സച്ചാര്‍ അനന്തര ഇന്ത്യന്‍ മുസ്‌ലിംകള്‍
ബദ്‌രെ ആലം ഖാന്‍
മാറിമാറി വന്ന സര്‍ക്കാരുകള്‍ സച്ചാര്‍ കമ്മിറ്റി (2006), രംഗ്‌നാഥ് മിശ്ര കമ്മീഷന്‍ (2007), പ്രഫ. അമിതാഭ് കുണ്ടു കമ്മിറ്റി (2014) തുടങ്ങിയ കമ്മിറ്റികളുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ ഒന്നുംതന്നെ നടത്തിയിട്ടില്ലെന്ന് ഐപിഎസ് ഓഫീസറായ അബ്ദുറഹ്‌മാന്‍ Denial and Deprivation എന്ന ഗവേഷണ പുസ്തകത്തില്‍ അടിവരയിട്ട് പറയുന്നു.അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ ഒന്നാം ഗവണ്‍മെന്റിന്റെ കാലത്താണ് ഈ രണ്ട് റിപോര്‍ട്ടുകളും (SCR & RMC) പൊതുരംഗത്തേക്കു വന്നത്. സിവില്‍ സൊസൈറ്റി പുറത്തിറക്കിയ ഈ പുസ്തകം അക്കാദമിക വ്യവഹാരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌സിആര്‍, ആര്‍എംസി എന്നിവയുടെ പ്രസക്തി ചര്‍ച്ച ചെയ്യുമ്പോള്‍, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള വ്യവഹാരം ആദ്യമായി ‘സുരക്ഷ’യില്‍ നിന്ന് ‘വികസന’ത്തിലേക്ക് മാറിയെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു.
എന്നിരുന്നാലും, എസ്‌സിആര്‍ ശുപാര്‍ശകള്‍നടപ്പാക്കിയാല്‍ കൊളോണിയല്‍ ഇന്ത്യയില്‍ ഹണ്ടര്‍ റിപോര്‍ട്ട് ചെയ്തതുപോലുള്ള വര്‍ഗീയവിഭജനത്തിന് അത് മൂര്‍ച്ച കൂട്ടുമെന്ന് രാകേഷ് സിന്‍ഹ (ഇപ്പോള്‍ ബിജെപിയില്‍ നിന്ന് രാജ്യസഭാ എംപിയായ ആര്‍എസ്എസ് വക്താവ്) ഹണ്ടര്‍ റിപോര്‍ട്ടിനെ (1871) ഉദ്ധരിച്ച് പറയുകയുണ്ടായി. (ഈ റിപോര്‍ട്ട് മുസ്‌ലിം പിന്നാക്കാവസ്ഥ പഠിക്കാന്‍ കൊളോണിയല്‍ രാഷ്ട്രം രൂപീകരിച്ചതാണെന്നത് ശ്രദ്ധിക്കേണ്ടതാണ്). അതിനാല്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മുസ്‌ലിംകളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് ഈ റിപോര്‍ട്ടുകള്‍ തയ്യാറാക്കിയതെന്ന് സിന്‍ഹ അഭിപ്രായപ്പെടുന്നു. റഹ്‌മാന്‍ കൃതിയില്‍ (പേജ് 75) ഇതു രേഖപ്പെടുത്തിയിട്ടുണ്ട്.ഭാരതീയ വിചാര്‍ മഞ്ചിന്റെ ബാനറിനു കീഴില്‍ സിന്‍ഹയും മറ്റുള്ളവരും ചേര്‍ന്ന് ‘സച്ചാര്‍ കമ്മിറ്റി: രാഷ്ട്രത്തെ വിഭജിക്കാനുള്ള ഗൂഢാലോചന?’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചു. ഈ പുസ്തകത്തില്‍ അവര്‍ എസ്‌സിആറിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുകയും ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക നില എസ്‌സി-എസ്ടികള്‍ക്ക് തുല്യമാണെന്ന് അടിവരയിടുന്നത് അനുഭവപരമായി അംഗീകരിക്കാനാവില്ലെന്ന് വാദിക്കുകയും ചെയ്യുന്നു(പേജ് 75).
മോദിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ പലപ്പോഴും ഞങ്ങള്‍ സബ്കാ സാത്ത്, സബ്കാ വികാസ് എന്നിവയില്‍ വിശ്വസിക്കുന്നു എന്ന വലിയ വായില്‍ അവകാശവാദം ഉന്നയിക്കുന്നത് ഓര്‍ക്കണം. ലളിതമായി പറഞ്ഞാല്‍,മതേതര-ഇടതു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി, ബിജെപി സൈദ്ധാന്തികര്‍ പലപ്പോഴും അടിവരയിടുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വികസനപരവുമായ രാഷ്ട്രീയത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് എന്നാണ്.
