9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

ഷഹല മോളേ, മാപ്പ് -ഷന്‍സ ഷെരീഫ്

ചിരിച്ചും കളിച്ചും വീടിനെ ആഘോഷമാക്കുന്നവരാണ് നമ്മുടെ കുഞ്ഞുങ്ങള്‍. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഷഹല ഷെറിനും അങ്ങനെയായിരുന്നു. എപ്പോഴും ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്നവള്‍. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അവളെപ്പറ്റി പറയാന്‍ നൂറു നാവാണ്. പതിവു പോലെ സ്‌കൂളിലേക്ക് പോയ അവള്‍ തിരിച്ചു വന്നത് ജീവനോടെയല്ല. ക്ലാസ്സ് മുറിയിലെ പൊത്തില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിേയറ്റ് മരിക്കുകയായിരുന്നു.
ഷഹല ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും സ്‌കൂളിലെ അധ്യാപകര്‍ക്കെതിരായിരുന്നു പ്രധാന ആരോപണം. അവര്‍ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ല. പാമ്പുകടിയേറ്റതാണെന്ന് കുട്ടികള്‍ സംശയം പ്രകടിപ്പിച്ചിട്ടും ഒരു അധ്യാപകന്‍ അവരെ വിരട്ടിയോടിച്ചു. രക്ഷിതാവ് എത്തുന്നതു വരെയും ആ കുട്ടിയെ ആരും ആശുപത്രിയില്‍ എത്തിച്ചില്ല. പിതാവ് അവളെ സമീപത്തെ താലൂക്ക് ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ ലഭിക്കാത്തതിനാല്‍ കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ ആ കുട്ടി മരിച്ചു.
ചിരിച്ചും കളിച്ചും വീട്ടില്‍നിന്നു പോയ കുട്ടി ചലനമറ്റ് തിരിച്ചുവരുന്ന കാഴ്ച ഏത് ഉമ്മയ്ക്കാണ് സഹിക്കാനാവുക! ഏത് ഉപ്പയാണ് ഇത് സഹിക്കുക!
നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവളെ രക്ഷിക്കാമായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ അതിനിടയില്‍ കുറെയധികം കാരണങ്ങളുണ്ടായി. ആ കാരണങ്ങളാണ് കേരളം പിന്നീട് ചര്‍ച്ച ചെയ്തത്. അതില്‍ ഒന്നാമത്തേത് അധ്യാപകരുടെ പെരുമാറ്റമായിരുന്നു. ആ സ്‌കൂളിലെ ഒരു അധ്യാപകനു നേരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. ആശുപത്രിയിലെത്തിക്കാന്‍ വൈമുഖ്യം കാണിച്ചത് അയാളാണത്രെ. ആണി കുത്തിയതാണെന്നും കല്ല് കൊണ്ടതാണെന്നുമൊക്കെ ചിലര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള അശ്രദ്ധയും മടിയും. അതാണ് പ്രധാനമായും സംഭവിച്ചത്. രക്ഷിതാവ് എത്തി ആശുപത്രിയിലെത്തിച്ചപ്പോഴും ചികിത്സ വൈകി. ബത്തേരി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്ററില്ല. ആന്റി സ്നേക്ക് വെനം ഇല്ല. ചികിത്സക്കു വേണ്ട അനുമതി പത്രം എഴുതി വാങ്ങാനുള്ള പേപ്പര്‍ പോലുമില്ല. അവിടെ കുട്ടിയെ നിരീക്ഷിക്കാന്‍ തന്നെ ഒരുപാട് സമയമെടുത്തു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെയാണ് മരണം സംഭവിച്ചത്.
