21 Saturday
December 2024
2024 December 21
1446 Joumada II 19

സ്വവര്‍ഗരതി ജൈവ പ്രകൃതിയും അവകാശങ്ങളും-ഡോ. ജാബിര്‍ അമാനി

ദൃശ്യപ്രപഞ്ചത്തിലെ ഒട്ടുമിക്ക സൃഷ്ടികളും ആണ്‍, പെണ്‍ ഇണ സംവിധാനമുള്ളവയാണ്. ജീവന്‍ നിലനിര്‍ത്തുന്നതിന്റെ അടിസ്ഥാനവും ഇണ ജീവിതമാണ്. മനുഷ്യനില്‍ മാത്രമല്ല ഇതര ജീവിവര്‍ഗങ്ങളിലെയും പ്രത്യുത്പാദന വ്യവസ്ഥയാണ് ഈ നൈരന്തര്യം ഉറപ്പുവരുത്തുന്നത്. മനുഷ്യന്‍ ഒരു സൃഷ്ടിയെന്ന നിലയില്‍ അവനില്‍ ഉള്‍ച്ചേര്‍ന്ന രതിഭാവമാണ് (ലെഃ) പ്രത്യുത്പാദനത്തിന്റെ കാതലായ വശം എന്നത് സര്‍വാംഗീകൃതമായ സത്യമാണ്. അതുകൊണ്ടുതന്നെ ലൈംഗികത ഒരു പാപമല്ല, മറിച്ച് പുണ്യ കര്‍മമാണ്. വിഹിതവും വിശിഷ്ടവുമായ മാര്‍ഗത്തിലൂടെയല്ലാതെ മനുഷ്യനിലെ ഈ ജൈവ പ്രകൃതത്തെ വിനിയോഗിക്കുന്നത് സദാചാര വിരുദ്ധവും പാപവുമായി മതവും ധര്‍മശാസ്ത്രങ്ങളും പരിഗണിക്കുന്നു. മാനവികതയും മനുഷ്യത്വവും തദ്ഫലമായി പ്രപഞ്ചത്തില്‍ രൂപപ്പെടുന്ന സാമൂഹിക സുരക്ഷിതത്വവും നിലനിര്‍ത്തുക ലൈംഗികതയുടെ ജൈവ തേട്ടം പാലിക്കുമ്പോഴാണ്. കേവലം വ്യക്തികളുടെ അവകാശങ്ങളിലേക്കോ സ്വാതന്ത്ര വീക്ഷണങ്ങളിലേക്കോ ലൈംഗികതയുടെ നിര്‍വഹണത്തെ പരിഗണിക്കുന്നതോടെ പ്രപഞ്ചത്തിലെ സൃഷ്ടികളുടെ ജൈവ പ്രകൃതിയെയാണ് വെല്ലുവിളിക്കുന്നത്. ഈ വെല്ലുവിളി മനുഷ്യന്റെ സ്വസ്ഥവും സുരക്ഷിതവുമായ കുടുംബ- സാമൂഹ്യ ജീവിതത്തിന്റെ വ്യവസ്ഥകളെയാണ് ചോദ്യം ചെയ്യുക. ഇത് ഒരു യാഥാര്‍ഥ്യമായി കാണുന്നതു കൊണ്ടാണ് ലൈംഗിക വൈകൃതങ്ങളെ സ്ഥാപിച്ചെടുക്കുന്നതിന് അവകാശങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയും കൂട്ടുപിടിക്കുന്നത്.
ലൈംഗികതയുടെ മര്‍മവും ധര്‍മവും ജീവികളുടെ പ്രത്യുത്പാദനമാണ്. അതോടൊപ്പം തന്നെ മാനസികവും ശാരീരികവുമായ നിര്‍വൃതിയും സംതൃപ്തിയും. ദാമ്പത്യജീവിതമാണ് ആദിമ കാലം മുതല്‍ ഇന്നുവരെ പ്രത്യുത്പാദന ജീവിതത്തിന് മനുഷ്യന്‍ അവലംബിക്കുന്നത്. രീതികളിലും സ്വഭാവ നിര്‍വഹണങ്ങളിലും വ്യത്യസ്തതകളും വൈവിധ്യങ്ങളുമുണ്ടെങ്കിലും ‘വിവാഹം’ എന്ന വ്യവസ്ഥയാണ് കാലാകാലങ്ങളായി സ്വീകരിച്ചിട്ടുള്ളത്. വിവാഹമോ ഇണകള്‍ തമ്മിലുമാണ് സാര്‍ഥകമാകുന്നത്. അഥവാ എതിര്‍ലിംഗങ്ങള്‍ തമ്മില്‍ മാത്രം – വിവാഹം എന്നതിന്റെ പരിഗണനയും ഭാഷയിലും അതാണ്.
