8 Tuesday
April 2025
2025 April 8
1446 Chawwâl 9

സയണിസ്റ്റ് ഭീകരതയെ തൂത്തെറിയുന്ന ദിനം വരും

യൂസുഫ് കൊടിഞ്ഞി


മിഡിലീസ്റ്റിന്റെ പുരാതനവും ആധുനികവുമായ ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഒരു ചെറിയ ഭൂപ്രദേശമാണ് ഫലസ്തീന്‍. പ്രധാന സെമിറ്റിക് മതങ്ങള്‍ പ്രാധാന്യം നല്‍കുന്നതിനാലും ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഇടയിലുള്ള വിലയേറിയ ഭൂമിശാസ്ത്രപരമായ ക്രോസ്‌റോഡില്‍ സ്ഥിതി ചെയ്യുന്നതിനാലും പലസ്തീനിന്റെ ചരിത്രം തുടരെ തുടരെ രാഷ്ട്രീയ സംഘര്‍ഷങ്ങളാലും അക്രമാസക്തമായ ഭൂമി പിടിച്ചെടുക്കലുകളാലും അടയാളപ്പെട്ടതാണ്. ലോകത്ത് ഫലസ്തീനെ കുറിച്ച് അറിയാത്തവരുണ്ടാകില്ല. സയണിസ്റ്റ് ഭീകരരുടെ ഭീകരമായ പൊട്ടിത്തെറികള്‍ക്കിടയില്‍ ഫലസ്തീനികളുടെ ചിന്തിയ രക്തം, ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍, നിലവിളികള്‍, കണ്ണുനീര്‍ എന്നിവ വര്‍ഷങ്ങളായി ലോകം നിസ്സഹായരായി കണ്ടുകൊണ്ടിരിക്കുന്നു. ഒലിച്ചിറങ്ങിയ രക്തവും ചിന്നിച്ചിതറിയ ശരീരവും മനുഷ്യരുടേതാണെന്ന് അറിയാത്തതിനാലല്ല, നിലവിളികളുടെ ഭാഷ മനസ്സിലാകത്തത് കൊണ്ടല്ല. കൊലയാളി ഭീകരന്‍ പാശ്ചാത്യര്‍ പാലൂട്ടി വളര്‍ത്തിയവനായതിനാലാണ്. മൗനികളാകുന്നതും പ്രശ്‌നപരിഹാരങ്ങള്‍ക്ക് ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചര്‍ച്ചകളുമായി ലക്ഷ്യമില്ലാതെ അവശേഷിപ്പിക്കുന്നതും.
പുരാതന കാലത്ത് ഈജിപ്തുകാര്‍, മെസൊപ്പൊട്ടേമിയന്‍, അനറ്റോലിയന്‍ ജനതകളുമായി വിപുലമായി ഇടകലര്‍ന്ന പുരാതന കനാന്യരില്‍ നിന്നാണ് ഫലസ്തീനികള്‍ വന്നതെന്ന് പുരാവസ്തുപരവും ജനിതകവുമായ പഠനങ്ങള്‍ തെളിയിക്കുന്നു. അത്തരം പഠനങ്ങളില്‍ പുരാതന നിവാസികളുടെ ഫലസ്തീന്‍ എന്ന രാജ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇസ്രായേല്‍ എന്നൊരൂ അധിനിവേശ രാജ്യം മിത്തുകളെ അടിസ്ഥാനമാക്കി സയണിസ്റ്റ് ഗൂഢാലോചനയില്‍ അതിക്രമിച്ചുണ്ടാക്കിയതാണ് എന്നും ബോധ്യപ്പെടും. ഗ്രീക്കുകാരാണ് ഫിലിസ്ത്യരുടെ ദേശം എന്ന് ആദ്യമായി ഉപയോഗിച്ചത്. ബിസി പന്ത്രണ്ടാം നൂറ്റാണ്ടില്‍ മെഡിറ്ററേനിയന്‍ കടലിനും