സാമ്പത്തിക വിശുദ്ധി സമുന്നത മാതൃക – സി കെ റജീഷ്
നാലു മദ്ഹബുകളില്‍ ആദ്യത്തേതായ ഹനഫി മദ്ഹബിന്റെ ഇമാമായി ഗണിക്കപ്പെടുന്ന അബൂഹനീഫ ഹിജ്‌റ 80-ല്‍ കൂഫയിലാണ് ജനിച്ചത്. സമ്പന്നനായ ഒരു കച്ചവടക്കാരനായിരുന്നു അദ്ദേഹം. വ്യാപാര കാര്യങ്ങളില്‍ വ്യാപൃതനായിരിക്കെ പണ്ഡിതന്മാരുമായി സഹവസിക്കാന്‍ ഇമാം ശഅബി അദ്ദേഹത്തെ പ്രേരിപ്പിച്ചു. കൂഫയിലെയും ബസറയിലെയും പണ്ഡിതന്മാരുമായുള്ള കൂടിക്കാഴ്ച അബൂഹനീഫയുടെ വിജ്ഞാന ദാഹം വര്‍ധിപ്പിച്ചു. വലിയ ലാഭം നേടിത്തരുന്ന വ്യാപാര സ്ഥാപനത്തിന്റെ ഉടമയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പിതാവിന്റെ മരണശേഷം അതിന്റെ നടത്തിപ്പ് ചുമതല ഇമാമിനായിരുന്നു. കച്ചവടവുമായി ബന്ധപ്പെട്ട മതവിധികള്‍ പണ്ഡിതന്മാരില്‍ നിന്ന് പഠിച്ചു. കച്ചവടത്തില്‍ സത്യസന്ധത പാലിക്കണമെന്ന കണിശത അബൂഹനീഫക്കുണ്ടായിരുന്നു. സമ്പാദ്യത്തില്‍ അന്യായമായി ഒരു ചില്ലിക്കാശ് പോലും കൂടിക്കലരുതെന്ന നിര്‍ബന്ധം അദ്ദേഹം കാണിച്ചു. സമ്പത്തിനോടുള്ള പ്രമത്തത മിക്കപ്പോഴും അതിന്റെ വിനിയോഗ രീതിയില്‍ മനുഷ്യര്‍ ഉദാസീനനാവുന്നതിന് നിമിത്തമാവുന്നു. സമ്പന്നരായിരുന്നിട്ടും പണത്തോട് ഒട്ടും പ്രമത്തതയില്ലാതെ അന്യന് അവകാശപ്പെട്ടത് അബദ്ധത്തില്‍ പോലും സ്വന്തമാക്കിവെച്ച് കൂടെന്ന നിഷ്‌കര്‍ഷ പുലര്‍ത്തുന്ന ഇമാം അബൂഹനീഫയുടെ മാതൃക അനന്യവും അനുധാവനം ചെയ്യപ്പെടേണ്ടതുമാണ്.
ഒരിക്കല്‍ ഇമാം അബൂഹനീഫ വിജ്ഞാനം തേടി ദൂരദിക്കില്‍ പോയ സന്ദര്‍ഭം. തിരിച്ചെത്തുന്നതുവരെ കടയില്‍ ജോലിക്കാരനായി ഒരു കൂട്ടുകാരനെ നിര്‍ത്തി. കടയിലെ ഒരു പ്രത്യേക വസ്ത്രം ചൂണ്ടിക്കാണിച്ച് ഇമാം കൂട്ടുകാരനോട് പറഞ്ഞു. ഇതിനകത്ത് അല്‍പം കേടുണ്ട്. അത് ശ്രദ്ധയില്‍ പെടുത്തിയേ വില്‍ക്കാവൂ. കൂട്ടുകാരന്‍ അബദ്ധത്തില്‍ അത് വിറ്റു. വാങ്ങിയ ആളാരാണെന്ന് ഇമാം കുറേ അന്വേഷിച്ചു. കണ്ടെത്താനായില്ല. ഒടുവില്‍ അതിന്റെ വില മുഴുവന്‍ ധര്‍മം നല്‍കുകയും കൂട്ടുകാരനെ പിരിയുകയും ചെയ്തു.
