സ്‌ക്രീനേജിന്റെ പഠനമാര്‍ഗങ്ങള്‍
നജീബ് തവനൂര്‍
സാങ്കേതികവിദ്യ മനുഷ്യ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നൊരു കാലത്താണ് നാം ജീവിക്കുന്നത്. മറ്റെല്ലാ മേഖലകളിലുമുള്ളത് പോലെത്തന്നെ വിദ്യാഭ്യാസ മേഖലയിലും സാങ്കേതിക ഉപകരണങ്ങളും സംവിധാനങ്ങളും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പാഠ്യപദ്ധതി, പഠന പ്രക്രിയകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മാനേജ്‌മെന്റ്, സ്ഥാപനങ്ങള്‍, വിവര സാങ്കേതിക സംവിധാനങ്ങള്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണല്ലോ വിദ്യാഭ്യാസ മേഖല. ഈ ഘടകങ്ങളിലെ ഏതെങ്കിലുമൊന്നിന്റെ ബലഹീനത വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കുകയും അവയിലെ ഉന്നമനം വലിയ മാറ്റത്തിന് കാരണമാവുകയും ചെയ്യും. കോവിഡ്-19 മഹാമാരിയില്‍ ലോകം ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയപ്പോള്‍ വിവരസാങ്കേതികവിദ്യ തുറന്നു തന്ന കവാടത്തിലൂടെ വിദ്യാഭ്യാസ മേഖലയും പുതിയ വാതായനങ്ങളെ കണ്ടെത്തി. സാങ്കേതികവിദ്യയെ വിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകരും അധികാരികളും രക്ഷിതാക്കളുമെല്ലാം ഇന്ന് ബോധവാന്മാരാണ്. കേരളത്തിലെ എണ്‍പതിനായിരത്തോളം അധ്യാപകര്‍ക്ക് എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള പ്രത്യേക പരിശീലനം സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഒരു കാലത്താണ് നാമുള്ളത്.
വളരെ ചെറുപ്പത്തില്‍ തന്നെ സാങ്കേതിക സംവിധാനങ്ങളുമായി ഇടപഴകി ശീലിച്ച പുതുതലമുറക്ക് വിജ്ഞാനവും നേര്‍വഴിയും പകര്‍ന്നു നല്‍കാന്‍ സാങ്കേതിക സൗഹൃദമായ വിദ്യാഭ്യാസ പദ്ധതികള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. സ്‌ക്രീനേജ് എന്നാണ് ഈ തലമുറയെ വിളിക്കുന്നത്. അവര്‍ക്ക് മനസ്സിലാകുന്ന പഠനരീതികള്‍ ഉണ്ടാകണം. നീതിയുക്തമായ സാമൂഹികാന്തരീക്ഷത്തിനും വ്യക്തി സംസ്‌കരണത്തിനും ഹേതുവായി മാറുന്ന ഇസ്ലാമിക മതവിദ്യാഭ്യാസ രംഗത്തും സാങ്കേതിക സൗഹൃദമായ പാഠ്യപദ്ധതികള്‍ കാലം തേടുന്നുണ്ട്. മതം പഠിക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികളെ ഒരു പരിധി വരെ നേരിടാന്‍ സാങ്കേതിക സൗഹൃദമായ പാഠ്യപദ്ധതികളിലൂടെ സാധ്യമാകും. മതമൂല്യങ്ങളെക്കുറിച്ച അവബോധത്തിന്റെ വൈജ്ഞാനിക വശങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനൊപ്പം തന്നെ അതിന്റെ പരിശീലനത്തെയും വികാരപരവും മാനസികവുമായ വശങ്ങളെയും അവഗണിക്കാത്ത പാഠ്യപദ്ധതികള്‍ ഉണ്ടായാല്‍ വലിയ മാറ്റങ്ങള്‍ക്ക് അത് കാരണമാകും.
