2 Monday
December 2024
2024 December 2
1446 Joumada II 0

ഹിജ്‌റ വര്‍ഷത്തില്‍ ചാന്ദ്രദൗത്യത്തിലേക്കുള്ള ദൂരം

ടി പി എം റാഫി


1969 ജൂൈല 21 തിങ്കളാഴ്ച. അന്താരാഷ്ട്ര സമയം 2:56. മക്ക സമയം രാവിലെ 5:56. ചന്ദ്രോപരിതലത്തില്‍ മനുഷ്യന്‍ ആദ്യ ചുവടുവെച്ച നിരുപമവും നിര്‍ണായകവുമായ മുഹൂര്‍ത്തം. കമാന്‍ഡര്‍ നീല്‍ ആംസ്‌ട്രോങും ചാന്ദ്ര മൊഡ്യൂള്‍ പൈലറ്റ് ബസ് ആള്‍ഡ്രിനുമടങ്ങിയ അമേരിക്കന്‍ ബഹിരാകാശസംഘത്തെ വഹിച്ചുകൊണ്ട് ഈഗ്ള്‍ എന്ന ചാന്ദ്രപേടകം ജൂൈല 20നു ചന്ദ്രനില്‍ മുത്തമിട്ടു. 6 മണിക്കൂറും 39 മിനിറ്റും കഴിഞ്ഞപ്പോള്‍ നീല്‍ ആംസ്‌ട്രോങ് ആദ്യം ചന്ദ്രനില്‍ ഇറങ്ങി. 19 മിനിറ്റിനു ശേഷം ആള്‍ഡ്രിനും. ഇവര്‍ രണ്ടു പേരും ചന്ദ്രോപരിതലത്തില്‍ ആയിരിക്കുമ്പോള്‍ നിയന്ത്രണ പേടകത്തിന്റെ പൈലറ്റായിരുന്ന മൈക്കല്‍ കോളിന്‍സ് ‘കൊളംബിയ’യില്‍ ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ആംസ്‌ട്രോങും ആള്‍ഡ്രിനും ‘പ്രശാന്തിയുടെ സമുദ്രം’ എന്നു പേരിട്ട ചന്ദ്രനിലെ ഒരു മേഖലയില്‍ 22 മണിക്കൂര്‍ ചെലവഴിച്ചു. ജൂൈല 21ന് ഫ്‌ളോറിഡ സമയം കൃത്യം 1:54:01ന് ചന്ദ്രനില്‍ നിന്നു ഭൂമിയിലേക്ക് ‘ഈഗ്ള്‍’ തിരിച്ചു പറന്നുയര്‍ന്നത് 22 കിലോഗ്രാം പാറക്കഷണങ്ങള്‍ ശേഖരിച്ചായിരുന്നു. ജൂലൈ 16ന് ഫ്‌ളോറിഡയിലെ മെറിറ്റ് ദ്വീപിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു വിക്ഷേപിക്കപ്പെട്ട അപ്പോളോ-11ലെ മാതൃപേടകം ജൂൈല 24ന് പസഫിക് സമുദ്രത്തില്‍ വിജയകരമായി വന്നു വീണു. അതോടെ 8 ദിവസം നീണ്ടുനിന്ന ദൗത്യം മാനവ ചരിത്രത്തില്‍ തുല്യതയില്ലാത്ത നാഴികക്കല്ലായി.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ടിവി പ്രേക്ഷകര്‍ തത്സമയം ആ അനശ്വര മുഹൂര്‍ത്തത്തിന് സാക്ഷികളായി. ‘മനുഷ്യന് ഒരു കൊച്ചു കാല്‍വെപ്പ്. മാനവരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടം’ എന്നാണ് ആംസ്‌ട്രോങ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചത്. ‘അല്‍ഖമര്‍’ (ചന്ദ്രന്‍) എന്ന പേരിലൊരു അധ്യായമുണ്ട് ഖുര്‍ആനില്‍. അതിലെ ആദ്യ വചനം ഇങ്ങനെയാണ്: ”ആ മുഹൂര്‍ത്തം അടുത്തെത്തിയിരിക്കുന്നു; ചന്ദ്രന്‍ പിളര്‍ന്നു” (54:01). ഖുര്‍ആന്‍ ഇവിടെ ‘ഷഖ്ഖ’ എന്ന വാക്കാണ് പ്രയോഗിച്ചത്. അറബി ഭാഷയില്‍ പിളരുക, വിള്ളല്‍ വീഴ്ത്തുക, ഉഴുതുമറിക്കുക എന്നീ അര്‍ഥങ്ങളുള്ള പദമാണിത്. സമീപഭാവിയില്‍ അനിവാര്യമായും സംഭവിക്കാന്‍ പോകുന്ന കാര്യത്തെ ഭൂതകാലപ്രയോഗം കൊണ്ട് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്താറുണ്ട്.
ഇതുവരെ സംഭവിച്ചിട്ടില്ലാത്ത നരകത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും ഖുര്‍ആന്‍ ഈ രീതി അവലംബിച്ചുകാണുന്നുണ്ട്. മഴവെള്ളം ഭൗമോപരിതലത്തെ ‘പിളര്‍ത്തുന്നു’ എന്നു ഖുര്‍ആന്‍ വിശേഷിപ്പിക്കുമ്പോള്‍ ഈ പദം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്: ”മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ചിന്തിച്ചുനോക്കട്ടെ. നാമാണ് ശക്തമായി വെള്ളം ചൊരിഞ്ഞുകൊടുത്തത്. തുടര്‍ന്നു നാം ഭൂമിയെ ഒരുതരത്തില്‍ പിളര്‍ത്തി (ഷഖ്ഖാ). അതില്‍ നാം ധാന്യം മുളപ്പിച്ചു” (80: 24-27). ഖമര്‍ എന്ന 54ാം അധ്യായത്തിലെ ‘ചന്ദ്രന്‍ പിളരുന്ന കാര്യം’ പരാമര്‍ശിക്കുന്ന ആദ്യവചനം തൊട്ട് ഖുര്‍ആന്റെ അവസാനം വരെ കൃത്യം 1389 വചനങ്ങളാണുള്ളത്. ചാന്ദ്രദൗത്യവുമായി ഈ സംഖ്യക്ക് എന്തെങ്കിലും ബന്ധമുണ്ടോ? 1969ല്‍ ആണല്ലോ മനുഷ്യന്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയത്. അത് ഹിജ്‌റ വര്‍ഷം 1389ലാണ് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ഖമര്‍ എന്ന 54ാം അധ്യായത്തിലെ ആദ്യ ചാന്ദ്രവാക്യം തൊട്ട് അവസാനം വരെ 1389 വചനങ്ങള്‍ ആകാനുള്ള സാധ്യത എത്രയാണ്? ഇങ്ങനെയൊരു വിദൂര യാദൃച്ഛികതയില്‍, സത്യത്തില്‍ നിഴലിട്ടുനില്‍ക്കുന്നത് ആസൂത്രണത്തിന്റെ കൈമുദ്രകളല്ലേ?
അറബി ഭാഷയില്‍ ‘ഷഖ്ഖ ത്വരീഖ’ എന്ന പ്രയോഗം പരിചിതമാണ്. ‘അവന്റെ വഴിയേ നടന്നു’ എന്നര്‍ഥം. ഒരാള്‍ തന്റെ പിതാവിന്റെ വീടോ അല്ലെങ്കില്‍ താന്‍ ജനിച്ച പട്ടണമോ രാജ്യമോ വിട്ട് പുതിയ ലോകത്തേക്ക് ചേക്കേറുമ്പോള്‍ ഈ പ്രയോഗം സ്വീകരിച്ചുകാണാറുണ്ട്. ‘ഇന്‍ശഖ്ഖ’യ്ക്ക് വിള്ളല്‍ വീണു, പിളര്‍ന്നു എന്നൊക്കെയുള്ള അര്‍ഥത്തിനു പുറമെ നടന്നു, എത്തി, ടാസ്‌ക് പൂര്‍ത്തിയാക്കി എന്നൊക്കെയുള്ള അര്‍ഥവും സുവിദിതമാണ്.

എന്ന വാക്യത്തിന്റെ അര്‍ഥം ‘ചന്ദ്രനിലേക്കുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി’ എന്നാണ്.
ഖുര്‍ആനില്‍ 27 തവണ ഖമര്‍ (ചന്ദ്രന്‍) എന്ന വാക്ക് വരുന്നുണ്ട്. ചന്ദ്രന്റെ സൈഡീരിയല്‍ ഭ്രമണകാലവും ‘മനാസില’യും (അശ്വതി, ഭരണി, കാര്‍ത്തിക…. എന്നു തുടങ്ങി 27 നക്ഷത്രഭവനങ്ങള്‍ അഥവാ മനാസില) അനുസ്മരിപ്പിക്കുന്ന വിധത്തില്‍. ആ വാക്കുകളുടെ വിതരണവും ഗവേഷണവിധേയമാക്കേണ്ടതാണ്. 54:01 വരെ ചന്ദ്രന്‍ 20 തവണ ആവര്‍ത്തിക്കുമ്പോള്‍ ശേഷമുള്ള അധ്യായങ്ങളില്‍ 7 തവണ മാത്രമാണ് ആവര്‍ത്തിക്കുന്നത്. അങ്ങനെ ആകെ 27 തവണ. സത്യത്തില്‍ ഇതും ചന്ദ്രനില്‍ ഇറങ്ങിയ വര്‍ഷത്തിലെ കൃത്യം തിയ്യതിയിലേക്കുള്ള സൂചന കൂടിയാണെന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാനാവുമോ?
7/20 = 0.35 എന്ന അനുപാതം ആണല്ലോ. ഒരു ചാന്ദ്രവര്‍ഷത്തില്‍ ശരാശരി 354.367056 ദിനങ്ങളാണ്. അതിനെ 0.35 കൊണ്ട് (ഖുര്‍ആനില്‍ ചന്ദ്രന്റെ എണ്ണത്തെ ‘സ്പ്ലിറ്റ്’ ചെയ്ത അനുപാതം) ഗുണിച്ചുനോക്കൂ. 354.367056 ഃ 0.35 = 124.02 ദിനങ്ങള്‍ എന്നു കിട്ടുന്നു. അപ്പോളോ-11 ചന്ദ്രനില്‍ ഇറങ്ങിയത് 1969 ജൂലൈ 20ന് ആണെങ്കിലും മനുഷ്യന്റെ ആദ്യപാദം ചന്ദ്രനില്‍ പതിഞ്ഞത് ജൂൈല 21ന് ആയിരുന്നല്ലോ. അത് ഹിജ്‌റ വര്‍ഷം 1389ലെ അഞ്ചാം മാസമായ ജമാദുല്‍ അവ്വലിലെ 6ാം തിയ്യതിയായിരുന്നു. അതായത്, ഹി. 6-5-1389 (1969 ജൂലൈ 21). ശരാശരി ചാന്ദ്രമാസം 29.5 ദിവസമാണ്. അപ്പോള്‍ 4 ഃ 29.5 = 118 ദിവസം. ജമാദുല്‍ അവ്വലിലെ 6ാം തിയ്യതിയിലേക്ക് 118 + 6 = 124 ദിവസം. ചന്ദ്രനെ ഖുര്‍ആനില്‍ ‘വിതരണം’ ചെയ്ത 35% : 65% എന്ന റേഷ്യോയില്‍ നിന്ന് ചന്ദ്രനില്‍ ഇറങ്ങിയ ചാന്ദ്രമാസ തിയ്യതി പോലും സൂക്ഷ്മമായി കണ്ടെത്താം എന്നര്‍ഥം.