സ്‌കൂളിന്റെ അന്തരീക്ഷം, അധ്യാപകരുടെ പെരുമാറ്റം, ചികിത്സാ സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് ഈ കുട്ടിയെ രക്ഷിക്കാന്‍ കഴിയാതിരുന്നതിന്റെ പ്രധാന കാരണങ്ങള്‍. നമ്മുടെ പൊതുവിദ്യാലയങ്ങളൊക്കെ ഹൈ ടെക് ആയെന്ന് കൊട്ടിഘോഷിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഈ ഹൈ ടെക് ഭാഗ്യം നഗര കേന്ദ്രീകൃത വിദ്യാലയങ്ങള്‍ക്കാണ് പ്രധാനമായും ലഭിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലകളിലേക്ക് വികസനം എത്തിനോക്കിയിട്ടില്ലെന്ന് തെളിയിക്കുന്നുണ്ട് ഈ സംഭവം. ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതും ഗ്രാമങ്ങളെ തൊട്ടിട്ടില്ല. നഗരങ്ങളിലേക്കാണ് ആളുകള്‍ ഒഴുകുന്നത്. അതുകൊണ്ടു തന്നെ സൗകര്യങ്ങളും അവിടെ മാത്രമാണ്.

അധ്യാപകരുടെ കുറ്റം
മറ്റേതോ ഗ്രഹത്തില്‍നിന്നു വന്ന ജീവികളെപ്പോലെയാണ് അധ്യാപകരെ പലരും വിലയിരുത്താറുള്ളത്. സാധാരണ മനുഷ്യരുടെ വികാര വിചാരങ്ങളുള്ള ഒരു തൊഴില്‍ വിഭാഗം മാത്രമാണ് അധ്യാപകര്‍. കുട്ടികളെ പഠിപ്പിക്കുക എന്നതാണ് അവരുടെ ജീവനോപാധി. എന്നാല്‍ അതിനേക്കാളുപരി ചില ഉത്തരവാദിത്തങ്ങള്‍ അവര്‍ക്കുണ്ട്. വൈകാരികമായും ബുദ്ധിപരമായുമുള്ള കുട്ടികളുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനിക്കപ്പെടുക ഈ അധ്യാപകരാണ്. അതുകൊണ്ടു തന്നെ സിലബസിനപ്പുറത്തുള്ള ചില കാര്യങ്ങളിലും അധ്യാപകര്‍ക്ക് കുട്ടികളുമായി ഇടപെടേണ്ടി വരും. ഏതൊരാള്‍ക്കും തങ്ങളെ ഏറെ സ്വാധീനിച്ച ഒരു അധ്യാപകനെക്കുറിച്ച് പറയാനുണ്ടാവും.

അധ്യാപകരെ വിദ്യാര്‍ഥികള്‍ ബഹുമാനിക്കുന്നത് ബഹുമാനം ഉണ്ടാക്കുന്ന പ്രവൃത്തി അധ്യാപകരില്‍നിന്ന് ഉണ്ടാകുന്നതു കൊണ്ടാണ്. എന്നാല്‍ കുട്ടികളൊക്കെ തങ്ങളെ ബഹുമാനിച്ചേ തീരൂ എന്ന വാശിയിലാണ് ചില അധ്യാപകര്‍. അധ്യാപനമെന്നത് എന്തോ അധികാരമാണെന്ന് ധരിച്ചുവെച്ചവരും ഉണ്ട്. അവരാണ് കുട്ടികള്‍ എന്തെങ്കിലും പറയുമ്പോഴേക്കും ചൂരലെടുത്ത് വീശുന്നത്. അല്ലെങ്കില്‍ കുട്ടികളോട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നത്. മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫ് എന്ന വിദ്യാര്‍ഥിനി അനുഭവിച്ച മാനസിക പ്രയാസങ്ങളെല്ലാം അധ്യാപകരില്‍നിന്നായിരുന്നു.
അധ്യാപകര്‍ക്ക് സിലബസിനപ്പുറത്തുള്ള ചില ക്ലാസ്സുകള്‍ അനിവാര്യമാണ്. മുന്നിലിരിക്കുന്ന കുട്ടി സ്വന്തം കുട്ടിയല്ലെന്നു തോന്നുന്ന നിമിഷം അവസാനിപ്പിക്കേണ്ട ഒന്നാണ് അധ്യാപനമെന്ന നിത്യചൈതന്യ യതിയുടെ വാക്കുകള്‍ പ്രസക്തമാണ്. അധ്യാപകരെ വിശ്വസിച്ചാണ് ഓരോ രക്ഷിതാവും രാവിലെ തങ്ങളുടെ കുട്ടികളെ കുളിച്ചൊരുക്കി സ്‌കൂളിലേക്ക് അയക്കുന്നത്. അധ്യാപകരുടെ കരുതല്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. പഠിപ്പിച്ചില്ലെങ്കിലും കുട്ടികളെ നല്ലോണം നോക്കണേ എന്ന രീതിയില്‍ ഈ ദുരന്തം സംഭവിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ കണ്ട കമന്റുകള്‍ ഈ വിശ്വാസത്തിന്റെ ഭാഗമാണ്.
