അനുഗ്രഹങ്ങള്‍ മനുഷ്യരുടെ സങ്കല്പങ്ങളെ ഖുര്‍ആന്‍ തിരുത്തുന്നു – അബ്ദുല്‍അലി മദനി
സാധാരണയായി മനുഷ്യര്‍ക്കിടയില്‍ പ്രചാരത്തിലുള്ള തെറ്റായ ചില ധാരണകളെ തിരുത്തിക്കുറിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ഖുര്‍ആനിക വചനങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ കാണാനാകും.
മനുഷ്യമനസ്സുകളില്‍ പൊതുവെ അവരുടെ അസ്തിത്വവും നിലനില്പും അന്തസ്സുറ്റ ജീവിതസാഹചര്യങ്ങളും നേടിക്കൊടുക്കുന്നതായി കരുതുന്നത് ശക്തി, അറിവ്, സമ്പത്ത്, അധികാരം, ആള്‍ബലം, ആയുധ ശേഖരങ്ങള്‍ എന്നിവയുടെ മികവാണെന്നാണ്. എന്നാല്‍ ഈ വസ്തുതകളെല്ലാം വേണ്ടത്ര കൈവരിച്ച സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കും വ്യക്തികള്‍ക്കും ലോകത്ത് മനുഷ്യത്വത്തിന്റെ ഔന്നിത്യമോ ശാശ്വതമായ അസ്തിത്വമോ പ്രാപിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് ചിന്തിക്കാനുള്ളത്. ഇവിടെയാണ് ഖുര്‍ആന്‍ നല്‍കുന്ന വിശദീകരണങ്ങളുടെ അതുല്യത മികച്ചു നില്‍ക്കുന്നത്.
ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ചില സമൂഹങ്ങളുടെയും സമുദായങ്ങളുടെയും അവസ്ഥ നോക്കൂ: ഉദാഹരണമായി ആദ്, ഥമൂദ് ഗോത്രങ്ങള്‍. വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ അവരെപ്പറ്റി സൂചന നല്‍കിയിട്ടുണ്ട്. എല്ലാം തന്നെ ഒരേയൊരു യാഥാര്‍ഥ്യമാണ് ബോധ്യപ്പെടുത്തിയിട്ടുള്ളത്. അത് ഇങ്ങനെ സംഗ്രഹിക്കാം: ഖുര്‍ആന്‍ പറയുന്നു: ”ആദ് സമുദായത്തെക്കൊണ്ട് നിന്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?” അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെക്കൊണ്ട്. തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം. താഴ്‌വരയില്‍ പാറ വെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും.” (വി.ഖു 89:6-9)
ആദ്- ഥമൂദ് ഗോത്രങ്ങള്‍ ശക്തിയിലും കായിക ബലത്തിലും മല്ലന്മാരായിരുന്നു. അവര്‍ക്കു സമാനമായ ഒരു ജനതയെയും അല്ലാഹു സൃഷ്ടിച്ചിട്ടേയില്ല. അവര്‍ പാറകള്‍ തുരന്നു വീടുണ്ടാക്കിയാണ് ജീവിച്ചിരുന്നത്. പര്‍വതങ്ങളുടെ താഴ്‌വരകളില്‍ സുശക്തമായ പാറക്കെട്ടുകള്‍ക്കിടയിലാണ് അവര്‍ താമസിച്ചത്. ഈ അതികായന്മാര്‍ക്ക് നിത്യവാസികളായി ഇവിടെ വിലസാനായോ? ഇല്ലെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. ”നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും അവിടെ കുഴപ്പം വര്‍ധിപ്പിക്കുകയും ചെ്തവരാണവര്‍. അതിനാല്‍ നിന്റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.” (വി.ഖു 89:11-13)
ആ ചമ്മട്ടിയുടെ പ്രഹരത്തെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: ”ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു. എന്നാല്‍ ആദ് സമുദായം ആഞ്ഞുവീശുന്ന അത്യുഗ്രമായ ഒരു കാറ്റുകൊണ്ട് നശിക്കപ്പെട്ടു. തുടര്‍ച്ചയായി ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈത്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. ഇനി അവരുടേതായി അവശേഷിക്കുന്ന വല്ലതും കാണുന്നുണ്ടോ?” (വി.ഖു 69: 5-8)
ശക്തികൊണ്ടും കായിക ബലം കൊണ്ടും പിടിച്ചുനില്‍ക്കാനാവില്ലെന്ന പരമാര്‍ഥമാണ് ഖുര്‍ആന്‍ ഇതിലൂടെ പഠിപ്പിക്കുന്നത്. പാറകളും പര്‍വതങ്ങളും തുരന്ന് വീടുണ്ടാക്കി ജീവിക്കാന്‍ മാത്രം ശക്തരായ ആദും ഥമൂദും ജനതകള്‍ കാറ്റിന്റെ തണുപ്പേറ്റ് പിടിവിട്ട് കടപുഴകി വീണ ഈത്തപ്പനകളെപ്പോലെ നിലംപതിച്ചുവല്ലോ.
എന്നാല്‍ ഇന്ന് ഇത്തരം ഭീകരമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും അടിച്ചുവീശിയേക്കാമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്നവിധം വളര്‍ന്നിട്ടും അതിന്റെ ദുരന്തങ്ങളെ അതിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതു ഓര്‍ക്കേണ്ടതുണ്ട്. ശക്തിയല്ല അന്തസ്സും അസ്തിത്വവും നിര്‍ഭയത്വവും നല്‍കുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാകും. ലോകത്ത് ഏറ്റവും വലിയ സ്വേച്ഛാധിപതികളും ഭരണകൂടങ്ങളുമെല്ലാമായി അറിയപ്പെട്ടവരുടെയും കഥ ഇതു തന്നെയാണ്. ഖുര്‍ആന്‍ ഇതിന്നായി ഫിര്‍ഔനിനെയാണ് പരിചയപ്പെടുത്തുന്നത്.
”ആണികളുടെ ആളായ ഫിര്‍ഔനിനെക്കൊണ്ടും.”(വി.ഖു 89:10). അധികാരത്തിന്റെ പ്രതീകമെന്ന നിലയിലാണ് ആണികളുടെ ആളായ എന്ന് സൂചിപ്പിച്ചത്. അവരെ അംഗീകരിക്കാത്തവരെ മര്‍ദിക്കാന്‍ ഉപയോഗിച്ചിരുന്ന പീഡനോപാധികളെ ഉള്‍ക്കൊള്ളുന്നതാണ് ഈ പദപ്രയോഗം. എന്താണ് സംഭവിച്ചതെന്ന് ഖുര്‍ആന്‍ വിശദമാക്കുന്നു: ”അവരെ നാം പ്രതാപിയും ശക്തനുമായ കരുത്തന്‍ പിടികൂടുന്ന വിധം പിടികൂടി”(വി.ഖു 54:42). ”അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു”(വി.ഖു 69:10). അവനെയും അവന്റെ പരിവാരങ്ങളെയും കിങ്കരന്മാരെയും സമുദ്രത്തില്‍ മുക്കിക്കൊന്നു (വി.ഖു 2:50, 8:54, 10:90 വചനങ്ങള്‍ നോക്കുക)
ധിക്കാരവും സ്വേച്ഛാധിപത്യ ഭരണക്രമവും ഉണ്ടായിരുന്നവര്‍ക്കു പോലും പിടിച്ചുനില്ക്കാനാവില്ലെന്നതി നു തെളിവാണ് നംറൂദും ഫിര്‍ഔനും കൈസര്‍ കിസ്‌റായും ഹിറ്റ്‌ലറും മുസ്സോൡനിയും നെപ്പോളിയനും സര്‍ ഭരണകൂടവും ഷാ ഭരണകര്‍ത്താക്കളുമെല്ലാം. ഇവരും ഇവരുടെ സംവിധാനങ്ങളും തുടച്ചു നീക്കപ്പെട്ടുവല്ലോ.
ടെക്‌നോളജിയുടെ അതിപ്രസരത്തില്‍ വിഹരിക്കുന്ന മനുഷ്യസമൂഹത്തിന് അവരുടെ അറിവുകള്‍ കൊണ്ട് മാത്രം ഇവിടെ നിലവാരമുള്ള അസ്തിത്വം കൈവരിക്കാനായിട്ടുണ്ടോ? അറിവുകൊണ്ടും ശാസ്ത്രീയ അഭിവൃദ്ധി കൊണ്ടും മാത്രം മനുഷ്യത്വത്തിന്റെ അമൂല്യതയെ പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. ധിക്കാരികളായി മാറുന്ന ജനതതികളുടെ ശക്തി, ഭരണം, അറിവ് എന്നിവയെല്ലാം മാനവാസ്തിത്വത്തെ തന്നെ തുടച്ചു നീക്കപ്പെടാനാണ് നിമിത്തമായത്.
