9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

ഹെല്‍പിംഗ് ഹാന്റ്‌സ് അശരണരുടെ കണ്ണിലെ പ്രതീക്ഷ – ജമീല്‍

ജനങ്ങള്‍ ദുരിതങ്ങള്‍ പേറുന്ന സമയത്ത്, സന്നദ്ധ-ആതുര ശുശ്രൂഷാ രംഗത്ത് മറ്റ് സാമൂഹ്യസംഘടനകള്‍ സജീവമല്ലാത്ത 1990 കാലഘട്ടങ്ങളില്‍ തീരദേശ പ്രദേശത്തെ ജനങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം കണ്ടും തൊട്ടുമറിഞ്ഞ് അവയ്ക്ക് പരിഹാരം കാണുന്നതിനായാണ് ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ ആരംഭിക്കുന്നത്. കോഴിക്കോട് നഗരത്തിലെ യുവാക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഈ കൂട്ടായ്മ മരുന്നുവിതരണത്തിലൂടെ തുടങ്ങുകയും ഓരോ ഘട്ടങ്ങളിലൂടെ വിവിധ പദ്ധതികള്‍ ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് കൂടുതല്‍ വിശാലവും വ്യവസ്ഥാപിതവുമായ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് എന്ന സംവിധാനത്തിലേക്ക് മാറി.
13 വിഭാഗങ്ങളിലായാണ് ക്ഷേമ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഇതില്‍ ഏറ്റവും പുതിയ സംരംഭമാണ് കെയര്‍ ഹോം. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്ത് നിര്‍മിക്കുന്ന ബഹുനില കെട്ടിടമാണിത്. കാന്‍സര്‍ രോഗം ബാധിച്ചവര്‍, വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍, ലുക്കീമിയ ബാധിച്ച കുട്ടികള്‍ തുടങ്ങി മാരക രോഗത്തിന് അടിമപ്പെട്ടവര്‍ക്ക് ചികിത്സാ കാലയളവില്‍ താമസിക്കുന്നതിനു വേണ്ടിയാണ് കെയര്‍ ഹോം സ്ഥാപിച്ചത്. നൂറു രോഗികള്‍ക്ക് ഒരേ സമയം താമസിക്കാനുള്ള സൗകര്യമുണ്ടിവിടെ. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ നിര്‍ധനരായ രോഗികള്‍ക്ക് തീര്‍ത്തും സൗജന്യമായാണ് ഇവിടെ സൗകര്യമൊരുക്കുന്നത്. കോടികള്‍ മുതല്‍മുടക്കുള്ള ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത് കാരുണ്യമതികളായ നിരവധി പേരുടെ സഹായത്തോടെയാണ്. മാരകരോഗം ബാധിച്ച് ചികിത്സ തേടുന്നവര്‍ക്ക് പലപ്പോഴും തുടര്‍ ചികിത്സാ സമയത്ത് ആശുപത്രി വാര്‍ഡുകളില്‍ കഴിച്ചുകൂട്ടാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും. അണുബാധ ഭീഷണിയുണ്ടാവും. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സമീപത്ത് വാകടവീടുകളിലോ മറ്റോ അഭയം തേടേണ്ട അവസ്ഥയാണ് ഇത്തരക്കാര്‍ക്കുള്ളത്. തുടര്‍ ചികിത്സക്കു തന്നെ വഴിമുട്ടുന്ന നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസം പകരുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം.
ആദ്യ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭക്ഷണവിതരണം ആരംഭിക്കുമ്പോള്‍ അന്‍സാര്‍ ഹോട്ടലിലെ കഞ്ഞിവിതരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉച്ച ഭക്ഷണം നഗരത്തിലെ ഹോട്ടലില്‍ നിന്ന് പാക്ക് ചെയ്ത് ബിഗ്‌ഷോപ്പറില്‍ നിറച്ച് ബസ്സില്‍ കയറ്റി കോളേജില്‍ എത്തുമ്പോള്‍ വേദനിപ്പിക്കുന്ന പല കാഴ്ചകള്‍ക്കും സാക്ഷിയായിട്ടുണ്ട്. നീണ്ട ക്യൂ നിന്ന്, തലേദിവസം പാസ് കിട്ടാതെ പോയവര്‍ ഭക്ഷണം കിട്ടാതെ പിന്തിരിയുന്ന ദയനീയമുഖം. പട്ടിണി കിടക്കേണ്ടിവരുമെന്ന അവരുടെ മുഖഭാവം മനുഷ്യരെ സങ്കടപ്പെടുത്താതിരിക്കുമോ.
