സംഘികള്‍ തന്നെയാണ് ഭീകരര്‍ അതാണ് ചരിത്രവും വര്‍ത്തമാനവും വി ദത്തന്
ഭരണഘടനാ വിരുദ്ധമായി മുസ്ലിംകളെ ഒഴിവാക്കി അമിത്ഷാ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്. ഈ സമരങ്ങളെ നേരിടാന്‍ സകലവിധ പരിപാടികളും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരും സംഘികളും. നുണയും വെറുപ്പും കള്ളക്കേസ്സുകളും അവര്‍ ചമച്ചു കൊണ്ടിരിക്കുന്നു. മുസ്ലിംകളെല്ലാം തീവ്രവാദികള്‍ ആണെന്നതാണ് സംഘികള്‍ പ്രചരിപ്പിക്കുന്ന ഒരു പ്രധാന നുണ.
ഐ എസ്സും അതുപോലുള്ള ഭീകര സംഘങ്ങളും ആഗോള തലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ വാസ്തവം മറിച്ചാണ്. ഇന്ത്യയില്‍ തീവ്രവാദത്തിന്റെ പ്രചാരകരും പ്രവര്‍ത്തകരും ബ്രാഹ്മണ പൗരോഹിത്യ മേധാവികള്‍ നിയന്ത്രിക്കുന്ന ഹിന്ദുക്കളാണെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കൊടുംഭീകരന്, രാഷ്ട്രപിതാവായ ഗാന്ധിജിയുടെ നേര്‍ക്ക് നിറയൊഴിച്ച ഗോഡ്സെയാണ്. അയാള്‍ മുസ്ലിം ആയിരുന്നില്ല. ഒന്നാംതരം മഹാരാഷ്ട്ര ബ്രാഹ്മണന്. മാത്രമല്ല ഒരേ സമയം ഹിന്ദുമഹാസഭാ നേതാവും ആര് എസ് എസ് പ്രവര്‍ത്തകനുമായിരുന്നു.
ഗാന്ധിജി വധക്കേസ്സില്‍ ഗോഡ്സേയോടൊപ്പം പ്രതികളായിരുന്ന എല്ലാവരും ഉന്നതകുലജാതരായ ഹിന്ദുക്കളായിരുന്നു. അയാളോടൊപ്പം തൂക്കിലേറ്റിയ നാരായണ്‍ ആപ്തെ, മറ്റു കൂട്ടുപ്രതികളായ വി ഡി സവര്‍ക്കര്‍, ദിഗംബര്‍ ബാഡ്ഗെ, ശങ്കര്‍ കിസ്തയ്യ, ദത്താത്രേയ പര്‍ച്ചുരെ, വിഷ്ണു കാര്‍ക്കറെ, മദന്‍ലാല്‍ പഹ്വാ, ഗോപാല്‍ ഗോഡ്സേ എന്നിവരാരും മുസ്ലിംകളായിരുന്നില്ല. തന്നെയുമല്ല ഇവരെല്ലാം ആര് എസ് എസ്സിന്റെയും ഹിന്ദുമഹാസഭയുടെയും നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ എന്നാരോപിക്കപ്പെട്ട വി ഡി സവര്‍ക്കറാകട്ടെ ഒന്നാംതരം മറാത്തി ബ്രാഹ്മണനും. ഇന്ത്യയെ വിഭജിക്കണമെന്ന് ജിന്നയ്ക്ക് മുമ്പേ 1937-ല്‍ തന്നെ ആവശ്യപ്പെട്ട വിഘടനഭീകരനും സവര്‍ക്കരാണ്.