ലോകത്ത് കഴിഞ്ഞുപോയ വലിയൊരു സമ്പന്നനെപ്പറ്റി ഖുര്‍ആന്‍ കേള്‍പ്പിക്കുന്നത് സമ്പത്ത് ലഭിച്ചു എന്നത് കൊണ്ടുമാത്രം ഒരാള്‍ക്ക് സ്ഥായിയായ അസ്തിത്വമോ മാന്യമായ സ്ഥാനമാനങ്ങളോ നേടാന്‍ കഴിയില്ലെന്ന് അറിയിക്കാനാണ്. അതിന്നായി ഖുര്‍ആന്‍ ‘ഖാറൂന്‍’ എന്ന ധനാഢ്യനെയാണ് അവതരിപ്പിക്കുന്നത്. അയാളുടെ ഖജനാവുകള്‍ക്കുള്ള താക്കോല്‍ കൂട്ടം ചുമക്കാന്‍ ശക്തരായ ഒരു സംഘം ആളുകളുണ്ടായിരുന്നു. സാധാരണ ജനങ്ങളുടെ ഉപദേശങ്ങളോ ആവലാതികളോ അയാള്‍ ശ്രദ്ധിച്ചിരുന്നില്ല. മതിമറന്ന് ജീവിച്ചു. നീ അല്ലാഹു നല്‍കിയതില്‍ മതിമറക്കരുതെന്നും ശാശ്വതമായ പാരത്രിക ജീവിതമോക്ഷം നേടിയെടുക്കത്തക്കവിധം സമ്പത്ത് വിനിമയം നടത്തണമെന്നും ഉപദേശിച്ചവരോട് അയാള്‍ പറഞ്ഞത് ഇതെല്ലാം എന്റെ അറിവും കഴിവും ഉപയോഗിച്ച് ഞാന്‍ ആര്‍ജിച്ചെടുത്തതാണെന്നാണ്. എന്നാല്‍ അവനെയും അവന്റെ ആര്‍ജിത സ്വത്തുക്കളെയും സമ്പന്നതയെയും ഭൂമിയില്‍ അല്ലാഹു ആഴ്ത്തിക്കളഞ്ഞു.
വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ഖസസില്‍ ഇയാള്‍ക്കുണ്ടായ പതനത്തെപ്പറ്റി ഓര്‍മപ്പെടുത്തിയത് മനുഷ്യരുടെ അസ്തിത്വവും നിലനില്പും അഭിവൃദ്ധിയും മനുഷ്യത്വവുമെല്ലാം സമ്പത്തുണ്ടായി എന്നതുകൊണ്ടുമാത്രം കൈവരുന്നതല്ലെന്നറിയിക്കാനാണ്. (വി.ഖു 28:76-81 വചനങ്ങള്‍ നോക്കുക). ഖുര്‍ആനിക ദര്‍ശനങ്ങളുടെ അകക്കാമ്പാണിത്.
മാനവ അസ്തിത്വത്തിനും മാനവ നാഗരികതക്കും കെട്ടുറപ്പുള്ള ജീവിത സാഹചര്യമൊരുക്കുന്നതിനുമെല്ലാം ശക്തി, സമ്പത്ത്, അറിവ്, ആള്‍ബലം, സൈനിക ശക്തി എന്നിവയുണ്ടായാല്‍ മതിയെന്ന തെറ്റായ ധാരണ ലോകം തിരുത്തിയെടുക്കണം. അത്തരമൊരറിവാണ് അവര്‍ ഇതിലൂടെ വായിച്ചു പഠിക്കേണ്ടത്. അല്ലാത്ത കാലത്തോളം നാശവും ഭയവും സങ്കീര്‍ണതകളുമാണ് സംഭവിക്കുക.