ഗോളശാസ്ത്ര കണക്കനുസരിച്ച് 1389 മുഹര്‍റം 1 തൊട്ട് ജമാദുല്‍ അവ്വല്‍ 6 വരെ കൃത്യം 124 ദിവസമാണോ? മക്കയുടെ ഭൂമികയില്‍ നിന്ന് ഒന്നു കണക്കുകൂട്ടി നോക്കാം. (മൂണ്‍ വിസിബിലിറ്റി അനുസരിച്ചുള്ള കണക്കാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്).
1969 മാര്‍ച്ച് 19ന് 75 മിനിറ്റ് കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. അപ്പോള്‍ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 17 വരെയാണ് 1389 വര്‍ഷത്തെ മുഹര്‍റം (29 ദിവസം). ഏപ്രില്‍ 17ന് 45 മിനിറ്റ് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നു. ഏപ്രില്‍ 18 മുതല്‍ മെയ് 17 വരെയാണ് സഫര്‍ (30 ദിവസം), മെയ് 17ന് ചന്ദ്രന്‍ ചക്രവാളത്തില്‍ 72 മിനിറ്റ് അവശേഷിക്കുന്നു. മെയ് 18 മുതല്‍ ജൂണ്‍ 15 വരെ റബീഉല്‍ അവ്വല്‍ (29 ദിവസം).
ജൂണ്‍ 15ന് 41 മിനിറ്റ് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നു. ജൂണ്‍ 16 മുതല്‍ ജൂൈല 15 വരെ റബീഉല്‍ ആഖര്‍ (30 ദിവസം). ആകെ 29 + 30 + 29 + 30 = 118. ജൂലൈ 16ന് ജമാദുല്‍ അവ്വല്‍ 1. എങ്കില്‍ 1969 ജൂലൈ 21 തിങ്കളാഴ്ച എന്നത് 1389 ജമാദുല്‍ അവ്വല്‍ 6 ആയിരിക്കുമല്ലോ. ഇങ്ങനെ നോക്കിയാലും 1389 ഹിജ്‌റ വര്‍ഷത്തിലെ 124ാം ദിവസമാണ് മനുഷ്യന്‍ ഭൂമിയുടെ ഒരേയൊരു ‘കളിത്തോഴനെ’ തേടിച്ചെന്നത്. ഈ വര്‍ഷം ജൂലൈ 21ന് മനുഷ്യ ചരിത്രത്തിലെ ആ അവിസ്മരണീയ മുഹൂര്‍ത്തത്തിന് 55 ആണ്ട് തികയുകയാണ്.

Back to Top