ഇന്ത്യയെ ശിഥിലീകരിക്കാനും അസ്ഥിരപ്പെടുത്താനും ഭിന്ന മതക്കാരെ തമ്മിലടിപ്പിച്ചു മുതലെടുക്കാനും ശ്രമിച്ചവരും ശ്രമിച്ചുകൊണ്ടിരിക്കുന്നവരും ആര് എസ് എസ്, ഹിന്ദുതീവ്രവാദികളാണ്. ഇന്ത്യന്‍ യൂണിയനും പാകിസ്താനുമായി വേര്‍പിരിഞ്ഞതിനു ശേഷം ഇന്ത്യയില്‍ ഏറ്റവും വലിയ വംശഹത്യ നടന്നതു ഗുജറാത്തിലാണ്. രണ്ടായിരത്തിലധികം മുസ്ലിംകളെയാണ് നരേന്ദ്രമോദി അവിടെ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘപരിവാരങ്ങള്‍ കൊന്നൊടുക്കിയത്. ക്രൂരമായ ആ നരമേധത്തില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് നാനാവതി കമ്മീഷനും കോടതികളും കുറ്റവിമുക്തരാക്കിയെങ്കിലും മോദിയും അമിത് ഷായും നിരപരാധികളാണെന്ന് ഒരു കുഞ്ഞുപോലും വിശ്വസിക്കുന്നില്ല. മോദിമന്ത്രിസഭയിലെ പ്രമുഖാംഗമായിരുന്ന മായാ കോട്നാനി നരോദപാട്യ കൂട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായി. ബി ജെ പി ഭരണകൂടത്തിന്റെ ഒത്താശയോടെ 2018-ല്‍ അവര്‍ കുറ്റവിമുക്തയായി പുറത്തുവന്നു. ഗുജറാത്ത് മുസ്ലിം വംശഹത്യയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലില്‍ കിടന്ന 17 കൊലപാതകികള്‍ക്കു സുപ്രീംകോടതി വിചിത്രമായ ഉപാധികളോടെ ജാമ്യം അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്.
സഹ്റാബുദ്ദീന് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും കോടതി ഉത്തരവ് പ്രകാരം 2010-ല്‍ നാട് കടത്തപ്പെടുകയും ചെയ്ത ആളാണ് അമിത്ഷാ. 2012-ല്‍ സുപ്രീംകോടതി ജാമ്യം അനുവദിക്കും വരെ സ്വന്തം നാട്ടില്‍ കടക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മോദി, ഷാമാരെ ഏതു കോടതി കുറ്റവിമുക്തരാക്കിയാലും, വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ നടത്തിയ പരസ്യ വെളിപ്പെടുത്തല്‍ വംശഹത്യയില്‍ അവര്‍ക്കുള്ള പങ്കിന്റെ സാക്ഷ്യപത്രമാണ്.
‘വ്യാജ ഏറ്റുമുട്ടലില്‍ തന്നെ കൊലപ്പെടുത്താനാണ് ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്’ എന്നാണ് കണ്ണീരില്‍ കുതിര്‍ന്ന അദ്ദേഹത്തിന്റെ ആരോപണം. ഇന്ത്യ ഒട്ടാകെ വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ ബി ജെ പിയുടെ സേനാനായകനായി നിന്ന് പ്രവര്‍ത്തിച്ച തൊഗാഡിയ ഭയവും സങ്കടവും ആശങ്കയുംനിരാശയും മറച്ചുവയ്ക്കാതെ പത്രക്കാര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഏതു കോടതി വിധിയേക്കാളും ഏതു അന്വേഷണ റിപ്പോര്‍ട്ടിനെക്കാളും വിശ്വസനീയവും സത്യസന്ധവുമാണ്. ഗുജറാത്തിലെ ഏറ്റവും പ്രമുഖനായ ബി ജെ പി നേതാവായിരുന്ന ഹേരന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയവര്‍ക്ക് താന്‍ വെറും അശുവാണെന്ന് തൊഗാഡിയയ്ക്ക് നന്നായറിയാം. ഈ പത്രസമ്മേളനം നടത്തി ഏതാനും നാള് കഴിഞ്ഞപ്പോള്‍ തൊഗാഡിയ സഞ്ചരിച്ച കാറിനു നേരെ ആക്രമണമുണ്ടായ വാര്‍ത്ത, അദ്ദേഹത്തിന്റെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് തെളിയിച്ചു. ഇവിടെയും അക്രമകാരികളും ഏറ്റുമുട്ടല്‍ വിദഗ്ധരും ഒന്നും മുസ്ലിംകളല്ല. ഇന്ത്യന്‍ ഹിന്ദുക്കളും ‘വിശ്വഹിന്ദു’ക്കളും തന്നെ.
