3 Tuesday
December 2024
2024 December 3
1446 Joumada II 1

സന്നദ്ധ പ്രവര്‍ത്തനം എന്ന മൂലധനം


വയനാട് ചൂരല്‍മല, മുണ്ടക്കൈ ദുരന്തം മനസ്സാക്ഷിയുള്ള ഏതൊരാളെയും ഉലച്ചിരിക്കുകയാണ്. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അക്കാലമത്രയും നേടിയതും അനുഭവിച്ചതും ഒലിച്ചുപോകുന്ന കാഴ്ചയാണ് മുണ്ടക്കൈയില്‍ കണ്ടത്. മനസ്സ് വിറങ്ങലിച്ചുപോകുന്ന സംഭവം. ഉയരുന്ന മരണസംഖ്യ, ഒരു നാട് ഒന്നാകെ ഒലിച്ചുപോയ അനുഭവം എന്നീ നിലകളില്‍ ഈ തലമുറയില്‍ ജീവിച്ചിരിക്കുന്നവര്‍ ദര്‍ശിച്ച ഏറ്റവും വലിയ ദുരന്തമാണിത്. കേരളം നിരവധി ഉരുള്‍പൊട്ടലുകള്‍ക്ക് സാക്ഷിയായിട്ടുണ്ട്. കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ നാം അഭിമുഖീകരിച്ചതാണ്. ഈ ദുരന്ത സമയത്തെല്ലാം മലയാളികള്‍ എന്ന നിലയില്‍ നാം കാണിക്കുന്ന മാനുഷികമായ ഔന്നിത്യം തുല്യതയില്ലാത്തതാണ്.
സംഭവം നടന്നു എന്നറിഞ്ഞത് മുതല്‍ നിരവധി സന്നദ്ധ സേവകരാണ് വയനാട്ടിലേക്ക് കുതിച്ചെത്തിയത്. സര്‍ക്കാര്‍ സംവിധാനത്തിലുള്ള രക്ഷാ ദൗത്യത്തോടൊപ്പം സാധാരണ ജനങ്ങളും കൂടിച്ചേര്‍ന്നാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനം മാത്രം വിചാരിച്ചാല്‍ കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാകില്ല. സന്നദ്ധ പ്രവര്‍ത്തനം എന്നത് മലയാളികളെ സംബന്ധിച്ചേടത്തോളം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന് വേണ്ടി പരിശീലനം നേടിയവരും അല്ലാത്തവരും ഉണ്ട്. വയനാട്ടില്‍ സംഭവിച്ചത് പോലെയുള്ള ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ സമാന്തരമായി നിരവധി സംവിധാനങ്ങളാണ് പ്രവര്‍ത്തിക്കേണ്ടത്. ദുരന്തബാധിത പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുക എന്നതാണ് പ്രഥമ ദൗത്യം. എന്നാല്‍ അതോടൊപ്പമോ അതിന് ശേഷമോ നിരവധി സേവനങ്ങള്‍ അനിവാര്യമാണ്.
രക്ഷപ്പെട്ടവരെ ക്യാമ്പുകളിലേക്ക് മാറ്റുക, മരണപ്പെട്ടവരെ സംസ്‌കരിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുക, അപകടം പറ്റിയവരെ ആശുപത്രികളിലെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി നടക്കണം. ഇതിനെല്ലാം വലിയ ആള്‍ബലം അനിവാര്യമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിന് സന്നദ്ധരായി എത്തിച്ചേരുന്ന നിരവധി പേരുണ്ട്. അവരുടെ താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് സംവിധാനമൊരുക്കണം. ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കണം. ദുരന്ത ബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കണം. ഗതാഗതം, ആരോഗ്യം, ഭക്ഷണം, മൃതദേഹ സംസ്‌കരണം തുടങ്ങിയ വിവിധ മേഖലകളെ സംയോജിതമായി ക്രമീകരിക്കണം. വലിയ മാന്‍പവര്‍ ആവശ്യമായി വരുന്ന സന്ദര്‍ഭമാണ് ദുരന്തമേഖല. അതുകൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ യാതൊരു പ്രതിഫലേച്ഛയും കൂടാതെ കര്‍മരംഗത്തിറങ്ങുന്നവര്‍ നിരവധിയാണ്. വയനാട്ടിലെ കാഴ്ചയും അതുതന്നെയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വയനാട്ടിലെത്തിയവര്‍ സ്വയം വളണ്ടിയറായി മാറുകയായിരുന്നു. ആര്‍ക്കും തടസ്സം സൃഷ്ടിക്കാതെ എല്ലാ പ്രവര്‍ത്തനങ്ങളും എണ്ണയിട്ട യന്ത്രം പോലെ സജീവമായി നിലകൊണ്ടു. ഏതെല്ലാം വ്യക്തികളാണ് കര്‍മരംഗത്തുള്ളത് എന്ന് രേഖാപരമായി മനസ്സിലാക്കാതെ അതിനെ ഏകോപിപ്പിക്കുക എന്നത് ദുഷ്‌കരമാണ്. എന്നിട്ടും അത്തരം ഏകോപനം സാധ്യമാകുന്ന വിധത്തിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടന്നത്. ദുരന്ത സ്ഥലത്ത് നേരിട്ട് വരാതെ വിവിധ ഇടങ്ങളില്‍ നിന്നുകൊണ്ട് ആവശ്യമായ വിഭവങ്ങള്‍ ശേഖരിക്കാനും എത്തിക്കാനും വേണ്ടി പ്രവര്‍ത്തിച്ചവരും ഈ കൂട്ടത്തിലുണ്ട്.
ദുരന്തമുഖത്ത് അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുള്ള അനുഭവ ജ്ഞാനം നാം മലയാളികള്‍ നേടിയിട്ടുണ്ട് എന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ, സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം സന്നദ്ധ സംഘങ്ങളെയും വളണ്ടിയര്‍മാരെയും കണക്കിലെടുത്ത് കൊണ്ട് മാത്രമേ രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും സാധ്യമാവുകയുള്ളൂ. എന്നാല്‍, ഈ മാതൃകാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെയും സന്നദ്ധ സംഘങ്ങളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുന്ന ചില സംഭവങ്ങളുണ്ടായി എന്നത് ഖേദകരമാണ്. രണ്ട് തലത്തിലുള്ള പ്രവര്‍ത്തനങ്ങളും നമുക്ക് അനിവാര്യമാണ്. എല്ലാം സര്‍ക്കാര്‍ ചെയ്യും എന്ന് പറഞ്ഞ് കൈകെട്ടി നില്‍ക്കാനോ സര്‍ക്കാര്‍ ഫണ്ടുകളെല്ലാം അഴിമതിയാണെന്ന് പറഞ്ഞ് മാറിനില്‍ക്കാനോ സാധ്യമല്ല. അതോടൊപ്പം തന്നെ, ചില സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളെ അവമതിക്കുന്ന സമീപനം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന പരാതിയും വയനാട്ടില്‍ നിന്നുയര്‍ന്നിട്ടുണ്ട്. മലയാളിയുടെ ഏറ്റവും വലിയ സാമൂഹിക മൂലധനമാണ് സന്നദ്ധ സേവനം. അതിന്റെ ഉല്‍പ്പാദനക്ഷമത നഷ്ടപ്പെടുത്തുന്ന ഒരു സമീപനവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്.

Back to Top