23 Monday
December 2024
2024 December 23
1446 Joumada II 21

അടുത്ത ഉന്നം ഏകസിവില്‍കോഡോ?  ഇന്‍സിമാം തിരൂര്‍

പൗരത്വഭേദഗതി നിയമത്തിനു ശേഷം സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നത് ഏക സിവില്‍കോഡ് കൊണ്ടുവരുന്നതിനാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന ഏകസിവില്‍ കോഡ് നടപ്പിലാക്കുമെന്നത് അവരുടെ പ്രഖ്യാപിത അജണ്ടയാണ്. വ്യത്യസ്ത വിശ്വാസം, സംസ്‌കാരം, ഭാഷ, ആചാരരീതികള്‍ എന്നിവ സ്വീകരിച്ചവര്‍ അധിവസിക്കുന്ന ഇന്ത്യപോലൊരു രാജ്യത്ത് സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നത് പ്രായോഗികമല്ല.
ഓരോ മതങ്ങള്‍ക്കും അവരവരുടെ കര്‍മപരവും വിശ്വാസപരവുമായ അനുഷ്ഠാനങ്ങളുണ്ട്. പൗരന്റെ അടിസ്ഥാനാവകാശമായ മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയാണ് ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യുന്നത്. പൗരന്മാര്‍ക്ക് അവര്‍ക്കിഷ്ടപ്പെടുന്ന മതമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമില്ലാതെയാവുകയാണ് ഏകസിവില്‍കോഡ് നടപ്പാക്കപ്പെട്ടാല്‍ സംഭവിക്കുക. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടുകള്‍ക്കിടയില്‍ വ്യത്യസ്ത സര്‍ക്കാറുകള്‍ മാറിമാറി വന്നിട്ടും എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു സിവില്‍കോഡിന് വേണ്ടി ശ്രമിക്കാതിരുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത മുഴുവന്‍ സംസ്‌കാരങ്ങളെയും തകര്‍ത്ത് അവയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിലേക്കാണ് ഇത് ചെന്നെത്തുന്നത്.
കേവലം ചില വിശ്വാസാചാരങ്ങളാണ് ചിലര്‍ക്ക് മതം. താന്‍ പൂജിക്കുന്ന ദൈവത്തെ ആരാധിക്കാനും ജനനസമയത്തും വിവാഹസമയത്തും മരണസമയത്തുമെല്ലാം ചില അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടായാല്‍ അവര്‍ക്ക് മതസ്വാതന്ത്ര്യമായി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവികനിയമങ്ങള്‍ പാലിക്കുകയാണ് ഇസ്‌ലാം എന്നതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു രംഗത്തെ നിയമങ്ങള്‍ പാലിക്കുവാന്‍ അനുവദിക്കപ്പെടാതിരിക്കുന്നത് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. കുടുംബരംഗത്തെ ഇസ്‌ലാമികനിയമങ്ങളെ പൂര്‍ണമായും ലംഘിക്കാനാണ് ഏകസിവില്‍കോഡ് ആവശ്യപ്പെടുകയെന്നതു കൊണ്ടുതന്നെ ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ വേദനയുണ്ടാകും. എന്നാല്‍ മുസ്‌ലിംകളില്‍ നിന്നുതുടങ്ങി ഇന്ത്യയെ മുഴുവന്‍ വിഴുങ്ങാനുള്ള പൈശാചിക തന്ത്രമാണിതെന്ന് മനസ്സിലാക്കി നാടിനെ സ്‌നേഹിക്കുന്നവരെല്ലാം ഒന്നിച്ചുനില്‍ക്കേണ്ട സന്ദര്‍ഭമാണിത്.
Back to Top