേരില്‍ വിദ്വേഷം, വിഭജനം എന്നിവ സമൂഹങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ സൗഹാര്‍ദത്തിന്റെ അടയാളമെന്ന ചരിത്രപരമായ സംരംഭമാണിതെന്ന് പോണ്ടിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലീജ്യസ് ഡയലോഗ് പ്രസിഡന്റും ഹയര്‍ കമ്മിറ്റി അംഗവുമായ മിഗ്വല്‍ ഏഞ്ചല്‍ അയ്യൂസോ ഗ്യൂക്‌സോട്ട് ചൂണ്ടിക്കാട്ടി. മനുഷ്യ സാഹോദര്യത്തിനു വേണ്ടി യു.എ.ഇ പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് ശാന്തിയും സമാധാനവും മതസൗഹാര്‍ദവും ആഗ്രഹിക്കുന്നവരെ ഒന്നിപ്പിക്കാന്‍ ഈ പദ്ധതി സഹായകമാവുമെന്ന് ഹയര്‍ കമ്മിറ്റി അംഗവും അല്‍ അസ്ഹര്‍ അല്‍ ഷരീഫ് ഗ്രാന്‍ഡ് ഇമാമിന്റെ മുന്‍ ഉപദേശകനുമായ ജഡ്ജി മുഹമ്മദ് മഹ്മൂദ് അബ്ദുല്‍ സലാം അഭിപ്രായപ്പെട്ടു.

Back to Top