ഷിരൂര്‍ നല്‍കുന്ന പാഠം
ഉത്തരകര്‍ണാടകയിലെ അങ്കോലക്കു സമീപം ഷിരൂരിലുണ്ണായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടി രണ്ടാഴ്ചയായി നടന്ന തിരച്ചില്‍ ഏതാണ്ട് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റേതടക്കം മൂന്ന് ജീവനുകളാണ് ഇപ്പോഴും ഉത്തരം കിട്ടാതെ തുടരുന്നത്. പ്രതികൂല കാലാവസ്ഥയിലും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്ന വാദത്തില്‍ ഭരണകൂടങ്ങള്‍ ആശ്വാസം കണ്ടെത്തുമ്പോള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ വഴിക്കണ്ണുമായി കാത്തിരുന്ന അമ്മയും അച്ഛനും ഭാര്യയും കുഞ്ഞുമക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ മുന്നിലെ അവസാന വെളിച്ചവും ഇല്ലാതാവുകയാണ്. ഓര്‍മ്മകള്‍ ഇരുള്‍മൂടുംവരെ ഈ വേദന കുടുംബത്തെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നുറപ്പാണ്. കുത്തിയൊലിച്ചു വന്ന മണ്ണിലും ചെളിയിലും വെള്ളത്തിലും താന്‍ ഓടിച്ചിരുന്ന ട്രക്ക് അടക്കമാണ് അര്‍ജുന്‍ എന്ന യുവാവ് ഗംഗാവലി നദിയുടെ ആഴക്കയങ്ങളിലേക്ക് മറഞ്ഞത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് മറ്റൊരു ടാങ്കര്‍ ലോറിയുടെ ക്യാബിനും കൂറ്റന്‍ ടവറും റോഡിനും നദിക്കുമിടയില്‍ സംരക്ഷണ ഭിത്തിയായി പണിത കൂറ്റന്‍ ഇരുമ്പ് കൈവരിയുമടക്കം എല്ലാം തകര്‍ത്തെറിഞ്ഞാണ് ഒരു മലയുടെ പാര്‍ശ്വഭിത്തി ഒന്നാകെ ഇടിഞ്ഞ്‌നിരങ്ങി നദിയിലേക്ക് പതിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ടണ്‍ മണ്ണും പാറയുമാണ് നദിയില്‍ പതിച്ച് ഒരു മണ്‍കൂനയായി മാറിയിരിക്കുന്നത്.
ഷിരൂരിലെ ദുരന്തം ഒട്ടേറെ പാഠങ്ങള്‍ നമുക്ക് മുന്നില്‍ വെക്കുന്നുണ്ട്. അത് കാണാതെയും ശ്രദ്ധിക്കാതെയും പോകുന്നത് വീണ്ടും വലിയ ദുരന്ത മുഖങ്ങളിലേക്ക് നമ്മെ വലിച്ചെറിയുമെന്ന് തീര്‍ച്ചയാണ്. പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന അതിരുകടന്ന ഏത് ഇടപെടലുകളോടും ഏതെങ്കിലും തരത്തില്‍ പ്രകൃതി പ്രതികരിച്ചുകൊണ്ടിരിക്കും എന്ന അടിസ്ഥാന പാഠമാണ് ഇതില്‍ പ്രധാനം. പ്രകൃതിയുടെ ഈ പ്രതികരണങ്ങള്‍ ചിലപ്പോള്‍ തീര്‍ത്തും ലഘുവായിരിക്കും. മറ്റു ചിലപ്പോള്‍ മാരക പ്രഹരശേഷിയുള്ളതും. മലയിടിച്ചും കുന്ന് നിരത്തിയും മരങ്ങള്‍ വെട്ടിയും ജലസ്രോതസ്സുകള്‍ മണ്ണിട്ടുമൂടിയും നാം നടത്തുന്നത് വികസന പ്രവര്‍ത്തനങ്ങളാണോ അതോ സ്വയം നാശത്തിന്റെ കുഴിതോണ്ടലാണോ എന്നത് ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. പ്രകൃതിക്ക് മുറിവേല്‍പ്പിക്കാതെ എങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാം എന്നതിനെക്കുറിച്ച് നമ്മള്‍ ഇപ്പോഴും വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല. ഷിരൂര്‍ ദുരന്തത്തിന് ദിവസങ്ങള്‍ മാത്രം മുമ്പാണ് തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം നീക്കാനിറങ്ങിയ ജോയ് എന്ന മനുഷ്യനെ നാലാം ദിവസം ചേതനയറ്റ ശരീരമായി നാം പുറത്തെടുത്തത്. ഓരോ ദുരന്തങ്ങളും കെടുത്തിക്കളയുന്നത് അനവധി കുടുംബങ്ങളുടെ പ്രതീക്ഷകളും പ്രത്യാശകളുമാണ്.
ഷിരൂരിലെ ദുരന്ത സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതില്‍ ആദ്യഘട്ടത്തിലുണ്ടായ അലംഭാവം നീക്കുന്നതിന് കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങളുടെ ഇടപെടല്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് പറയാതെ വയ്യ. കോഴിക്കോട് സ്വദേശി അര്‍ജുന്‍ ദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തു വന്നതിനു പിന്നാലെയാണ് കേരളത്തില മാധ്യമങ്ങളുടെ ശ്രദ്ധ ഷിരൂരിലേക്ക് തിരിഞ്ഞത്. എന്നാല്‍ പിന്നീട് ചാനല്‍ റേറ്റിങ് കൂട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍ ദുരന്തഭൂമിയില്‍ നടത്തിയ കസര്‍ത്ത് പലപ്പോഴും ലജ്ജിപ്പിക്കും വിധത്തിലുള്ളതായിരുന്നു. ഈ രംഗത്ത് വിദഗ്ധരായവരെപ്പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഗതി തന്നെ തെറ്റിച്ചുകളയുന്നതില്‍ ഇത്തരം ഇടപെടലുകള്‍ ഒരു പരിധിവരെ കാരണമായി. നമ്മള്‍ നേടിയെന്ന് അവകാശപ്പെടുന്ന സാങ്കേതിക മികവും സംവിധാനങ്ങളുമെല്ലാം ഒന്നുമല്ലെന്ന് തിരിച്ചറിയുന്നത് ദുരന്ത മുഖങ്ങളില്‍ പകച്ചു നില്‍ക്കുമ്പോഴാണ്. ഷിരൂരും ആമയിഴഞ്ചാനും അതില്‍ ചിലതാണ്. കവളപ്പാറയില്‍ കാണാതായ എത്ര ജീവനുകള്‍ ഇപ്പോഴും മണ്ണിനടിയിലുണ്ട്. കാലം തെറ്റുന്ന കാലാവസ്ഥക്കൊപ്പം തന്നെ മാനവരാശിക്ക് വെല്ലുവിളി തീര്‍ക്കുന്നതാണ് വര്‍ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങള്‍. എല്ലാറ്റിനോടും ഒരു കരുതലുണ്ടാവുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം.