ഹദീസ് പഠനം ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി സ്വകാര്യതകള്‍ ചികയരുത്
ഇബ്‌നു ഉമറില്‍ നിന്ന് നിവേദനം: നബി(സ) ഒരിക്കല്‍ മിമ്പറില്‍ കയറി അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഹൃദയത്തില്‍ വിശ്വാസമെത്താതെ നാവുകൊണ്ടു മാത്രം മുസ്‌ലിമായ സമൂഹമേ! നിങ്ങള്‍ മുസ്‌ലിംകളെ ഉപദ്രവിക്കുകയോ അപഹസിക്കുകയോ ചെയ്യരുത്. അവരുടെ സ്വകാര്യത ചികയാനും പാടില്ല. ആരെങ്കിലും തന്റെ മുസ്‌ലിം സഹോദരന്റെ സ്വകാര്യത ചികഞ്ഞെടുത്താല്‍ അല്ലാഹു അവന്റെ സ്വകാര്യതയും വെളിപ്പെടുത്തും. അല്ലാഹു ആരുടെയെങ്കിലും സ്വകാര്യത വെളിപ്പെടുത്തിയാല്‍ അതിലൂടെ അവനെ വഷളാക്കും. അവന്‍ തന്റെ വീട്ടിനുള്ളിലാണെങ്കില്‍ പോലും.
പരലോകത്ത് ശാശ്വത വിജയത്തിന് മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് മതത്തിന്റെ മുഖ്യലക്ഷ്യം. അതിനാവശ്യമായ വിശ്വാസ അനുഷ്ഠാന സംസ്‌കരണ മുറകളിലൂടെ ഭൗതിക ജീവിതത്തിനും പരിരക്ഷ ലഭിക്കും. മനുഷ്യന്റെ ജീവന്‍, ബുദ്ധി, സമ്പത്ത്, അഭിമാനം, സന്താനങ്ങള്‍ തുടങ്ങിയവയുടെ സുരക്ഷയാണ് ശരീഅത്തിന്റെ താല്‍പര്യമായി (മഖാസ്വിദുശരീഅ) പരിഗണിക്കപ്പെടുന്നത്. നമ്മുടെ വിശ്വാസവും ഭക്തിയും ആത്മാര്‍ഥമാണോ എന്നറിയാനുള്ള ആത്മപരിശോധന കൂടിയാണ് ഹദീസിന്റെ മുഖ്യപ്രമേയം. മൂന്ന് കാര്യങ്ങളാണ് നബി(സ) അതില്‍ വ്യക്തമാക്കുന്നത്.
ഒന്ന്: നാവ് കൊണ്ട് മുസ്‌ലിമാണെന്ന് പറയാന്‍ ആര്‍ക്കും പ്രയാസമില്ല. മുസ്‌ലിമിന്റേതായ ബാഹ്യപ്രകടനങ്ങള്‍ അത്തരക്കാരില്‍ ധാരാളമുണ്ടായിരിക്കും. ഇസ്‌ലാം അതിന്റെ പൂര്‍ണ രൂപത്തില്‍ ജീവിതത്തില്‍ നിലനിര്‍ത്താന്‍ വിശ്വാസം (ഈമാന്‍) അനിവാര്യമാണ്. വ്യക്തവും കൃത്യവുമായ ഈമാനിന്റെ അഭാവത്തില്‍ ഇസ്‌ലാം കേവലം പ്രകടനപരമായിരിക്കും. നബിയുടെ കാലത്തുണ്ടായിരുന്ന ഗ്രാമീണ അറബികള്‍, തങ്ങളും വിശ്വസിച്ചിരിക്കുന്നു എന്ന അവകാശവാദമുന്നയിച്ചപ്പോള്‍ ഖുര്‍ആന്‍ അത് തിരുത്തി പറഞ്ഞു: ”നിങ്ങള്‍ വിശ്വസിച്ചിട്ടില്ല, മറിച്ച് മുസ്‌ലിംകളാണെന്ന് പറയുക, ഈമാന്‍ നിങ്ങളുടെ ഹൃദയത്തില്‍ പ്രവേശിച്ചിട്ടില്ല”(ഖുര്‍ആന്‍ 49:14). വേഷഭൂഷാദികളിലോ പറഞ്ഞുനടക്കുന്നതിലോ അല്ല ഈമാനിന്റെ സൗന്ദര്യം. അല്ലാഹു എന്നോടൊപ്പമുണ്ട്, ഞാന്‍ അല്ലാഹുവിനോടൊപ്പമായിരിക്കും എന്ന ജാഗ്രതയും കരുതലുമാണ് ഈമാനിന്റെ സൗന്ദര്യം. ആരാധനകളും സല്‍പ്രവര്‍ത്തനങ്ങളും ഇതിന് കരുത്തേകുന്നു.
