24 Thursday
October 2024
2024 October 24
1446 Rabie Al-Âkher 20

സദാചാരം കാലഹരണപ്പെടുന്നില്ല

2018 സെപ്തംബര്‍ ആറാം തിയ്യതി ഇന്ത്യയിലെ പരമോന്നത കോടതി ഒരു സുപ്രധാന വിധി പ്രസ്താവത്തിലൂടെ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വവര്‍ഗരതി കുറ്റകരമല്ല എന്നു പ്രഖ്യാപിക്കുന്ന ഇരുപത്തി ആറാമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവും ആദ്യമായി നെതര്‍ലാന്റും (2000) അവസാനമായി ഇന്ത്യയും (2018)  സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 377 വകുപ്പനുസരിച്ചാണ് ഇത് കുറ്റകരമായി കാണുന്നത്. 2013ല്‍  വന്ന സുപ്രീംകോടതി വിധി തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഭരണഘടനാ ബഞ്ച് സ്വവര്‍ഗരതിയെ അംഗീകരിക്കുന്നത്.
സുപ്രീംകോടതിയുടെ ഈ വിധി പ്രസ്താവത്തെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്ന വാര്‍ത്തകള്‍ മീഡിയ നിറഞ്ഞുനില്‍ക്കുന്നു. ലോകമാധ്യമങ്ങള്‍ പോലും ഇന്ത്യയുടെ ഈ വിധിയില്‍ ആശ്വാസം കണ്ടെത്തുന്നുവത്രെ. ലോകം കാത്തിരുന്ന വിധി, നീതി ബോധത്തിന്റെ വിധി, അവകാശ സംരക്ഷണത്തിന്റെ വിധി എന്നിങ്ങനെ ഈ വിധിന്യായത്തെ പലരും പുകഴ്ത്തിപ്പറഞ്ഞിരിക്കുന്നു. 1837 ല്‍ മെക്കാളെ പ്രഭു കൊണ്ടുവന്ന വിക്‌ടോറിയന്‍ സംസ്‌കാരമായിരുന്നുവത്രെ സ്വവര്‍ഗരതി കുറ്റകരമായി കാണുക എന്നത്. സ്വവര്‍ഗരതി എന്നത് ഒരു തരം രതിവൈകൃതമാണെന്നും അത് സദാചാരവിരുദ്ധമാണെന്നും മാനവികതയ്ക്ക് യോജിക്കാത്തതാണെന്നും മതങ്ങള്‍ സിദ്ധാന്തിക്കുന്നു. ഈ മതകീയ ചിന്തയെ നിരാകരിച്ചുകൊണ്ടുള്ളതാണ് ഈ വിധി എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
‘വൈയക്തിക തെരഞ്ഞെടുപ്പിനെ ബഹുമാനിക്കലാണ് സ്വാതന്ത്ര്യത്തിന്റെ സത്ത’ എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിക്കുന്നു. ‘ഇക്കാലമത്രയും സാമൂഹിക ഭ്രഷ്ട് കല്പിച്ചതിന് സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തോട് ചരിത്രം മാപ്പു പറയണമെന്നാ’ണ് അനുബന്ധ വിധി ന്യായത്തില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്. ‘മറ്റൊരു കാലഘട്ടത്തിലെ മനുഷ്യ സങ്കല്പത്തിന്റെയും ധാര്‍മിക സങ്കല്പത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട പഴഞ്ചന്‍ നിയമങ്ങള്‍ ഇപ്പോഴും ചുമന്നു നടക്കുന്നത് വളര്‍ച്ചയുടെയും മാറ്റത്തിന്റെയും ലക്ഷണമല്ല’ എന്ന് ഒരു പ്രമുഖ മലയാള പത്രം മുഖപ്രസംഗമെഴുതുന്നു. ഇത്ര കൊട്ടിയാഘോഷിക്കാന്‍ എന്താണ് ഇവിടെ സംഭവിച്ചത് എന്നത് നമുക്ക് മനസ്സിലാവുന്നില്ല.
ഒരു വ്യക്തിക്ക് താനിച്ഛിക്കുന്ന ജീവിതം തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട് എന്ന ഒരു ബിന്ദുവില്‍ മാത്രമാണ് കോടതിയുടെ നിരീക്ഷണം. കേവല നിയമത്തിന്റെ പരിപ്രേക്ഷ്യത്തില്‍ അത് ശരിയാണു താനും. ഉഭയസമ്മതമുണ്ടെങ്കില്‍ വ്യഭിചാരം തെറ്റായി നിയമം കാണുന്നില്ല. പുരുഷന് ഒന്നിലേറെ ഭാര്യമാരെസ്വീകരിക്കാമെങ്കില്‍ സ്ത്രീക്ക് ഒന്നിലേറെ ഭര്‍ത്താക്കന്മാരും ആവുന്നതാണ് നീതി എന്ന് അടുത്ത ദിവസമാണ് ഇതേ കോടതി നിരീക്ഷിച്ചത്. അപ്പോള്‍ നിയമം അതിന്റെ വഴിക്ക് നീങ്ങും. വിശ്വാസവും സദാചാരബോധവും ധര്‍മ നിഷ്ഠയും മാനവികതയുടെ ഭാഗമാണെന്ന് നാം ഓര്‍ക്കുക.
