21 Saturday
December 2024
2024 December 21
1446 Joumada II 19

സ്വീഡനില്‍ നിന്നൊരു വാര്‍ത്ത

സ്വീഡനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞയാഴ്ചയിലെ പ്രധാനപ്പെട്ട ഒരു വാര്‍ത്ത. ലോകം വലതുപക്ഷ തീവ്രതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന നിരീക്ഷണങ്ങള്‍ക്ക് ഒരു തിരുത്താണ് സ്വീഡനില്‍ നിന്നുള്ള ഈ വാര്‍ത്ത. തീവ്ര വലതു പക്ഷ കക്ഷികള്‍ രാജ്യത്തിന്റെ അധികാരം പിടിച്ചടക്കുമെന്ന ആശങ്കകളെ അസ്ഥാനത്താക്കി ഇടത് കക്ഷികള്‍ സ്വീഡനില്‍ അധികാരത്തിലേറുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ പിന്നാക്കം പോകുകയും തീവ്ര വലതുപക്ഷ കക്ഷികള്‍ ശക്തിയാര്‍ജിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫന്‍ ലോഫ്വെന് അധികാരം നഷ്ടമായി. വംശീയ വിദ്വേഷങ്ങളും വര്‍ഗീയ പ്രചാരണങ്ങളും നടത്തി വന്നിരുന്ന പല കക്ഷികളും സ്റ്റിഫന്‍ ലോഫെനെ താഴെയിറക്കാന്‍ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തിരുന്നു. ഇസ്‌ലാം ഭീതിയുടെ പ്രചാരകരാണ് ഈ വലതുപക്ഷ കോക്കസിലെ പല കക്ഷികളും. സ്വീഡനില്‍ നടന്ന പല വംശീയ അക്രമണങ്ങളും ഈ പാര്‍ട്ടികളുടെ പ്രവര്‍ത്തകരാല്‍ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു. തെരഞ്ഞെടുപ്പോടെ ലോഫെന്‍ പുറത്തായെങ്കിലും മതിയായ ഭൂരിപക്ഷമില്ലാത്തത് കൊണ്ട് ആര്‍ക്കും മന്ത്രിസഭയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ഇക്കുറി വലതുപക്ഷ കക്ഷികള്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അധികാരത്തിലെത്തുമെന്നുമായിരുന്നു പൊതുവേ നിരീക്ഷിക്കപ്പെട്ടത്. എന്നാല്‍ അട്ടിമറി വിജയത്തിലൂടെ സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവ് കൂടിയായ സ്റ്റീഫന്‍ ലോഫെന്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Back to Top