ഈ അവകാശവാദത്തിനു വിരുദ്ധമായി എസ്‌സിആര്‍, ആര്‍എംസി റിപോര്‍ട്ടുകളെ ബിജെപി-ആര്‍എസ്എസ് സഖ്യം പ്രത്യയശാസ്ത്രപരമായി എതിര്‍ത്തതായി ഈ പുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ കുറെ വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ആള്‍ക്കൂട്ട ആക്രമണം, ആള്‍ക്കൂട്ടക്കൊല, ലൗജിഹാദ്, വിദ്വേഷ കുറ്റകൃത്യങ്ങള്‍, ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍, മുസ്‌ലിം സമുദായത്തോടുള്ള വിവേചനം എന്നിവ വന്‍തോതില്‍ വര്‍ധിച്ചതായി ഈ കൃതി പരാമര്‍ശിക്കുന്നു (പേജ് 531).ഇക്കാര്യത്തില്‍, സിയാഉല്‍ സലാമിനെപ്പോലെ ശ്രദ്ധേയനായ ഒരു പത്രപ്രവര്‍ത്തകന്‍’ലിഞ്ച് ഫയല്‍സ്: വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെ മറന്നുപോയ കഥ’ എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍2019ലെ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷവും പശുസംരക്ഷണത്തിന്റെ പേരില്‍ നടന്ന വര്‍ഗീയവും ആസൂത്രിതവുമായ കൊലപാതകങ്ങളും വ്യക്തമായി പകര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ, മുസ്‌ലിംകളെയും ദലിതരെയും വര്‍ഗീയ ശക്തികള്‍ ലക്ഷ്യമിടുന്നുണ്ടെന്നും വര്‍ഗീയവാദികളായ കുറ്റവാളികളെ ശിക്ഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഒന്നും ചെയ്തിട്ടില്ലെന്നും സലാം രേഖപ്പെടുത്തുന്നു.
മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരണഘടനാ മാനദണ്ഡങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അതീതമായി സാമ്പത്തികമായി ദരിദ്രരായ ഉയര്‍ന്ന ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കി.ബിജെപി-ആര്‍എസ്എസ് സഖ്യത്തെ സംബന്ധിച്ചിടത്തോളംദൈവശാസ്ത്രപരമായി ഇസ്‌ലാമിലും ക്രിസ്തുമതത്തിലും ജാതിവ്യവസ്ഥയില്ല എന്ന കാരണത്താല്‍ ദലിത് മുസ്‌ലിംകള്‍ക്കും ദലിത് ക്രിസ്ത്യാനികള്‍ക്കും ഈ സംവരണം നല്‍കിയില്ല. ഈ വാദങ്ങള്‍ക്കു വിരുദ്ധമായി ‘മുസ്‌ലിം-ക്രിസ്ത്യന്‍ സമുദായങ്ങളിലെ ദലിതരുടെ സാന്നിധ്യം ഭൂരിഭാഗം ആന്തോളജിസ്റ്റുകളും അംഗീകരിച്ചിട്ടുണ്ട്’ എന്നു ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ആക്ടിവിസ്റ്റും സ്‌കൂള്‍ അധ്യാപകനുമായ ഡോ. അയ്യൂബ് റയീനെപ്പോലുള്ളവര്‍ ബിഹാറിലെ വിദൂര ഗ്രാമത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പരമ്പരയില്‍ (ഭാരത് കേ ദലിത് മുസല്‍മാന്‍, 2018), ദലിത് മുസ്‌ലിംകളുടെ അവസ്ഥ മറ്റ് മത-സാമൂഹിക സംഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശമാണെന്നു തെളിയിച്ചിട്ടുണ്ട്. ഈ ആശയം ഈ കൃതിയിലും രചയിതാവ് അംഗീകരിച്ചിട്ടുണ്ട്.