മെഡിക്കല്‍ കോളേജിലെ ആദ്യത്തെ സന്നദ്ധ സംഘടന എന്നതുകൊണ്ട് തന്നെ അന്ന് വേറെ കാര്യമായി ആരും സഹായിക്കാന്‍ ഇല്ലായിരുന്നു. ഓരോ പദ്ധതികളും സാഹചര്യത്തിന്റെ നിര്‍ബന്ധം കാരണം ഏറ്റെടുക്കേണ്ടി വരാറാണ് പതിവ്. വളണ്ടിയര്‍മാരുടെ വാര്‍ഡ് സന്ദര്‍ശന സമയത്ത്, ദുരെയുള്ള വീട്ടിലേക്ക് സ്വന്തം അമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ പണമില്ലാത്തത് കാരണം കൈ നീട്ടേണ്ടിവരുന്ന മക്കളുടെ ദയനീയമുഖം കണ്ട് മടുത്തപ്പോഴാണ് ആംബുലന്‍സ് സേവനം തുടങ്ങിയത്. മെറ്റഡോര്‍ ആംബുലന്‍സ് ആ ഘട്ടത്തില്‍ രോഗികള്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും വലിയ ആശ്വാസമായിരുന്നു. ആശുപത്രി ശുചീകരണം, ഉപകരണങ്ങളുടെ റിപ്പയറിംഗ്, വാര്‍ഡുകളുടെ നീവീകരണം അങ്ങനെ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ ഹെല്‍പിംഗ് ഹാന്റ്‌സിനു സാധിച്ചു. ഒറ്റ ദിവസം കൊണ്ട് 300 വളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് 30 വാര്‍ഡുകള്‍ നവീകരിക്കുകയും പുതിയ കട്ടിലുകള്‍, ബെഡ്, വീല്‍ചെയര്‍, ഫാന്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നല്‍കുന്ന പുതിയ ഒരു പദ്ധതിക്കു തുടക്കമിട്ടതും ഈ കൂട്ടായ്മയാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ മുഖം മിനുങ്ങുന്നതും വാര്‍ഡുകള്‍ വൃത്തിയും വെടിപ്പും സ്വീകരിക്കുന്നതും അതോടെയാണ്.
മെഡിക്കല്‍ കോളെജിനു പുറമെ വര്‍ഷത്തില്‍ ഒരിക്കല്‍ ഈ പദ്ധതി കുതിരവട്ടം മാനസികോരാഗ്യ ആശുപത്രി, ബീച്ച് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്കും ത്വക്ക്‌രോഗ ആശുപത്രിയിലേക്കും വ്യാപിപ്പിച്ചു. ഈ സേവനത്തിലൂടെ രോഗികള്‍ക്ക് വലിയ ആശ്വാസമാണ് സാധ്യമായത്. ത്വക്ക്‌രോഗ ആശുപത്രി, കുതിരവട്ടം എന്നിവിടങ്ങളില്‍ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ പൈപ്പുകളും ഉപകരണങ്ങളും നന്നാക്കി നല്‍കാനും കാടുമൂടി കിടന്ന കിണറുകള്‍ വൃത്തിയാക്കി നല്ല വെള്ളം നല്‍കാനും സാധിച്ചു.
സേവന വഴിയിലെ അസുലഭമായ മറ്റൊരേടാണ് സുഹൃദയ. ജന്‍മനാ ഹൃദയ വൈകല്യമുള്ള കുട്ടികളെ മെഡിക്കല്‍ കോളേജ് വാര്‍ഡുകളില്‍ സന്ദര്‍ശന സമയങ്ങളില്‍ കാണാറുണ്ട്. പക്ഷേ വലിയ സാമ്പത്തിക ബാധ്യത കാരണം അവര്‍ക്കു മുഖം കൊടുക്കാന്‍ സാധിക്കാറില്ലായിരുന്നു. പിന്നീട് സുഹൃദയ പദ്ധതിക്ക് രൂപം നല്‍കുകയും അതുവഴി 215 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ഇതിനകം നടത്തികൊടുക്കാനും സാധിച്ചിരിക്കുന്നു. കോഴിക്കോട് മിംസ് ഹോസ്പിറ്റല്‍ 50% ഇളവ് അനുവദിച്ച് പദ്ധതിയോട് സഹകരിക്കുന്നു.