എന്നാല്‍ അനുഗ്രഹങ്ങളും ആസ്വാദനങ്ങളും ഐശ്വര്യങ്ങളും മേല്‍ സൂചിപ്പിച്ചവയില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന ഊഹത്തിലാണ് മനുഷ്യര്‍ കഴിച്ചുകൂട്ടുന്നത്. നിഅ്മത്ത് (അനുഗ്രഹങ്ങള്‍) എന്നത് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, സാമ്പത്തികാഭിവൃദ്ധി, സന്താനം, കാലി സമ്പത്ത്, കാര്‍ഷിക വിഭവങ്ങള്‍, അധികാരം, ആരോഗ്യം, അറിവ്, ശക്തി എന്നിവയില്‍ മാത്രം ഒതുക്കി നിര്‍ത്തുകയാണ് മനുഷ്യര്‍. ഈ പറഞ്ഞതെല്ലാം അനുഗ്രഹങ്ങളാണെന്നതില്‍ സംശമില്ല. പക്ഷെ, ഇതെല്ലാം പൂര്‍ണമായാല്‍ അനുഗൃഹീതരാവുമോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ പിന്നെ യഥാര്‍ഥ അനുഗൃഹീതര്‍ ആരായിരിക്കും? അതിനുള്ള ശരിയുത്തരം പറഞ്ഞു തരുന്നത് ഖുര്‍ആനാണ്. ”ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.” (വി.ഖു 1:6)
വിശ്വാസികള്‍ സദാസമയവും പ്രാര്‍ഥിക്കുന്ന ഒന്നാണ് സന്മാര്‍ഗത്തില്‍ ചേര്‍ത്തു തരേണമേ എന്ന കാര്യം. നേര്‍ക്കുനേരെ അല്ലാഹുവിലേക്കെത്തിക്കുന്ന വഴിയാണത്. യാതൊരു വിധ വക്രതയുമില്ലാത്ത സംശുദ്ധമായ പാത, പ്രവാചകന്മാര്‍, സത്യവാന്മാര്‍, രക്തസാക്ഷികള്‍, സദ്‌വൃത്തരും സച്ചരിതരുമായവര്‍ നടന്നുപോയ വഴി. അതത്രെ സ്വിറാത്തുന്‍ മുസ്തഖീം. അതില്‍ എത്തിപ്പെടുക എന്നതാണ് യഥാര്‍ഥ നിഅ്മത്ത്.
ഒരാള്‍ നല്ല വേഷം ധരിച്ച് വിലപിടിപ്പുള്ള വാഹനത്തില്‍ കയറി, മുന്തിയ ആഹാരം കഴിച്ച്, മനോഹരമായ ഒരു വീട്ടില്‍ അന്തിയുറങ്ങി, ഒട്ടനേകം സംരക്ഷകരാല്‍ വലയം ചെയ്യപ്പെട്ട് കഴിച്ചുകൂട്ടുന്നത് കാണാനിടയായാല്‍ ജനങ്ങള്‍ പറയും അയാള്‍ വലിയ നിഅ്മത്തിലാണെന്ന്. എന്നാല്‍ ഖുര്‍ആന്‍ ഈ സങ്കല്പത്തെ തിരുത്തിക്കുറിക്കുകയാണ്: ”നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. കോപത്തിന്നിടയായവരുടെ മാര്‍ഗത്തിലല്ല, പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല” (ഖുര്‍ആന്‍ 1:67).
ഈ സൂക്തത്തില്‍ അനുഗ്രഹിച്ചവര്‍ ആരാണെന്ന് മറ്റൊരു സൂക്തത്തില്‍ വിശദീകരിക്കുന്നുണ്ട്: ”ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍.” (വി.ഖു 4:69)
അപ്പോള്‍ അനുഗൃഹീതരായി അല്ലാഹു ചൂണ്ടിക്കാണിച്ചത് പണക്കാരെയോ പ്രതാപികളെയോ രാജാക്കന്മാരെയോ സുഖാഡംബരങ്ങളില്‍ മതിമറന്നാടുന്നവരെയോ ശക്തരും മല്ലരുമായ നേതാക്കളെയോ അല്ല. ഇഹലോക ജീവിതത്തില്‍ കഷ്ടപ്പാടും ദുരിതങ്ങളും പീഡനങ്ങളും പരീക്ഷണങ്ങളും ബഹിഷ്‌ക്കരണങ്ങളും വധങ്ങളും പട്ടിണിയും ഭയവും ഭൗതികമായ സാഹചര്യങ്ങളും മാത്രം അനുഭവിച്ച് കഴിഞ്ഞുകൂടിയവരെയാണ്. അവരാണ് ദൈവദൂതന്മാരായ പ്രവാചകന്മാര്‍. അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായ സത്യം മനുഷ്യരെ അറിയിക്കാന്‍ നിയുക്തരായവര്‍. നമ്മുടെ അനുഗ്രഹ സങ്കല്പങ്ങള്‍ ഒത്തിണങ്ങിയവരായിരുന്നില്ല അവര്‍. എന്നാല്‍ അവരെയാണ് അനുഗൃഹീതരായി അല്ലാഹു പരിചയപ്പെടുത്തുന്നത്.