ഇണകള്‍ തമ്മിലുള്ള ജീവിതം വഴിയല്ലാതെ ലോകത്ത് ഒരു ജൈവ വര്‍ഗത്തിന്റെയും നിലനില്പും നൈരന്തര്യവും കാണാന്‍ സാധിക്കുകയില്ല. ആണ്‍ ആണുമായോ, പെണ്ണ് പെണ്ണുമായോ ഏത് തരത്തിലുള്ള രതിഭാവങ്ങള്‍ പ്രകടമാക്കിയാലും മനുഷ്യന്‍, മൃഗങ്ങള്‍, പറവകള്‍, മത്സ്യങ്ങള്‍ തുടങ്ങി ഒരു ജൈവ സാന്നിധ്യത്തിലും അടുത്ത തലമുറയുടെ സൃഷ്ടി നിര്‍വഹിക്കാനാവില്ല. ഇത് പ്രാപഞ്ചിക നിയമവും വ്യവസ്ഥയുമാണ്. അതുകൊണ്ടു തന്നെ ലൈംഗികതയുടെ ധര്‍മമായി നിശ്ചയിച്ച പ്രത്യുത്പാദനം ലക്ഷ്യം വെക്കുന്ന രതി ഭാവങ്ങളില്‍ സ്വവര്‍ഗരതി ജൈവ പ്രകൃതിയുടെ താല്‍പര്യമല്ല. ധര്‍മം നിര്‍വഹിക്കാനുമാവില്ല. മൃഗങ്ങള്‍ക്കിടയില്‍ അഗമ്യഗമനം (കിരലേെ)(1) ഉണ്ട്. തത്ഫലമായി മനുഷ്യര്‍ക്കിടയിലും ഉണ്ടായിരിക്കുന്നതിന് തടസ്സങ്ങള്‍ പാടില്ലെന്നും, കാരണം അത്തരം ലൈംഗിക ബന്ധങ്ങള്‍ ജൈവലോകത്ത് മൃഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് ചിലര്‍ വാദം ഉന്നയിച്ചേക്കാം. എന്നാല്‍ ഈ ലൈംഗിക ബന്ധം അത്യധികം മ്ലേച്ഛമായി പരിഗണിച്ച് മിക്ക രാജ്യങ്ങളിലും നിയമം മൂലം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.(2) ഒരു വ്യക്തി തന്റെ സ്വാതന്ത്ര്യവും അവകാശവുമായി പ്രഖ്യാപിച്ച് തന്നെ ഗര്‍ഭം ധരിച്ച മാതാവുമായും ജന്മം നല്‍കിയ പിതാവുമായും ലൈംഗികബന്ധത്തിന് അനുവാദം വേണമെന്നും അത് കുറ്റകൃത്യമായി പരിഗണിക്കാന്‍ പാടില്ലെന്നും പ്രഖ്യാപിക്കുന്നുവെങ്കില്‍ അത് വ്യക്തി സ്വാതന്ത്ര്യവും അവകാശവും മാനവിക ബോധവുമായി പരിഗണിക്കുന്നതിനെ ആരാണ് പിന്തുണയ്ക്കുക?(3)
സ്വവര്‍ഗാനുരാഗവും ലൈംഗികതയും മൃഗലോകത്ത് നടക്കുന്നുണ്ടെന്നും അതിനാല്‍ അത് ജൈവവിരുദ്ധമോ പ്രകൃതി വിരുദ്ധമോ അല്ലെന്നും സിദ്ധാന്തിക്കുന്നവരുണ്ട്. മൃഗങ്ങളിലെ ചില വര്‍ഗങ്ങളില്‍ കാണപ്പെടുന്നുവെന്ന് പറയുന്ന സ്വവര്‍ഗാനുരാഗ പ്രകടനങ്ങള്‍ ഏതര്‍ഥത്തിലാണെന്നും അവയുടെ അടിസ്ഥാന കാരണങ്ങള്‍ എന്താണെന്നും കൂടുതല്‍ പഠനം ആവശ്യമാണ്.
