21 Sunday
July 2024
2024 July 21
1446 Mouharrem 14

ഹദീസ് പഠനം – ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി

ഭൗതികനഷ്ടങ്ങളെ  അതിജീവിക്കാന്‍
നാല് കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, ദുന്‍യാവില്‍ മറ്റന്ത് നഷ്ടപ്പെട്ടാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കുകയില്ല. അമാനത്തിലുള്ള സൂക്ഷ്മത, സത്യസന്ധമായ സംസാരം, നല്ല പെരുമാറ്റ സ്വഭാവങ്ങള്‍, മാന്യമായ ഭക്ഷണം.
ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഈ ഹദീസ് അബ്ദുല്ലാഹിബ്ന്‍ അംറാണ് നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ അനിവാര്യമായി നേടിയിരിക്കേണ്ട നാല് കാര്യങ്ങളാണിവ. നമ്മുടെ കഴിവും മികവും സാമര്‍ഥ്യവും ഉപയോഗിച്ച് ഭൗതിക വിഭവങ്ങള്‍ വാരിക്കൂട്ടാം. പക്ഷേ, അവയെല്ലാം താല്‍ക്കാലികമായിരിക്കും. അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചുള്ളത് മാത്രമേ നമുക്കതില്‍ മിച്ചമുണ്ടാവുകയുള്ളൂ. അത്തരം ഭൗതിക ശേഖരങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടാലും പേടിക്കാനൊന്നുമില്ല. മറുഭാഗത്ത് അതിനുപകരം വെക്കാനുണ്ടെങ്കില്‍.
ഹദീസില്‍ പറയുന്ന നാലു കാര്യങ്ങളാണ് ഭൗതിക നഷ്ടങ്ങളെ അതിജീവിക്കാന്‍ ആവശ്യം. ജീവിതത്തില്‍ ലാഭവും വിജയവും ഉറപ്പ് വരുത്താനും ഇതാവശ്യമാണ്. ഇവ നാലും പരസ്പര പൂരകങ്ങളുമാണ്. ഇവയുടെ അഭാവത്തില്‍ ദുന്‍യാവ് മുഴുവന്‍ ലഭിച്ചാലും അത് ദുരന്തത്തിലേക്കുള്ള വഴിയായിരിക്കും. വര്‍ത്തമാന ലോകവും സമൂഹവും അത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഭൗതികമായി ആര്‍ജിക്കാവുന്നതെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമായിരുന്നിട്ടും അവയെല്ലാം മനുഷ്യന്റെ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുത്തുന്ന രംഗങ്ങള്‍ നിരവധിയാണ്.
അല്ലാഹു എന്നോടൊപ്പമുണ്ട് എന്ന ബോധ്യമാണ് ഈമാനിന്റെ ശക്തി. അതിന്റെ ചലനാത്മകതയില്‍ മാത്രമേ ഈ നാല് ഗുണങ്ങള്‍ നിലനില്‍ക്കുകയുള്ളൂ. അമാനത്ത് സൂക്ഷിക്കുകയെന്നത് വിശ്വാസത്തിന്റെ മുഖമുദ്രയാണ്. അല്ലാഹുവിനോടും മനുഷ്യരോടും നിറവേറ്റേണ്ട ബാധ്യതകള്‍ അതിലുണ്ട്. അനശ്വര വിജയത്തിന് അര്‍ഹരായ വിശ്വാസിയുടെ ലക്ഷണങ്ങളില്‍ എടുത്തുപറഞ്ഞതി ലും അമാനത്തുകളിലുള്ള ജാഗ്രതപരാമര്‍ശിച്ചിട്ടുണ്ട് (വി.ഖു 23:8). അല്ലാഹുവിനോടും റസൂലിനോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായും അമാനത്ത് പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹുവിനോടും റസൂലിനോടും നാം സ്വീകരിക്കുന്ന വഞ്ചനാപരമായ സമീപനം നാം ഏറ്റെടുത്തിരിക്കുന്ന അമാനത്തുകളെയും ബാധിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു (അന്‍ഫാല്‍ 27). ഈമാന്‍, അമാനത്ത് എന്നിവയ്ക്കിടയിലുള്ള പദപൊരുത്തത്തെക്കാള്‍ ശക്തവും വിസ്തൃതവുമാണ് അവയുടെ ആശയതലങ്ങള്‍.
സത്യസന്ധമായ സംസാരമാണ് രണ്ടാമത്തേത്. സത്യസന്ധത എന്നത് ഒരു മനോഭാവമാണ് (attitude) ആസൂത്രണവും കഠിനാധ്വാനവും പ്രവര്‍ത്തന മികവും വിജയത്തിലെത്തുന്നത് മനോഭാവത്തിന്റെ വ്യക്തതയും കൃത്യതയും അനുസരിച്ചായിരിക്കും. ഇത്തരം മനോഭാവം ചിന്തകളെയും സംസാരത്തെയും നേര്‍പഥത്തില്‍ നയിക്കും. ഉല്‍കൃഷ്ട വ്യക്തിത്വത്തിന്റെ അനിവാര്യ ഗുണമായി നബി(സ) ആവര്‍ത്തിച്ചതും ഇതു തന്നെയാണ്. സത്യമനോഭാവം മനസ്സിനും ശരീരത്തിനും ആശ്വസവും സ്വസ്ഥതയും നല്‍കും. സത്യവിരുദ്ധ നിലപാട് മനസ്സിനെ അസ്വസ്ഥവും സംഘര്‍ഷപൂരിതവുമാക്കും.
