സംഘടനകള്‍ക്ക് എന്താണ് പണി – അബ്ദുല്ല കോഴിക്കോട്
ഒരു വാര്‍ത്ത നാം വായിച്ചു. വിവാഹ നിശ്ചയം ആഘോഷിക്കാന്‍ ബാറില്‍ പോയ ഒരു സമുദായംഗം അവിടെ വെച്ചുതന്നെ മദ്യത്തിന്റെ പേരില്‍ മറ്റൊരു സമുദായ അംഗത്താല്‍ കൊല്ലപ്പെട്ടു. ദിനേന വരുന്ന പത്രങ്ങളില്‍ വായിക്കുന്ന വാര്‍ത്തകള്‍ വേറെ. മുസ്‌ലിം യുവത്വത്തിന്റെ അവസ്ഥയാണ് പറഞ്ഞുവരുന്നത്. ഒരാള്‍ വിശ്വാസിയാകുന്നത് കേവലം വിശ്വാസവും കര്‍മവും കൊണ്ട് മാത്രമല്ല. നിലപാടുകള്‍ കൂടി പ്രാധ്യാന്യമര്‍ഹിക്കുന്നു. തിന്മയോട് പൂര്‍ണമായും രാജിയാവുകയെന്ന നിലപാട് വിശ്വാസികള്‍ക്ക് അന്യമാണ്.
കേരള മുസ്‌ലിം സമുദായത്തില്‍ സംഘടനകളുടെ സ്വാധീനം കൂടുതലാണ്. അല്ലാഹുവിന്റെ ദീന്‍ എത്തിക്കുക,സംസ്‌കരിക്കുക, വിവരമുള്ളവരാകുക എന്നതാണ് പ്രവാചകന്മാര്‍ ചെയ്ത പണികള്‍. അതുതന്നെയാണ് എന്നും ചെയ്യേണ്ടതും. സമുദായത്തിന്റെ സംസ്‌കരണം എന്ന മുഖ്യ അജണ്ടയില്‍നിന്നും സംഘടനകള്‍ പിറകോട്ടുപോകുന്നു. അവരുടെ അജണ്ടകള്‍ അതിലുമപ്പുറത്താണ്. സമുദായാംഗങ്ങള്‍ തെറ്റുകളിലേക്കും കുറ്റങ്ങളിലേക്കും പതിക്കുമ്പോള്‍ അവര്‍ മറ്റൊരു ദീനിനെയാണ് സമൂഹത്തിനു പരിചയപ്പെടുത്തുന്നത്. സംഘടനകളെ പരസ്പരം ഇസ്‌ലാമില്‍ നിന്നും പുറത്താക്കാനുള്ള വ്യഗ്രതയിലാണ് അവരില്‍ ചിലര്‍. ഈ വഴികേടൊ ന്നും അവര്‍ അറിയുന്നില്ല. ഇപ്പോള്‍ നടക്കുന്ന ഇത്തരം പ്രവണതകള്‍ മാറ്റിവെച്ച് സമുദായത്തെ സംസ്‌കരി ക്കുക എന്നതിലേക്ക് അവര്‍ തിരിഞ്ഞാല്‍ അതൊരു അനുഗ്രഹമാകും. അത് മാത്രമേ അനുഗ്രഹമാകൂ.
നല്ല മനുഷ്യനാകുക എന്നതിലപ്പുറം അത് വിശ്വാസത്തിന്റെ കൂടി ഭാഗമാണെന്ന ബോധമാണ് വിശ്വാസികള്‍ക്കുണ്ടാകേണ്ടത്. അവര്‍ പ്രമാണമായി അംഗീകരിക്കുന്ന ഗ്രന്ഥം അതിലേക്കാണ് ലോകത്തെ വിളിക്കുന്നത്. എന്നിട്ടും സമുദായത്തില്‍ തിന്മയുടെ സാന്നിധ്യം കൂടുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കാന്‍ ഇസ്‌ലാമിക സംഘടനകള്‍ക്ക് പാടില്ലാത്തതാണ്. വിശ്വസിക്കാന്‍ പറയുന്നതിന്റെ മുമ്പ് ഖുര്‍ആന്‍ പറയുന്നത് നന്നാവുന്നതിനെ കുറിച്ചാണ്. സമൂഹത്തിനു നല്ലതു മാത്രമേ മുസ്‌ലിംകളില്‍ നിന്നും വരാന്‍ പാടുള്ളൂ.