6 Friday
March 2026
2026 March 6
1447 Ramadân 17

അന്ധവിശ്വാസങ്ങള്‍ക്കെതിരിലുള്ള മുഖ്യമന്ത്രിയുടെ  പ്രസ്താവന സ്വാഗതാര്‍ഹം: കെ എന്‍ എം

ആലപ്പുഴ: ഐതിഹ്യങ്ങളെയും പുരാണ കഥാപാത്രങ്ങളെയും ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്തി അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ധീരമായ പ്രസ്താവന ആശാവഹമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സൗത്ത് സോണ്‍ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം തങ്ങളുടേത് മാത്രമാക്കി മാറ്റാനുള്ള വര്‍ഗീയ ശക്തികളുടെ നീക്കങ്ങള്‍ക്കെതിരിലുള്ള പ്രസ്താവനയെ കെ എന്‍ എം സ്വാഗതം ചെയ്തു. ശാസ്ത്ര പുരോഗതി നേടിയ ജനങ്ങള്‍ വരെ മാന്ത്രികവിദ്യയുടെയും മാരണത്തിന്റെയും ജിന്ന് ബാധയുടെയും നക്ഷത്രഭാവിയുടെയും പുറകെപോകുന്ന അപകടകരമായ സാഹചര്യത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവരാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ നടന്ന ദക്ഷിണ കേരളാ പ്രതിനിധി സമ്മേളനവും നേതൃപരിശീലന ക്യാമ്പും സംസ്ഥാന സെക്രട്ടറി പ്രഫ. കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സൗത്ത് സോണ്‍ പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ സെക്രട്ടറി കെ എ സുബൈര്‍ അരൂര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡോ. അനസ് കടലുണ്ടി, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, അബ്ദുര്‍റഷീദ് ഉഗ്രപുരം, എം എം ബഷീര്‍ മദനി പ്രഭാഷണം നടത്തി. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വൈ മുഹമ്മദ് മുനീര്‍, ഹുസൈന്‍ കായംകുളം, ഹാഷിം ഈരാറ്റുപേട്ട, സലീം കരുനാഗപ്പള്ളി, സജീവ് കൊട്ടിയം, മുജീബ് തൊടുപുഴ, ജമീല ടീച്ചര്‍ എറണാകുളം പ്രസംഗിച്ചു.
Back to Top