സാമ്രാജ്യത്വ സാമ്പത്തിക നയത്തിനെതിരെ തെരുവിലിറങ്ങുന്ന അറബികള്‍ – നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍
ലബനാനില്‍ ജനങ്ങള്‍ തെരുവിലാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ അടിച്ചേല്‍പ്പിച്ച അധിക നികുതികളും അച്ചടക്ക നടപടികളും എടുത്ത് കളയണമെന്നതായിരുന്നു തുടക്കത്തിലെ ആവശ്യം. വാട്ട്‌സ്ആപ്, ഫേസ്ബുക്ക് കോളുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളൊക്കെ ജനങ്ങളെ കുപിതരാക്കി. പല നടപടികളും മരവിപ്പിച്ചെങ്കിലും ജനം വിടുന്നില്ല. കൂടുതല്‍ മുദ്രാവാക്യങ്ങളേറ്റെടുത്ത് പ്രക്ഷോഭം വ്യാപിക്കുകയാണ്.
സാമ്പത്തിക മേഖല തകര്‍ന്ന് കിടക്കുകയാണ്. 12 ബില്യന്‍ റവന്യൂവില്‍ അഞ്ച് ബില്യന്‍ ഉപയോഗിക്കുന്നത് 84 ബില്യന്‍ വരുന്ന മൊത്തം കടത്തിന്റെ പലിശയും മറ്റും തിരിച്ചടക്കാനാണ്. ഇത്തരമൊരു സമ്പദ് വ്യവസ്ഥയുടെ അവസ്ഥ എന്തായിരിക്കുമെന്ന് മനസ്സിലാക്കാന്‍ വേറെ സാമ്പത്തിക ശാസ്ത്രത്തിലെ അറിവിന്റെ ആവശ്യമൊന്നുമില്ല. 60 ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചു രാജ്യമാണെങ്കിലും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ് ലബനാന്റെ സ്ഥാനം. ഇസ്രഈല്‍ അധിനിവേശത്തിന്റെയും നരനായാട്ടിന്റെയും ബാക്കിപത്രമായ ഫലസ്തീന്‍ അഭയാര്‍ത്ഥികളെ കൂടാതെ കൂനിന്‍മേല്‍ കുരു പോലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ പുതുതായി വന്നതുമുണ്ട്. അപ്പുറത്ത് ഇറാഖില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും 6000ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ പ്രക്ഷോഭങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, ഇവരുടെ മുദ്രാവാക്യങ്ങള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യവും പൗരാവകാശങ്ങളും ആവശ്യപ്പെട്ടുള്ളതാണ്. അഥവാ പേരിനപ്പുറമുള്ള ജനാധിപത്യത്തിന്റെ ഏറ്റവും കാതലായ രണ്ട് തലങ്ങളാണ് ഇവരുടെ ആവശ്യം. മതപരമോ വംശീയ പരമോ ആയ ഏതെങ്കിലും മുദ്രാവാക്യങ്ങള്‍ ഇവര്‍ ഉന്നയിക്കുന്നേ ഇല്ല. ‘ഇസ്‌ലാമിക ശരീഅത്തോ’ ‘ഖിലാഫത്തോ’ ‘ശിയാ സുന്നി’ മുദ്രാവാക്യങ്ങളോ ആരുടേയും അജണ്ടയിലില്ല.
