സാക്കിര്‍ നായിക്കിനെ മലേഷ്യ ചോദ്യം ചെയ്യം
തീവ്രവാദാരോപണ കേസുകളെ തുടര്‍ന്ന് ഇന്ത്യ വിട്ട് മലേഷ്യയില്‍ സ്ഥിര താമസമാക്കിയ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായ്ക്കിനെതിരേ മലേഷ്യയിലെ ന്യൂനപക്ഷങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളായിരുന്നു കഴിഞ്ഞയാഴ്ചയിലെ മറ്റൊരു വാര്‍ത്ത. രാജ്യത്തെ ന്യൂനപക്ഷങ്ങളായ ചൈനക്കാര്‍ക്കും ഹിന്ദു വിഭാഗങ്ങള്‍ക്കുമെതിരില്‍ വിദ്വേഷകരമായ നിലയില്‍ പ്രസ്താവനകള്‍ നടത്തുകയും പ്രസംഗിക്കുകയും ചെയ്‌തെന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ പ്രാദേശികമായി ആരംഭിച്ച പ്രക്ഷോഭം വ്യാപകമാകുകയായിരുന്നു. മലേഷ്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ജനപ്രതിനിധികള്‍ തന്നെ നായ്ക്കിനെതിരേ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് വന്നതോടെയാണ് കേസെടുത്ത് നായ്ക്കിനെ ചോദ്യം ചെയ്യാന്‍ ഭരണകൂടം തയാറായിരിക്കുന്നത്. പ്രസിഡന്റ് മഹാതീര്‍ മുഹമ്മദിനെ ഉദ്ദരിച്ച് അല്‍ ജസീറയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ധാക്കയില്‍ നടന്ന സ്‌ഫോടനങ്ങളിലെ പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് സാക്കിര്‍ നായ്ക്കിനെതിരേ ഇന്ത്യ കേസെടുത്തത്. നായ്ക്കിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദികള്‍ക്ക് പ്രചോദനം നല്‍കുന്ന നിലയിലുള്ളതെന്നായിരുന്നു കേസ്. തുടര്‍ന്ന് ഇന്ത്യ വിട്ട സാക്കിര്‍ നായ്ക്കിന് മലേഷ്യ അഭയം നല്‍കുകയും പൗരത്വം നല്‍കുകയുമായിരുന്നു. സാക്കിര്‍ നായ്ക്കിനെ വിട്ട് കിട്ടണമെന്ന് ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും മലേഷ്യ നിരസിക്കുകയായിരുന്നു. പിന്നീട് ഇന്ത്യയില്‍ കള്ളപ്പണ കേസടക്കമുള്ള നിരവധി കേസുകള്‍ സാക്കിര്‍ നായ്ക്കിനെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. നായ്ക്കിനെ മലേഷ്യയില്‍ നിന്ന് കയറ്റി വിടണമെന്നാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. മന്ത്രി സഭയ്ക്കുള്ളിലും സാക്കിര്‍ നായ്ക്ക് വിഷയത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഇത്തരം ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.