സി പി എം ആര്‍ എസ് എസിന്റെ പണിയെടുക്കുമ്പോള്‍ – അന്‍വര്‍ അലി
സി പി എം അണികള്‍ മാവോ വാദത്തിലേക്ക് പോകുന്നു എന്നതിന്റെ കാരണം എന്തായിരിക്കും. കേഡര്‍ പാര്‍ട്ടി ആദര്‍ശ സമൂഹം എന്നൊക്കെയാണ് അവരെ കുറിച്ച് അവര്‍ തന്നെ പറയാറ്. ആദര്‍ശ സമൂഹത്തിനു ജീര്‍ണത സംഭവിക്കുമ്പോള്‍ പ്രതിഷേധം എന്ന നിലയില്‍ അണികള്‍ മാറിപ്പോകാനുള്ള സാധ്യത കൂടുതലാണ്. എല്ലാ ചങ്ങലകളും പൊട്ടിച്ചെറിയാനാണ് മാര്‍ക്‌സും എംഗല്‍സും ആഹ്വാനം ചെയ്തത്. അധികാരം കിട്ടിയപ്പോള്‍ അണികള്‍ക്ക് തന്നെ ചങ്ങലകള്‍ സമ്മാനം നല്‍കിയാണ് പാര്‍ട്ടിയും സര്‍ക്കാറും പോകുന്നത്. അപ്പോള്‍ അണികള്‍ മാറി ചിന്തിച്ചാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നതു ഒരു പക്ഷെ മാവോവാദമാകം. അത് ഇസ്ലാമിന്റെ രൂപ ഭേദമല്ല. കമ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ വകഭേദമാണ്.ഇന്നുവരെ ഇന്ത്യയില്‍ നടന്ന ഒറ്റ മാവോ കുരുതിയിലും സാക്ഷാല്‍ സംഘ് പരിവാര്‍ സര്‍ക്കാര്‍ പോലും ഒരു മുസ്ലിം സാന്നിധ്യം കണ്ടില്ല. എന്നിട്ടും നമ്മുടെ ഇടതു സര്‍ക്കാര്‍ അവിടെ ഒരു മുസ്ലിം സാന്നിധ്യം കാണുന്നു എന്നത് നാം തള്ളിക്കളയേണ്ട കാര്യമല്ല.കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മുസ്ലിം സംഘടനകളും സര്‍ക്കാര്‍ അംഗീകാരത്തോടെ മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. ഒരു സംഘടനയോ പ്രസ്ഥാനമോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അടിസ്ഥാനമായി വേണ്ടത് അവര്‍ക്ക് ഇന്ത്യന്‍ ഭരണ ഘടനയോടുള്ള വിദേയത്വമാണ്. ഇന്ത്യ എന്ന രാജ്യത്തിനും ജനതക്കും എതിരായി തീരുക എന്നതാണു സംഘടനകളുടെ അനുമതി ഇല്ലാതാകാന്‍ ഒന്നാമത്തെ കാരണം. നാട്ടിലെ വിഷയങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാരിന് രഹസ്യ വിഭാഗങ്ങളുണ്ട്. എന്നിരിക്കെയാണ് ഒരു ഉണ്ടയില്ല വെടിയുമായി ഉത്തരവാദിത്തപ്പെട്ട ആളുകള്‍ രംഗത്ത് വരുന്നത്.
കേരളത്തില്‍ ഒരു മുസ്ലിം തീവ്രവാദം ഉണ്ടെന്നു വരുത്തിക്കാന്‍ സംഘ പരിവാര്‍ കാലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ മതേതര സമൂഹം ആ ആരോപണത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേറ്റെടുത്താണു ഇപ്പോള്‍ സി പി എം രംഗത്ത് വരുന്നത്. അതായത് സംഘ പരിവാറിന്റെ ജോലി അവര്‍ക്ക് വേണ്ടി സി പി എം ചെയ്തു കൊടുക്കുന്നു എന്ന് സാരം.