രണ്ട്, ലബനാനും ഇറാഖും പശ്ചിമേഷ്യയിലെ ഏറ്റവും ബഹുസ്വര സമൂഹങ്ങളില്‍ പെടുന്നവയാണ്. ലബനാനില്‍ ശിയാ, സുന്നി, കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ശക്തമായ സാന്നിധ്യവും അധികാര പങ്കാളിത്തവുമുണ്ട്. ഇറാഖില്‍ ശിയാ ഭൂരിപക്ഷമാണെങ്കിലും സുന്നികള്‍ ശക്തമായ ന്യൂനപക്ഷമാണ്. ഒന്നാമത്തെ കാര്യം അറബ് വസന്തത്തിന്റെ തുടക്കം തൊട്ട് ഇത് വരേ കണ്ട് വരുന്ന പാറ്റേണ്‍ ആണ്. സാമ്രാജ്യത്വ, വംശീയ അജണ്ടയിലൂടെ മാത്രം അറബ് ജീവിതത്തെ കാണുന്നവര്‍ പടച്ചു വിടുന്ന വികല ധാരണകള്‍ക്കപ്പുറമുള്ള രാഷ്ട്രീയ ബോധം അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഈ രാഷ്ട്രീയ ബോധത്തെ വംശീയ സമവാക്യങ്ങള്‍ വഴി അട്ടിമറിക്കാനുള്ള മേഖലയിലെ പാവകളായ കുടുംബ വാഴ്ചക്കാരുടേയും അവരുടെ പിന്നിലുള്ള പാശ്ചാത്യ സാമ്രാജ്യത്വ, മൂലധന ശക്തികളുടേയും ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുകയാണ്. എത്ര തന്നെ അവര്‍ മത, വംശീയ ഉരുപ്പടികള്‍ ഉപയോഗിക്കുമ്പോഴും ജനം തെരുവിലിറങ്ങുന്നത് മറു രാഷ്ട്രീയം ഉറക്കെ പറഞ്ഞു കൊണ്ടാണ്.സ്വാതന്ത്ര്യം, സാമൂഹിക നീതി, അന്തസ് (ഹൂര്‍റിയ, അദാലാ ഇജ്തമിയ്യ, കറാമാ) എന്നതായിരുന്നു അറബ് വസന്തത്തിന്റെ തുടക്കത്തില്‍ ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഏറ്റവുമധികം കേട്ട മുദ്രാവാക്യം. ഇന്ന് അറബികള്‍ വീണ്ടും പറയുന്നത് ഇതൊക്കെ തന്നെയാണ്. വിപ്ലവത്തെ പറ്റിയാണ് അവര്‍ വാചാലരാവുന്നത്. അവരുടെ മത വിശ്വാസം അവരെ പ്രേരിപ്പിക്കുന്നത് ഏതോ ഒരു പ്രത്യേക കാലഘട്ടത്തിലും സാഹചര്യത്തിലും നിലവിലിരുന്ന വ്യവസ്ഥയെ മാത്രം ആത്യന്തിക ശരിയായി അവതരിപ്പിച്ച് ശരീഅത്ത് എന്ന് നാമകരണം ചെയ്യുന്ന വികലവും അപകടകരവുമായ രാഷ്ട്രീയത്തിനായി തെരുവിലിറങ്ങാനല്ല; പകരം കാലികമായ സ്ഥാപനങ്ങളേയും ആശയങ്ങളേയും ഉപയോഗിച്ച് കൂടുതല്‍ സമത്വ പൂര്‍ണമായ ലോകം സൃഷ്ടിക്കാനാണ്. അതിലവര്‍ ശത്രു പക്ഷത്ത് നിര്‍ത്തുന്നത് ഇതര വിശ്വാസക്കാരെയും ആചാരക്കാരെയുമല്ല, വരേണ്യ താല്‍പര്യത്തിനായി മാത്രം നില്‍ക്കുന്നവരെയാണ്.
ഇറാഖിലും ലബനാനിലും വലിയ മോശമില്ലാത്ത ജനാധിപത്യ സംവിധാനങ്ങളാണ് നിലവിലുള്ളത്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകളാണ് രാജ്യം ഭരിക്കുന്നത്. പക്ഷേ അധികാരം കയ്യടക്കി വെച്ചിരിക്കുന്നത് ഏതാനും കുടുംബങ്ങളും വ്യക്തികളുമാണ്. അവര്‍ വരേണ്യ വിഭാഗത്തിന് മാത്രമായി നടത്തുന്ന ഭരണത്തെയാണ് ജനം തെരുവില്‍ ചോദ്യം ചെയ്യുന്നത്. പേരിന് ജനാധിപത്യം നിലവില്‍ വന്നിട്ടും ഒരു ചെറിയ വിഭാഗത്തിനും അവരിലൂടെ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന വിദേശ മൂലധന ശക്തികള്‍ക്കുമായി ഭരണം നടത്തുന്ന രീതിയെയാണ് അവര്‍ എതിര്‍ക്കുന്നത്.