ഇറാഖിനും ഈജിപ്തിനും സിറിയക്കും ഇടയിലുള്ള പ്രദേശം, ഒരു പരമ്പരാഗത പ്രദേശത്തെ സൂചിപ്പിക്കാനുള്ള പൊതുവായ പദമായി ഫലസ്തീന്‍ എന്ന പേര് വളരെ കാലമായി ഉപയോഗിക്കുന്നു. ഫലസ്തീന്റെ കിഴക്കുഭാഗത്തുള്ള സുഗന്ധമുള്ളത് എന്നര്‍ഥം വരുന്ന ജെറിക്കോം എന്ന നഗരം ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ്. വൃത്താകൃതിയിലുള്ള വീടുകള്‍. കളിമണ്ണും വൈക്കോലും ചേര്‍ത്തുണ്ടാക്കിയ ഇഷ്ടികയില്‍ നിര്‍മിച്ച മേല്‍ക്കൂരയോട് കൂടിയ വീടുകള്‍ക്ക് ഗോവണിയും അകത്തും പുറത്തും അടുപ്പുകളും. യുനെസ്‌കോയുടെ പട്ടികയില്‍ ലോക പൈതൃക സൈറ്റായതു കൂടാതെ ‘ഏറ്റവും പഴയ കോട്ടയുള്ള നഗരം’ എന്നും വിശേഷിപ്പിക്കപ്പെട്ടു.
ജസീറത്തുല്‍ അറബില്‍ നിന്ന് ശുദ്ധജല സൗകര്യം തേടി പലായനം ചെയ്ത ഗോത്രങ്ങള്‍ അനേകമുണ്ട്. അവരില്‍ ചിലര്‍ സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ ഭാഗങ്ങളിലേക്ക് നീങ്ങി. ഇവരില്‍ കനാനികള്‍ ഫലസ്തീന്‍ താഴ്വരയിലും യാബീസികള്‍ ജറൂസലമിന്റെ ഭാഗത്തും ഫിനിഷ്യരും അമൂറികളും ഫലസ്തീനിലെ പര്‍വതങ്ങളിലും താമസമുറപ്പിച്ചു. ഇങ്ങനെ ഫലസ്തീന്‍ ഇപ്പറഞ്ഞ ഗോത്രങ്ങള്‍ക്കിടയില്‍ വീതിക്കപ്പെട്ടു. ഈ ഗോത്രങ്ങളുടെയും ഫലസ്തീനില്‍ അവര്‍ താമസിക്കുന്ന സ്ഥലങ്ങളുടെയും മുഴുവന്‍ പേരുകള്‍ പുരാവസ്തുക്കളുടെയും ചരിത്രസാക്ഷ്യങ്ങളുടെയും പിന്‍ബലത്തോടുകൂടി ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് പുരാവസ്തു ശാസ്ത്രജ്ഞന്മാര്‍ ഫലസ്തീനെ ‘കനാന്‍ ദേശം’ എന്നു വിളിക്കുന്നത്.
ബാബിലോണിയയില്‍ ജനിച്ച ഇബ്‌റാഹീം നബി കനാന്‍ ദേശത്തേക്ക് കുടിയേറി. അദ്ദേഹത്തിന്റെ മകന്‍ ഇസ്ഹാഖ് നബിയുടെ മകനായ യഅ്കൂബ് നബിയുടെ ഇളയപുത്രന്‍ യൂസുഫ് നബി ഈജിപ്തില്‍ എത്തിച്ചേരുകയും അവിടെ ഭക്ഷണവിതരണ ചുമതലയിലാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് കനാനില്‍ കടുത്ത ഭക്ഷ്യക്ഷാമവും വരള്‍ച്ചയും ഉണ്ടായത്. ആ സന്ദര്‍ഭത്തിലാണ് യഅ്കൂബ് നബിയും പുത്രന്മാരും മകന്‍ യൂസുഫിന്റെ ക്ഷണപ്രകാരം ഈജിപ്തിലേക്ക് കുടിയേറുന്നത്. അവിടെ പന്ത്രണ്ട് മക്കളില്‍ നിന്നായി പന്ത്രണ്ടു ഗോത്രങ്ങള്‍ രൂപം കൊണ്ടു.
