2 Saturday
August 2025
2025 August 2
1447 Safar 7

അന്‍വറിന്റെ ആരോപണം: രാഷ്ട്രീയ ഒത്തുതീര്‍പ്പല്ല, നടപടിയാണ് വേണ്ടത് – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: കേരള പൊലീസില്‍ സംഘ്പരിവാറിന്റെ ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തെ കേവലം രാഷ്ട്രീയ ഒത്തുതീര്‍പ്പിലൂടെ ഒതുക്കി തീര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കേരള പൊലീസ് മുസ്‌ലിം സമുദായത്തിനു നേരെ വിവേചനപരമായി പെരുമാറുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് പി വി അന്‍വര്‍ എം എല്‍ എയുടെ തെളിവു സഹിതമുള്ള ആരോപണങ്ങള്‍.
മലപ്പുറം ജില്ലയെ ക്രൈം ജില്ലയാക്കി ചിത്രീകരിച്ച് കേന്ദ്രത്തിന് നേരിട്ടിടപെടാനും തൃശൂര്‍പൂരം കലക്കി സാമുദായിക ധ്രുവീകരണത്തിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനും കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുമുള്ള സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് പൊലീസിലെ അജിത്കുമാറും സുജിത്ദാസുമടക്കമുള്ള ഉന്നതര്‍ ചെയ്തതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ അവരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ തയ്യാറാവണം.
മയക്കുമരുന്ന് പിടികൂടാനെന്ന പേരില്‍ രൂപീകരിക്കപ്പെട്ട അന്വേഷണ സംഘത്തെ ദുരുപയോഗം ചെയ്ത് പൊലീസ് മേധാവികള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന സ്വര്‍ണക്കള്ളക്കടത്ത് വിഹിതം വെപ്പിനെക്കുറിച്ചും കൊലപാതങ്ങളെക്കറിച്ചും അന്വേഷണം നടത്തി ശിക്ഷ ഉറപ്പു വരുത്തണം. കേരളത്തിലെ പൊലീസ് മേധാവിയെ നോക്കു കുത്തിയാക്കി ഭരണ നേതൃത്വവും അജിത്കുമാറും സുജിത്ദാസും ഉള്‍പെടെയുള്ള സംഘപരിവാര്‍ പൊലീസ് സംഘവും ഒത്ത് കളിക്കുകയായിരുന്നു എന്ന ആരോപണം അതീവ ഗൗരവതരമാണ്. ആരോപണം ശരിവെക്കുന്ന നടപടികള്‍ ഇതിനകം ബോധ്യപ്പെട്ട സാഹചര്യത്തില്‍ തെറ്റു തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. മമ്മു കോട്ടക്കല്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, എം എം ബഷീര്‍ മദനി, കെ എം കുഞ്ഞമ്മദ് മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്, സുബൈര്‍ അരൂര്‍, ഫൈസല്‍ നന്മണ്ട, സുഹൈല്‍ സാബിര്‍, സി അബ്ദുല്ലത്തീഫ്, പി പി ഖാലിദ്, അബ്ദുസ്സലാം മദനി, കെ പി അബ്ദുറഹ്മാന്‍, ഹമീദലി ചാലിയം, സഹല്‍ മുട്ടില്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

Back to Top