ഇത് ലബനാനിലും ഇറാഖിലും മാത്രമായി ഒതുങ്ങി നില്‍ക്കുന്നുമില്ല. ഈജിപ്തില്‍ എല്ലാ എതിര്‍ ശബ്ദങ്ങളെയും കൊന്നൊടുക്കി തേര്‍വാഴ്ച തുടരുന്ന സീസിക്കെതിരില്‍ രൂക്ഷമായ പ്രക്ഷോഭം കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തുടനീളം നടന്നു. വിസില്‍ ബ്ലോവര്‍ മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലുകളായിരുന്നു അടിയന്തര കാരണമായതെങ്കിലും നേരത്തേ പറഞ്ഞ പാറ്റേണ്‍ ഇവിടെയും ദൃശ്യമായിരുന്നു.അള്‍ജീരിയയിലും ജോര്‍ദാനിലുമൊക്കെ ഇടക്കിടെ ജനം തെരുവിലിറങ്ങുന്നു. ഇറാനില്‍ ശക്തമായ അടിച്ചമര്‍ത്തലിനേയും ഭീഷണികളേയും വെല്ലുവിളിച്ച് ലക്ഷങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി തവണ ആവര്‍ത്തിച്ചു.
ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് സിറിയയിലെ കുര്‍ദ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളും. ആദ്യം അസദിനെതിരെ ശക്തമായി നിലകൊണ്ട രാജ്യങ്ങളായിരുന്നു തുര്‍ക്കിയും അമേരിക്കയുമെല്ലാം. അന്ന് നിരവധി മിലീഷ്യകളെ ഇവര്‍ പാലൂട്ടി വളര്‍ത്തി. പിന്നീട് ഓരോരുത്തരെയായി കയ്യൊഴിയാന്‍ തുടങ്ങി.
രാജ്യത്തെ ഏറ്റവും വലിയ പട്ടണമായ അലേപ്പോയില്‍ അസദിനെതിരായി നിര്‍ണായക വിജയം നേടിയിരുന്ന അഹ്‌റാറുല്‍ ശാം പോലുള്ള സംഘടനകള്‍ക്ക് തുര്‍ക്കി പിന്തുണ പിന്‍വലിച്ചതായിരുന്നു യുദ്ധമുഖത്ത് അസദിന് ഏറ്റവും അനുകൂലമായി മാറിയ ഘടകം. നേരത്തേയുള്ള ഇറാന്‍ പിന്തുണക്ക് പുറമെ റഷ്യന്‍ സഹായവും കൂടിയായപ്പോള്‍ അസദിന് കാര്യങ്ങള്‍ എളുപ്പമായി. തുര്‍ക്കിയുടെ മലക്കം മറച്ചിലുകളില്‍ അത്ഭുതമില്ല. കാരണം ഇറാന്‍, സഊദി, അമേരിക്ക, ഇസ്രാഈല്‍, റഷ്യ, ഖത്തര്‍ എന്നിവരെ പോലെ തുര്‍ക്കിയും സിറിയയില്‍ ഇടപെട്ടത് ജനാധിപത്യത്തിനായിരുന്നില്ല, തങ്ങളുടെ വംശീയ, മൂലധന താല്‍പര്യങ്ങള്‍ക്ക് മാത്രമായിരുന്നു.
ഇന്ന് സിറിയയുടെ വടക്കന്‍ അതിര്‍ത്തിയായ കുര്‍ദ് മേഖലകളില്‍ തുര്‍ക്കി ഇടപെടലിന് അവസരമൊരുക്കിയത് അമേരിക്ക തന്ത്രപരമായി മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതാണ്. തുര്‍ക്കി ആക്രമണം കാരണം കുര്‍ദുകള്‍ അസദിനോട് സഖ്യമുണ്ടാക്കാന്‍ നിര്‍ബന്ധിതരായി. ഫലത്തില്‍ അസദിന് കിട്ടാക്കനിയായിരുന്ന എണ്ണ സമ്പന്നമായ വടക്കന്‍ മേഖല അമേരിക്കയും തുര്‍ക്കിയും കൂടെ കയ്യില്‍ വെച്ചു കൊടുക്കുകയാണ്.
ഇതിലെ ഏറ്റവും ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ വശം ഈ സൈനിക നടപടികളല്ല. അതിന് ശേഷം തുര്‍ക്കി എന്താണ് ചെയ്യാന്‍ പോവുന്നതെന്ന സൂചനയാണ്. തുര്‍ക്കിയിലുള്ള ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ സിറിയക്കുള്ളിലെ ഈ കുര്‍ദ് മേഖലയില്‍ താമസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തുര്‍ക്കി പരസ്യമായി പറഞ്ഞു കഴിഞ്ഞു.
ഫലത്തില്‍ അറബ് വംശജരായ സിറിയന്‍ അഭയാര്‍ത്ഥികളെ ഉപയോഗിച്ച് കുര്‍ദ് മേഖലയിലെ ജനസംഖ്യാനുപാതം അട്ടിമറിക്കാനുള്ള ഗൂഡ പദ്ധതിയാണിത്. മാസങ്ങള്‍ക്ക് മുമ്പ് പിടിച്ചടക്കിയ അതിര്‍ത്തി പ്രദേശമായ ആഫ്രീനില്‍ ഇത് ഏറെക്കുറെ നടപ്പിലാക്കിക്കഴിഞ്ഞു. എന്തൊക്കെ അവകാശവാദങ്ങളും വ്യായീകരണങ്ങളും നികത്തിയാലും ഇസ്രായേല്‍ പലസ്തീനില്‍ നടപ്പിലാക്കിയതും അതേ ആളുകളുടെ ഉപദേശം സ്വീകരിച്ച് കാശ്മീരില്‍ സംഘപരിവാര്‍ ലക്ഷ്യമിടുന്നതും തന്നെയാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്.
സിറിയയില്‍ ഇടപെട്ട എല്ലാ രാജ്യങ്ങളും തങ്ങളുടെ വംശീയ, മൂലധന, സാമ്രാജ്യത്ത താല്‍പര്യങ്ങള്‍ക്കായി മാത്രം നില കൊണ്ടപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് പതിനായിരങ്ങള്‍ക്കാണ്. ലക്ഷക്കണക്കിനാളുകള്‍ എല്ലാം വിട്ടോടി അഭയാര്‍ത്ഥികളാവേണ്ടി വന്നു. ഇന്നും സിറിയയില്‍ അവരുടെ ഇടപെടല്‍ തുടരുകയാണ് (ഖത്തര്‍ കളം വിട്ടതും സൗദി ഇടപെടല്‍ കുറച്ചതും മാത്രമാണ് ചെറിയ മാറ്റങ്ങള്‍).
മറുവശത്ത് മേഖലയില്‍ തെരുവിലിറങ്ങുന്ന ജനങ്ങള്‍ തള്ളിക്കളയുന്നത് ഈ വംശീയ, മൂലധന അജണ്ടകളാണ്. അവര്‍ക്ക് വേണ്ടത് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള രാഷ്ട്രീയ സാഹചര്യവുമാണ്. പേരിന് ജനാധിപത്യമെന്ന് പറഞ്ഞ് ഒരു ചെറിയ വരേണ്യ ന്യൂനപക്ഷത്തിനായി നിയോ ലിബറല്‍ ആശയങ്ങളുടെ ഏറ്റവും വഷളന്‍ ഏര്‍പ്പാടുകള്‍ നടപ്പിലാക്കാന്‍ നോക്കുന്നതിനെ അവര്‍ ചോദ്യം ചെയ്യുന്നു. അതാണവരുടെ മതവും രാഷ്ട്രീയവും.
ഭീകര അധികാര, സൈനിക ശേഷിയുമായി മേഖലയിലിറങ്ങുന്ന ഈ വിദേശ ശക്തികളേയും അവരുടെ പാവകളായ ഭരണാധികാരികളേയും അവര്‍ തെരുവില്‍ വിചാരണ ചെയ്യുകയാണ്, ഭയമില്ലാതെ. അല്ലെങ്കില്‍ തന്നെ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് എന്ത് പേടിക്കാന്‍ ? എത്ര തന്നെ കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ടാലും അന്തിമ വിജയം ഈ ജനങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നുറപ്പാണ്. അതറിയുന്നത് കൊണ്ടാണ് മറു പക്ഷത്തിന്റെ പ്രതികരണം കൂടുതല്‍ കൂടുതല്‍ ഹിംസാത്മകമായിക്കൊണ്ടിരിക്കുന് നതും.