ഇ-ലേണിങ് മീഡിയ
പഠനപ്രക്രിയയില്‍ അധ്യാപകരും പഠിതാക്കളും തമ്മിലുള്ള സംവേദനാത്മക-സാമൂഹിക ബന്ധങ്ങള്‍ സുഗമമാക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യാ മാധ്യമങ്ങളാണ് ഇ-ലേണിങ് മീഡിയ. ക്ലാസ് മുറിയില്‍ മുഖാമുഖം നടത്തുന്ന സാധാരണ പഠനപ്രക്രിയയെ ഡിജിറ്റല്‍ സ്പേസില്‍ ഒരു പരിധി വരെ ആവിഷ്‌ക്കരിക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങളാണിവ. പഠിതാക്കളുടെ സൗകര്യാര്‍ഥം പഠന സമയം ക്രമീകരിക്കാനും ദൂരപരിധികളില്ലാതെ മികച്ച അധ്യാപകരില്‍ നിന്ന് പഠിക്കാനും ഇ-ലേണിങ് പഠനപ്രക്രിയയില്‍ അവസരമുള്ളതുകൊണ്ട് പുതുതലമുറ ഇത്തരം സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. യൂട്യൂബ്, സൂം, ഗൂഗിള്‍ മീറ്റ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, ഫേസ്ബുക്ക്, മറ്റ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ ഇന്ന് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നു. ടീച് മിന്റ് പോലുള്ള മാനേജ്‌മെന്റ് ആപ്ലിക്കേഷനുകളും പഠനപ്രക്രിയയെ സുഗമമാക്കുന്നു.
സൂം, ഗൂഗിള്‍ മീറ്റ്
വീഡിയോ കോണ്‍ഫറന്‍സിംഗുകള്‍, ചാറ്റ്, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന വിദൂര ആശയവിനിമയ ആപ്ലിക്കേഷനുകളാണ് സൂമും ഗൂഗിള്‍ മീറ്റുമെല്ലാം. ഫോണ്‍ കോളുകള്‍, വെബിനാറുകള്‍, ടാസ്‌ക് അവതരണങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കായി ഇവ ഉപയോഗിക്കാനാവും.
ഗൂഗ്ള്‍ ക്ലാസ്‌റൂം
ലേണിംഗ് മീഡിയ
ജി-മെയില്‍, ഡ്രൈവ്, ഹാംഗ്ഔട്ട്, യൂട്യൂബ്, കലണ്ടര്‍ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഗൂഗ്ള്‍ ഉല്‍പ്പന്നമാണ് ഗൂഗ്ള്‍ ക്ലാസ്‌റൂം. ഗൂഗ്ള്‍ ക്ലാസ്‌റൂം നല്‍കുന്ന വിവിധ സേവനങ്ങള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും പഠന പ്രക്രിയയില്‍ വളരെയധികം സഹായിക്കുന്നു. വിവിധ അത്യാധുനിക സൗകര്യങ്ങളും സവിശേഷതകളും ഉപയോഗിച്ചാണ് ഗൂഗ്ള്‍ ക്ലാസ്‌റൂം രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ഉപയോഗിക്കുക വഴി അധ്യാപകര്‍ക്ക് സമയലാഭവും അധ്വാന ലാഭവുമുണ്ട്.
ഗൂഗ്ള്‍ ഫോംസ്
ലേണിംഗ് മീഡിയ
ഗൂഗ്ള്‍ ഡോക്‌സ് സേവനത്തിന്റെ അവിഭാജ്യ ഘടകമായ ഗൂഗ്ള്‍ ഫോമുകള്‍ ഒരു എഴുത്ത് പഠന ഉപകരണമാണ്. ഓണ്‍ലൈന്‍ ക്വിസുകള്‍, ഫോമുകള്‍, സര്‍വേകള്‍ എന്നിവ ചെയ്യാന്‍ ആഗ്രഹിക്കുന്ന പഠിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇത് ഏറെ ഉപകാരപ്രദമാണ്. ഗൂഗ്ള്‍ ഫോം മറ്റുള്ളവരുമായി പരസ്യമായി പങ്കിടാന്‍ കഴിയുന്നതും എഡിറ്റുചെയ്യാനുള്ള ആക്‌സസ് ഓപ്ഷനുകളുമുള്ളതാണ്.
