സൊഹ്‌റാബുദ്ദീന്‍ കേസ് ജനാധിപത്യത്തിന്റെ ദുരന്തമുഖം – സി എ ജെ
ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയും കേന്ദ്രഭരണകക്ഷിയായ ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ ആഭ്യന്തരമന്ത്രിയുമായിരിക്കെ ഗുജറാത്ത് കേന്ദ്രീകരിച്ച് പന്ത്രണ്ടുവര്‍ഷം മുന്‍പുണ്ടായ ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസായ സൊഹ്‌റാബുദ്ദീന്‍ കേസിന് ദയനീയ അന്ത്യം സംഭവിച്ചിരിക്കുകയാണ്. ഇന്ത്യാ രാജ്യത്തെ കുറ്റാന്വേഷണചരിത്രത്തില്‍ തന്നെ ഒരുപക്ഷേ ഏറ്റവുമധികം അട്ടിമറിക്കപ്പെട്ട ഒരു കേസാണിത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് ബസ്സില്‍ പോകുമ്പോള്‍ 2005 നവംബര്‍ 22-ന് സായുധ പോലീസ് സംഘം സൊഹ്‌റാബുദ്ദീനെ പിടിച്ചുകൊണ്ടുപോയി. ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ ശൈഖ് കൊല്ലപ്പെടുന്ന വാര്‍ത്തയാണ് പിന്നീട് വന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായ അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ബി ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെട്ടു. അവരുടെ സുഹൃത്തും മുഖ്യസാക്ഷിയുമായിരുന്ന പ്രജാപതിയും ദുരൂഹമായി കൊല്ലപ്പെട്ടു. ഗുജറാത്ത് രാഷ്ട്രീയത്തിലെ നേതാക്കന്മാരും പോലീസിലെ ഉന്നതന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇവരെ ‘തെളിവുകള്‍’ നശിപ്പിക്കുവാന്‍ വേണ്ടിയാണ് കൊന്നത് എന്ന് ആരോപിക്കപ്പെട്ടിരുന്നു. ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള കേസിന്റെ പ്രയാണം.
അഞ്ചുവര്‍ഷം കഴിഞ്ഞാണ് കേസ് സി ബി ഐ ഏറ്റെടുക്കുന്നത്. ഗുജറാത്തില്‍ സ്വതന്ത്രമായി വിചാരണ നടക്കില്ല എന്ന കാരണത്താല്‍ സുപ്രീംകോടതി ഈ കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റി. ഈ കേസിന്റെ വിധി പ്രസ്താവത്തില്‍ (2018 ഡിസംബര്‍ 21) ജഡ്ജിയുടെ പരാമര്‍ശം എല്ലാ നിസ്സഹായതയും വ്യക്തമാക്കുന്നതായിരുന്നു: ”കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയോര്‍ത്ത് എനിക്ക് ഖേദമുണ്ട്. പക്ഷേ എന്റെ മുന്നിലുള്ള തെളിവുകള്‍ വെച്ച് പ്രതികള്‍ക്കെതിരായ കുറ്റം സ്ഥാപിക്കാനാവില്ല. പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പരമാവധി പരിശ്രമിച്ചു. സാക്ഷികള്‍ സംസാരിക്കാന്‍ തയ്യാറാകാഞ്ഞാല്‍ എന്തുചെയ്യും.” ജുഡീഷ്യറുടെ നിസ്സഹായതയും വിധി പ്രസ്താവത്തില്‍ തെളിഞ്ഞു കാണാം. കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ജനാധിപത്യത്തിന്റെ ദുരന്തമുഖം വ്യക്തമായിക്കാണാം.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ 210 സാക്ഷികളില്‍ 92 പേരും പ്രതിഭാഗത്തേക്ക് കൂറുമാറി. പ്രതിസ്ഥാനത്ത് അമിത്ഷായും മറ്റു പ്രമുഖരും ഉണ്ടായിരുന്നു. 2017 നവംബര്‍ 29-ന് കേസ് വിസ്തരിച്ചപ്പോള്‍ മാധ്യമങ്ങള്‍ വിലക്കപ്പെട്ടു. കൂറുമാറ്റവും മറ്റും പുറംലോകമറിഞ്ഞില്ല. ഈ കേസ് ഒരേ ജഡ്ജി കേള്‍ക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍ നാല് ജഡ്ജിമാരെ മാറ്റി. അതിലൊരാളായ ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. കേന്ദ്രഭരണം ബി ജെ പിക്ക് ലഭിച്ചു. ആദ്യം കേസ് അന്വേഷിച്ച ഗുജറാത്ത് ഐ ജി ഗീതാജോഹ്‌റിയുടെ പക്കല്‍ മുഖ്യപ്രതി അമിത്ഷായുടെ അനധികൃത ഇടപെടലിന്റെ തെളിവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെ സി ഐഡി വിഭാഗം ഡി ജി പി റൈഗാര്‍ രേഖകള്‍ പരിശോധനയ്ക്ക് കൊണ്ടുപോയത് തിരിച്ചെത്തിയില്ല; കോടതിയിലുമെത്തിയില്ല. ഇതായിരുന്നു ഈ കേസിലെ ഏറ്റവും വലിയ അട്ടിമറി.