റഹ്‌മാന്റെ അത്യധികം മികച്ച ഈ കൃതിയോട് ആദരവ് പ്രകടിപ്പിക്കുന്നതോടൊപ്പം, പസ്മാന്ദ പ്രസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ച സമുദായത്തിനുള്ളിലെജാതി-ലിംഗ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാത്തതില്‍ ഞാന്‍ അദ്ദേഹത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു. (ഉദാഹരണത്തിന്, ഉയര്‍ന്ന ജാതിക്കാരായ മുസ്‌ലിംകള്‍ ‘ജാതിപ്രശ്‌നം’ അംഗീകരിക്കുകയും കണക്കിലെടുക്കുകയും ചെയ്യുന്നില്ലെന്ന് താഴ്ന്ന ജാതിക്കാരായ മുസ്‌ലിംകള്‍ കുറ്റപ്പെടുത്താറുണ്ട്).
കൂടാതെ, ‘നവ-ലിബറല്‍ ഹിന്ദുത്വ’ (ഹിന്ദുത്വയിലെ നിലവിലെ അവതാരം ആഗോളവത്കരിക്കപ്പെട്ട ലോകത്തെ മേല്‍ജാതിക്കാര്‍ ആധിപത്യം പുലര്‍ത്തുന്ന കോര്‍പറേറ്റ് ക്ലാസുമായി അവിശുദ്ധ സഖ്യത്തിലാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്) അധഃസ്ഥിത മുസ്‌ലിം ജനസമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് പുസ്തകം ഒരു വിധത്തില്‍ നിശ്ശബ്ദത പാലിക്കുന്നു.
എസ്‌സിആറിന്റെയും മറ്റ് റിപോര്‍ട്ടുകളുടെയും വെളിച്ചത്തില്‍ അമീറുല്ലാ ഖാന്‍, അബ്ദുല്‍ അസീം അഖ്തര്‍ തുടങ്ങിയ എഡിറ്റര്‍മാര്‍ അടുത്തിടെ പുറത്തിറക്കിയ വളരെ മികച്ച സൃഷ്ടിയാണ് ‘വിഷന്‍ 2025: സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പൊതുമുഖ പദ്ധതിയുടെ ആവശ്യം എന്ത്?’ (2018) എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച പുസ്തകം. വിദ്യാഭ്യാസം, വഖ്ഫ് ബോര്‍ഡുകള്‍, ഇസ്‌ലാമിക് ബാങ്കിങ്, സമൂഹത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചാ പരിഷ്‌കരണങ്ങളില്‍ മുസ്‌ലിംകളെ ഒഴിവാക്കല്‍ തുടങ്ങിയ പ്രസക്തമായ വിഷയങ്ങളില്‍ നിരവധി നല്ല ശുപാര്‍ശകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. സമുദായ നേതാക്കളും ബുദ്ധിജീവികളും സിവില്‍ സമൂഹ ഗ്രൂപ്പുകളും വലിയ തോതില്‍ ഉയര്‍ത്തിയ ഈ കാര്യങ്ങളൊന്നും അറിഞ്ഞോ അറിയാതെയോ റഹ്‌മാന്‍ സ്പര്‍ശിച്ചിട്ടില്ല. എന്നിരുന്നാലും, ദലിത് മുസ്‌ലിംകളെ കുറിച്ചും ‘വിഷന്‍ 2025’ല്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം ഹ്രസ്വമായി പരാമര്‍ശിച്ചു.
ആമുഖ അധ്യായത്തില്‍, എസ്‌സിആര്‍ & ആര്‍എംസിക്കു ചുറ്റുമുള്ള പൊതു-രാഷ്ട്രീയ മേഖലയിലെ മതനിരപേക്ഷ ചിന്താഗതിയുള്ള ബുദ്ധിജീവികള്‍ക്കൊപ്പം സമുദായ നേതാക്കളുടെയും വിചാരകേന്ദ്ര സംഘടനകളുടെയും പ്രതികരണം ഉള്‍ക്കൊള്ളുന്നു.വര്‍ഗീയ ശക്തികളില്‍ നിന്ന് വ്യത്യസ്തമായി, സാമുദായിക നേതാക്കളും പുരോഗമന പണ്ഡിതന്മാരും സാമൂഹിക പ്രവര്‍ത്തകരും രണ്ടു റിപോര്‍ട്ടുകളെയും സ്വാഗതം ചെയ്യുകയും പൊതുരംഗത്ത് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.വിഷയാധിഷ്ഠിതമായി ഈ പുസ്തകത്തെ വിശാലമായ മൂന്ന് വിഭാഗമായി തരം തിരിക്കാം.