രണ്ട്: ഈമാന്‍ പ്രകടന പരതയില്‍ ഒതുങ്ങുവാന്‍ കാരണം മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പുറത്തെടുക്കുകയെന്നതാണെന്ന് ഹദീസ് വ്യക്തമാക്കുന്നു. ചിന്തയും സംസാരവും പ്രവര്‍ത്തനങ്ങളുമായി ധര്‍മാധിഷ്ഠിത സ്വഭാവ മൂല്യങ്ങളെ ഖുര്‍ആനും ഹദീസും ചേര്‍ത്തു പറഞ്ഞിരിക്കുന്നത് ഈമാനിനോടാണ്. ഹൃദയത്തില്‍ നിന്ന് ഈമാന്‍ ചോര്‍ന്നുപോകുന്ന ഗുരുതര കുറ്റങ്ങളാണ് ഇവിടെ നബി(സ) വിവരിക്കുന്നത്.
സമൂഹത്തിന്റെ കെട്ടുറപ്പും നിലനില്പും വ്യക്തികള്‍ക്കിടയിലുള്ള ഊഷ്മള ബന്ധത്തിലാണ് നിലകൊള്ളുന്നത്. മാനുഷികതയുടെയും പരസ്പര ബഹുമാന ആദരവുകളുടെയും വിശാല തലങ്ങളിലാണ് ബന്ധങ്ങള്‍ ശക്തമാകുന്നത്. അനശ്വരമായ ബന്ധം വ്യക്തികളില്‍ എങ്ങനെയുണ്ടാക്കാമെന്ന് ഇബ്‌നു അബ്ബാസ്(റ) നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: ”കുടുംബ ബന്ധം വിച്ഛേദിക്കപ്പെടും, പരസ്പരമുള്ള ഉപകാര പ്രത്യുപകാരങ്ങള്‍ തള്ളിപ്പറഞ്ഞേക്കും, ഹൃദയങ്ങള്‍ കോര്‍ത്തിണക്കുന്നതിന് സമാനമായി മറ്റൊന്നില്ല.”
വിശ്വാസികളുടെ സാമൂഹിക ബോധം ചൈതന്യവത്താകുന്നത് ഹൃദയങ്ങള്‍ പരസ്പരം കൈമാറുമ്പോഴാണ്. ഹൃദയം തൊടാത്ത വാക്കുകളും സമീപനങ്ങളും വരണ്ടതായിരിക്കും. മനുഷ്യബന്ധങ്ങള്‍ക്ക് വിള്ളലുണ്ടാക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ഗൗരപൂര്‍വമാണ് നബി(സ) കാണുന്നത്. മറ്റുള്ളവരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുവാന്‍ ഒരാളുടെ സ്വഭാവ വൈകല്യം കാരണമാകുന്നു. അതിലും ഗുരുതരമാണ് അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കുക എന്നത്. മനുഷ്യന്‍ എത്ര ചെറിയവനാണെങ്കിലും വലിയവനാണെങ്കിലും അവന്റെ അഭിമാനം പവിത്രമാണ്. അല്ലാഹു ഏറെ ആദരിച്ചിരിക്കുന്ന പുണ്യഭൂമിയെ പോലെ, പുണ്യദിനങ്ങളെപ്പോലെ പവിത്രമാണ് ഓരോരുത്തരുടെയും അഭിമാനം. മക്കക്കും പുണ്യസ്ഥലങ്ങള്‍ക്കും പവിത്രത ഭംഗമുണ്ടാക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം കുറ്റകരമാണോ അതുപോലെ കുറ്റകരമാണ് ഒരാളുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കുകയെന്നത്.