2008 സപ്തംബര്‍ 29-നു മഹാരാഷ്ട്രയിലെ മാലെഗാവിലും ഗുജറാത്തിലെ മൊഡോസയിലും ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെടുകയുണ്ടായി. ഈ സ്ഫോടനത്തിന്റെ സൂത്രധാരന്‍ കടുത്ത ആര് എസ് എസ്- ബി ജെ പി സംഘപരിവാര പുത്രിയും ഗോഡ്സെ ആരാധികയും മോദിഭക്തയും ഭോപാല്‍ എം പിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ എന്ന ഭയങ്കരിയാണ്. കൂട്ടുപ്രതിയാകട്ടെ ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതും. അവര്‍ രണ്ടു പേരും മുസ്ലിംകളല്ല. അജ്മീര്‍ ദര്‍ഗ, മക്കാ മസ്ജിദ്, സംഝോധാ എക്സ്പ്രസ് എന്നിവിടങ്ങളില്‍ ബോംബു വച്ചത് അസീം ആനന്ദ് എന്ന ആര് എസ് എസ് കാവി ഭീകരന്റെ പങ്കു പോലീസ് കണ്ടെത്തിയിരുന്നു. 2013-ലെ മുസാഫര്‍ നഗര്‍ കലാപം ആസൂത്രണം ചെയ്തതും സംഘപരിവാര്‍ സംഘങ്ങളായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് കൊല്ലപ്പെട്ട ഹിന്ദുക്കളുടെ ഇരട്ടി മുസ്ലിംകള് ആ കലാപത്തില്‍ കൊല്ലപ്പെട്ടു. ധാരാളം മുസ്ലിം കുടുംബങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തു. അവിടെ നടത്തിയ കൊലപാതകങ്ങളും കൊള്ളയും കൊള്ളിവയ്പ്പും ആണ് തങ്ങള്‍ക്കു ബാലികേറാമലയായിരുന്ന ഉത്തര്‍പ്രദേശില്‍ ആധിപത്യം ഉറപ്പിക്കാന്‍ ബി ജെ പിയെ സഹായിച്ചത്.
2016-ല്‍, അന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ആയിരുന്ന കനയ്യകുമാറിനെ മോദി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുകയും തീഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബി ജെ പിയുടെ അഭിഭാഷകരായ ക്രിമിനലുകള്‍ ജഡ്ജിയുടെ മുമ്പിലിട്ടു തല്ലി. നിയമം കയ്യിലെടുത്ത ആ വര്‍ഗീയ വെറിയന്മാര്ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. കനയ്യയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് ശിക്ഷിക്കാന്‍ ശ്രമിച്ചതും സംഘപരിവാരങ്ങളാണ്. അതും ചീറ്റിപ്പോയി. അന്യായമായ ഫീസ് വര്‍ധനവിനെതിരെ അടുത്തകാലത്ത് സമരം ചെയ്ത ജെ എന്‍ യുവിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ തല തല്ലിക്കീറിയതും കാമ്പസില്‍ കയറി അതിക്രമങ്ങള്‍ കാട്ടിയതും ഹിന്ദുമത ഭ്രാന്തന്മാരായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജാമിഅ മില്ലിയ ഇസ്ലാമിയയിലെയും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ഥികളെ കാമ്പസില്‍ കയറി ഉപദ്രവിച്ചതും ഹൈന്ദവ ഗുണ്ടകളായിരുന്നു.
ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ രാജ്ഘട്ടിലേക്ക് മാര്‍ച്ച് ചെയ്ത ജാമിഅ മില്ലിയ വിദ്യാര്‍ഥികളെ വെടിവച്ചതും ഷായുടെ ശിഷ്യനായ ഒരു ഹിന്ദുമത ഭ്രാന്തനായിരുന്നു. അമിത് ഷായുടെ പോലീസുകാര്‍ നോക്കി നില്ക്കുമ്പോള് ആയിരുന്നു പുതിയ ഗോഡ്സെയുടെ പരാക്രമം. ഏതാനും ദിവസം മുമ്പ് മംഗലാപുരം വിമാനത്താവളത്തില്‍ ബോംബു വച്ച ഭീകരനും സംഘപരിവാരമായിരുന്നു. ഭീകര പ്രവര്‍ത്തനം നടത്തിയ മോദി, ഷാമാരുടെ അനുയായികളായ ചെറുപ്പക്കാര്‍ക്കെല്ലാം മനോരോഗമാണെന്ന് ചിത്രീകരിച്ചു രക്ഷപ്പെടുത്താനാണ് ഷായുടെ പോലീസ് ശ്രമിക്കുന്നത്. ഇതിനൊക്കെ പുറമെ 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന കാലം മുതല്‍ ഗോഹത്യ ആരോപിച്ച് ഹിന്ദു ഭീകരര്‍ നിരവധി മുസ്ലിംകളെ തല്ലിക്കൊന്നിട്ടുണ്ട്. 2014 മുതല്‍ 2019 ഡിസംബര്‍ വരെ 45 പേരെ കൊല്ലുകയും 56 പേരെ മാരകമായി പരിക്കേല്പിക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. മുസ്ലിംകള്ക്ക് നേരെ ഈ അതിക്രമം കാണിച്ചിട്ടുള്ളവരെല്ലാം ആര് എസ് എസ്സിലും അനുബന്ധ ഹിന്ദു സംഘടനകളിലും പെട്ട തീവ്രവാദികളാണ്.
ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ പശുക്കുട്ടിയെ കൊന്നെന്ന് ആരോപിച്ചു മുഹമ്മദ് അഖ്ലാഖ് എന്ന 52 വയസ്സുകാരനെ തല്ലിക്കൊന്നത് സമീപത്തുള്ള അമ്പലത്തിലെ പൂജാരി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍, ബി ജെ പി ഹിന്ദു കാപാലികരാണ്. അയാളുടെ വീട്ടില്‍ നിന്നു പശുവിറച്ചിയെന്നും പറഞ്ഞു വിശ്വഹിന്ദു ക്കള്‍ ‘കണ്ടുകെട്ടിയ’ ഇറച്ചി ആടിന്റെതാണ് എന്ന് പരിശോധനയില്‍ തെളിഞ്ഞു. അഖ്ലഖിന്റെ മൂത്ത മകന് എയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്നു. എന്നിട്ട് പോലും, പട്ടാളക്കാര്‍ക്ക് വേണ്ടി മുതലക്കണ്ണീര് ഒഴുക്കുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെ ആരും ആ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ എത്തിയില്ല. 72 വര്‍ഷമായി താമസിച്ചിരുന്ന സ്വന്തം വീടും കൂടും വിട്ട് അയാളുടെ അവശേഷിച്ച ബന്ധുക്കള്‍ അവിടെ നിന്നും പലായനം ചെയ്തു. അഖ്ലഖ് വധക്കേസില്‍ പ്രതികളായ 19-ല്‍ 16 പേരെയും തന്റെ തെരഞ്ഞെടുപ്പു റാലികളില്‍ ആദിത്യനാഥ് പങ്കാളികളാക്കി. പിന്നീട് യു പി മുഖ്യമന്ത്രി ആയപ്പോള്‍ അവര്‍ക്കെല്ലാം അയാള്‍ ജോലിയും നല്കി. ഈ കൊലപാതകികള്‍ ആരും മുസ്ലിംകളായിരുന്നില്ല. ആദിത്യനാഥ് കിങ്കരന്മാരായ ഹിന്ദു തീവ്രവാദികളായിരുന്നു.
