സിറിയന്‍ കലാപം എട്ടുലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തു
ഒന്‍പത് വര്‍ഷമായി ആരംഭിച്ച സിറിയന്‍ കലാപത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. 2019 ഡിസംബറിന് ശേഷം മാത്രം എട്ടുലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മാത്രം 1,50,000 സിറിയക്കാര്‍ ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നടന്ന സൈനിക ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഒന്‍പത് വര്‍ഷം മുമ്പ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത് ഇപ്പോഴാണ്. തുര്‍ക്കിയുടെ അതിര്‍ത്തിക്കടുത്തുള്ള പ്രദേശങ്ങളില്‍ അവര്‍ കുടുങ്ങിക്കിടക്കുകയാണ്. തിരക്കേറിയ ക്യാമ്പുകളിളെ തണുപ്പ് അഭയാര്‍ഥികളുടെ ജീവനു പോലും ഭീഷണിയായിരിക്കുകയാണ്. വര്‍ഷങ്ങളായി അശാന്തിയുടെ നിഴലില്‍ മാത്രം ജീവിക്കുന്ന ജനതയാണ് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലുള്ളത്. യുദ്ധം വിട്ടൊഴിഞ്ഞ ഒരു ദിനം പോലും ഇവര്‍ക്കില്ല. വിമതര്‍ക്ക് ഏറെ സ്വാധീനമുള്ള മേഖലയാണിത്. യുദ്ധത്തിന്റെ കെടുതികള്‍ എന്നും വേട്ടയാടുന്നത് സാധാരണ ജനങ്ങളെയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ പൊറുതിമുട്ടിയിരിക്കുകയാണ് തലസ്ഥാന നഗരിയിലെ ജനങ്ങള്‍.