ലൈംഗികത ജന്തു സഹജമായ ഒരു ജൈവ പ്രക്രിയയാണ്. വംശവര്‍ധനവിനായി ഇണ ചേരുക എന്ന മൃഗതൃഷ്ണയ്ക്കപ്പുറം ദാമ്പത്യജീവിതത്തിന്റെ ഏറ്റവും മനോഹരമായ ചാലകശക്തിയും ജീവിതാസ്വാദനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നുമാണ് മനുഷ്യന്റെ ലൈംഗികത എന്ന് മതങ്ങള്‍ പൊതുവിലും ഇസ്‌ലാം വിശേഷിച്ചും ഉദ്‌ഘോഷിക്കുന്നു. വിവാഹം, കുടുംബം, ബന്ധങ്ങള്‍ തുടങ്ങിയ മാനവിക ഭാവങ്ങള്‍ ഉദ്ഭവിക്കുന്നതും ഇതിലൂടെയാണ്. അതുകൊണ്ടാണ് ദാമ്പത്യത്തിനപ്പുറമുള്ള ലൈംഗിക ബന്ധം പാപമാണെന്ന് പറയുന്നത്. വ്യഭിചാരം വലിയ കുറ്റമായി കാണുന്നതും ഇക്കാരണത്താല്‍ തന്നെ. അതേ സമയം ഒരേ വര്‍ഗത്തിലുള്ള ലൈംഗികത പ്രകൃതി വിരുദ്ധമാണെന്നതില്‍ സംശയമില്ല. പ്രകൃതി വിരുദ്ധമായത് ശാസ്ത്ര വിരുദ്ധവും കൂടിയാണല്ലോ. എന്നാല്‍ മതാടിത്തറയുള്ള സദാചാര സങ്കല്പങ്ങള്‍ സമൂഹത്തില്‍ നിന്ന് തീര്‍ത്തും മാറിക്കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് ആധുനികര്‍ എന്നഭിമാനിക്കുന്നവര്‍.
സ്‌ത്രൈണതയും പൗരുഷവും സമ്മിശ്രമായി നില്‍ക്കുന്ന മൂന്നാം ലിംഗക്കാര്‍ സമൂഹത്തില്‍ ചില വിഷമതകള്‍ അനുഭവിക്കുന്നുണ്ട് എന്നത് നേരാണ്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കേണ്ടതുണ്ട്. എന്നാല്‍ മനോവൈകൃതം മൂലം തനിക്ക് ‘എതിര്‍ലിംഗത്തെ വേണ്ട’ എന്നു കരുതുന്ന സ്വവര്‍ഗാനുരാഗികള്‍ ലൈംഗിക ന്യൂനപക്ഷമായി വ്യവഹരിക്കപ്പെടുകയും അവരുടെ ‘സ്വാതന്ത്ര്യ’ത്തിനുവേണ്ടി സ്വവര്‍ഗരതി നിയമാനുസൃതം തന്നെയെന്ന് വിധിക്കുകയും ചെയ്യുന്നത് വലിയ പുരോഗതിയായി കാണാന്‍ കഴിയില്ല.
സദാചാരമെന്നത് ശാസ്ത്രം കൊണ്ട് തെളിയിക്കാവുന്നതോ നിയമം കൊണ്ട് നടപ്പാക്കാവുന്നതോ അല്ല. സദാചാരം, ധര്‍മബോധം തുടങ്ങിയ മൂല്യങ്ങളിലാണ് മാനവികതയുടെ നിലനില്പ.് തനിക്കിഷ്ടമുള്ളത് താന്‍ ചെയ്യുമെന്ന വികല വീക്ഷണമല്ല സ്വാതന്ത്ര്യം. സദാചാരം കാലഹരണപ്പെടുന്ന കാര്യമല്ല; കാലത്തിനനുസരിച്ച് ബദല്‍ സംവിധാനം ഒരുക്കാവുന്നതുമല്ല. ഉദാര ലൈംഗികത ഒരു സമൂഹത്തെയും പുരോഗതിയിലേക്ക് എത്തിക്കുകയില്ല. സദാചാരം പഠിപ്പിക്കേണ്ട മതമേലധ്യക്ഷന്‍മാരില്‍ നിന്നുള്ള ലൈംഗിക ചൂഷണത്തിനെതിരെ നീതി തേടി വിശ്വാസിസമൂഹം തെരുവിലിറങ്ങിയ ദിവസമാണ് ഇതെഴുതേണ്ടി വന്നത് എന്നത് യാദൃച്ഛികമായിരിക്കാം
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x