23 Monday
December 2024
2024 December 23
1446 Joumada II 21

സമാധാന നൊബേല്‍ മികച്ച നയതന്ത്രത്തിന്

കലഹത്തിന്റെ പാതയില്‍നിന്ന് രാഷ്ട്രത്തെ സമാധാനത്തിലേക്ക് വഴിനടത്തിയ നേതാവിന് നൊബേല്‍ ലഭിച്ചതില്‍ ഇത്യോപ്യന്‍ ജനതക്ക് ഒട്ടും ആശ്ചര്യമില്ല. പുരസ്‌കാരം അദ്ദേഹം അര്‍ഹിക്കുന്നതാണെന്ന മട്ടിലായിരുന്നു പ്രതികരണങ്ങളത്രയും. 2018 ഏപ്രിലിലാണ് ആബി അഹ്മദ് അലി എന്ന 43കാരന്‍ ഇത്യോപ്യയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇത്യോപ്യ. നിരവധി ഭാഷകളും വ്യത്യസ്ത വംശങ്ങളുമാണിവിടെ. അതിനാല്‍ വംശീയസംഘര്‍ഷങ്ങള്‍ക്ക് പഞ്ഞമില്ല താനും. നിലവില്‍ ഒമ്പത് വംശങ്ങളുണ്ടിവിടെ. ഒപ്പം അയല്‍രാജ്യമായ ഐറിത്രിയയുമായി 20 വര്‍ഷം നീണ്ട അതിര്‍ത്തിത്തര്‍ക്കവും യുദ്ധവും. ഇതെല്ലാം പരിഹരിക്കാന്‍ മുന്‍കൈയെടുത്തതിനാണ് ആബിയെ തേടി ഇക്കൊല്ലത്തെ സമാധാന നൊബേല്‍ എത്തിയത്. ”ഒരു രാഷ്ട്രമെന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇത്യോപ്യക്കാരുടെ കൂട്ടായ വിജയത്തിന്റെ ഭാഗമാണ് ഈ അംഗീകാരം. രാജ്യത്തെ പ്രതീക്ഷയുടെ ചക്രവാളമാക്കി മാറ്റാനുള്ള ആഹ്വാനമാണിത്” നൊബേല്‍ വിവരമറിഞ്ഞയുടന്‍ ആബിയുടെ ഓഫിസ് പ്രതികരിച്ചു.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയുടെ വടക്ക് ഭാഗത്താണ് ഐറിത്രിയ. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ 1993ല്‍ ഇത്യോപ്യയില്‍നിന്ന് ഐറിത്രിയ സ്വാതന്ത്ര്യം നേടി. യു എന്‍ ഹിതപരിശോധനയെ തുടര്‍ന്നായിരുന്നു ഈ വേര്‍പെടല്‍. എന്നാല്‍, അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇത്യോപ്യയും ഐറിത്രിയയും തമ്മില്‍ അതിര്‍ത്തിയെച്ചൊല്ലി യുദ്ധം തുടങ്ങി. 1998 മുതല്‍ 2018 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ 70,000ത്തോളം ജീവന്‍ പൊലിഞ്ഞു. 25 ലക്ഷത്തോളം ആളുകള്‍ കുടിയിറക്കപ്പെട്ടു. അന്താരാഷ്ട്ര സമാധാന ചര്‍ച്ചകള്‍ ഒന്നുപോലും ലക്ഷ്യം കണ്ടില്ല. അതിനിടെയാണ് ആബി ഇത്യോപ്യന്‍ പ്രധാനമന്ത്രിയായി ചുമതലറ്റേത്. അധികാരമേറ്റ നാളുകളില്‍തന്നെ ഐറിത്രിയയുമായി സമാധാനചര്‍ച്ചകള്‍ക്ക് അദ്ദേഹം മുന്‍കൈയെടുത്തു. ഐറിത്രിയ പ്രസിഡന്റുമായി ആബിക്ക് അടുത്ത ബന്ധമായിരുന്നു. ഇതും തുണയായി.
ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും യു എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസിന്റെയും സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളും സമാധാന കരാറില്‍ ഒപ്പുവെച്ചത്. പിന്നീട് ജയിലില്‍ കഴിയുന്ന രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചു. തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തിയവരെ തിരികെ വിളിച്ചു. രാജ്യത്തെ അടിയന്തരാവസ്ഥ നീക്കി. മീഡിയ സെന്‍സര്‍ഷിപ് എടുത്തുകളഞ്ഞു. നിരോധിത രഷ്ട്രീയ സംഘടനകളെ നിയമാനുസൃതമാക്കി. അഴിമതിയില്‍ കുളിച്ച നേതാക്കളെ പുറത്താക്കി. പൊതുരംഗത്തിറങ്ങാന്‍ വനിതകള്‍ക്ക് പ്രേരണ നല്‍കി.ഇതെല്ലാം ആബിയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. കെനിയയും സോമാലിയയും തമ്മിലുള്ള നാവികാതിര്‍ത്തി പ്രശ്‌നത്തിലും ആബിയായിരുന്നു മാധ്യസ്ഥന്‍.
ഇത്യോപ്യയിലെ ബേഷഷയില്‍ മുസ്‌ലിംക്രിസ്ത്യന്‍ ദമ്പതികളായ അഹമ്മദ് അലിയുടെയും ടെസെറ്റ വേള്‍ഡേയുടെയും മകനായി 1976 ആഗസ്റ്റ് 15നാണ് ജനനം. പട്ടാളത്തില്‍ ഇന്റലിജന്‍സ് ഓഫിസറായിരുന്നു. 2010ലാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്. 2016ല്‍ കുറച്ചുകാലം ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു.

Back to Top