ധനകൈമാറ്റത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് ക്രയവിക്രയങ്ങള്‍. ധനസമ്പാദനം ലക്ഷ്യം വെച്ചുകൊണ്ടുള്ള കച്ചവട ഇടപാടില്‍ പാലിക്കേണ്ട മര്യാദകള്‍ ഇസ്‌ലാമിക തത്വങ്ങള്‍ക്കനുസരിച്ച് പ്രാവര്‍ത്തികമാക്കുമ്പോള്‍ ധസമ്പാദനവും ഒരു പുണ്യകര്‍മമാകുന്നു. കച്ചവട വസ്തുവിന്റെ ഗുണനിലവാരത്തിലുള്ള തൃപ്തി കച്ചവടം സാധുവാകുന്നതിനുള്ള ഒരു പ്രധാന നബന്ധനയായി നബി(സ) പഠിപ്പിച്ചിട്ടുണ്ട്. കച്ചവട വസ്തുവില്‍ എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ അത് വെളിപ്പെടുത്താതിരിക്കുന്നത് വഞ്ചനയാണ്. അതുകൊണ്ട് തന്നെ ന്യൂനത ഒളിച്ചുവെച്ച് വില്പനടത്തിയാല്‍ അത് തിരിച്ചെടുക്കാന്‍ വിറ്റവന്‍ ബാധ്യസ്ഥനാണ്. തിരിച്ചുകൊടുക്കാന്‍ വാങ്ങിയവന് അവകാശമുണ്ട്. ഒരിക്കല്‍ ഈത്തപ്പഴം വില്പനക്കായി കൂട്ടിയിട്ടത് നബി(സ) കണ്ടു. ഉള്ളില്‍ കൈയിട്ടു നോക്കിയപ്പോള്‍ കുതിര്‍ന്നുകിടക്കുന്നു. കച്ചവടക്കാരനോട് കാര്യമന്വേഷിച്ചു. മഴ കൊണ്ടതാണെന്നായിരുന്നു മറുപടി. നബി(സ) പറഞ്ഞു: ”എന്നാല്‍ അത് മുകളില്‍ ആക്കിക്കൂടായിരുന്നോ? വഞ്ചന നടത്തുന്നവന്‍ നമ്മുടെ കൂട്ടത്തില്‍ പെട്ടവനല്ല”(മുസ്‌ലിം). കച്ചവട വസ്തുവിന്റെ കാര്യത്തില്‍ താന്‍ ഒരിക്കലും വഞ്ചിക്കപ്പെട്ടില്ലയെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താവിന് കഴിയണം. അന്യന്റെ അവകാശം അബദ്ധത്തില്‍ പോലും അപരഹിച്ചെടുത്തിട്ടില്ലെന്ന് ആശ്വസിക്കുന്ന കച്ചവടക്കാര്‍ ക്രയവിക്രയങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായിരിക്കും. വഞ്ചനയുടെ ലാഞ്ചനയേതുമില്ലാതെയാണ് താന്‍ വില്പന നടത്തിയതെന്ന് ഇടപാടിലെ സുതാര്യത കൊണ്ട് തെളിയിക്കണമെന്ന് ഇമാം അബൂഹനീഫയും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
ഒരിക്കലും പണയപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിശ്വാസ്യതക്ക് വിലയിടിവ് സംഭവിക്കുന്ന വര്‍ത്തമാനകാലത്താണ് നാം ജീവിക്കുന്നത്. വിശ്വാസത്തിലെ വിശുദ്ധി വിനിയോഗത്തിലും കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ടോ എന്ന് വിശ്വാസികളെങ്കിലും വിചിന്തനം നടത്തേണ്ടതുണ്ട്. സമ്പത്ത് മനുഷ്യജീവിതത്തിന്റെ നിലനില്‍പിന്നാധാരമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ സമ്പത്ത് പ്രദാനം ചെയ്യുന്ന സുഖസൗകര്യങ്ങളില്‍ മതിമറന്ന് മനുഷ്യന്‍ സമ്പത്തിന് വേണ്ടി നില കൊള്ളുന്നവനായി മാറുമ്പോഴാണ് ധനസമ്പാദനത്തിന്റെയും വിനിയോഗത്തിന്റെയും വഴികള്‍ വിശിഷ്ടമല്ലാതായിത്തീരുന്നത്. സമ്പത്തിന്റെ സമ്പാദ്യവും വിനിയോഗവും വിശിഷ്ട വഴിയിലായിരിക്കണമെന്ന് കണിശതയുള്ള ഇമാം അബൂഹനീഫ പണത്തിന്റെ പേരില്‍ പ്രലോഭനമോ, പ്രീണനമോ കടന്നുവരാനുള്ള പഴുതുകളെയെല്ലാം അടച്ചുകളഞ്ഞു. ഖലീഫ മന്‍സൂറും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. മന്‍സൂര്‍ രണ്ടാം വിവാഹത്തിന് തുനിഞ്ഞപ്പോള്‍ ഭാര്യ എതിര്‍ത്തു. അബൂഹനീഫ ഈ വിഷയത്തില്‍ വിധി പറയുന്നത് അംഗീകരിക്കാമെന്നായി ഭാര്യ. നാല് വരെ സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് മന്‍സൂര്‍ വാദിച്ചു. നീതിപാലിക്കാന്‍ കഴിയുമെങ്കില്‍ മാത്രമാണ് ഇതനുവദനീയം. അല്ലെങ്കില്‍ ഒന്നു മാത്രമേ പാടുള്ളുവെന്ന് അബൂഹനീഫ. ഒടുവില്‍ ഖലീഫ വിവാഹ ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങി. തനിക്കനുകൂലമായി ഫത്‌വ നല്‍കിയ ഇമാമിന് മന്‍സൂറിന്റെ ഭാര്യ കുറെ സമ്മാനങ്ങള്‍ കൊടുത്തയച്ചു. പക്ഷേ, അബൂ ഹനീഫ അത് അപ്പടി നിരസിച്ചു. അദ്ദേഹം പറഞ്ഞു: ”ഞാന്‍ അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയാണ്, ആരെയും പ്രീണിപ്പിക്കാനല്ല ഈ ഫത്‌വ നല്‍കിയത്.” സമ്പത്തിന്റെ പ്രലോഭനത്തില്‍ ആദര്‍ശ വിശുദ്ധി കളങ്കിതമാവാതെ അഹിത വഴിയില്‍ നിന്നെല്ലാം അകലം പാലിക്കാന്‍ തികഞ്ഞ ജാഗ്രത കാണിച്ച ഇമാം അബൂഹനീഫ മഹനീയ മാതൃക തന്നെയാണ്.