അനുസ്മരണം -സി കമ്മുമൗലവി
വളവന്നൂര്‍: ചെറവന്നൂര്‍ പ്രദേശത്തെ ആദ്യകാല മുജാഹിദ് പ്രവര്ത്തകന് കമ്മു മൗലവി നിര്യാതനായി. ആദര്‍ശ പ്രബോധനരംഗത്ത് ആര്‍ജവത്തോടെ നിലപാടുകള്‍ സ്വീകരിച്ച കമ്മു മൗലവി ഏറെ പക്വതയും ദൈവഭക്തിയും ജീവിത്തിലുടനീളം കാത്തുസൂക്ഷിച്ചിരുന്നു. ചെറവന്നൂരിലും പരിസരങ്ങളിലും മദ്റസ അധ്യാപകനായും ചെറവന്നൂര്‍ അത്താണിക്കല്‍ ജുമാമസ്ജിദില്‍ ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അനാചാരങ്ങള്‍ക്കെതിരെയുള്ള ഇദ്ദേഹത്തിന്റെ ധീരമായ നിലപാട് 1989-ല്‍ പ്രദേശത്ത് ഇസ്ലാഹീ മദ്റസ സ്ഥാപിതമാകുന്നതിന് നിമിത്തമായി. ചെറവന്നൂര്‍ പള്ളിയില്‍ മുതിര്‍ന്ന കുട്ടികള്‍ക്കുവേണ്ടി മതപഠന ക്ലാസ് നടത്തിയിരുന്ന ഇദ്ദേഹം ദീനീവിജ്ഞാനം പകര്‍ന്ന് നല്കുന്നതില് ഏറെ തല്പരനായിരുന്നു. അദ്ദേഹത്തിന്റെ സമപ്രായക്കാര്‍ പോലും ഈ ക്ലാസുകളില്‍ നിന്ന് മതവിഷയത്തില്‍ സംശയനിവാരണം നടത്താറുണ്ടായിരുന്നു. മത, സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവരാണ് കുടുംബാംഗങ്ങളെല്ലാം. മക്കള്‍: ഡോ. സി മുഹമ്മദ് അന്‍സാരി (കെ എന്‍ എം ജില്ലാ എക്സിക്യൂട്ടീവ് അംഗം), അബ്ദുസലാം, അബ്ദുല്‍ജബ്ബാര്‍ (പുത്തനത്താണി മണ്ഡലം കെ എന്‍ എം സെക്രട്ടറി), ഖദീജ, ആയിശക്കുട്ടി ടീച്ചര്‍, ഉമ്മുസല്‍മ എന്നിവര്‍ മക്കളാണ്. ജീവിതം പൂര്‍ണമായും നാഥന്റെ മാര്‍ഗത്തില്‍ അടയാളപ്പെടുത്തി യാത്രയായ അദ്ദേഹത്തിന് അല്ലാഹു പാപങ്ങള്‍ പൊറുത്ത് കൊടുക്കുകയും സ്വര്‍ഗപ്രവേശം നല്കി അനുഗ്രഹിക്കുകയും ചെയ്യട്ടെ.
സി മുഹമ്മദ് പറവന്നൂര്‍