ഇസ്രായേല്യര്‍ എന്നറിയപ്പെടുന്ന ഇവര്‍ യഅ്കൂബ് എന്ന ഗോത്രപിതാവിന്റെ പിന്‍ഗാമികളാണ്. അവരെയാണ് പിന്നീട് മൂസാനബി ഫലസ്തീനിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. ആ യാത്രയില്‍ ഖിദ്ര്‍(അ) മൂസാനബി(അ)യെ സന്ദര്‍ശിക്കുമ്പോള്‍ മൂസാനബിയുടെ സഹായിയായി വര്‍ത്തിച്ച യുഷ ആണ് മൂസാ നബിയുടെ പിന്‍ഗാമിയായി ഇസ്രായേല്യരെ യുദ്ധത്തിലൂടെ ഫലസ്തീനിലേക്ക് എത്തിക്കുന്നത്. ശേഷം ഒരു സാധാരണ ഇടയനായിരുന്ന ദാവൂദ് നബിയാണ് അധികാരത്തിലെത്തുന്നതും ഫലസ്തീനെ പൂര്‍ണമായും തന്റെ കീഴിലാക്കുന്നതും.
അദ്ദേഹം ജറൂസലമിനെ കേന്ദ്രമാക്കി ഭരിച്ചു. ശേഷം അദ്ദേഹത്തിന്റെ മകനായ സുലൈമാന്‍ നബി ഭരണം ഏറ്റെടുത്തു. സുലൈമാന്‍ നബിക്കു ശേഷം രാജ്യം രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. വടക്കന്‍ രാജ്യം ഇസ്രായേല്‍ എന്നും തെക്കന്‍ രാജ്യം യഹൂദ എന്നും വിളിക്കപ്പെട്ടു. വടക്ക് ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളില്‍ പത്തും ചേര്‍ന്നതാണ്. തെക്കന്‍ രാജ്യം യഹൂദയും ബെഞ്ചമിനും ചേര്‍ന്നതായിരുന്നു. വടക്കന്‍ ഇസ്രായേലിലേക്കാണ് ഇല്യാസ്, അല്‍യസഅ്, യൂനുസ്, സക്കറിയ, യഹ്‌യ എന്നീ പ്രവാചകന്മാര്‍ വന്നതും ശേഷം ഇംറാന്റെ മകള്‍ മറിയം ബീവിയുടെ മകനായി ഈസാ നബി വന്നതും. ജൂതന്മാരിലേക്ക് നിയോഗിക്കപ്പെട്ട ഈസാ നബി ഒരു പുതിയ മതത്തെ രൂപപ്പെടുത്തിയിട്ടില്ല. അവരിലെ തിന്മക്കെതിരെ നിലകൊണ്ടു, പ്രബോധനത്തില്‍ അജാതീയരെ കൂടി ക്ഷണിച്ചത് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന് വിശ്വസിച്ചിരുന്ന യഹൂദര്‍ക്ക് സ്വീകാര്യമായില്ല.

അവര്‍ ഈസാ നബിയെ എതിര്‍ത്തു ക്രൂശിക്കാന്‍ ശ്രമിച്ചു. അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തി. ഈസാ നബിയെ ഒരിക്കല്‍ പോലും ദര്‍ശിക്കാത്ത പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനോ യേശുവിന്റെ ജീവിത കാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല പൗലോസ്. യഹൂദ റബ്ബിയും പ്രമുഖ യഹൂദ റബ്ബി ഗമാലിയേലിന്റെ ശിഷ്യന്‍ കൂടിയായിരുന്നു പൗലോസ്. ഈ പൗലോസിന്റെ റോമന്‍ ബന്ധത്തിലൂടെയാണ് റോമന്‍ വിശ്വാസാചാരങ്ങള്‍ അവരിലേക്കു വന്നു ചേര്‍ന്നതും ഒരു ക്രൈസ്തവ മതം രൂപപ്പെട്ടതും. റോമന്‍ സാമ്രാജ്യത്തിന്റെ ക്രൈസ്തവവത്കരണത്തോടെ ക്രൈസ്തവര്‍ ശക്തിപ്രാപിച്ചു. വിജാതീയര്‍, ജൂതന്മാര്‍, സമരിയക്കാര്‍ എന്നിവരുടെ പരിവര്‍ത്തനം കാരണം റോം, ബൈസന്റൈന്‍ ഫലസ്തീന്‍ എന്നിവിടങ്ങള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായി രൂപപ്പെട്ടു.
ജനങ്ങളില്‍ വലിയ തോതില്‍ പല ഘട്ടങ്ങളായി പരിവര്‍ത്തനം നടക്കുകയും സ്വീകാര്യമായ വിശ്വാസത്തില്‍ എത്തിചേരുകയും ചെയ്തതിനാല്‍ ഫലസ്തീനിലെ യഹൂദരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൂടാതെ ഈജിപ്തിന്റെയും ബാബിലോണിയക്കാരുടെയും അക്രമണങ്ങള്‍ക്ക് ഫലസ്തീന്‍ ഇരയായി. സകരിയ നബിക്കു ശേഷം ബാബിലോണിയക്കാരുടെ അതി ഭീകരമായ ആക്രമണത്തില്‍ നല്ലൊരു ശതമാനം യഹൂദര്‍ കൊല്ലപ്പെടുകയും സുലൈമാന്‍ നബി പണിത പള്ളിയും തോറയുടെ എല്ലാ പതിപ്പും തീയിട്ട് നശിപ്പിക്കുകയും ചെയ്തു, അവിടെ നിന്ന് രക്ഷപ്പെട്ട് മറ്റു ദേശങ്ങളിലേക്ക് കുടിയേറിയവര്‍ ഒഴികെ ജറൂസലമില്‍ അവശേഷിച്ച യഹൂദരെ ബാബിലോണിയയിലേക്ക് തടവിലായി കൊണ്ടുപോവുകയും ചെയ്തു. കാലങ്ങള്‍ക്കു ശേഷമാണ് അവര്‍ മോചിതരായത്.
ശേഷം റോമക്കാരായ ക്രൈസ്തവരുടെ അക്രമണത്തിലും യഹൂദര്‍ കൊല്ലപ്പെടുകയും ചിലര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. റോമാ ചക്രവര്‍ത്തിയായ ടൈറ്റ്സ് ജറൂസലം പിടിച്ചെടുത്തപ്പോള്‍ ജൂതന്മാരെ ഫലസ്തീനിന്റെ മണ്ണില്‍ നിന്ന് പൂര്‍ണമായി പുറത്താക്കിയിരുന്നു. ഫ്രാങ്കുകളുടെ രാജാവായിരുന്ന ഡാങ്കോബര്‍ട്ട് ജൂതന്മാരെ പുറത്താക്കിയതും ഹെറാക്ലിയസ് ചക്രവര്‍ത്തി ജൂതന്മാരുടെ ആരാധനാലയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതും, അങ്ങനെ ജൂതന്മാര്‍ക്ക് എറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ തീര്‍ത്തതും അക്രമിച്ചതും ക്രൈസ്തവ ആധിപത്യ കാലത്താണ്.