ലൈംഗികതയല്ലാത്ത ജീവശാസ്ത്ര ധര്‍മങ്ങളും എതിര്‍വര്‍ഗ ലൈംഗികതക്ക് ശരീരം സജ്ജമായിട്ടുണ്ടെന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായും സ്വവര്‍ഗാനുരാഗ പ്രകടനങ്ങള്‍ ചില മൃഗങ്ങളില്‍ കാണാവുന്നതാണ്. നായയും പട്ടിയും അതത് വര്‍ഗങ്ങളുടെ മേല്‍ ചില ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിക്കുന്നതും ഇപ്രകാരം ചില നാല്‍ക്കാലികളില്‍ കാണപ്പെടുന്നതും ഉദാഹരണമായി പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.(4) അതുകൊണ്ട് തന്നെ സ്വവര്‍ഗരതിയെ ജൈവപരമായി ന്യായീകരിക്കാവുന്ന സ്വവര്‍ഗ ലൈംഗികാഭിനിവേശം മൃഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്നില്ലെന്നാണ് ലഭ്യമായ പഠനങ്ങള്‍ തെളിയിക്കുന്നത്.(5)
ക്രോമസോമുകള്‍ക്കകത്ത് ജനികത കോഡുകളാല്‍ രേഖപ്പെടുത്തുമ്പോഴാണ് ഒരു ജൈവധര്‍മം ജനിതകമായിത്തീരുന്നത്. തദ്ഫലമായി അതിനെ പ്രകൃതിപരം എന്ന് വിളിക്കാവുന്നതാണ്. ജനിതക പഠനങ്ങള്‍ ലോകത്ത് വൈപുല്യമുള്ളതാണല്ലോ. പരിണാമവാദത്തെ ന്യായീകരിക്കാനുള്ള പുതിയ പുതിയ കണ്ടെത്തലുകള്‍ വിശദ പഠനങ്ങളില്‍ അബദ്ധജടിലവും കൃത്യമായി സൃഷ്ടിച്ചതാണെന്ന് തെളിയുന്നതുപോലെ തന്നെ സ്വവര്‍ഗ രതിയുടെ ജനിതക പഠന പിന്‍ബലങ്ങളും തുടര്‍പഠനങ്ങളില്‍ അശാസ്ത്രീയമെന്ന് തെളിഞ്ഞിട്ടുണ്ട്.
മനുഷ്യശരീരത്തിന്റെ സൃഷ്ടിപ്പില്‍ സ്വവര്‍ഗരതിക്ക് സഹായകമാവുന്ന ജനികത ഘടനയില്ലെന്നു മാത്രമല്ല എതിര്‍വര്‍ഗ ലൈംഗികതക്ക് വേണ്ടിയുള്ള അനാട്ടമിക്കല്‍ ഘടനകളാണ് ഉള്ളത്. മതനിധേഷികളും ദൈവനിരാസം സ്വീകരിക്കുന്നവരുമായ ശരീര ശാസ്ത്രജ്ഞര്‍ പോലും ഈ യാഥാര്‍ഥ്യം അംഗീകരിക്കുന്നവരാണ്. ലൈംഗിക അവയവങ്ങളുടെ സൃഷ്ടിപ്പും ഘടനയും പ്രായവ്യത്യാസങ്ങള്‍ക്കനുസൃതമായി ശരീരത്തില്‍ രൂപപ്പെടുന്ന ‘ലൈംഗികതയ്ക്ക്’ സഹായകമായ മാറ്റങ്ങള്‍, ഹോര്‍മോണുകളുടെ ക്രമീകരണം തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്.
എന്നാല്‍ മനുഷ്യരില്‍ അത്തരമൊരു ജനിതക ഘടന കാണപ്പെടുന്നില്ലെന്ന് പ്രത്യേകം പ്രസ്താവ്യമാണ്. മനുഷ്യനിലെ ഒരേ ലിംഗത്തില്‍ പെട്ടവര്‍ തമ്മില്‍ സ്‌നേഹ ബഹുമാന അഭിവാദന പ്രകടനങ്ങളുടെ ഭാഗമായി സ്വവര്‍ഗചുംബനവും ആലിംഗനവും സ്പര്‍ശനങ്ങളും നിര്‍വഹിക്കപ്പെടാറുണ്ട്. അവയുടെ ആത്യന്തിക ചോദനയോ കാരണമോ ലൈംഗികതയുമായി ബന്ധമുള്ളതല്ല. മനുഷ്യന്റെ സൃഷ്ടിപ്പും ജീവിതവും ലൈംഗികതയുമായി കൂട്ടിയിണക്കിയ ഫ്രോയിഡിയന്‍ കാഴ്ചപ്പാടുകളിലല്ലാത്ത മറ്റൊരിടത്തും മനുഷ്യന്റെ സ്വാഭാവികമായ പ്രകടനങ്ങളെ രതിഭാവമായി വിലയിരുത്തപ്പെട്ടിട്ടുമില്ല. ഫ്രോയിഡിന്റെ ഇത്തരം സിദ്ധാന്തങ്ങളില്‍ പലതും അദ്ദേഹത്തിന്റെ തന്നെ പിന്‍ഗാമികളായ ആല്‍ഫ്രഡ് ആഡ്‌ലര്‍ കാള്‍യുംങ്ങ് പോലെയുള്ളവര്‍ വിമര്‍ശിച്ചിട്ടുമുണ്ട്.
