സംവരണവും ഉപസംവരണവും ഫലപ്രദമാകണം
അബ്ദുല്‍ഹമീദ്
പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്ക് പൊതുവില്‍ നല്‍കിക്കൊണ്ടിരുന്ന സംവരണത്തെ ഉപജാതിയായി തിരിച്ച് സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. ഈ വിധി ഭരണഘടനാവിരുദ്ധമാണെന്നും സജാതീയ സമൂഹങ്ങളെ വിഘടിപ്പിക്കുന്നതാണെന്നുമൊക്കെ വാദമുയര്‍ത്തി അതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുന്നുണ്ട്.
രൂപീകരിക്കപ്പെട്ട ഘട്ടത്തില്‍ താരതമ്യേന സമാനമായ സാമൂഹിക ഗ്രൂപ്പുകളെയാണ് എസ്‌സി-എസ്ടി ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും ലഭ്യമായ സംവരണത്തിന്റെ ഗുണഫലം ലിസ്റ്റിലുള്ളവര്‍ക്ക് തുല്യമായി അനുഭവിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. സാമൂഹികവും സാമ്പത്തികവും തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ അന്തരങ്ങള്‍ അത്രമേല്‍ എസ്‌സി-എസ്ടി ലിസ്റ്റിലുള്ളവര്‍ക്കിടയിലുണ്ട്. ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അനിവാര്യമായ ജാതി സെന്‍സസിലേക്കും അതിന്റെ അടിസ്ഥാനത്തില്‍ സംവരണനയത്തില്‍ വരുത്തേണ്ട മാറ്റങ്ങളിലേക്കുമാണ്.
രാഷ്ട്രപതിയെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെയും രാഷ്ട്രത്തിന് സംഭാവന ചെയ്ത പട്ടികജാതി സമൂഹങ്ങള്‍ കേരളത്തിലുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എംഎല്‍എമാരും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമെല്ലാം വളര്‍ന്നുവന്ന സമൂഹങ്ങള്‍. ഒന്നര നൂറ്റാണ്ട് മുമ്പുതന്നെ അക്ഷരത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുകയും ഐഎഎസുകാരെയും ഐപിഎസുകാരെയും സൃഷ്ടിക്കുകയും ചെയ്യുന്ന സമൂഹങ്ങളെ പട്ടികവര്‍ഗക്കാര്‍ക്കിടയിലും കാണാം. ഈ നേട്ടത്തില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുമ്പോഴും ഇത്തരമൊരു വളര്‍ച്ച സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത നിരവധി സമൂഹങ്ങള്‍ രണ്ടു ലിസ്റ്റിലുമുണ്ട് എന്ന യാഥാര്‍ഥ്യം കാണാതിരിക്കാനാവില്ല. ഈ അന്തരം എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യനീതിയുടെ നിഷേധമാണ്. അത് ഉറപ്പുവരുത്തുകയെന്നത് രാഷ്ട്രത്തിന്റെ കടമയാണ്. പട്ടികജാതി-പട്ടികവര്‍ഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രഖ്യാപിക്കുന്ന 2024 ആഗസ്ത് ഒന്നിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ചിന്റെ വിധി പട്ടികജാതി-പട്ടികവര്‍ഗ ലിസ്റ്റുകളില്‍ നിഷേധിക്കപ്പെട്ട തുല്യനീതിയുടെ പുനഃസ്ഥാപനമാണ്. അതേസമയം, ക്രീമിലെയര്‍ വര്‍ഗീകരണം നടത്തണമെന്ന നിര്‍ദേശം സംവരണത്തെ അട്ടിമറിക്കാനാണ് ഉപകരിക്കുക.