2 Wednesday
July 2025
2025 July 2
1447 Mouharrem 6

അനുസ്മരണം – ടി അബ്ദുസ്സമദ് മാസ്റ്റര്‍ മാതൃകാധന്യനായ സംഘാടകന്‍

രണ്ടത്താണി: ത്യാഗത്തിന്റെ ജീവിതമുദ്രകള്‍ ബാക്കിവെച്ച്‌നാലു പതിറ്റാണ്ടിലേറെ ഇസ്‌ലാഹി രംഗത്ത് ഊര്‍ജസ്വലനായ സംഘാടകനായി പ്രവര്‍ത്തിച്ച ടി അബ്ദുസ്സമദ് മാസ്റ്റര്‍ അല്ലാഹുവിലേക്ക് യാത്രയായി. അദ്ദേഹം അടയാളപ്പെടുത്തിയ സംരംഭങ്ങളില്‍ ഒടുവിലത്തേതാണ് അമ്മത്തൊട്ടിലുകളിലും മറ്റും ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സംരക്ഷിക്കുന്ന രണ്ടത്താണി ശാന്തിഭവനം. ശാന്തിഭവനത്തിന്റെ മാനേജര്‍ തസ്തികയില്‍ ഒരു രൂപ പോലും ശമ്പളം പറ്റാതെയായിരുന്നു അദ്ദേഹം സേവനം ചെയ്തിരുന്നത്. ശാന്തിഭവനത്തിന്റെ സ്വീകരണ മുറിയില്‍ എഴുതിവെച്ച ഖുര്‍ആന്‍ വാക്യമുണ്ട്: ”അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.” (വി.ഖു. 76:9)
ഈ ഖുര്‍ആന്‍ വാക്യത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. രണ്ടത്താണി മസ്ജിദുറഹ്്മാനിക്കു കീഴില്‍ സ്ഥാപിതമായ പള്ളികള്‍, അല്‍മനാര്‍ സ്‌കൂള്‍, രാജാസ് സ്‌കൂള്‍ മസ്ജിദ്, പൂവന്‍ചിന മസ്ജിദുത്തൗഹീദ്, കോട്ടക്കല്‍, പുത്തനത്താണി, വെട്ടിച്ചിറ, കാടാമ്പുഴ തുടങ്ങി പരിസര പ്രദേശങ്ങളിലെ ഒരു ഡസനിലധികം മുജാഹിദ് പള്ളികള്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ഓഫീസ്, ജില്ലയിലെ ഒട്ടേറെ ഇസ്‌ലാഹി സംരംഭങ്ങള്‍ എന്നിവക്കു പിന്നിലെ കഠിനാധ്വാനം അബ്ദുസ്സമദ് മാസ്റ്ററുടെതായിരുന്നു. ആ പട്ടികയില്‍ ഒടുവിലത്തേതാണ് ശാന്തിഭവനം.
വലിയ വെല്ലുവിളികള്‍ ആവശ്യമായി വരുന്ന ദൗത്യങ്ങള്‍ മാഷ് ത്യാഗപൂര്‍വം ഏറ്റെടുക്കും. വിശ്രമമില്ലാതെ വിട്ടുവീഴ്ചയില്ലാതെ ഫലപ്രാപ്തി വരെ പ്രവര്‍ത്തിക്കും. വേദിയിലോ മുന്‍നിരയിലോ വരാന്‍ ഒട്ടും താല്‍പര്യപ്പെടാതെ അണിയറയിലും വേദിക്കു പിന്നിലും സജീവമാകും. പല മഹത് സംരംഭങ്ങളുടെയും പിന്നിലെ ഇച്ഛാശക്തിയും അധ്വാനവും അബ്ദുസ്സമദ് മാസ്റ്ററുടേതാണ് എന്ന് ഏറ്റവും അടുത്ത സംഘാടകര്‍ക്കു മാത്രമായി അറിയാവുന്ന രഹസ്യമായി അവശേഷിപ്പിച്ച് ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാത്രം മാഷ് ഒതുങ്ങിനില്‍ക്കും. 1987ലെ കുറ്റിപ്പുറം സമ്മേളനം മുതല്‍ എടിക്കോട് സമ്മേളനം വരെ സംഘാടകന്റെ ഭാരിച്ച ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിച്ചിരുന്നു.
സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പിതൃതുല്യം അദ്ദേഹം സ്‌നേഹിച്ച മര്‍ഹൂം സെയ്ദ് മൗലവിയും ഗുരുനാഥന്‍ സി പി ഉമര്‍ സുല്ലമിയും കൊളുത്തിവെച്ച ആദര്‍ശ ജീവിതം മാതൃകാധന്യമായി മരണം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു. നിഷ്‌കളങ്കമായ പുഞ്ചിരിയോടെ കൊച്ചുകുട്ടികളോടു പോലും വിനയാന്വിതനായി പെരുമാറിയ അദ്ദേഹം ഉറച്ച നിലപാടുകളെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ കര്‍ക്കശമായ സ്വരത്തില്‍ തന്നെ സഹപ്രവര്‍ത്തകരെ ആ നിലപാട് ബോധ്യപ്പെടുത്തുമായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളില്‍ അലസതയോ വീഴ്ചയോ കാണിക്കുന്നത് അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അതോടൊപ്പം തന്നെ തന്റെ കൂടെയുള്ളവരുടെ ജീവിത സങ്കടങ്ങളും വേദനകളും രഹസ്യമായി ചോദിച്ചറിയുകയും മറ്റാരുമറിയാതെ അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
സംഘടനാ രംഗത്തെന്ന പോലെ സര്‍ക്കാര്‍ സര്‍വീസിലെ ഔദ്യോഗിക ജീവിതത്തിലും നാട്ടുകാര്‍ക്കിടിയിലും കുടുംബങ്ങള്‍ക്കിടയിലും ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജനാസ ദര്‍ശിക്കാന്‍ തെക്കന്‍ കേരളത്തില്‍ നിന്ന് പത്തു മണിക്കൂറിലധികം യാത്ര ചെയ്ത് ഒരു അമുസ്്‌ലിം അധ്യാപകര്‍ കുടുംബത്തോടൊപ്പം വന്നതും ജനാസ നമസ്‌കാരത്തിലെ വന്‍ ജനസാന്നിധ്യവും വ്യക്തി ബന്ധങ്ങളില്‍ അദ്ദേഹം കാത്തുസൂക്ഷിച്ച മഹത്വത്തിന്റെ പ്രതീകമായിരുന്നു
ഏത് പ്രതിസന്ധിയിലും ജില്ലയിലെ ഇസ്്‌ലാഹി പ്രവര്‍ത്തകര്‍ക്ക് തണല്‍ വിരിച്ചിരുന്ന ഒരു വന്‍ മരമാണ് മാഷിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. കെ എന്‍ എം സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, ജില്ലാ വൈ.പ്രസിഡന്റ്, രണ്ടത്താണി മസ്ജിദുറഹ്്മാനി പ്രസിഡന്റ് എന്നീ സാരഥ്യം വഹിച്ചിരുന്നു. മകന്‍ നിയാസ് പുത്തനത്താണി മണ്ഡലം ഐ എസ്എം പ്രസിഡന്റാണ്. നാഥാ ഞങ്ങളുടെ പ്രിയപ്പെട്ട അബ്ദുസ്സമദ് മാഷിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കേണമേ.
-പി സുഹൈല്‍ സാബിര്‍
Back to Top