8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

അഫ്ഗാനിസ്താനില്‍ സമാധാന നീക്കങ്ങള്‍ സഫലമാകുന്നു

നീണ്ട കാത്തിരിപ്പിനൊടുവില്‍ അഫ്ഗാനിസ്താനില്‍ സമാധാന നീക്കങ്ങള്‍ സഫലമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നല്‍കിയ വാഗ്ദാനം മൂന്നു വര്‍ഷം കഴിഞ്ഞാണെങ്കിലും നടപ്പാകുമ്പോള്‍ താലിബാന്‍ മാത്രമല്ല, അഫ്ഗാന്‍ ജനതയൊന്നാകെ സന്തോഷത്തിലാണ്. 2011-ഓടെ ഖത്തര്‍ മധ്യസ്ഥരായി സമാധാന നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ 2013-ല്‍ താലിബാന്‍ ഓഫിസ് ഖത്തറില്‍ തുറന്നെങ്കിലും പിന്നീട് പൂട്ടി. 2014-ഓടെ യു എസ് ഒഴികെ മറ്റു രാജ്യങ്ങള്‍ പൂര്‍ണമായി അഫ്ഗാന്‍ വിട്ടു. ഇതിനിടെ ശക്തി പ്രാപിച്ച താലിബാന്‍ നിലവില്‍ രാജ്യത്തിന്റെ പകുതിയിലേറെ ഭാഗത്തിന്റെ നിയന്ത്രണം കൈയാളുന്നുണ്ട്. 2018-ലാണ് വീണ്ടും യു എസുമായി ചര്‍ച്ചയാകാമെന്ന് താലിബാന്‍ സമ്മതിക്കുന്നത്. ഒമ്പതു വട്ടം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അഫ്ഗാന്‍ മണ്ണില്‍ നിന്ന് 5,400 സൈനികരെ പിന്‍വലിക്കുമെന്ന് യു എസ് പ്രഖ്യാപിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞ് വാഗ്ദാനം പ്രസിഡന്റ് ട്രംപ് വിഴുങ്ങി. ഒരു യു എസ് സൈനികന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. ഏറ്റവുമൊടുവില്‍ ഒരാഴ്ച മുമ്പ് ഇരുവിഭാഗങ്ങളും വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ കരാര്‍ നിലവില്‍ വരുന്നത്. താലിബാനും യു എസും കരാറിലെത്തിയെങ്കിലും അഫ്ഗാന്‍ സര്‍ക്കാറുമായി തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. നേരത്തേ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചെന്ന് അവകാശപ്പെട്ട് അശ്‌റഫ് ഗനി, അബ്ദുല്ല അബ്ദുല്ല എന്നീ രണ്ടു നേതാക്കള്‍ അധികാരത്തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ആരുമായി ചര്‍ച്ച നടത്തുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അഫ്ഗാന്‍ സര്‍ക്കാറിനെ അംഗീകരിക്കാന്‍ താലിബാനും തിരിച്ചും ഇനിയും തയാറാകാത്തതും വെല്ലുവിളിയാകും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x