വാട്ട്‌സാപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്
വളരെ പ്രസിദ്ധി നേടിയ സാമൂഹിക മാധ്യമങ്ങളാണിവ. ഗ്രൂപ്പുകള്‍ എന്ന് വിളിക്കുന്ന ചാറ്റ്‌റൂമുകളില്‍ ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്ന വാട്ട്‌സ്ആപ്പും ടെലഗ്രാമും അധ്യാപക-വിദ്യാര്‍ഥി ആശയ വിനിമയം എളുപ്പമാക്കുന്നു. ഇ-ലേണിങിലെ പ്രതിസന്ധികളായി മാറുന്ന പഠിതാക്കളുടെ കൊഴിഞ്ഞുപോക്കും പ്രതികരണമില്ലായ്മയും ചാറ്റ് റൂമുകളിലൂടെയുള്ള തുടച്ചയായ മെന്ററിങ് വഴി ഒരു പരിധി വരെ പരിഹരിക്കാം. ഓണ്‍ലൈന്‍ ക്വിസുകള്‍ നടത്താന്‍ സംവിധാനം ഒരുക്കിയിട്ടുള്ള ടെലഗ്രാമിലെ ക്ലൗഡ് സ്റ്റോറേജ് സംവിധാനവും മികച്ചതായതിനാല്‍ ഓണ്‍ലൈന്‍ പഠന മെറ്റീരിയലുകള്‍ ഒരിക്കലും നഷ്ടപ്പെടാതെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് മുതലായവയിലുള്ള വീഡിയോ ലൈവ് സംവിധാനം വഴി അധ്യാപക-വിദ്യാര്‍ഥി ആശയ വിനിമയം കൂടുതല്‍ സുതാര്യമാക്കാം.
യൂട്യൂബ് ലേണിംഗ്
മീഡിയ
ഒരു വീഡിയോ പങ്കിടല്‍ സൈറ്റ് എന്ന നിലയില്‍ യൂട്യൂബ് ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും ബ്രൗസ് ചെയ്യാനും കാണാനും ചര്‍ച്ച ചെയ്യാനും ചോദ്യം ചെയ്യാനുമെല്ലാം യൂട്യൂബ് സാഹചര്യം ഒരുക്കുന്നു. ക്ലാസുകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും വിഷയാനുസരണം പ്ലേലിസ്റ്റുകളായി ക്രമീകരിക്കാനും സഹായിക്കുന്നതിനാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ഉപകാരപ്രദമാണിന്ന് യൂട്യൂബ്. വിപുലമായ വിഷയങ്ങളില്‍ ധാരാളം വീഡിയോകള്‍ ലഭ്യമായതുകൊണ്ടു തന്നെ സമയത്തെ പരിഗണിച്ചായിരിക്കണം യൂട്യൂബ് ഉപയോഗം. യൂട്യൂബ് അല്‍ഗരിതത്തെക്കുറിച്ചും ട്രെന്‍ഡ് സെറ്റിങ്ങിനെക്കുറിച്ചും പ്രാഥമിക ധാരണ നേടുന്നത് സമയബന്ധിതമായ പഠനത്തിന് സഹായിക്കും.