ജര്‍മന്‍ അന്തസ്രാവ വ്യവസ്ഥാ ഗവേഷകന്‍ ഡോ. ഹാരി ബെഞ്ചമിന്റെ പഠനങ്ങളില്‍ സാമൂഹിക പരിഗണന നല്‍കേണ്ട ഒരു മനോവ്യതിയാനം മാത്രമാണ് സ്വവര്‍ഗ ലൈംഗികതാ വാദമെന്നും അത്തരം വ്യതിയാനങ്ങളെ ചൂഷണം ചെയ്യുകയാണ് സ്വവര്‍ഗരതിവാദികള്‍ ചെയ്യുന്നതെന്നും സമര്‍ഥിക്കുന്നുണ്ട്.(6)
തൊണ്ണൂറുകളുടെ അവസാനം മുതല്‍ കൊളോണിയലിസവും ഇംപീരിയല്‍ മൂവ്‌മെന്റുകളും ശക്തിപ്പെടുകയും ‘ലൈംഗികത’യെ ഒരു വിപണിയായി പരിഗണിച്ച് സെക്‌സ് ഒരു കമ്മോഡിറ്റി (ഉത്പന്നം) യായി സിദ്ധാന്തിച്ചതോടെ രതിവൈകൃതങ്ങളെ വെള്ള പൂശാനുള്ള ശ്രമങ്ങള്‍ ശക്തമായി. ലൈംഗിക വൈകൃതങ്ങളെ വിമത ലൈംഗികതയാക്കി അവതരിപ്പിക്കുന്ന രീതിയും ഉദാര ലൈംഗിക വാദത്തിലൂടെ – നിയമാനുസൃതമാക്കാനുള്ള ശ്രമങ്ങളും ലോകവ്യാപകമായി നിര്‍വഹിക്കപ്പെട്ടു. സ്വവര്‍ഗരതിക്ക് ജീവശാസ്ത്രപരമായ അടിത്തറകള്‍ സ്ഥാപിച്ചെടുക്കാനാണ് കഠിനമായ പരിശ്രമങ്ങള്‍ ഉണ്ടായത്.
ഡല്‍ഹി ഹൈക്കോടതിയുടെ 2009- ലെ സ്വവര്‍ഗരതി നിയമാനുസൃതമാക്കുന്ന വിധിക്കുവേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്ന നാസ് ഫൗണ്ടേഷന്‍ സ്വവര്‍ഗരതിക്ക് അനുകൂലമായി ജനിതക പഠനങ്ങള്‍ ഉണ്ടെന്ന് സമര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതപര്യന്തം തുടര്‍ന്നുവന്നിട്ടുള്ള ക്രോമസോം ജനിതക പഠനങ്ങളില്‍ ഒന്നുംതന്നെ ശാസ്ത്രീയ പിന്‍ബലം അവകാശപ്പെടാന്‍ കഴിയില്ലെന്ന് കണ്ടെത്തിയതാണ് എന്നതത്രെ സത്യം.