ഈ ഒരു സംഭവത്തിന്റെ പേരില്‍ എല്ലാ അധ്യാപകരെയും അടച്ചാക്ഷേപിക്കുന്നതും ശരിയല്ല. ആ സ്‌കൂളിലെ തന്നെ ഒരു ടീച്ചര്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ബന്ധം പിടിച്ചതിനെക്കുറിച്ച് കുട്ടികള്‍ പറഞ്ഞിരുന്നു. എല്ലാ അധ്യാപകരും കുറ്റക്കാരല്ല. എന്നാല്‍ സ്വന്തം ആനുകൂല്യങ്ങളിലും സിലബസിലും മാത്രം കടിച്ചു തൂങ്ങി ജീവിതം തള്ളിനീക്കുന്ന ചിലരുണ്ട്. മജ്ജയും മാംസവും രക്തവുമുള്ള മനുഷ്യ മക്കളാണ് തന്റെ മുന്നിലെന്ന സാമാന്യബോധം പോലുമില്ലാത്തവര്‍. അവരെ തിരുത്തിയേ തീരൂ. അതിനുള്ള പരിശീലന പരിപാടികള്‍ അധ്യാപകര്‍ക്ക് നല്‍കണം.
സാമൂഹിക മനോഭാവം
സമൂഹത്തിന്റെ മനോഭാവത്തിനും ചില മാറ്റങ്ങള്‍ അനിവാര്യമാണ്. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ രക്ഷിതാക്കളുടെ കൂട്ടായ്മക്ക് ഉത്തരവാദിത്തമുണ്ട്. പരിസരം വൃത്തിയാക്കുന്നതിനെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും പോസ്റ്റര്‍ ഉണ്ടാക്കാനും അസൈന്‍മെന്റ് തയ്യാറാക്കാനും കുട്ടികളെ പഠിപ്പിക്കുന്നതിനു മുമ്പ് സ്വന്തം പരിസരത്ത് ഇറങ്ങി അത് വൃത്തിയാക്കാന്‍ അവരെ പ്രേരിപ്പിക്കണം. അധ്യാപകരും കൂടെ ഇറങ്ങണം. ആ സ്‌കൂളിനു ചുറ്റുമുള്ള കാടുപിടിച്ച അന്തരീക്ഷം പാമ്പുകള്‍ക്ക് സൈ്വര്യ വിഹാരത്തിന് കാരണമായിട്ടുണ്ട്. നാട്ടുകാര്‍ക്കോ രക്ഷിതാക്കള്‍ക്കോ ആ കാടൊന്ന് വെട്ടണമെന്ന് തോന്നിയില്ലെങ്കില്‍ അത് സാമൂഹിക മനോഭാവത്തിന്റെ കുറ്റം തന്നെയാണ്.
പി ടി എ ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന ചെറിയ കാര്യങ്ങളാണ് ഇതെല്ലാം. ടോയ്ലെറ്റുകളില്‍ വെള്ളമില്ലെന്ന പരാതിയും കുട്ടികള്‍ ഉയര്‍ത്തുകയുണ്ടായി. ഇതൊക്കെ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ പരിഹരിക്കാവുന്ന ചെറിയ കാര്യങ്ങളാണ്. സര്‍ക്കാര്‍ സ്‌കൂള്‍ എന്നാല്‍ സര്‍ക്കാറിന്റെ സ്‌കൂള്‍ തന്നെയാണ്. പക്ഷേ, അത് പരിപാലിക്കാനുള്ള ഉത്തരവാദിത്തം നമുക്കാണ്. സര്‍ക്കാര്‍ എന്നത് ജനാധിപത്യത്തില്‍ ഒരു രാജാവോ ജനങ്ങളില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന ഒരു സംവിധാനമോ അല്ല. നമ്മള്‍ ഓരോരുത്തരും സര്‍ക്കാറിന്റെ ഭാഗമാണ്.