ഇസ്‌ലാമിന്റെ വരവ്
ശേഷം മുഹമ്മദ് നബിയിലൂടെ ഇസ്ലാം വ്യാപിക്കുകയും മിഡീലീസ്റ്റ് രാജ്യങ്ങള്‍ ഇസ്ലാമിന് കീഴിലാവുകയും ചെയ്തു. ഏഴാം നൂറ്റാണ്ടില്‍ അറബ് റാഷിദൂനുകള്‍ പ്രദേശം കീഴടക്കി. അവര്‍ക്കു ശേഷം ഉമയ്യദ്, അബ്ബാസി, ഫാത്തിമി എന്നിവയുള്‍പ്പെടെ മറ്റ് അറബ് മുസ്ലിം രാജവംശങ്ങള്‍ അധികാരത്തില്‍ വരികയും കാലക്രമേണ ഫലസ്തീനികള്‍ അറബ് ഭാഷയും സംസ്‌കാരവും സ്വീകരിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. എങ്കിലും വന്‍തോതിലുള്ള ഇസ്ലാമികവത്കരണ പ്രക്രിയ നടന്നത് ഒരുപക്ഷേ മംലൂക്ക് കാലഘട്ടത്തിലായിരിക്കും. ഉസ്മാനിയ ഖിലാഫത്ത് ജൂതരെയും ക്രിസ്ത്യാനികളെയും മുസ്ലിംകളെയും ടെര്‍ക്കുകളെയും ഗ്രീക്കുകാരെയും അര്‍മേനിയക്കാരെയും അറബികളെയുമെല്ലാം കൂട്ടിയിണക്കിയുള്ള ഭരണ രീതിയായിരുന്നു. മൂന്ന് മത വിഭാഗങ്ങളുടെ പുണ്യദേശങ്ങളായി പരിഗണിച്ചുകൊണ്ട് പൊതുവായി അറബ് ഭാഷയിലൂന്നിയ സംസ്‌കാരമായിരുന്നു.
റഷ്യ ഉള്‍പ്പെടെയുള്ള ക്രൈസ്തവ രാജഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട ജൂതര്‍ക്ക് ഫലസ്തീന്‍ തുടങ്ങി ഉസ്മാനിയ സാമ്രാജ്യത്വത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളില്‍ വരെ അഭയം നല്‍കിയിരുന്നു. ജൂതമതവിശ്വാസികള്‍ അപമാനിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോള്‍ അവരോട് കരുണ കാണിച്ചത് മുസ്ലിം ഭരണാധികാരികളായിരുന്നു. സ്പെയിനില്‍ ഇസ്ലാമിക ഭരണം അവസാനിച്ചപ്പോള്‍ ജൂതമതവിശ്വാസികള്‍ക്ക് അവിടം വിട്ടുപോകുകയോ ക്രിസ്തുമതത്തില്‍ ചേരുകയോ വേണ്ടിവന്നു.
സയണിസ്റ്റ് രാഷ്ട്രം
റോമാ ഭരണത്തില്‍ നിന്ന് ഖാലിദ് ബിന്‍ വലീദിന്റെ സൈന്യം ജറൂസലം പിടിച്ചെടുത്തതിനു ശേഷമാണ് ജൂതര്‍ക്ക് ഫലസ്തീനില്‍ ജീവിക്കാന്‍ പ്രയാസമില്ലാതായത്. അവിടുത്തെ ജനതയില്‍ ഭൂരിപക്ഷം മുസ്ലിംകളും അതുകഴിഞ്ഞാല്‍ ക്രിസ്ത്യാനികളുമായിരുന്നു. വൃദ്ധരായ ജൂതമതവിശ്വാസികള്‍ പുണ്യസ്ഥലമായ ജറൂസലമില്‍ അവസാനകാലം കഴിച്ചുകൂട്ടാനായി വന്നുതാമസിച്ചിരുന്നു. എന്നാല്‍ പിന്നീട് സയണിസ്റ്റ് ആശയങ്ങളില്‍ പെട്ട ജൂതന്മാര്‍ ഫലസ്തീനിലേക്ക് വലിയ തോതില്‍ വന്നെത്തുകയും വലിയ തോതില്‍ ഭൂമി വാങ്ങികൊണ്ട് അജണ്ടകളുടെ ഭാഗമായി കുടിയേറുകയുമുണ്ടായി. ഉസ്മാനിയ ഭരണകൂടം അതിന് അനുകൂലമായ ഭൂപരിഷ്‌കരണങ്ങളും സ്വീകരിച്ചു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഉസ്മാനിയ ഖിലാഫത്ത് അവസാനിച്ചതോടെ സയണിസ്റ്റ് അജണ്ടകള്‍ക്കനുസരിച്ച് ബ്രിട്ടണ്‍ ഫലസ്തീനില്‍ ഒരു സയണിസ്റ്റ് രാഷ്ട്രം സൃഷ്ടിച്ചെടുത്തു.
