ശ്രീലങ്ക: മുസ്‌ലിം മന്ത്രിമാര്‍ രാജിവെച്ചു
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്ത് അരങ്ങേറിയ ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ നടന്ന് വരുന്ന ഗുരുതരമായ മുസ്‌ലിം വിരുദ്ധ നടപടികളോട് പ്രതിഷേധിച്ച് രാജ്യത്ത 9 മുസ്‌ലിം മന്ത്രിമാരും 2 ഗവര്‍ണര്‍മാരും രാജിവെച്ചതായിരുന്നു കഴിഞ്ഞയാഴ്ചയില്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു പ്രധാനപ്പെട്ട വാര്‍ത്ത. ഭീകരവാദികളെയും തീവ്രവാദികളെയും അമര്‍ച്ച ചെയ്യുന്നതിന് പകരം മതവിശ്വാസികള്‍ക്ക് നേരെ വിദ്വേഷം പടര്‍ത്തുന്ന നിലയിലുള്ള സമീപനങ്ങളും മുസ്‌ലിം വിരുദ്ധ നീക്കങ്ങളും രാജ്യത്ത് അരങ്ങേറുന്നെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്നും രാജിവെച്ചവര്‍ പറഞ്ഞു. ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ വംശീയമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. അന്വേഷണ സംഘത്തോട് മുസ്‌ലിംകള്‍ എല്ലാ തരത്തിലും സഹകരിക്കുന്നുണ്ട്. രാജ്യത്ത് നടന്ന ആക്രമണത്തിന്റെ ഗൗരവം അവര്‍ തിരിച്ചറിയുന്നുമുണ്ട്. ശ്രീലങ്കന്‍ മുസ്‌ലിംകള്‍ ഈ അക്രമികളെ പിന്തുണക്കുന്നില്ല. എന്നാല്‍ മുഴുവന്‍ മുസ്‌ലിം സമൂഹത്തെയും പ്രതിയായി കാണുന്ന സമീപനമാണ് ആക്രമണത്തിന് ശേഷം മുസ്‌ലിംകള്‍ രാജ്യത്ത് നേരിടുന്നതെന്ന് ശ്രീലങ്കന്‍ ജലവിഭവ വകുപ്പ് മന്ത്രി റഊഫ് ഹക്കീം പറഞ്ഞു. പടിഞ്ഞാറന്‍ പ്രവിശ്യ ഗവര്‍ണര്‍ ആസാദ് സാലി, കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ ഹിസ്ബുല്ല എന്നിവരാണ് രാജിവെച്ച ഗവര്‍ണര്‍മാര്‍. രാജി വെച്ച മന്ത്രിമാരില്‍ കാബിനറ്റ് റാങ്കുള്ളവര്‍ ഉള്‍പ്പടെയുണ്ട്.