മാറേണ്ട വികസന സങ്കല്‍പം
നമ്മുടെ വികസന സങ്കല്‍പങ്ങളിലും മാറ്റം അനിവാര്യമാണ്. വലിയ കാര്യങ്ങള്‍ ചെയ്യുന്ന നമ്മള്‍ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നു.
വിമാനത്താവളങ്ങളും മെട്രോയും ഹൈവേകളും നാം വികസിപ്പിക്കുന്നുണ്ട്. എന്നാല്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന കെ എസ് ആര്‍ ടി സി ടോയ്‌ലറ്റില്‍ വെള്ളമുണ്ടാകില്ല. വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റ സ്‌കൂളിന്റെ കാര്യം തന്നെ നോക്കൂ. അവിടെ സ്മാര്‍ട്ട് റൂമുകള്‍ ഉണ്ടാകും. പ്രൊജക്ടറുകള്‍ ഉണ്ടാകും. കമ്പ്യൂട്ടറുകള്‍ ഉണ്ടാകും. ഡിജിറ്റല്‍ ക്യാമറ ഉണ്ടാകും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സംഘടന ഉണ്ടാകും. പക്ഷേ, പെണ്‍കുട്ടികള്‍ക്കുള്ള ഒമ്പത് ബാത്‌റൂമുകളില്‍ ഒന്നു മാത്രമാണ് തുറക്കുന്നത്. അതിലാണെങ്കില്‍ വെള്ളവുമില്ല. മറ്റു സൗകര്യങ്ങള്‍ക്ക് കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നര കോടിയോളം പാസ്സായിട്ടുണ്ട്. ഇനിയും രണ്ടു കോടി അനുവദിച്ചിരിക്കുന്നു. എന്തു കാര്യം? രണ്ടു കിലോ സിമന്റ് വാങ്ങി ക്ലാസ്സിലെ പൊത്തടയ്ക്കുന്നില്ല. രണ്ടായിരം രൂപ കൊടുത്ത് സ്‌കൂളിലെ കാടു വെട്ടുന്നില്ല.
കാറില്‍നിന്ന് ഫ്‌ളൈറ്റിലേക്കും ഫ്‌ളൈറ്റില്‍നിന്ന് കാറിലേക്കുമുള്ള കാലുമാറ്റങ്ങള്‍ക്കിടയില്‍ സാധാരണക്കാരുടെ ഇടയിലൂടെ ഒന്നു നടന്നു നോക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. എം എല്‍ എ പണിയും മന്ത്രിപ്പണിയും കഴിയുമ്പോള്‍ സൗജന്യ യാത്രക്കു മാത്രമായി കെ എസ് ആര്‍ ടി സിയെ ഉപയോഗിക്കാതെ ഇപ്പോള്‍ത്തന്നെ ഒന്നു യാത്ര ചെയ്തു നോക്കണം. റെഡ് കാര്‍പറ്റില്ലാത്ത വഴികളിലൂടെ ഒന്നു നടന്നു നോക്കണം. അപ്പോഴേ അറിയൂ, എവിടെയാണ് വികസനം വേണ്ടതെന്ന്. 100 രൂപ സാധാരണക്കാരന്റെ പൊതു ടോയ്‌ലറ്റിലെ വെള്ളത്തിനു വേണ്ടി മുടക്കാതെ 100 കോടി ‘ഹൈ ടെക്കി’നു വേണ്ടി മുടക്കിയാല്‍ വികസനമാകില്ല. അതുകൊണ്ടു തന്നെ നമ്മുടെ വികസന സങ്കല്‍പങ്ങള്‍ മാറിയേ തീരൂ.