ഫലസ്തീനില്‍ ക്രൈസ്തവരും മുസ്ലിംകളുടെ കൂടെ സയണിസ്റ്റ് അതിക്രമങ്ങളില്‍ ഇരയായിരുന്നെങ്കിലും പാശ്ചാത്യര്‍ ബൈബിളിലെ വാഗ്ദത്തഭൂമിയെന്ന ക്രൈസ്തവ വിശ്വാസത്തെ ഉപയോഗപ്പെടുത്തി ക്രൈസ്തവരെ നിശബ്ദരാക്കി. ഫലസ്തീനികള്‍ അതിക്രൂരമായി അവരുടെ വീടുകളില്‍ നിന്നും നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു.
പലരും ജോര്‍ദാന്‍ ലബനാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളിലേക്ക് കുടിയേറി. ബാക്കിയുള്ള ഭാഗങ്ങളെ പലവിധത്തിലായി കൈയ്യേറ്റം ചെയ്തുകൊണ്ട് സയണിസ്റ്റ് അതിക്രമം നടന്നുകൊണ്ടിരിക്കുന്നു. 1948 ലെ നക്ബയുടെ കാലത്ത് ജൂത മിലിഷ്യകള്‍ ഫലസ്തീനിയന്‍ ഗ്രാമങ്ങളും പട്ടണങ്ങളും ആക്രമിച്ചപ്പോള്‍ ഫലസ്തീനിയന്‍ മുസ്ലിംകളെപ്പോലെ തന്നെ ഫലസ്തീന്‍ ക്രിസ്ത്യാനികളും ലക്ഷ്യമാക്കപ്പെട്ടിരുന്നു.
ഫലസ്തീനിലെ ക്രിസ്ത്യാനികള്‍
ക്രിസ്ത്യാനികളുടെ വിശുദ്ധ നഗരമായ യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമില്‍ 70 വര്‍ഷം മുമ്പ് 86% ക്രിസ്ത്യാനികളായിരുന്നു എങ്കില്‍ ഇന്നത് 12 ശതമാനമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളിലെ നേതാക്കള്‍ ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ ദുരവസ്ഥയെക്കുറിച്ച് ഞെട്ടിക്കുന്ന മൗനം പാലിക്കുന്നു. ഇസ്രായേല്‍ ക്രൂരതയും പാശ്ചാത്യ നിശ്ശബ്ദതയും അവഗണിച്ച് മുസ്ലീം, ക്രിസ്ത്യന്‍ ഫലസ്തീനികള്‍ ഇന്നും ഐക്യമുന്നണിയായി നിലകൊള്ളുന്നു എന്നതാണ് ഈ ഇരുണ്ട കാലത്ത് പലര്‍ക്കും പ്രതീക്ഷ നല്‍കുന്നത്.
അറബിയാണ് ആയിരം വര്‍ഷത്തിലേറെയായി പ്രദേശത്തെ മിക്ക ക്രിസ്ത്യാനികളുടെയും ഭാഷ. വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സയണിസ്റ്റുകളും സാമ്രാജ്യത്വ സില്‍ബന്ധികളും പണ്ടേ പ്രയോഗിക്കുന്നത്, എന്നാല്‍ കഴിഞ്ഞ ഇസ്രായേല്‍ കൊളോണിയല്‍ അക്രമത്തിനും വംശീയതയ്ക്കും മുന്നില്‍ അവരുടെ ഐക്യം എന്നത്തേക്കാളും ശക്തമാണെന്ന് അവര്‍ തെളിയിച്ചു. മുന്‍കാലങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നിട്ടും ജറൂസലമിലെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മുസ്ലിം, ക്രിസ്ത്യന്‍ ഫലസ്തീനികളെ പരസ്പരം മനസ്സിലാക്കാനും അവരുടെ ഭൂമിയിലെ കോളനിവല്‍ക്കരണം അവസാനിപ്പിക്കാന്‍ ഒന്നിച്ചുനില്‍ക്കാനും പ്രേരിപ്പിച്ചു. സംയുക്ത മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടും പ്രതിഷേധങ്ങള്‍ ഏകോപിപ്പിച്ചുമുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യത്തിനായുള്ള ഒരു കൂട്ടായ പോരാട്ടത്തിന് അവരില്‍ ഐക്യദാര്‍ഢ്യം സാധ്യമാക്കി.
