ഹമാസ് ഉപദ്രവിച്ചില്ല, പരിക്കേറ്റത് ഇസ്രായേല്‍ ആക്രമണത്തില്‍: മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബന്ദി
ഹമാസിനു കീഴില്‍ ബന്ദിയാക്കപ്പെട്ട് പിന്നീട് മോചിതയായ ഇസ്രായേലി ബന്ദിയുടെ വെളിപ്പെടുത്തലുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഹമാസ് തങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്നും ഹമാസിന്റെ ആക്രമണത്തിലല്ല, ഇസ്രായേലിന്റെ ആക്രമണത്തിലാണ് തനിക്ക് പരിക്കേറ്റത് എന്നുമാണ് നോഅ അര്‍ഗമനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ജൂണിലാണ് ഇവര്‍ ഗസ്സയിലെ ഹമാസില്‍ നിന്നു മോചിതയായത്. ടോക്കിയോയില്‍ ജി-7 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരുമായി സംസാരിച്ചപ്പോഴാണ് അര്‍ഗമനി ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ദിയാക്കപ്പെട്ടതിനു ശേഷമുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് അവര്‍ വിശദീകരിച്ചു. അതേസമയം, തന്റെ ചില പരാമര്‍ശങ്ങള്‍ തെറ്റായി ഉദ്ധരിക്കുകയും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുകയും ചെയ്തതായി അവര്‍ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ എന്താണ് സംഭവിച്ചതെന്നത് എനിക്ക് അവഗണിക്കാന്‍ കഴിയില്ല, എന്റെ വാക്കുകള്‍ സന്ദര്‍ഭത്തിന് പുറത്താണ്- തന്റെ ടോക്കിയോ പ്രസംഗത്തിന്റെ ഇസ്രായേലി മാധ്യമ കവറേജിനെ പരാമര്‍ശിച്ച് അവര്‍ എഴുതി. ‘ഞാന്‍ തടവിലായിരുന്നപ്പോള്‍ ഹമാസ് അംഗങ്ങള്‍ എന്നെ തല്ലുകയോ എന്റെ മുടി മുറിക്കുകയോ ചെയ്തിട്ടില്ല. ഇസ്രായേല്‍ വ്യോമസേനയുടെ ആക്രമണത്തില്‍ മതില്‍ ഇടിഞ്ഞാണ് എനിക്ക് പരിക്കേറ്റത്. ഒക്ടോബര്‍ 7ന്റെ ഒരു ഇരയെന്ന നിലയില്‍, വീണ്ടും മാധ്യമങ്ങളുടെ കൂടി ഇരയാകാന്‍ ഞാന്‍ വിസമ്മതിക്കുന്നു’- അവര്‍ പറഞ്ഞു. ജൂണില്‍ ഗസ്സയിലെ നുസെറാത്ത്, ദെയ്‌റല്‍ ബലാഹ് അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലൂടെ രക്ഷപ്പെട്ട നാല് ഇസ്രായേലി തടവുകാരില്‍ ഒരാളാണ് 26കാരിയായ അര്‍ഗമനി. ആക്രമണത്തില്‍ കുറഞ്ഞത് 236 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു.
‘ഇതൊരു അദ്ഭുതമാണ്. കാരണം ഞാന്‍ ഒക്ടോബര്‍ 7നെ അതിജീവിച്ചു. ഈ ബോംബിങിനെ ഞാന്‍ അതിജീവിച്ചു. രക്ഷാപ്രവര്‍ത്തനത്തെയും ഞാന്‍ അതിജീവിച്ചു. അവശേഷിക്കുന്ന ഇസ്രായേലി തടവുകാരെ മോചിപ്പിക്കുക എന്നത് തന്റെ സര്‍ക്കാരിന്റെ മുന്‍ഗണന ആയിരിക്കണ’മെന്നും അര്‍ഗമനി ഊന്നിപ്പറഞ്ഞു. അവളുടെ കാമുകനായ അവിനറ്റന്‍ ഒര്‍ ഹമാസിന്റെ ബന്ദിയായി തുടരുകയാണെന്നും അവള്‍ പറഞ്ഞു. ഗസ്സയില്‍ തടവിലാക്കപ്പെട്ടതായി കരുതപ്പെടുന്ന 105 വ്യക്തികളില്‍ ഒരാളാണ് ഒര്‍. ഇതില്‍ 34 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.