‘സ്വവര്‍ഗ ലൈംഗികതക്ക് വേണ്ടിയുള്ള ജീവശാസ്ത്ര കാരണങ്ങള്‍ തേടിയ പഠനങ്ങള്‍ ഒന്നും ശാസ്ത്രീയമായി ഫലപ്രദമല്ല'(7) എന്നതാണ് അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. പ്രകൃതിപരവും ജൈവ, ജനിതക പരവുമായ ഒരു ശരീരധര്‍മം മനുഷ്യന്‍ നിര്‍വഹിക്കുക വഴി ലോകത്ത് ഒരര്‍ഥത്തിലുമുള്ള അധാര്‍മികതകളോ ജീവിത താളഭംഗമോ രൂപപ്പെടാന്‍ പാടില്ല. വൈവാഹിക ദാമ്പത്യം ജീവിതം വഴിയുള്ള ലൈംഗിക ബന്ധം മനുഷ്യര്‍ക്കിടയില്‍ ശാരീരകമോ മാനസികമോ സാമൂഹികമോ ആയ ഒരു ദുരിതവും ദുരന്തവും സൃഷ്ടിച്ചതായ പഠനങ്ങളോ അനുഭവങ്ങളോ ഇല്ല (കുടുംബ ശൈഥില്യങ്ങള്‍ ഈ രംഗത്ത് പരിഗണിക്കേണ്ടവയല്ല) കണ്ണ് കാണാനും കാത് കേള്‍ക്കാനും കൈകാലുകള്‍ സഞ്ചാര ചലനങ്ങള്‍ക്കും ഉപയോഗിക്കുന്ന ശരീരത്തിലെ നിരവധി വ്യവസ്ഥകള്‍ അവയുടെ ധര്‍മം നിര്‍വഹിക്കുന്നു. തത്ഫലമായി എന്തെങ്കിലുമൊരു ന്യൂതനയോ ശാരീരിക ജീര്‍ണതയോ സാമൂഹിക മ്ലേച്ഛതയോ കാണാനാവില്ല. കാരണം അവയെല്ലാം പ്രകൃതി നിശ്ചയിച്ച ‘ശരീര ധര്‍മമാണ്’ പിന്തുടരുന്നത്. അത് സുരക്ഷിതവും സ്വച്ഛന്ദ ജീവിതവുമാണ് പ്രദാനം ചെയ്യുക.(8)
സ്വവര്‍ഗ ലൈംഗികതയും രതിഭാവങ്ങളും ഏത് ലിംഗത്തില്‍ പെട്ടവര്‍ക്കും പ്രകൃതി പരമാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ച സുരക്ഷയും നിര്‍ഭയത്വവും ലഭ്യമായിരിക്കണം. ചരിത്രത്തിലോ വര്‍ത്തമാന കാലത്തോ സ്വവര്‍ഗരതി ഒരു ‘സൗഖ്യ സന്തുഷ്ടി’ നല്‍കുന്ന വഴിയായി തെളിയിക്കപ്പെട്ടിട്ടില്ല. സ്വവര്‍ഗരതി പ്രകൃതിപരമല്ല ദുരന്തപൂര്‍ണമായ മനുഷ്യത്വ ച്യുതിയാണ്.
1981 ജൂണ്‍ 5-നാണ് അമേരിക്കയില്‍ ആദ്യമായി എയ്ഡ്‌സ് നിരീക്ഷിക്കപ്പെടുന്നത്. ലോസ് ആഞ്ചല്‍സിലെ അഞ്ച് സ്വവര്‍ഗ രതിക്കാരിലായിരുന്നു ഇത്. അതിന്റെ ഫലമായി ഗേ-ലെസ്ബിയന്‍ ആക്ടിവിസ്റ്റുകള്‍ ഭീതിയോടെ മുന്നോട്ട് പോയി. സ്വവര്‍ഗാനുരാഗങ്ങള്‍ അവസാനിപ്പിച്ചും സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കാതെയും മുന്നോട്ട് പോയി. എയ്ഡ്‌സ് രോഗത്തിന്റെ വ്യാപനത്തില്‍ പ്രധാന കാരണം സ്വവര്‍ഗരതിയും പരസ്ത്രീ ബന്ധവുമാണെന്നതല്ലേ യാഥാര്‍ഥ്യം? അമേരിക്കയിലെ സെന്റ്‌ഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (സിഡിസി) 2003-ലെ കണക്കു പ്രകാരം എയ്ഡ്‌സ് ബാധിതരില്‍ 63 ശമതാനവും സ്വവര്‍ഗ സംഭോഗം വഴിയാണ് ഉണ്ടായത് എന്ന് തെളിയിക്കുന്നു.