വിവിധ അധ്യായങ്ങള്‍
അധ്യായം 4 മുതല്‍ 10 വരെ: ന്യൂനപക്ഷ അവകാശങ്ങള്‍, ഉര്‍ദു, മദ്രസകള്‍, സാമൂഹിക-വിദ്യാഭ്യാസ സാഹചര്യങ്ങള്‍, ബാങ്ക് വായ്പയിലേക്കുള്ള പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ പൗരസമൂഹത്തിന്റെയും വിചാരകേന്ദ്ര സംഘടനകളുടെയും അഭിപ്രായം കണക്കിലെടുത്തുകൊണ്ടുതന്നെ വിമര്‍ശനാത്മകമായി അവലോകനം ചെയ്തിട്ടുണ്ട്.
അധ്യായം 11 മുതല്‍ 16 വരെ: സാമൂഹികവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങള്‍, ദാരിദ്ര്യം, മുസ്‌ലിം സമുദായത്തിലെ തൊഴിലില്ലായ്മ, വഖ്ഫ് സ്വത്തുക്കള്‍, ഏറ്റവും പുതിയ ഡാറ്റയുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംവാദങ്ങള്‍ തുടങ്ങിയ പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിമര്‍ശനാത്മകമായി വിശകലനം നടത്തുകയും ചെയ്തിട്ടുണ്ട്. ഹിന്ദുത്വ ദേശീയ ശക്തികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന മിഥ്യയില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സാഹചര്യങ്ങള്‍ അങ്ങേയറ്റം ദയനീയമായി തുടരുന്നുവെന്ന് റഹ്‌മാന്‍ ഈ അധ്യായങ്ങളില്‍ കാണിച്ചുതരുന്നു.
അവസാനത്തെ മൂന്ന് അധ്യായങ്ങള്‍, 17 മുതല്‍ 19 വരെ: രണ്ട് റിപോര്‍ട്ടുകളുടെയും (എസ്‌സിആര്‍ & ആര്‍എംസി) പ്രായോഗിക നിര്‍വഹണത്തിന്റെ അവസ്ഥ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിനുംനീക്കിവെച്ചിരിക്കുന്നു.
‘രണ്ട് റിപോര്‍ട്ടുകള്‍ക്കു ശേഷമുള്ള റിപോര്‍ട്ടുകള്‍’ എന്ന തലക്കെട്ടിലുള്ള അധ്യായം 19ല്‍, 2014ല്‍ സമര്‍പ്പിച്ച പ്രൊഫ. അമിതാഭ് കുണ്ടു റിപോര്‍ട്ടിനെക്കുറിച്ച് രചയിതാവ് ചര്‍ച്ച ചെയ്തിട്ടുണ്ട്.ലിംഗഭേദം, ജാതി, മതം, വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം തടയാന്‍ സര്‍ക്കാര്‍ തുല്യാവസര കമ്മീഷനും (ഇഒസി) വൈവിധ്യ സൂചികയും (ഡിഐ) വിവേചനവിരുദ്ധ നിയമനിര്‍മാണങ്ങളും വികസിപ്പിക്കണമെന്ന് എസ്‌സിആര്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രൊഫ. കുണ്ടു പറഞ്ഞു (പേജ് 469). ചുരുക്കത്തില്‍, വര്‍ഗീയ ശക്തികള്‍ക്ക് വിരുദ്ധമായി, ഇന്ത്യയെക്കുറിച്ചുള്ള ഒരു ‘ഉള്‍ക്കൊള്ളുന്ന’ ആശയം കെട്ടിപ്പടുക്കുന്നതിനും നിര്‍മിക്കുന്നതിനും എസ്‌സിആറിന് വിശാലമായ കാഴ്ചപ്പാടുണ്ടെന്ന് പ്രൊഫ. കുണ്ടു പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ച് ഗ്രന്ഥകാരന്‍ എഴുതുന്നു: ”ആധുനികതയെ ആത്മവിശ്വാസത്തോടെ ചര്‍ച്ച ചെയ്യുന്നതിനായി ഇജ്തിഹാദിന്റെയും (സമകാലിക വെല്ലുവിളികളെ നേരിടാന്‍ ഖുര്‍ആനിന്റെയും പ്രവാചക അധ്യാപനങ്ങളുടെയും വെളിച്ചത്തില്‍ ‘ഇസ്‌ലാമിക ദൈവശാസ്ത്ര’ത്തിന്റെ വ്യാഖ്യാനങ്ങള്‍) മസ്‌ലഹയുടെയും പാരമ്പര്യങ്ങള്‍ വീണ്ടെടുക്കാന്‍ അവരുടെ സ്വന്തം തത്വങ്ങള്‍ പുനഃപരിശോധിക്കാന്‍ ഹാമിദ് അന്‍സാരി മുസ്‌ലിംകളെ ഉപദേശിക്കുന്നു” (പേജ് 503, 504).