ലബനാനും സിറിയയുമൊക്കെ സാമ്പത്തികമായി തകര്‍ന്നാല്‍ ലക്ഷക്കണക്കിനായ അഭയാര്‍ഥികള്‍ എത്തിച്ചേരുന്നത് യൂറോപ്പിന്റെ വാതില്‍ക്കലായിരിക്കും. അവരെ അഭയാര്‍ഥികളാക്കിയ ആയുധങ്ങള്‍ ഉണ്ടാക്കിയ ഇടങ്ങളിലേക്ക് തന്നെ അതിന്റെ ഉല്‍പന്നങ്ങളായ ഇവര്‍ തിരിച്ചെത്തും. പണ്ട് ചെയ്തിരുന്ന പോലെ എല്ലാവരേയും അടിച്ചോടിക്കുന്നതോ കൊന്ന് തീര്‍ക്കുന്നതോ ഒന്നും ഇക്കാലത്ത് പ്രായോഗികമല്ല, പ്രത്യേകിച്ചും ഒരുപാട് മനുഷ്യാവകാശ ബഡായിയും തള്ളുകളും നടത്തുന്നവരാവുമ്പോള്‍. മനുഷ്യാവകാശ ലംഘനത്തിന്റെ പേര് പറഞ്ഞ് ഇവിടെയുള്ള പ്രശ്‌ന പരിഹാരത്തിനായി നടത്തുന്ന സമാധാന ചര്‍ച്ചകളുടേയും നാടകങ്ങളേയും ഉദ്ദേശവും ഇത് തന്നെയാണ്.
ഭരണ പങ്കാളി കൂടിയായ ഇറാന്‍ അനുകൂല ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രമായ തെക്കന്‍ ലെബനാനിലും പ്രക്ഷോഭം ശക്തമായതായി വാര്‍ത്തകള്‍ പറയുന്നു. പ്രക്ഷോഭത്തെ നേരിടാനായി ഹരീരി സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കാര നടപടികള്‍ കാര്യങ്ങളുടെ സൂചന തരുന്നതാണ്. സാധാരണക്കാരെ ബാധിക്കുന്ന പുതിയ നികുതി നിര്‍ദേശങ്ങളൊന്നും ഇല്ലാതെയായിരിക്കും ബജറ്റെന്നതാണ് പ്രധാന ഉറപ്പ്. മന്ത്രിമാരുടെ വേതനാനുകൂല്യങ്ങള്‍ വെട്ടിക്കാക്കുകയും ബാങ്കുകളുടെ ലാഭത്തിന്റെ നികുതി കൂട്ടുകയും ചെയ്യുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായ വാഗ്ദാനങ്ങളുമുണ്ട്. അതേസമയം ടെലികോം സെക്റ്റര്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ല. പ്രഖ്യാപിത നടപടികളില്‍ തങ്ങള്‍ തൃപ്തരല്ലെന്നതാണ് സമരക്കാരുടെ പക്ഷം. സമരക്കാര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടിയില്ലാത്തതില്‍ മനുഷ്യാവകാശ സംഘടനകളും പ്രതിഷേധമറിയിച്ചിട്ടുണ്ട്. പക്ഷേ സാമ്പത്തിക അസമത്വം കൂട്ടുന്ന നിര്‍ദേശങ്ങള്‍ പലതും കയ്യൊഴിയാന്‍ നിര്‍ബന്ധിതരാവുകയും പതിവിന് വിപരീതമായി പാവപ്പെട്ടവര്‍ക്ക് ആശ്വാസകരമാവുന്ന ചില നടപടികളെങ്കിലും പ്രഖ്യാപിക്കേണ്ടി വന്നതും ചില്ലറ കാര്യമല്ല.
സഊദി, ഇറാന്‍, പാശ്ചാത്യ രാജ്യങ്ങളുടെ പാവകളായി കടുത്ത നിയോ ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണാധികാരികളെയാണ് ജനങ്ങള്‍ നിശിതമായി വിചാരണ ചെയ്യുന്നത്. പല രൂപത്തിലും ഭാപത്തിലും വരുന്ന മത, മതേതര പാര്‍ട്ടികള്‍ക്കൊന്നും തങ്ങളുടെ അടിസ്ഥാന സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാത്തത് അവരെ നിലവിലുള്ളതിന് യഥാര്‍ഥ ബദല്‍ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.