നല്ല പെരുമാറ്റ സ്വഭാവങ്ങളാണ് മറ്റൊന്ന്. പെരുമാറ്റം ഒരു കലയാണ്. കലകള്‍ മനോഹരമാകുമ്പോള്‍ അത് സ്വന്തത്തിനും മറ്റുള്ളവര്‍ക്കും ആനന്ദം നല്‍കുന്നു. മഹിതസ്വഭാവങ്ങള്‍ സ്വന്തമാകുമ്പോള്‍ മാത്രമേ നല്ല പെരുമാറ്റശീലങ്ങള്‍ വളരുകയുള്ളൂ. ആരാധനകളിലൂടെ ലഭിക്കുന്ന ഈമാനിക ചൈതന്യമാണ് ഇതിന് ആവശ്യം. ആരാധനകള്‍ യഥാവിധി നിര്‍വഹിക്കുന്നവന്റെ തഖ്‌വ അല്ലാഹു മാത്രമാണ് അറിയുന്നത്. അയാള്‍ യഥാര്‍ഥ ഭക്തനാണോ എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നത് അയാളുടെ പെരുമാറ്റ സ്വഭാവഗുണങ്ങളിലൂടെയാണ്.
ഇബ്‌നു അബ്ബാസിന്റെ(റ) നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്: ”മൂന്ന് കാര്യങ്ങള്‍, അതില്‍ ഒരെണ്ണം ആര്‍ക്കെങ്കിലും ഇല്ലെങ്കില്‍ അയാളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിലയും കല്പിക്കേണ്ടതില്ല. അല്ലാഹുവിന് ധിക്കാരം പ്രവര്‍ത്തിക്കുന്നതിന് തടസ്സമാകേണ്ട തഖ്‌വ, അവിവേകിയെ പ്രതിരോധിക്കാനാവശ്യമായ കാര്യബോധം, ജനങ്ങള്‍ക്കിടയില്‍ ജീവിക്കാനാവശ്യമായ സ്വഭാവശീലങ്ങള്‍’. നബി(സ)യുടെ കാലത്ത് ഇസ്‌ലാമിലേക്ക് ആകൃഷ്ടരായവര്‍ക്ക്, അതിന് പ്രേരണ നല്‍കിയത് അദ്ദേഹത്തിന്റെയും ശിഷ്യന്മാരുടെയും ഉല്‍കൃഷ്ട സ്വഭാവങ്ങളായിരുന്നു. ”താങ്കള്‍ പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അവര്‍ താങ്കളെ വിട്ടുപോകുമായിരുന്നു” (വി.ഖു 3:159) എന്ന വചനവും ഇത് വ്യക്തമാക്കുന്നു.
ദുന്‍യാവിലെ നഷ്ടങ്ങള്‍ നികത്താനുള്ള നാലാമത്തെ കാര്യം ഭക്ഷണത്തിലെ പവിത്രതയും സൂക്ഷ്മതയുമാണ്. അത് ഹലാലായിരിക്കണം, ശരീരത്തിന്റെ ജൈവപ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നതുമായിരിക്കണം. ഹലാല്‍, ത്വയ്യിബ് എന്നീ ഗുണങ്ങളാണ് ഭക്ഷണത്തെ അനുഗൃഹീതവും ആരോഗ്യപൂര്‍ണവുമാക്കുന്നത്. ഇവ രണ്ടുമുണ്ടാവുമ്പോഴാണ് ഭക്ഷണത്തിന് ഹദീസില്‍ പറഞ്ഞ ‘ഇഫത്ത്’ കൈവരുന്നത്.
ഹലാല്‍ നാം സൂക്ഷിക്കാറുണ്ടെങ്കിലും രണ്ടാമത്തേത് വേണ്ടത്ര ശ്രദ്ധിക്കാറില്ല. കിട്ടുന്നതെല്ലാം തിന്നുക എന്നതാണ് ഇന്നത്തെ ഭക്ഷണശീലം. ശരീരത്തിന്റെ ജൈവ പ്രവര്‍ത്തനങ്ങളെ അപചയപ്പെടുത്തുന്ന വിരുദ്ധ പ്രകൃത ഭക്ഷണ വിഭവങ്ങള്‍ ഹലാലായിരിക്കുമെങ്കിലും ത്വയ്യിബ് ആകുന്നില്ല. അല്ലാഹു നിശ്ചയിച്ച അവധിയെത്തുന്നതുവരെ ആരോഗ്യത്തോടെ ജീവിക്കാനുള്ള ഭക്ഷണശീലമാണ് മതം പഠിപ്പിക്കുന്നത്. അതില്‍ ഔഷധവീര്യമുണ്ട്. ഭക്ഷണം ഔഷധഗുണമുള്ളതാണെങ്കില്‍ മറ്റു മരുന്നുകള്‍ ശരീരത്തിന് ആവശ്യമില്ല. ഔഷധ രഹിത ഭക്ഷണം പതിവാക്കിയാല്‍ മറ്റുമരുന്നുകള്‍ ശരീരത്തില്‍ ഫലിക്കുകയുമില്ല. ഹദീസില്‍ പറഞ്ഞ ആദ്യത്തെ മുന്ന് ഘടകങ്ങള്‍ മനുഷ്യന്റെ മനസ്സിന് ആരോഗ്യം ഉറപ്പ് നല്‍കുന്നു. നാലാമത്തേതില്‍ ശരീരത്തിന്റെ ആരോഗ്യ പരിരക്ഷയാണുള്ളത്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x