2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയും ഇതേ അമിത്ഷാ പാര്‍ട്ടി അധ്യക്ഷനുമായി. എല്ലാം ശുഭം. സി ബി ഐ തണുത്തു. അമിത്ഷായെ കേസില്‍ നിന്ന് ഒഴിവാക്കി. സി ബി ഐ അപ്പീല്‍ കൊടുത്തില്ല. റുബാബുദ്ദീന്‍ അപ്പീല്‍ കൊടുത്തു. പക്ഷേ വേഗം പിന്‍വലിച്ചു. സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബന്ധപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ആദ്യം അറസ്റ്റുചെയ്ത ഗുജറാത്ത് ഐ ജി രജനീഷ് റായിയെ ആഭ്യന്തരമന്ത്രാലയം തട്ടിക്കളിച്ചു. ഒടുവില്‍ സസ്‌പെന്റ് ചെയ്തു. അഹ്മദാബാദില്‍ കുറ്റാന്വേഷണ വിഭാഗം ഐ ജിയായിരുന്ന റായി ഈ കേസ് ഏറ്റെടുത്ത ഉടനെ ജി ഡി സഞ്ചാര, രാജ്കുമാര്‍ പാണ്ഡ്യന്‍, എം എന്‍ ദിനേശ് എന്നീ ഉന്നതോദ്യോഗസ്ഥരെ അറസ്റ്റുചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും റായിയെ കേസിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കി. മോഡി പ്രധാനമന്ത്രിയായി. റായിയെ ഝാര്‍ഖണ്ഡിലേക്കു മാറ്റി. അവിടുത്തെ അഴിമതികള്‍ സിബിഐ ക്ക് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ റായിയെ അസമിലെ ഷില്ലോംഗിലേക്ക് മാറ്റി. അസമില്‍ നടന്ന ഒരു വ്യാജ ഏറ്റുമട്ടലിനെപ്പറ്റി റായി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ആന്ധ്രയിലെ ചിറ്റൂരിലേക്ക് മാറ്റി. മടുത്ത രജനീഷ് റായി സ്വയം വിരമിക്കാന്‍ അപേക്ഷിച്ചു. അതിനും തീരുമാനമില്ല. ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. നിയമങ്ങളെയും ചട്ടങ്ങളെയും എത്ര ക്രൂരമായിട്ടാണ് ഭരണാധികാരികള്‍ ബലാത്ക്കാരം ചെയ്യുന്നത്!
പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്നു കരുതി ജനാധിപത്യത്തിന്റെ എല്ലാ ഘടകങ്ങളെയും മീഡിയയെപ്പോലും നോക്കുകുത്തിയാക്കി തോന്നിവാസം ചെയ്യുന്നത് ജനാധിപ്ത്യത്തിന്റെ ദുരന്തമുഖമാണ് കാണിക്കുന്നത്. നിര്‍ദയം, നിര്‍ദാക്ഷീണ്യം ന്യൂനപക്ഷ വേട്ടയ്ക്ക് ജനാധിപത്യത്തെ ഉപകരണമാക്കുന്നു! കേസില്‍ സാക്ഷി പറയാന്‍പോലും ഭയക്കുന്നു, ജനം. ന്യൂനപക്ഷങ്ങളെയും ദലിതുകളെയും നിരത്തിനിര്‍ത്തി വെടിവെക്കുന്നില്ല എന്ന ഔദാര്യം മാത്രമാണ് കാണിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യകക്ഷികള്‍ ഭാരതത്തിന്റെ ദുസ്ഥിതി കണ്ടറിഞ്ഞ് ഫാസിസ്റ്റു ഭരണത്തെ പിഴുതെറിയുക എന്നത് മാത്രമാണ് രക്ഷ