സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ മതം ഉപയോഗിക്കുന്നതിനെതിരെ മാര്‍പാപ്പയുടെ മുന്നറിയിപ്പ്
സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ മതം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ പ്രഥമ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസം തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഇസ്തിഖ്ലാല്‍ പള്ളിയില്‍ ഗ്രാന്‍ഡ് ഇമാമുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഇമാമുമായി മതസൗഹാര്‍ദവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുകയും ആറ് മതങ്ങളുടെ പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള പര്യടനത്തിലെ ആദ്യ ദിനങ്ങള്‍ ആഗോള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായാണ് അദ്ദേഹം മാറ്റിവെച്ചത്. ഇസ്തിഖ്ലാല്‍ പള്ളിയെ തെരുവിന് കുറുകെയുള്ള കത്തോലിക്കാ കത്തീഡ്രലുമായി ബന്ധിപ്പിക്കുന്ന 28 മീറ്റര്‍ നീളമുള്ള തുരങ്കവും മാര്‍പാപ്പ സന്ദര്‍ശിച്ചു. അദ്ദേഹവും ഗ്രാന്‍ഡ് ഇമാം നസറുദ്ദീന്‍ ഉമറും ‘സൗഹൃദ തുരങ്കത്തിന്റെ’ പ്രവേശന കവാടത്തില്‍ ചേര്‍ന്നുനിന്നു. വ്യത്യസ്ത വിശ്വാസങ്ങളുള്ള ആളുകള്‍ക്ക് എങ്ങനെ വേരുകള്‍ പങ്കിടാം എന്നതിന്റെ ‘വാചാലമായ അടയാളം’ ആണിതെന്ന് അദ്ദേഹം പറഞ്ഞു.