അധ്യാപക- രക്ഷാകര്‍തൃ സമിതി

എല്ലാ സ്‌കൂളുകളിലും അധ്യാപക- രക്ഷാകര്‍തൃ സമിതികള്‍ സജീവമാണ്. മുമ്പത്തേക്കാള്‍ സജീവമാണ് എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇപ്പോഴും ഇത്തരം സംവിധാനങ്ങളുമായി സഹകരിക്കാത്ത രക്ഷിതാക്കളുമുണ്ട്. സ്‌കൂളില്‍ മക്കളെ ചേര്‍ത്തു കഴിഞ്ഞാല്‍ എല്ലാ ബാധ്യതയും തീര്‍ന്നു എന്നു കരുതുന്നവര്‍.
ഈ സംഭവം നടന്നതിനു ശേഷം ആത്മരോഷത്തോടെ പ്രതികരിച്ചവരില്‍ രക്ഷിതാക്കളേക്കാള്‍ കൂടുതല്‍ ഷഹലയുടെ സഹപാഠികളാണ്. സര്‍വജന സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നിദ ഫാത്തിമയെപ്പോലെയുള്ള കുട്ടികള്‍. സഹപാഠിയുടെ മരണത്തില്‍ കണക്കു ചോദിച്ച് അവര്‍ തെരുവിലിറങ്ങി. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. ഇത്തരം കുട്ടികള്‍ നമുക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
അധ്യാപകരോട് മക്കളെക്കുറിച്ച് ചോദിച്ചറിയാനും മാന്യമായ ബന്ധം പുലര്‍ത്താനും രക്ഷിതാക്കള്‍ക്ക് കഴിയണം. അധ്യാപകര്‍ തിരിച്ചും ഈ ബന്ധം സൂക്ഷിക്കണം. ഓരോ കുട്ടികളും വ്യത്യസ്തരാണെന്നും വ്യത്യസ്ത സാഹചര്യങ്ങളില്‍നിന്ന് വരുന്നവരാണെന്നും അറിയണം. അതനുസരിച്ച് അവരോട് പെരുമാറാനുള്ള സ്വയം പരിശീലനം അധ്യാപകര്‍ക്ക് ആവശ്യമാണ്. എല്ലാ കുട്ടികളും ഒരു പോലെയാണെന്ന വൃഥാ മുദ്രാവാക്യം മുഴക്കുന്നത് അവസാനിപ്പിക്കണം. എല്ലാ കുട്ടികളും ഒരു പോലെയല്ല. ഓരോരുത്തരും വ്യത്യസ്തരാണ്. അവരെ ആ വ്യത്യസ്തതകളോടെ അംഗീകരിക്കാനും വളരാനും അനുവദിക്കണം. അപ്പോഴേ അധ്യാപനത്തിന്റെ ദൗത്യം പൂര്‍ണമാകുന്നുള്ളൂ.

മുള്ളെടുത്ത് മാറ്റലും പുണ്യമാണ്
ഷഹല മോളുടെ മരണത്തിനു കാരണം ആ പാമ്പ് മാത്രമല്ല. ഈ സമൂഹത്തെ ഗ്രസിച്ച എല്ലാത്തരം ദുര്‍മനോഭാവങ്ങളുമാണ്. അതുകൊണ്ട് ഈ മരണത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. നമ്മുടെ പരിസരങ്ങളില്‍ ഇങ്ങനെയൊന്ന് സംഭവിക്കാതിരിക്കേണ്ട ഉത്തരവാദിത്തം. നമ്മുടെ വീട് മുതല്‍ എല്ലാ പൊതു സ്ഥാപനങ്ങളും നോക്കി നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം.
