14 Tuesday
July 2026
2026 July 14
1448 Mouharrem 28

അനുസ്മരണം – ചങ്ങരായി ഹുസൈന്‍

മുണ്ടേരി: കിഴക്കന്‍ ഏറനാടിന്റെ കിഴക്കേ അറ്റത്തുള്ള മുണ്ടേരി എന്ന മലയോരപ്രദേശത്ത് മുജാഹിദ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ മുമ്പില്‍ നിന്നവരില്‍ പ്രധാനിയായിരുന്ന ചങ്ങരായി ഹുസൈന്‍ എന്ന കുഞ്ഞാക്ക (72) നിര്യാതനായി. സാമ്പത്തികമായും സ്ഥല സാഹചര്യങ്ങള്‍ കൊണ്ടും ഏറെ പിന്നോക്കം നിന്ന ഒരു കാലത്ത് തന്റെ ഒമ്പത് മക്കളെയും പഠിപ്പിച്ച് ജോലിയിലെത്തിക്കുകയും സമൂഹത്തിനും സംഘടനക്കും ഉതകുന്നവരാക്കി അവരെ മാറ്റുകയും ചെയ്തു. മുണ്ടേരി സുന്നി ജുമാമസ്ജിദില്‍ മുഅദ്ദിനും അതിനു കീഴിലെ മദ്‌റസയിലെ അധ്യാപകനുമായിരുന്നു ആദ്യ കാലത്ത് അദ്ദേഹം. നവോത്ഥാന ആശയങ്ങള്‍ മനസിനെ സ്വാധീനിച്ച ഇദ്ദേഹമുള്‍പ്പടെയുള്ള ഒരു ചെറുസംഘം തങ്ങളടക്കം ഉണ്ടാക്കിയെടുത്ത സുന്നി മഹല്ലില്‍ നിന്നും പിരിഞ്ഞ് ചെറിയൊരു ഷെഡ് കെട്ടി മുജാഹിദ് പള്ളിയും മദ്‌റസയും ആരംഭിച്ചു. എടക്കര മുണ്ട മുജാഹിദ് പള്ളിയിലും അദ്ദേഹം മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മുണ്ടേരി പ്രദേശത്തിന്റെ വിശ്വാസ വിദ്യാഭ്യാസ പുരോഗതിയില്‍ പ്രദേശത്തെ ഇസ്‌ലാഹീ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അറബിക് കോളജ്, പാരലല്‍ കോളജ്, ട്യൂഷന്‍ സെന്റര്‍, നഴ്‌സറി സ്‌കൂള്‍, ടൈലറിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളുന്ന മുണ്ടേരി എജ്യൂക്കേഷണല്‍ കോംപ്ലക്‌സ് എന്ന വിദ്യാഭ്യാസ സമുച്ചയം മുജാഹിദ് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ സ്ഥാപിച്ചതില്‍ ഇദ്ദേഹമുള്‍പ്പടെയുള്ളവര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പ്രദേശത്ത് സര്‍ക്കാര്‍ സ്‌കൂള്‍ തുടങ്ങാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരില്‍ ഇദ്ദേഹവും ഉണ്ടായിരുന്നു. പലരും അന്നത്തെ ദാരിദ്ര്യത്തിന്റെ കൂടി ഭാഗമായി മക്കളുടെ പഠനം പരിഗണിക്കാതെ ചെറുപ്പത്തില്‍ തന്നെ അവരെ കൂലിവേലക്ക് പറഞ്ഞയക്കുന്ന സാഹചര്യത്തില്‍ ഓരോ വ്യക്തിയെയും നേരില്‍ കണ്ട് മക്കളെ പഠിപ്പിക്കലിന്റെ പ്രധാന്യം ബോധിപ്പിച്ച് അവരെ വിദ്യാഭ്യാസത്തിന് അദ്ദേഹം അയപ്പിക്കുമായിരുന്നു.പല വിദ്യാര്‍ത്ഥികളേയും ചേര്‍ക്കാന്‍ അദ്ദേഹം തന്നെ കൊണ്ടു പോകും. സുന്നി കുടുംബങ്ങളില്‍പ്പെട്ട പലരും ഇങ്ങനെ പഠിച്ചതിന്റെ പേരില്‍ മുജാഹിദ് ആദര്‍ശത്തിലേക്ക് കടന്ന് വരികയും പില്‍ക്കാലത്ത് മഹല്ലിനെത്തന്നെ നയിക്കുന്നവരായി മാറുകയും ചെയ്തിട്ടുണ്ട്. മൂത്ത മകള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടിയ പ്രദേശത്തെ ആദ്യ മുസ് ലിം വനിതയാണ്. മക്കള്‍: റൈഹാനത്ത്, അലി ശാക്കിര്‍ സുല്ലമി, സി എച്ച് ഇഖ്ബാല്‍, സി എച്ച് അലി ജാഫര്‍, ഡോ. ബഹ്ജ ജാസ്മിന്‍, അഫ്‌സല്‍, അഹ്മദ് സലീം, ബുഷ്‌റ, സുമയ്യ. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
അബ്ദു കുന്നുമ്മല്‍ മുണ്ടേരി
Back to Top