കാര്‍ട്ടൂണുകളും
ഗെയിമുകളും
നാം ജീവിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളെ ഏറെ സ്വാധീനിക്കുന്ന മാധ്യമങ്ങളാണ് കാര്‍ട്ടൂണുകളും ഗെയിമുകളും. കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും കുട്ടികളെ സ്വാധീനിക്കാന്‍ കഴിയുന്ന കാര്‍ട്ടൂണുകള്‍ അറിവ് പകരാനുള്ള നല്ലൊരു ഉപാധി കൂടിയാണ്. കഥകള്‍ക്ക് മനുഷ്യരില്‍ സ്വാധീനം ചെലുത്താന്‍ കഴിവുണ്ടെന്നതിന് തെളിവാണല്ലോ ഖുര്‍ആനിലെ ചരിത്ര കഥകളെല്ലാം. ഖുര്‍ആനിന്റെ കഥാ-കഥന ശൈലി തന്നെ ഒരു ദൃഷ്ടാന്തമാണല്ലോ. കഥകളിലൂടെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കാര്‍ട്ടൂണുകള്‍ വഴി സാധിക്കും. ഇസ്ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ട് കാര്‍ട്ടൂണുകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ഇക്കാലത്ത് പ്രത്യേക ശ്രദ്ധ വേണം. ഛോട്ടാ ഭീം, ക്രിസ്, ലിറ്റ്ല്‍ കൃഷ്ണ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഹിന്ദു പുരാണ ചിന്തകളെ കുഞ്ഞു മനസ്സുകളില്‍ കുത്തിവെക്കാന്‍ ഭരണകൂട പിന്തുണയോടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. ഇസ്ലാമിക മൂല്യങ്ങളും മര്യാദകളും ചരിത്രവുമെല്ലാം കുട്ടികളുടെ മനസ്സില്‍ പതിയാന്‍ നല്ല കാര്‍ട്ടൂണുകള്‍ വഴി സാധ്യമാകും. യൂട്യൂബില്‍ ലഭ്യമായ ‘നന്മയുടെ പൂക്കള്‍’, ‘മരുപ്പച്ച’ തുടങ്ങിയ കാര്‍ട്ടൂണുകള്‍ അതിന് ഉദാഹരണമാണ്.
ഇന്നത്തെ കുട്ടികളില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ളവയാണ് ഡിജിറ്റല്‍ ഗെയിമുകള്‍. കളിക്കാനുള്ള കുട്ടികളുടെ ജന്മവാസനയെ ദുരുപയോഗം ചെയ്ത് അഡിക്ഷനിലേക്കെത്തിക്കുന്നവയാണ് ഈ ഗെയിമുകളിലധികവും. കുട്ടികളുടെ ചിന്താശേഷി വര്‍ധിപ്പിക്കുന്ന നല്ല ഗെയിമുകളെ പരിചയപ്പെടുത്തുകയും അറിവ് പകരുന്ന ഗെയിമുകള്‍ രൂപകല്പന ചെയ്യുകയും ചെയ്താല്‍ ഡിജിറ്റല്‍ കുട്ടിക്കളികള്‍ കാര്യമുള്ള കളികളായി മാറും.
എ ഐ തുറന്നിടുന്ന സാധ്യതകള്‍
സാങ്കേതിക വിദ്യാരംഗത്ത് വിപ്ലവാത്മക മാറ്റങ്ങളാണ് എ ഐ കൊണ്ടുവന്നിരിക്കുന്നത്. ഓപ്പണ്‍ എഐയുടെ ഇവമഏേജഠ യും മൈക്രോസോഫ്റ്റിന്റെ ഇീുശഹീ േഉം ഗൂഗിളിന്റെ ഏലാശിശ യുമെല്ലാം അതില്‍ ചിലതാണ്. എ ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക വഴി പഠന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇന്ന് സാധിക്കുന്നുണ്ട്. ടീച്ചിങ് മെറ്റീരിയലുകളും ലെസ്സണ്‍ പ്ലാനുകളും തയ്യാറാക്കാനും പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍ നേടിയെടുക്കാനും എ ഐ സാങ്കേതികവിദ്യ ഉപകരിക്കുന്നു.
വീഡിയോ ടീച്ചിങ് കണ്ടന്റുകളും കാര്‍ട്ടൂണുകളും മറ്റും നിര്‍മിച്ചെടുക്കാന്‍ ആവശ്യമായിവരുന്ന ഉയര്‍ന്ന ചെലവും സമയനഷ്ടവും എ ഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയാല്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. എ ഐ അസിസ്റ്റഡ് ആനിമേഷന്‍ ആപ്പുകളും വീഡിയോ ക്രിയേറ്റിങ് ആപ്പുകളും ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ ആകര്‍ഷണീയമായ രീതിയില്‍ ലേണിംഗ് മെറ്റീരിയലുകള്‍ തയ്യാറാക്കാം.
മതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ എ ഐ സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.