2008 ജനുവരി 15-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്ള്‍, ലോസ് ആഞ്ചല്‍സ് ബോസ്റ്റണ്‍ ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ സ്വവര്‍ഗപ്രണയികള്‍ക്കിടയില്‍ മാരകമായ ലൈംഗിക – ത്വക്ക് രോഗങ്ങള്‍ പടര്‍ന്നുപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിഫിലിസ് രോഗികളില്‍ 65 ശതമാനവും സ്വവര്‍ഗഭോഗികള്‍ക്കിടയില്‍ നിന്നാണത്രെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1976 മുതല്‍ തന്നെ സ്വവര്‍ഗ ഭോഗികളില്‍ വ്യപാകമായിരുന്ന ലൈംഗിക രോഗങ്ങളെപ്പറ്റി (gay bowel syndreomme) യുള്ള മുന്നറിയിപ്പുകള്‍ ലോകാരോഗ്യ വേദികള്‍ താക്കീതായി നല്‍കിയിട്ടുണ്ട്. ഗൊണോറിയ, ലിംഫോഗ്രാനുലോമ വെനേറിയം, വിവിധ ലൈംഗിക കാന്‍സറുകള്‍ ഫിഗിലോസിസ് തുടങ്ങിയ രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത്തരം രോഗങ്ങളെക്കുറിച്ച മുന്നറിയിപ്പുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് എന്ത്? നടേ സൂചിപ്പിച്ചപോലെ മാരകമായ വിപത്തുകളെയും ജീവന് ഭീഷണിയാവുന്ന അപരിഹാര്യ രോഗങ്ങളെയും സൃഷ്ടിക്കുന്ന ഒരു ശരീരപ്രവര്‍ത്തനം ഏതര്‍ഥത്തിലാണ് പ്രകൃതിപരം എന്ന് ന്യായം കാണാനാവുക?
മനുഷ്യാവകാശങ്ങളെയും മനുഷ്യനിലെ അടിസ്ഥാന ചോതനകളെയും വികാര വിചാരങ്ങളെയും സംരക്ഷിക്കേണ്ടത് സര്‍വരുടെയും ബാധ്യതയാണ്. രാജ്യങ്ങളുടെ പൗരസുരക്ഷയുടെ ഭാഗവുമാണ്. എന്നാല്‍ മാനവരാശിയുടെ ചരിത്രത്തിലും മനുഷ്യന്റെ ശാരീരിക പഠനങ്ങളിലും സാമൂഹിക ജീവിതത്തിന്റെ നല്ല നടത്തിപ്പുകളിലും ധര്‍മത്തിന്റെ പക്ഷത്ത് ചേര്‍ത്തെഴുതാന്‍ കഴിയാത്ത ‘സ്വവര്‍ഗ രതിയെ’ നിയമ പരിരക്ഷ നല്‍കി ഉദാത്തീകരിക്കുന്നത് ഗൗരവത്തോടെ കാണേണ്ട കാരമാണ്. പാശ്ചാത്യന്‍ മ്ലേച്ഛതകളെ അവകാശങ്ങളുടെ പേരില്‍ പവിത്രീകരിക്കുന്നത് കടുത്ത സാമൂഹിക ദുരന്തങ്ങളാണ് വരുത്തിവെക്കുക. വിഷയത്തിന്റെ മര്‍മത്തെ വൈചാരികമായി സമീപിക്കുമ്പോഴാണ് ബഹു. സുപ്രീംകോടതിയുടെ ഈ രംഗത്തുള്ള വിധി പ്രസ്താവത്തെ മനുഷ്യത്വപരമല്ലെന്ന് നമുക്ക് കാണാനാവുക. കൊളോണിയല്‍ കോര്‍പ്പറേറ്റ് സാംസ്‌കാരിക അധിനിവേശത്തെ അടിച്ചേല്പിക്കാനുള്ള തന്ത്രങ്ങള്‍ കൂടി ഇവിടെ ഒളിച്ചുകടത്തപ്പെടുമ്പോള്‍ പ്രത്യേകിച്ചും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.
(തുടരും)

1.  അഗമ്യഗമനം = വിവാഹബന്ധം പാടില്ലാത്ത കുടുംബക്കാര്‍ തമ്മില്‍ നടക്കുന്ന ലൈംഗികബന്ധം. മക്കള്‍         മാതാക്കളുമായി പെണ്‍മക്കള്‍ പിതാവുമായി നടക്കുന്ന ബന്ധം.
2.  www.2. onchr.org/english /law/crc.htm
3.  ജര്‍മനിയില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് splegel online ineternational റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.           03-11-2008 ല്‍
4.  www. petfinder.org
5.  Simon.Levay. Queer Science- page 207,സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന             വ്യക്തികൂടിയാണ് സീമോണ്‍ ലി വായ്.
6.  The Transsexual Phenomenon – by Dr. Hary
Benjamin. MD
7.   (a) www.c wfa.org
(b) Science 23 April 1999 vol 284 page 665-667
8.   വി.ഖു 30:30
9.   www. cdc. org
10. www. sfgate. com
Back to Top