എല്ലാവരും ദാനം ചെയ്യല്‍ നിര്‍ബന്ധമാണെന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ ദാനം ചെയ്യാന്‍ ഒന്നുമില്ലാത്തവനോ എന്നൊരു ചോദ്യം അനുചരന്മാര്‍ ചോദിക്കുന്നുണ്ട്. ഒന്നുമില്ലാത്തവന്‍ ആര്‍ക്കും ദ്രോഹം ചെയ്യാതിരിക്കട്ടെ. അതും ദാനമാണ് എന്നാണ് പ്രവാചകന്റെ പ്രതിവചനം. സമ്പത്ത് കൊണ്ടു മാത്രമല്ല, ഒരു പുഞ്ചിരി കൊണ്ടോ കൈ കൊണ്ട് വഴിയിലെ മുള്ള് നീക്കം ചെയ്തോ നാം നന്മകള്‍ ചെയ്തുകൊണ്ടിരിക്കണം. വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് അത് അനിവാര്യമാണ്. പൊതുസ്ഥലങ്ങളും പൊതുവിദ്യാലയങ്ങളുമൊക്കെ നന്നാക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാറിനു മാത്രമാണ് എന്നു പറഞ്ഞ് സ്വന്തം വീടിനു മുന്നിലെ റോഡില്‍ വലിയൊരു കുഴിയുണ്ടെങ്കില്‍ അത് മണ്ണിട്ടു മൂടാന്‍ സര്‍ക്കാറിനെ കാത്തു നില്‍ക്കേണ്ടതില്ല. സ്വന്തം ക്ലാസ്സ് മുറിയിലെ കുഴിയടയ്ക്കാന്‍ ആ ക്ലാസ്സ് ടീച്ചര്‍ക്ക് കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കുന്ന പൈസ മതിയായിരുന്നു. അല്ലെങ്കില്‍ പി ടി എ കമ്മിറ്റിക്ക് തങ്ങളുടെ ഫണ്ടില്‍നിന്ന് എടുത്ത് അത് ചെയ്യാമായിരുന്നു. സ്‌കൂളിനു ചുറ്റുമുള്ള കാട് നീക്കം ചെയ്യാന്‍ ആരെയാണ് കാത്തിരുന്നത്? നമ്മള്‍ ചെയ്യേണ്ട പലതും ചെയ്യാതെ എല്ലാറ്റിനും മറ്റുള്ളവരെ കുറ്റം പറയുന്ന ശീലം ആദ്യം അവസാനിപ്പിക്കണം. മനോഭാവം തന്നെയാണ് മാറേണ്ടത്.
ഷഹല മോളേ, മാപ്പ്. നിന്റെ മരണത്തിന് ഞങ്ങള്‍ ഓരോരുത്തരും ഉത്തരവാദികളാണ്. .

രക്ഷിതാക്കളുടെ ആധി
വയനാട്ടില്‍ വിദ്യാര്‍ഥി ക്ലാസ് റൂമില്‍ വെച്ച് പാമ്പുകടിയേറ്റു മരിച്ചതും ചെന്നൈ ഐഐടി വിദ്യാര്‍ഥിനി അധ്യാപകന്റെ മാനസിക പീഡനത്താല്‍ ആത്മഹത്യ ചെയ്തതുമടക്കമുള്ള വാര്‍ത്തകള്‍ രക്ഷിതാക്കളുടെ ആധി കൂട്ടിയിരിക്കുകയാണ്. ആരെ വിശ്വസിച്ചാണ് കുട്ടികളെ സ്‌കൂളിലേക്ക് അയക്കുക എന്ന് പോലും ചോദിച്ചു തുടങ്ങിയിരിക്കുന്നു. അധ്യാപകരെ സംശയത്തോടെ കാണാനും അവിശ്വസിക്കാനും ഈ സംഭവങ്ങള്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നുണ്ട്. വിദ്യാലയത്തിലേക്ക് പോകുന്ന കുട്ടി തിരിച്ചുവരുന്നതുവരെ രക്ഷിതാക്കളുടെ ഉള്ളില്‍ തീയാണ്.
കുട്ടി പഠിക്കുന്ന വിദ്യാലയുമായും കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകരുമായും രക്ഷിതാക്കള്‍ ബന്ധം സ്ഥാപിക്കുകയും കുട്ടിയുടെ പഠന പാഠ്യേതര വിഷയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന സൗഹൃദാന്തരീക്ഷം രൂപപ്പെടുത്താന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസം വീണ്ടെടുക്കാനും രക്ഷിതാക്കളുടെ ആധി കുറക്കാനും അതുപകരിക്കും. സ്‌കൂളിലെ യോഗങ്ങളിലും മറ്റു പരിപാടികളിലും രക്ഷിതാക്കള്‍ കൃത്യമായി പങ്കെടുക്കുകയും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവുകയും ചെയ്യണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x