13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

സ്ത്രീസുരക്ഷ എന്ന് ഉറപ്പാക്കും?

മുഹമ്മദ് ശമീം

കൊല്‍ക്കത്ത ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന വാര്‍ത്ത നമ്മള്‍ അറിഞ്ഞത് വൈകിയാണ്. അറിഞ്ഞ ശേഷവും നമ്മള്‍ അതിനെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത് അതിലും ഏറെ വൈകിയാണ്. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ പ്രതികരിക്കാതെ അതിനോട് പൊരുത്തപ്പെടാന്‍ പഠിക്കുകയാണോ നമ്മള്‍ എന്ന് തോന്നിപ്പോകുന്നു. അത് വളരെ ഭയാനകവും ഒരിക്കലും അനുവദിച്ചുകൂടാത്തതുമായ അവസ്ഥയാണ്. മണിപ്പൂരില്‍ സ്ത്രീകള്‍ കൂട്ടമായി ആക്രമിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദനായ പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനമായിട്ടുകൂടി ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജില്‍ ഭരണകൂടം നിന്നത് വേട്ടക്കാരനൊപ്പമാണെന്നു പറയേണ്ടി വരും. കേസ് സിബിഐക്ക് വിടാന്‍ കോടതി ഇടപെടല്‍ ആവശ്യമായി വന്നു. കേരളത്തില്‍ നാലു വര്‍ഷമായി പൂഴ്ത്തിവയ്ക്കപ്പെട്ട സുപ്രധാനമായ ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. സ്ത്രീപക്ഷ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഗവണ്‍മെന്റ് എന്തിനാണ് നാലു വര്‍ഷം റിപോര്‍ട്ട് പുറത്തുവിടാതെ പിടിച്ചുവെച്ചത് എന്നതും ഉത്തരം ആവശ്യമായ ചോദ്യമാണ്.
ഇവിടെയെല്ലാം കാണുന്ന പൊതുവായ കാര്യം പ്രതിയാക്കപ്പെട്ടവര്‍ ആരാണെന്നു നോക്കി നിലപാടുകള്‍ എടുക്കുന്ന ഭരണ-നിയമവ്യവസ്ഥയാണ്. സ്ത്രീകള്‍ കൊല്ലപ്പെടുന്നതോ ആക്രമിക്കപ്പെടുന്നതോ അല്ല ഇവര്‍ക്കു മുന്നിലെ പ്രധാന പ്രശ്‌നം. പ്രതിസ്ഥാനത്തുള്ളവരുടെ രാഷ്ട്രീയം, സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം ഇതൊക്കെയാണ് പ്രധാന പ്രശ്‌നം.
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റം നമുക്ക് ഉണ്ടായിട്ടുണ്ടോ? രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍, പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍, അവരുടെ സുരക്ഷ ഇതുവരെ ഉറപ്പാക്കാന്‍ നമുക്ക് പറ്റിയിട്ടുണ്ടോ? തുടര്‍ച്ചയായി 36 മണിക്കൂറാണ് ഈ മെഡിക്കല്‍ കോളജില്‍ ‘അഭയ’ക്ക് ജോലി ചെയ്യേണ്ടതായി വന്നത്. ഡ്യൂട്ടിക്കു ശേഷം വിശ്രമിക്കാന്‍ സെമിനാര്‍ റൂമിലാണ് അവര്‍ കിടന്നത്. അവിടെ സിസിടിവി പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. മറ്റുള്ളവര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ആ മുറിയിലേക്ക് പ്രതിയായ സഞ്ജയ് റായിക്ക് എങ്ങനെ എത്തി എന്നതും വലിയ സുരക്ഷാ വീഴ്ചയാണ്. ശരീരമാസകലം മുറിവുകള്‍ ഉണ്ടായിരുന്ന അഭയയുടെ ബോഡി കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ കൊലപാതകമാണെന്ന് ആര്‍ക്കും മനസ്സിലാകും എന്നിരിക്കെ പോലീസ് ആദ്യം പറഞ്ഞത് അതൊരു ആത്മഹത്യയാണെന്നാണ്.
കോടതി ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ആത്മഹത്യയാക്കി അന്വേഷണം അവസാനിപ്പിച്ചേനെ. ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്ക് ചെറുതല്ല. പ്രതികരിച്ചവരെ നിശ്ശബ്ദമാക്കാന്‍ പൊലീസ് പലര്‍ക്കെതിരെയും കേസ് എടുത്തു. എന്നിട്ടും സോഷ്യല്‍ മീഡിയ ഇപ്പോഴും പ്രതികരിക്കുന്നു. ഈ കേസും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ചിലരുടെ ചിന്ത.
2012 നിര്‍ഭയ കേസിനു ശേഷം ശക്തമായ നിയമങ്ങള്‍ നിലവില്‍ വന്നെങ്കിലും ഇപ്പോഴും എല്ലാ കേസുകളിലും മതിയായ ശിക്ഷ ഉറപ്പാക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നത് പ്രതികളെ ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്ന കാര്യമാണ്. ഇത് ഭരണകൂടത്തിന്റെ പരാജയമാണ് കാണിക്കുന്നത്. ലഹരിവസ്തുക്കള്‍ സുലഭമായി ലഭിക്കുന്നതും ക്രിമിനലുകളെ സൃഷ്ടിക്കാന്‍ അല്ലാതെ വേറെന്തിനാണ് ഉപകരിക്കുക? രാഷ്ട്രീയപരമായ കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന താല്‍പര്യം എന്തുകൊണ്ട് സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ നമ്മള്‍ കാണിക്കുന്നില്ല എന്നത് വേദനാജനകമായ അവസ്ഥയാണെന്നും പറയാതിരിക്കാന്‍ വയ്യ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x