9 Saturday
November 2024
2024 November 9
1446 Joumada I 7

സുഡാനില്‍ സൈനിക സിവിലിയന്‍ സര്‍ക്കാര്‍

ശക്തമായ ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ ഒടുവില്‍ സുഡാന്‍ പട്ടാളം വഴങ്ങി. 30 വര്‍ഷം രാജ്യം ഭരിച്ച ഏകാധിപതി ഉമറുല്‍ ബഷീറിനെ നിഷ്‌കാസിതനാക്കിയതു മുതല്‍ തുടങ്ങിയ പ്രക്ഷോഭത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പട്ടാളം ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു.
പ്രതിഷേധക്കാരും പട്ടാളവും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം മൂന്നു വര്‍ഷത്തിനും മൂന്നു മാസത്തിനും ശേഷം തെരഞ്ഞെടുപ്പ് നടത്തും. അതുവരെ സൈനിക, സിവിലിയന്‍ പ്രതിനിധികളടങ്ങിയ 11 അംഗ പരമാധികാര കൗണ്‍സിലാണ് രാജ്യം ഭരിക്കുക. അഞ്ചു സൈനിക പ്രതിനിധികളും ആറ് സിവിലിയന്‍ പ്രതിനിധികളുമാണ് കൗണ്‍സിലിലുണ്ടാവുക. ആദ്യ 21 മാസം സൈനിക പ്രതിനിധിയും പിന്നീടുള്ള 18 മാസം സിവിലിയന്‍ പ്രതിനിധിയുമായിരിക്കും കൗണ്‍സിലിന്റെ തലപ്പത്ത്.
1989-ല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ചാണ് ബ്രിഗേഡിയറായിരുന്ന ഉമര്‍ അല്‍ ബഷീര്‍ അധികാരം പിടിച്ചെടുത്തത്. പിന്നീട് ഏകപക്ഷീയമായ ‘തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ’ മൂന്ന് പതിറ്റാണ്ട് അധികാരം നിലനിര്‍ത്തിയ ബഷീറിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പട്ടാളം ഈ വര്‍ഷം ഏപ്രില്‍ 11ന് അദ്ദേഹത്തെ നിഷ്‌കാസിതനാക്കുകയായിരുന്നു. തുടര്‍ന്ന് പട്ടാളത്തിന്റെ ട്രാന്‍സിഷനല്‍ മിലിറ്ററി കൗണ്‍സിലാണ് ഭരണം നടത്തിയിരുന്നത്. ഇതോടെ പട്ടാളം സ്ഥിരമായി അധികാരം കൈക്കലാക്കിയേക്കുമെന്ന് ഭയന്ന ജനം പ്രതിഷേധം തുടര്‍ന്നപ്പോള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഒടുവില്‍ ആഫ്രിക്കന്‍ യൂനിയന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്. ആഫ്രിക്കന്‍ യൂനിയന്‍ പ്രതിനിധി മുഹമ്മദ് ഹസന്‍ ലെബാത്താണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്. ഫോഴ്‌സസ് ഓഫ് ഫ്രീഡം ആന്‍ഡ് ചേഞ്ച് (എഫ് എഫ് സി) എന്ന കൂട്ടായ്മയുടൈ കുടക്കീഴില്‍ അണിനിരന്നാണ് വിവിധ ജനകീയ സംഘനകള്‍ ഉമറുല്‍ ബഷീറിനെതിരെയും പട്ടാളത്തിനെതിരെയും പ്രക്ഷോഭം നടത്തിയത്.
Back to Top