2018-ല്‍ ജമ്മുകശ്മീരിലെ കത്വ എന്ന സ്ഥലത്തുള്ള ക്ഷേത്രത്തില്‍ വച്ച് 8 വയസ്സ് മാത്രം പ്രായമുള്ള ഒരു മുസ്ലിം പെണ്‍കുട്ടിയെ അമ്പലത്തിലെ പൂജാരി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു. അന്ന് ബി ജെ പിയും പി ഡി പിയും ഒന്നിച്ച് ജമ്മുകശ്മീര്‍ ഭരിക്കുന്ന കാലമാണ്. ആ കൊലപാതകത്തിലും മുസ്ലിംകളായിരുന്നില്ല പ്രതികള്‍.
2019-ല്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ രൂപം സൃഷ്ടിച്ച് അതില്‍ വെടിവച്ചു രസിച്ച ഹിന്ദുമഹാസഭയുടെ നേതാവായ സ്ത്രീയും മുസ്ലിമല്ല. ഗാന്ധിജിയെ ‘മഹാത്മാ’ ആക്കിയതോര്ക്കുമ്പോള് തന്റെ രക്തം തിളയ്ക്കുകയാണെന്നു പറഞ്ഞത് ബി ജെ പിയുടെ എം പിയും മുന്‍ മന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡെയാണ്. ഗാന്ധിജിയുടെ സ്വാതന്ത്ര്യസമരം ഒത്തുകളിയായിരുന്നു എന്ന് ആക്ഷേപിച്ച ഇയാള്‍ ഗോഡ്സെയെക്കാള്‍ നീചനായ ഭീകരനാണ്.
ശാഹീന്‍ ബാഗില്‍ സമരം ചെയ്യുന്ന വനിതകളെയും കുട്ടികളെയും വെടിവച്ചു കൊല്ലണമെന്ന് പറയുന്ന യോഗി ആതിത്യനാഥും കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറും ഭീകരന്മാരില് ഭീകരന്മാരാണ്. ഭരണഘടനയെ തൊട്ടു സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലെത്തിയ ഇവര്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും കൂടിയാണ് നടത്തിയിരിക്കുന്നത്. സന്യാസ വേഷം കെട്ടി തീവ്രവാദത്തിനു ഉന്നമിടുന്ന ആദിത്യനാഥന് യോഗി വര്‍ഗത്തിന് തന്നെ അപമാനമുണ്ടാക്കുന്ന ഭീകരനാണ്.
ഇങ്ങനെ സ്വതന്ത്ര ഭാരതത്തില്‍ നടന്നിട്ടുള്ള ഭീകര, വിധ്വംസക പ്രവര്‍ത്തനത്തിനു ചുക്കാന്‍പിടിച്ച തീവ്രവാദികള്‍ മുഴുവനും ആര് എസ് എസ്, സംഘപരിവാര്‍, ബി ജെ പി സംഘടനകളില്‍ പെട്ട ഹിന്ദുക്കളാണെന്നു കാണാം. ഭരണഘടനയ്ക്കും ഇന്ത്യയുടെ സംസ്കാരത്തിനും എതിരായി ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാന്‍, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരുടെ പിന് തലമുറ പറഞ്ഞു പരത്തുന്ന പെരും നുണകളില്‍ ഒന്നാണ് ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദം. കൊടും തീവ്രവാദികളായ അണികളുടെയും നേതാക്കളുടെയും തനിനിറം പുറത്തറിയാതിരിക്കാന്‍ അവര്‍ കണ്ടെത്തിയ തന്ത്രമാണ് മുസ്ലിംകളുടെ മേല്‍ തീവ്രവാദം ആരോപിക്കുക എന്നത്.