14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

സ്വര്‍ഗത്തിലേക്കുള്ള വഴി

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഅബ്ദില്ലാഹ് ജാബിറിബ്‌നു അബ്ദില്ല അല്‍അന്‍സാരി(റ) പറയുന്നു: ഒരാള്‍ നബി(സ)യോട് ചോദിച്ചു: ഞാന്‍ നിര്‍ബന്ധ നമസ്‌കാരം നിലനിര്‍ത്തുകയും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും അനുവദനീയമായത് പ്രവര്‍ത്തിക്കുകയും നിഷിദ്ധമായതിനെ വര്‍ജിക്കുകയും ചെയ്ത് അതിലൊന്നും അധികരിപ്പിക്കാതിരിക്കുകയും ചെയ്താല്‍ ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ? താങ്കളുടെ അഭിപ്രായമെന്താണ്? നബി(സ) പറഞ്ഞു: അതെ. (മുസ്‌ലിം)

അല്ലാഹുവിന്റെ സാമീപ്യം തേടുകയെന്നത് ഏതൊരു വിശ്വാസിയുടെയും ആഗ്രഹമാണ്. ജീവിതവിജയം സ്വര്‍ഗപ്രവേശമാണെന്ന് തിരിച്ചറിഞ്ഞ ഏതൊരാളും അതിനുള്ള മാര്‍ഗമന്വേഷിക്കും. സതീര്‍ഥ്യന്റെ ചോദ്യത്തിനുത്തരമായി നബി(സ) അരുളിയ മറുപടിയില്‍ അല്ലാഹു നമുക്ക് നല്‍കിയ ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയെന്ന ബാധ്യത സ്വര്‍ഗപ്രവേശത്തിന് കാരണമായി ഈ തിരുവചനത്തില്‍ പറഞ്ഞിരിക്കുന്നു. അത് മതത്തിന്റെ ഏറ്റവും സുപ്രധാനമായ അടയാളമാകുന്നു. നമസ്‌കരിക്കുന്നവന്‍ മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നവനും അത് ഉപേക്ഷിക്കുന്നവന്‍ പുറത്തുമാകുന്നു. മനുഷ്യ മനസ്സിനെ മാലിന്യമുക്തമാക്കാനുതകുന്ന ഒരു കര്‍മമത്രെ നമസ്‌കാരം. ‘നബിയേ, വേദഗ്രന്ഥത്തില്‍ നിന്നു നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തികളില്‍നിന്നും നിഷിദ്ധ കര്‍മത്തില്‍നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു (29:8) എന്ന വിശുദ്ധ വചനം നമസ്‌കാരത്തിന്റെ പ്രാധാന്യത്തിലേക്കു സൂചന നല്‍കുന്നു.
ശേഷം നോമ്പിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. പാപമോചനത്തിനും അതുവഴി സ്വര്‍ഗപ്രവേശത്തിനും അവസരമൊരുക്കുന്നതാണ് നോമ്പ്. മനുഷ്യമനസ്സിനെ മാലിന്യങ്ങളില്‍നിന്ന് കഴുകിയെടുക്കാന്‍ നോമ്പ്‌കൊണ്ട് സാധിക്കുന്നു. അതുകൊണ്ടാണ് അതിനെ സ്വര്‍ഗപ്രവേശത്തിനുള്ള ഉപാധിയായി പരിഗണിക്കുന്നത്. ഏതൊരു വ്യക്തിക്കും നിര്‍വഹിക്കാന്‍ കഴിയുന്ന ഈ ആരാധനാകര്‍മങ്ങള്‍ മനുഷ്യമനസ്സിനെ സ്ഫുടം ചെയ്‌തെടുക്കാന്‍ കഴിയുന്നതത്രെ.
അല്ലാഹു നിര്‍ദേശിച്ച കാര്യങ്ങളെ അനുധാവനം ചെയ്യുകയും അവനെ അനുസരിക്കുന്നതില്‍ കൃത്യത വരുത്തുകയും നിഷിദ്ധമായവ ഉപേക്ഷിക്കുകയും ചെയ്യുകയെന്നത് സുരക്ഷിത ഹൃദയത്തിന്റെ ലക്ഷണമാകുന്നു. അല്ലാഹു വിശ്വാസികള്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും തെളിവായി ഈ വചനത്തെ വിലയിരുത്താം. അല്ലാഹു ചില കാര്യങ്ങള്‍ അനുവദിക്കുകയും ചിലത് നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. നിഷിദ്ധമായതിനെ വെടിയുകയും അനുവദനീയമാക്കിയതിനെ സ്വീകരിക്കുകയും നിര്‍ബന്ധ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അത് സ്വര്‍ഗപ്രവേശം നേടാനുള്ള അടിസ്ഥാന യോഗ്യതയാണെന്നത്രെ ഈ തിരുവചനം നല്‍കുന്ന സന്ദേശം.

Back to Top