ഒന്നിച്ചു നിന്നവര്‍ ഭിന്നിക്കുമ്പോഴും പകയും വിദ്വേഷവും വളരുമ്പോഴും പലരുടെയും രംഗവേദി മറ്റു ഭാഗത്തുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുക എന്നതിലാണ്. തന്റെ ശരിയും ന്യായവും സ്ഥാപിക്കുന്നത് മറ്റുള്ളവരുടെ വൈകല്യങ്ങള്‍ പുറത്തെടുക്കുന്നതിലൂടെയായിരിക് കും. വാര്‍ത്താവിനിമയം ഇന്ന് കൂടുതലായി നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ ഇത്തരം വ്യക്തിഹത്യകളുടെ മാലിന്യകൂമ്പാരമാണ്. വിശ്വാസത്തിലൂടെ, സംസ്‌കരണത്തിലൂടെ നേടുന്ന ഭക്തിയുടെ പാരമ്യത കുറിക്കുന്ന പദം ‘അത്ഖ്വാ’ എന്നാണ്. രണ്ട് സന്ദര്‍ഭങ്ങളിലാണിത് ഖുര്‍ആനില്‍ വന്നിരിക്കുന്നത്. ഹുജുറാത്ത് 13-ാം വചനമാണ് അതിലൊന്ന്. അതുവരെയുള്ള വചനങ്ങള്‍ പഠിച്ചാല്‍ ‘അത്ഖ്വാ’ ആരെന്ന് വ്യക്തമാണ്. കുത്തുവാക്കുകളും പരിഹാസപ്പേരും പരദൂഷണവും പകപോക്കലും വര്‍ജിക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമേ പരമഭക്തന്‍ (അത്ഖ്വാ) എന്ന വിശേഷണം അന്വര്‍ഥമാകുന്നത്. വയ്ല്‍
, ഗുരുതരമായ നാശം, എന്ന പരാമര്‍ശത്തില്‍ രണ്ടു അധ്യായങ്ങള്‍ ഖുര്‍ആനിലുണ്ട്. 83-ാം അധ്യായം സാമ്പത്തിക ക്രമക്കേടുകള്‍ കാരണമായുണ്ടാകുന്ന നാശമാണെങ്കില്‍ 104-ാം അധ്യായം മനുഷ്യന്റെ അഭിമാനം കളങ്കപ്പെടുത്തുന്നവര്‍ക്കുള്ള നാശമാണ് ഉണര്‍ത്തുന്നത്.

മൂന്ന്: മറ്റുള്ളവരുടെ സ്വകാര്യത പുറത്തെടുക്കുന്നവര്ക്കുണ്ടാകു ന്ന പരിണിതിയാണ് ഹദീസിന്റെ അവസാന ഭാഗം. അത്തരക്കാരുടെ ജീവിത വൈകൃതങ്ങള്‍ അല്ലാഹു പുറത്തെടുക്കുകയും ജനങ്ങള്‍ക്കിടയില്‍ അവന്‍ നിന്ദ്യനും അപമാനിതനുമാകുകും ചെയ്യും. തന്റെ വൈകൃതങ്ങള്‍ മൂടിവെക്കാന്‍ എത്ര ശ്രമിച്ചാലും ഒരു നാള്‍ അത് പരസ്യമാകും. മറ്റുള്ളവര്‍ക്ക് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകള്‍ നമുക്കു നേരെ തന്നെയാണ് ചൂണ്ടുന്നതെന്ന് നാം ഓര്‍ക്കുക. പരലോകത്ത് എത്തുമ്പോള്‍ നമ്മുടെ പുണ്യങ്ങളും അതിന്റെ പ്രതിഫലവും ഇരകള്‍ക്ക് വീതം വെക്കാന്‍ പോലും തികയില്ല.