22 Friday
November 2024
2024 November 22
1446 Joumada I 20

സംഘപരിവാറിന് റഫറന്‍സിട്ട് കൊടുക്കുന്നവര്‍


മലപ്പുറം ജില്ലയെ സ്വര്‍ണക്കടത്തുമായി ചേര്‍ത്തുകെട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. മലപ്പുറത്ത് എത്തിച്ചേരുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇസ്‌ലാമിക തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ എന്നാക്കി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സ്വര്‍ണക്കടത്തിനെതിരായ സര്‍ക്കാറിന്റെ നിലപാടുകള്‍ അതിന് ഉദാഹരണമാണ് എന്നൊക്കെയുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ വാക്കുകളായി ദ ഹിന്ദു പത്രത്തില്‍ വന്നത്.
അഭിമുഖം പുറത്ത് വന്ന് വിവാദങ്ങള്‍ ഉണ്ടായപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധക്കുറിപ്പ് പുറത്തിറക്കിയത്. അതിനെത്തുടര്‍ന്ന് ദ ഹിന്ദു സംഭവിച്ച കാര്യങ്ങളില്‍ വിശദീകരണക്കുറിപ്പ് ഇറക്കുകയും ഓണ്‍ലൈനില്‍ നിന്ന് പ്രസ്തുത പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ ദ ഹിന്ദു പത്രത്തിന്റെ വിശദീകരണക്കുറിപ്പ് സംസ്ഥാന സര്‍ക്കാറിന് മേല്‍ വലിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കെയ്‌സണ്‍ എന്ന പി ആര്‍ ഏജന്‍സി ഓഫര്‍ ചെയ്ത അഭിമുഖമാണിതെന്നും അവര്‍ തന്നെ എഴുതിത്തന്ന വരികളാണ് ഉള്‍പ്പെടുത്തിയതെന്നും ദ ഹിന്ദു പറയുന്നു.
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജപ്രസ്താവന നടത്തിയ പി ആര്‍ ഏജന്‍സിക്കെതിരെ കേസ് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുമില്ല. പി ആര്‍ ഏജന്‍സി വഴി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിതമായി തന്നെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. ഈ കാര്യങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ ചിരി മാത്രമാണ് പ്രതികരണം. സ്വര്‍ണക്കടത്തും ഹവാലയും രാജ്യത്ത് നിരവധി സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. കേരളത്തിലും അതിന്റെ പേരില്‍ നിരവധി അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഈ കള്ളപ്പണം ആര്‍ക്കുവേണ്ടിയാണ് വരുന്നത് എന്ന് കണ്ടെത്താന്‍ ഒരു അന്വേഷണത്തിനും സാധിക്കുന്നില്ല. അതിന് ഉത്തരവാദപ്പെട്ട ആഭ്യന്തരവകുപ്പ് മന്ത്രി തന്നെ യാതൊരു ഉത്തരവാദിത്തവുമില്ലാതെ ഒരു ജില്ലയുടെ പേരില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കുകയാണ് ചെയ്യുന്നത്. മലപ്പുറം ജില്ലയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുതുമയുള്ളതല്ല. അതിന്റെ രൂപീകരണ കാലം തൊട്ടെ സംഘപരിവാര്‍ നിരവധി പ്രൊപഗണ്ടകള്‍ ജില്ലക്കെതിരെ നടത്തിയിട്ടുണ്ട്. എന്നാല്‍, അതെല്ലാം വ്യാജമാണെന്ന് കാലംകൊണ്ട് തെളിയിക്കാന്‍ മലപ്പുറം ജില്ലക്ക് സാധിച്ചു. അത്തരം ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കാന്‍ ഒരു ഇടതുപക്ഷ മുഖ്യമന്ത്രി തയ്യാറാകുന്നതിന്റെ കാരണം എന്തായിരിക്കും?
അദ്ദേഹം അത് നിഷേധിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു വിവാദം സൃഷ്ടിച്ചത് ബോധപൂര്‍വമാണെന്ന് നിരീക്ഷിക്കാനാവും. സോഷ്യോളജിയില്‍ ഡോഗ് വിസില്‍ എന്ന് പറയുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ മറ്റൊരു രൂപമാണിത്. വിവാദ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ കേരളക്കാരോ മലയാളികളോ മനസ്സിലാക്കാന്‍ വേണ്ടിയല്ല. മറിച്ച്, അതിന്റെ ഉന്നം കേരളത്തിന് പുറത്തുള്ള സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. അവരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് മുസ്‌ലിം ഭൂരിപക്ഷമായ ഒരു ജില്ലയെക്കുറിച്ച് രാജ്യദ്രോഹവും കള്ളക്കടത്തും ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ പേരില്‍ രണ്ടുവരി പ്രസ്താവന എഴുതിച്ചേര്‍ക്കാന്‍ കെയ്‌സണ്‍ എന്ന പി ആര്‍ ഏജന്‍സിക്ക് ധൈര്യം വരുന്നതും ഈ ഡീലിന്റെ ഭാഗമാണ്.
ഈ പ്രസ്താവനയാണ് ഭാവിയില്‍ മറ്റനേകം ആരോപണങ്ങള്‍ക്കുള്ള റഫറന്‍സായി മാറുക. ആര്‍ എസ് എസിന് മരുന്നിട്ട് കൊടുക്കരുത് എന്ന് പറയുന്നവര്‍ സംഘപരിവാറിന് റഫറന്‍സിട്ട് നല്‍കുകയാണിപ്പോള്‍ ചെയ്യുന്നത്. 2010 ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ ലൗജിഹാദ് സംബന്ധിച്ച പ്രസ്താവനയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം യോഗി ആതിദ്യനാഥും കേരള സ്റ്റോറി സിനിമ പ്രവര്‍ത്തകരും റഫറന്‍സായി ചൂണ്ടിക്കാണിക്കുന്നത്. സമാനമായി, മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷപ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക റഫറന്‍സ് നല്‍കുന്ന പണിയാണ് പി ആര്‍ വഴി സര്‍ക്കാര്‍ ചെയ്തത്.
ഒരേ സംഭവത്തില്‍ തന്നെ മൂന്നോ നാലോ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് മലപ്പുറത്ത് ക്രിമിനല്‍ കേസുകള്‍ ഉയര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം ഒരുഭാഗത്ത് നടക്കുന്നുണ്ട്. ആ നാടകത്തിന്റെ ഗുണഭോക്താക്കളെ സന്തോഷിപ്പിക്കാനുള്ള മറ്റൊരു ആഖ്യാനമാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ പി ആര്‍ കളികള്‍. മുഖ്യമന്ത്രി നിഷേധിച്ചിട്ട് പോലും അതിനെ ന്യായീകരിക്കാന്‍ സംഘപരിവാറിന്റെ മുസ്‌ലിം വിദ്വേഷ വേര്‍ഷനുകള്‍ അതുപോലെ ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ കെ ടി ജലീല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ മെഗാഫോണായി മാറിയ അദ്ദേഹം കേരളത്തിന്റെ മതേതര രാഷ്ട്രീയത്തിന് അപമാനമാണ്.

Back to Top