മുസ്ലിം പള്ളി മാത്രമല്ല, പുരാതന ഗ്രീക്ക് ഓര്‍ത്തോഡോക്‌സ് ചര്‍ച്ചും അക്രമിക്കപ്പെട്ടു. നിലവില്‍ ഫലസ്തീനില്‍ ജീവിക്കുന്ന ക്രൈസ്തവരുടെ എണ്ണം വളരെ ശുഷ്‌കമാണ്. അതുകൊണ്ടു തന്നെ ശതമാനമനുസരിച്ച് മുസ്ലിംകളെക്കാള്‍ കൂടുതല്‍ ക്രൈസ്തവരും ഇക്കഴിഞ്ഞ സയണിസ്റ്റ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വര്‍ഗീകരിക്കപ്പെടാത്ത ഫലസ്തീനികളെ എന്നെങ്കിലും വിശ്വസിക്കാന്‍ ഇക്കൂട്ടരെകൊണ്ട് കഴിയുമോ? ലോകമെമ്പാടുമുള്ള രാഷ്ട്ര തലസ്ഥാനങ്ങളില്‍ അഭൂതപൂര്‍വമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നിട്ടും, രാഷ്ട്ര തലവന്മാര്‍ക്ക്, സയണിസ്റ്റ് സ്റ്റൂജുകള്‍ക്ക് ഫലസ്തീനിയന്‍ കഷ്ടപ്പാടുകള്‍ അപൂര്‍ണവും നിയമവിരുദ്ധവും ആകസ്മികവുമാണ്.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പലരും വിളിച്ചു പറയുന്നു. ഉന്മൂലനത്തെക്കുറിച്ചുള്ള സയണിസ്റ്റുകളും പാശ്ചാത്യരും പൊലിപ്പിച്ച് നിര്‍ത്തിയ യഹൂദ ഭയം മനസ്സിലാക്കുന്നു. എന്റെ വീക്ഷണത്തില്‍ അത് ചെറിയ രീതിയില്‍ മാത്രം യാഥാര്‍ഥ്യമാണ്. എന്നിരുന്നാലും, അവരുടെ ഓര്‍മയില്‍ സയണിസ്റ്റുകള്‍ കയറ്റിവെച്ച ഭയത്തെ കുറച്ചു കാണുന്നില്ല. എന്നാല്‍ ഫലസ്തീനികളുടെ ശാശ്വതമായ സമാധാനത്തെ മായ്ച്ചുകളഞ്ഞുകൊണ്ട് അവരെ ഭീകരമായി അക്രമിക്കുമ്പോള്‍ ഫലതീനികളുടെ ഭയത്തേക്കാളും ചിതലുപിടിച്ച യഹൂദ ഭയത്തിന് സ്വീകാര്യത നല്‍കുന്നതിലെ സയണിസ്റ്റ് സ്റ്റൂജുകളുടെ ലോജിക്കാണ് മനസ്സിലാകാത്തത്.
ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം മാത്രമല്ല, ഫലസ്തീനികള്‍ ചെറുത്തുനില്‍ക്കാന്‍ മാത്രമല്ല ജീവിക്കുന്നത് എന്ന വസ്തുതയും ലോകം തിരിച്ചറിയേണ്ടതുണ്ട്. അവരും പ്രണയിക്കുന്നു, ചിരിക്കുന്നു, പാടുന്നു, കളിക്കുന്നു, പ്രാര്‍ഥിക്കുന്നു, നൃത്തം ചെയ്യുന്നു, പാചകം ചെയ്യുന്നു, കലയുണ്ടാക്കുന്നു, അഭിനയിക്കുന്നു, എഴുതുന്നു, പണിയുന്നു, കൃഷി ചെയ്യുന്നു, കഥകള്‍ പറയുന്നു, സ്വപ്‌നം കാണുന്നു, ദുഃഖിക്കുന്നു, മറക്കുന്നു, ക്ഷമിക്കുന്നു, ഓര്‍ക്കുന്നു. ഖേദകരമെന്നു പറയട്ടെ, നമ്മള്‍ അവരെ അങ്ങനെ കാണുന്നില്ല!
അമ്മിഞ്ഞപ്പാലിന്റെ മണമുള്ള കുരുന്നുകള്‍, സയണിസ്റ്റ് വ്യാഖ്യാനത്തില്‍ തൊട്ടിലില്‍ കിടക്കുന്ന ഭീകരന്മാര്‍! ഓരോ 10 മിനിറ്റിലും ഗാസയിലെ അവശിഷ്ടങ്ങള്‍ക്കടിയിലോ വാവിട്ട് കരയുന്ന അമ്മയുടെ കൈകളിലോ അവസാനിക്കുന്നു എന്ന സത്യത്തെ മറപിടിച്ച് യുദ്ധത്തിനായി ആഹ്ലാദിക്കുന്ന, കുഞ്ഞുങ്ങളെ കൊല്ലുമ്പോള്‍ സ്‌മൈലിയിടുന്ന മനുഷ്യ കോലങ്ങളെ കാണുമ്പോള്‍ നമുക്ക് ചുറ്റുമുള്ള ശാന്തതയുടെ കാലങ്ങളോക്കെ അസ്തമിച്ചുപോയെന്നും അവസരം വന്നാല്‍ ഇക്കൂട്ടര്‍ ഭ്രാന്തനായ വേട്ടക്കാരനായ് ഇറങ്ങുമെന്നും തോന്നും!
അവര്‍ സോഷ്യല്‍ സമൂഹത്തിനു മുമ്പില്‍ ഗാസയെ കുറിച്ച് അട്ടഹസിക്കുന്നു. ‘മനുഷ്യ മൃഗങ്ങള്‍; ഗാസ നിരപ്പാക്കുക; ബോംബിട്ട് തകര്‍ക്കുക; അവശിഷ്ടങ്ങളില്‍ കുഴിച്ച് മൂടുക; മെയിന്‍ കാംഫിനെ അവരുടെ കുട്ടികളെ അവരുടെ കട്ടിലിനടിയില്‍ സംരക്ഷിക്കുന്നു; ആ അമ്മമാര്‍ രാക്ഷസന്മാരെ വളര്‍ത്തുന്നു; അവരുടെ ആശുപത്രികളിലും സ്‌കൂളുകളിലും തീവ്രവാദികളെ ഒളിപ്പിച്ചു; അവരെല്ലാം ക്രൂരന്മാരാണ്.’ ഇങ്ങനെ കമന്റടിച്ച് വെറുപ്പിനെ ചേര്‍ത്ത് മൂടിപുതച്ച് കിടക്കുന്നവരുടെ ബോധ്യത്തിലേക്ക് സത്യത്തിന്റെ കിരണങ്ങളെങ്ങനെയാണ് പ്രവേശിക്കുക!
സയണിസ്റ്റ് ഫാസിസ്റ്റുകളുടെ രോഷത്തെ ശമിപ്പിക്കുന്നതിനായ് സാധാരണ ജനങ്ങളെ ക്രൂരമായ് അക്രമിക്കുന്നതിനെയും ബോംബിട്ട് കൊല്ലുന്നതിനെയും വിലമതിക്കുന്നവര്‍ അറിയണം, വിലപിക്കുന്ന അമ്മമാരുടെ കണ്ണുനീരിന് വിലയുണ്ടാകുന്ന ഒരുനാള്‍ ഉയര്‍ന്നുവരിക തന്നെ ചെയ്യുമെന്ന്!