പ്രവാചകന്മാര്‍ പഠിപ്പിച്ച സത്യം, നീതി, ധര്‍മം, സദാചാരം, സല്‍സ്വഭാവം, വിനയം, വിട്ടുവീഴ്ച, സഹാനുഭൂതി, സഹവര്‍ത്തിത്വം, ജീവകാരുണ്യം എന്നിവയുടെ സംസ്ഥാപനത്തിനായി നിലകൊണ്ടവരാണ് സത്യസന്ധന്മാരും രക്തസാക്ഷികളും സച്ചരിതരും. ഈ ഭൂമിയില്‍ അത്യധികം വേദനകള്‍ അനുഭവിച്ചറിഞ്ഞവര്‍ അവരാണ്. ഉടുതുണിക്കു മറു തുണിയില്ലാതെ, ഭക്ഷണവും പാര്‍പ്പിടവുമില്ലാതെ, സത്യസന്ധരായതിന്റെ പേരില്‍ ബഹിഷ്‌ക്കരണങ്ങളും ആട്ടിയോടിക്കപ്പെട്ടയവസ്ഥയും അനുഭവിച്ചറിഞ്ഞവര്‍. രണാങ്കണത്തില്‍ ധര്‍മസംസ്ഥാപനത്തിനായി വെട്ടേറ്റ് കൈകാലുകള്‍ ഛേദിക്കപ്പെട്ട് മരണം സ്വീകരിച്ചവര്‍. അവരെയാണ് അനുഗൃഹീതരായി അല്ലാഹു ചൂണ്ടിക്കാണിക്കുന്നത്. ഇവര്‍ അഭിമുഖീകരിച്ച സാഹചര്യങ്ങളെ അനുഗ്രഹങ്ങളുടെ ലോകമായി കാണാന്‍ കഴിഞ്ഞാല്‍ നാം തെറ്റുകള്‍ തിരുത്തുന്നവരായി. അതു തന്നെയാണ് ഖുര്‍ആനിക ദര്‍ശനങ്ങളുടെ സവിശേഷതയും.
വിശുദ്ധ ഖുര്‍ആന്‍ ചില പ്രവാചകന്മാരുടെ പേരെടുത്തു പറഞ്ഞ് അവരുടെ സ്ഥാനങ്ങളും മഹത്വങ്ങളും അവര്‍ക്കുണ്ടായ അനുഭവങ്ങളും വിശദീകരിക്കുന്നത് സൂറത്തു മര്‍യമില്‍ കാണാം. ഇബ്‌റാഹീം, ഇസ്മാഈല്‍, മൂസാ, ഹാറൂന്‍, ഇദ്‌രീസ് എന്നീ പ്രവാചകന്മാരാണവര്‍ (വി.ഖു 19:41-57 വചനങ്ങള്‍). തുടര്‍ന്ന് അല്ലാഹു പറയുന്നത് അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്മാരത്രെ അവര്‍ എന്നാണ്. ”ആദമിന്റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരില്‍ പെട്ടവരും ഇബ്‌റാഹീമിന്റെയും ഇസ്‌റാഈലിന്റെയും സന്തതികളില്‍ പെട്ടവരും നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരത്രെ അവര്‍. പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നവരാണ്” (വി.ഖു 19:58). ഇവരൊന്നും യഥാര്‍ഥത്തില്‍ ഐഹികമായ സുഖങ്ങള്‍ ആസ്വദിച്ചവരല്ല താനും.
ചുരുക്കത്തില്‍ നിഅ്മത്ത് (അനുഗ്രങ്ങള്‍) എന്നത് ഇഹലോക ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളും യാതനകളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിത സാഹചര്യങ്ങളും ക്ഷമാപൂര്‍വം സഹിച്ച്് അവരുമായി ചെറുത്തുനിന്ന് സ്വര്‍ഗം കരസ്ഥമാക്കാനുതകും വിധം ഉയരാനുള്ള സൗഭാഗ്യം ലഭിക്കുകയെന്നതത്രെ. അത്തരം ഭാഗ്യം സിദ്ധിച്ചവര്‍ക്കുണ്ടാകുന്ന അനുഭൂതി ഖുര്‍ആന്‍ വരച്ചു കാണിക്കുന്നത് ഇങ്ങനെയാണ്: ”തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നു വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചുകൊള്ളുക. അവര്‍ പറയും: നമ്മോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത്് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം.” (വി.ഖു 39:73,74)
പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ കരാര്‍ സത്യമായി പുലരുകയും അതുവഴി സ്വര്‍ഗീയ അനുഭൂതികളെല്ലാം ആസ്വദിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചവര്‍ക്കുണ്ടാകുന്ന ആഹ്ലാദ ഭരിതമായ നിമിഷങ്ങളും ഖുര്‍ആന്‍ വിവരിച്ചു തരുന്നത് യഥാര്‍ഥ അനുഗ്രഹങ്ങള്‍ അതാണെന്നു ബോധ്യപ്പെടുത്തിത്തരാന്‍ വേണ്ടിയാണ്. നിഅ്മത്തുകളുടെ സാക്ഷാല്‍ മാനവും അതു തന്നെയാണ്.`