രാഷ്ട്രീയ പ്രാതിനിധ്യ പ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം ഡീലിമിറ്റേഷന്‍, ഫസ്റ്റ്-പാസ്റ്റ്-ദി പോസ്റ്റ് (എഫ്പിടിപി) തിരഞ്ഞെടുപ്പുരീതികള്‍ കാരണം വര്‍ഗീയവത്കരിക്കപ്പെട്ട രാഷ്ട്രീയ ഇടത്തില്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹമായ രാഷ്ട്രീയ പ്രാതിനിധ്യം നേടാന്‍ കഴിയുന്നില്ലെന്നാണ് പുസ്തകം ചൂണ്ടിക്കാണിക്കുന്നത്:
”ജനസംഖ്യാനുപാതികമായി മുസ്‌ലിംകള്‍ കുറഞ്ഞത് 77 എംപിമാരെങ്കിലും തിരഞ്ഞെടുക്കപ്പെടണം. നിലവില്‍ ലോക്‌സഭയില്‍ 24 മുസ്‌ലിം എംപിമാര്‍ മാത്രമേയുള്ളൂ എന്നത് ഖേദകരമാണ്. ഇത് സമുദായത്തിന്റെ വലിയ രാഷ്ട്രീയ നഷ്ടങ്ങള്‍ക്ക് അടിവരയിടുന്നു” (പേജ് 494).
റഹ്‌മാന്റെ കൃതിയോട് കുറച്ച് വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, സച്ചാറിനു ശേഷമുള്ള കാലഘട്ടത്തില്‍ നടന്ന ചര്‍ച്ചകളെ സ്പര്‍ശിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ആദ്യത്തെ പുസ്തകമാണിത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ സങ്കീര്‍ണവും ദയനീയവുമായ സാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹം സമുദായ നേതാക്കള്‍ക്ക് ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.സമൂലമായ പ്രത്യയശാസ്ത്രം ഒഴിവാക്കാനും, ദരിദ്രരെയും മനുഷ്യരാശിയെയും സേവിക്കണമെന്ന ബോധം വളര്‍ത്തിയെടുക്കാന്‍ പ്രവാചകന്റെ സമത്വ മൂല്യങ്ങളും പാഠങ്ങളും സ്വീകരിക്കാനും, അതോടൊപ്പം കമ്മ്യൂണിറ്റി ആശങ്കകളുടെയും വ്യക്തിഗത വികസനത്തിന്റെയും പുരോഗതിക്കും വ്യവഹാരങ്ങള്‍ക്കും വേണ്ടി വിവരാവകാശ നിയമം (RTI Act) ഉപയോഗിക്കാനും അദ്ദേഹം അഭ്യര്‍ഥിക്കുന്നു.അതിലും പ്രധാനമായി ദലിതര്‍, ആദിവാസി പ്രസ്ഥാനങ്ങള്‍, ചെറുത്തുനില്‍പ്‌സമരങ്ങള്‍ (പേജ് 500) എന്നിവയില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും, ഭരണഘടനാപരവും ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളുടെ മുന്‍വശത്തു നിന്ന് വലിയ പൊതു-രാഷ്ട്രീയ മണ്ഡലത്തില്‍ സാമുദായിക ആശങ്കകള്‍ വ്യക്തമാക്കുന്നതിന് ആ വഴികളെക്കുറിച്ച് ചിന്തിക്കാനും എഴുത്തുകാരന്‍ നിര്‍ദേശിക്കുന്നു.
അബ്ദുറഹ്‌മാന്റെ സമയോചിതമായ ഇടപെടലും ഒരു നല്ല ചുവടുവെപ്പുമാണ് ഈ പുസ്തകം. പണ്ഡിതന്മാരോടും പത്രപ്രവര്‍ത്തകരോടും രാഷ്ട്രീയക്കാരോടും സാമുദായിക നേതാക്കളോടും ബഹുജനങ്ങളോടും സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇപ്പോഴത്തെ നിഷേധവും ഇല്ലായ്മകളും മനസ്സിലാക്കാന്‍ഞാന്‍ ഈ പുസ്തകം നിര്‍ദേശിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.
(ഡല്‍ഹി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പിലെ ഗവേഷകനാണ് ലേഖകന്‍)
വിവ. ജംഷിയ