13 പദ്ധതികളും നടപ്പിലാക്കാന്‍ ആരംഭിക്കുമ്പോള്‍ ഒരു പൈസ പോലും കയ്യില്‍ ഉണ്ടാവാറില്ലെന്നത് പിന്നണി പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിയ സംഗതിയാണ്. ആദ്യ ഘട്ടത്തിലേക്കാവശ്യമായ ഫണ്ട് ഓരോ അംഗങ്ങളും എടുക്കുകയും പിന്നീട് നാട്ടുകാരിലേക്ക്, സുമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ദൈവാനുഗ്രഹത്താല്‍ ഓരോ പദ്ധതിയും വിജയിപ്പിക്കാനായി. മുന്നോറോളം വളണ്ടിയര്‍മാരും 70 സ്ഥിരം വനിതാ വളണ്ടിയര്‍മാരും കര്‍മരംഗത്ത് സജീവമാണ്.
എല്ലാ ബുധനാഴ്ചയും രാവിലെ 7-8 മുതല്‍ 8.30 വരെ എല്ലാ അംഗങ്ങളും ഒത്തുകൂടുകയും എല്ലാ വകുപ്പുകളും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ജീവകാരുണ്യ സന്നദ്ധ സേവന പ്രവര്‍ത്തനം എങ്ങനെ ഫലപ്രദവും ശാസ്ത്രീയവും വിപുലവുമാക്കാമെന്ന് ആലോചിക്കാന്‍ മാത്രം വര്‍ഷത്തില്‍ രണ്ടു ദിവസം പൂര്‍ണ്ണമായി മാറ്റിവെക്കുന്നു. സേവനരംഗത്ത് മാതൃകയായി നിലകൊണ്ട് മണ്‍മറഞ്ഞ്‌പോയവരെ സ്മരിക്കാതിരിക്കാനാവില്ല. അബൂബക്കര്‍ കാരക്കുന്ന്, എസ് എ എം ഇബ്രാഹിം സാഹിബ് (സിറ്റി ഒപ്റ്റിക്കല്‍) എന്നിവര്‍ കൂട്ടായ്മയ്ക്ക് പ്രചോദനമായിരുന്നു. മുജീബ് റഹ്മാന്‍ കിനാലൂര്‍ ചെയര്‍മാനും കെ വി നിയാസ് പ്രസിഡന്റും എം കെ നൗഫല്‍ സെക്രട്ടറിയും പോപ്പുലര്‍ ബഷീര്‍ ട്രഷററുമായ കമ്മിറ്റിയാണ് ഹെല്‍പിങ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരവാഹികള്‍.
പുതിയ ലക്ഷ്യങ്ങള്‍ സ്വപ്‌നം കാണുകയും ആവശ്യക്കാരുടെ മുഖത്ത് സന്തോഷം വിരിയാനായി നിരന്തരമായ പരിശ്രമവും പ്രാര്‍ത്ഥനയും നടത്തുകയും ചെയ്യുന്നത് മഹാ പുണ്യകര്‍മമാണ് എന്നതില്‍ തര്‍ക്കമില്ല. അവരുടെ മനസ്സിലുയരുന്ന നിറഞ്ഞ പ്രാര്‍ത്ഥനയ്ക്ക് പകരം വെക്കാന്‍ മറ്റെന്താണുള്ളത്. ഭൂമിയിലുള്ള ഒരാളുടെ വേദന മാറ്റിയാല്‍ ലോകത്തുള്ള മുഴുവന്‍ പേരുടെയും വേദന മാറ്റിയ പ്രതിഫലം ലഭിക്കുന്ന കര്‍മമാണ്. ഈ വിശ്വാസവും പ്രതീക്ഷയും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കൂട്ടായ്മയെ പ്രേരിപ്പിക്കുന്നു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x