20 Thursday
June 2024
2024 June 20
1445 Dhoul-Hijja 13

ശിര്‍ക്കും വ്യത്യസ്ത ഇനങ്ങളും – പി കെ മൊയ്തീന്‍ സുല്ലമി

നാം സാധാരണ ശിര്‍ക്കായി എണ്ണാറുള്ളത് അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന, അവര്‍ക്കുള്ള നേര്‍ച്ച വഴിപാടുകള്‍, അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യല്‍ തുടങ്ങിയവയാണ്. എന്നാല്‍ മേല്‍ പറഞ്ഞവ മാത്രമല്ല ശിര്‍ക്കിന്റെ ഗണത്തില്‍ എണ്ണപ്പെടുകയെന്നും മറ്റു നിരവധി ശിര്‍ക്കുകള്‍ ഏതൊരു സത്യവിശ്വാസിയില്‍ നിന്നും വരാന്‍ സാധ്യതയുണ്ടെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ശിര്‍ക്ക് എന്താണെന്ന് മനസ്സിലാക്കാന്‍ അതിന്റെ നിര്‍വചനങ്ങള്‍ തേടി സമയം കളയേണ്ടതില്ല. മറിച്ച് ശിര്‍ക്കിനെ സംബന്ധിച്ച് വളരെ ലളിതമായ നിലയില്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ശിര്‍ക്കെന്നു പറഞ്ഞാല്‍ അല്ലാഹുവിന് എല്ലാ  നിലയിലും സമന്മാരെ (തുല്യനെ) സൃഷ്ടിക്കലാണ്. അല്ലാഹു അരുളി: ”നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു തന്നിട്ട് അതു മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചുതരികയും ചെയ്ത നാഥനെ (നിങ്ങള്‍ ആരാധിക്കണം). അതിനാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്” (അല്‍ബഖറ 22). ഈ വിഷയത്തില്‍ വന്ന നബിവചനം ശ്രദ്ധിക്കുക: ”ഇബ്‌നു മസ്ഊദ്(റ) പ്രസ്താവിച്ചു: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഏറ്റവും വലിയ പാപമേതാണ്? നബി(സ) അരുളി: അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കലാണ്. അവനാണ് നിന്നെ സൃഷ്ടിച്ചത്”(ബുഖാരി, മുസ്‌ലിം).
ഒന്ന്: അല്ലാഹുവിന് സമന്മാരെ സൃഷ്ടിക്കല്‍ അവന്റെ സത്തയില്‍ തന്നെയാണ്. അഥവാ അല്ലാഹുവിന് തുല്യനായി മറ്റൊരു ദൈവമുണ്ടെന്ന് വിശ്വസിക്കുക. ഇമാം ഫഖ്‌റുദ്ദീനുല്‍ റാസി (റ)വിന്റെ കാലഘട്ടം വരെ അപ്രകാരം വിശ്വസിച്ചിരുന്നതായി ഈ ലോകത്ത് ആരും തന്നെ ഉണ്ടായിട്ടില്ല എന്നാണ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധിക്കുക: ”നിങ്ങളറിഞ്ഞിരിക്കണം, തീര്‍ച്ചയായും സത്തയിലും കഴിവിലും വിജ്ഞാനത്തിലും യുക്തിയിലും അല്ലാഹുവിന് തുല്യനായ ഒരു  പങ്കുകാരനെ ആരും തന്നെ ഉണ്ടാക്കിയിട്ടില്ല. ഇന്നുവരെ അപ്രകാരം (ആരെങ്കിലും വിശ്വസിക്കുന്നതായി) അറിയപ്പെട്ടിട്ടുമില്ല”(തഫ്‌സീറുല്‍ കബീര്‍ 2:113). അല്ലാഹുവും അക്കാര്യം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ”അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു”(ശൂറാ: 11). മറ്റൊരു വചനം ഇപ്രകാരമാണ്: ”അവന്ന് തുല്യനായി ആരും തന്നെ ഇല്ലതാനും”(ഇഖ്‌ലാസ്:4). എന്നാല്‍ മുഹ്‌യുദ്ദീന്‍ മാല ശരിയാണെന്നതും ഇസ്‌ലാമിക പ്രമാണമാണെന്നും  സ്ഥാപിക്കുന്നതിലൂടെ അതിന്റെ പ്രചാരകര്‍ അല്ലാഹുവിന്റെ സമന്‍മാരെ പ്രതിഷ്ഠിക്കുന്നു. അതിലെ രണ്ടു വരികള്‍ ശ്രദ്ധിക്കുക:
എന്നുടെ ഏകല്‍ഉടയോവന്‍
തന്റേകല്‍’
ആകെന്നു ഞാന്‍ ചൊല്‍കില്‍
ആകും അതെന്നോവര്‍ (മു-മാല)
മേല്‍ പറഞ്ഞ വരികളുടെ താല്‍പര്യം: ”എന്റെ കല്പന (ശൈഖിന്റെ) അല്ലാഹുവിന്റെ കല്പന തന്നെയാണ്. ഒരു വസ്തു ഇന്ന രൂപത്തിലാകണം എന്ന് ശൈഖ് പറഞ്ഞാല്‍ അതേ രൂപത്തിലായിത്തീരുന്നതാണ്.” ഈ വരികള്‍ ശൈഖിനെ അല്ലാഹുവോട് തുല്യപ്പെടുത്തലാണ്. അല്ലാഹു അരുളി: ”അല്ലാഹു ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന്  പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു” (യാസീന്‍ 82).
രണ്ട്: അല്ലാഹുവിന്റെ നാമങ്ങളില്‍ സമപ്പെടുത്തല്‍ ഉണ്ടാകുന്നതാണ്. വഹ്ഹാബ് (അത്യുദാരന്‍) റഹ്മാന്‍ (പരമ കാരുണ്യകന്‍) റഹീം (കരുണാനിധി) മജീദ് (മഹത്വമേറിയവന്‍) തുടങ്ങിയവ അല്ലാഹുവിന്റെ നാമങ്ങളില്‍ പെട്ടതാണ്. ഇത്തരം നാമങ്ങള്‍ വ്യക്തികള്‍ക്ക് നല്‍കുന്നത് ശരിയല്ല. അല്ലാഹുവിന് മാത്രമേ നല്‍കാവൂ. അല്ലാഹു അരുളി: ”നബിയേ, പറയുക: ”നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവനുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍” (ഇസ്‌റാഅ് 10) മനുഷ്യര്‍ക്ക് അല്ലാഹുവിന്റെ പേരുകള്‍ വെക്കുമ്പോള്‍ അതിനു മുമ്പ് ഒരു ‘അബ്ദ്’ ചേര്‍ത്തു വിളിക്കേണ്ടതാണ്. ഇത് അറിയാത്തവരായി ആരുമില്ല. പക്ഷെ, നാം അക്കാര്യത്തില്‍ തികച്ചും അശ്രദ്ധരാണ്.
മൂന്ന്: അല്ലാഹുവിന്റെ വിശേഷ ഗുണങ്ങള്‍ മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന് വിശ്വസിക്കലാണ്. അദൃശ്യ കാര്യങ്ങള്‍ അറിയുകയെന്നത് അല്ലാഹുവിന്റെ മാത്രം വിശേഷഗുണത്തില്‍ പെട്ടതാണ്. സമൂഹത്തില്‍ ആള്‍ദൈവങ്ങളായി ചമയുന്നവരും, അത്ഭുത സിദ്ധികളുണ്ടെന്ന് അവകാശപ്പെടുന്നവരും, അല്ലാഹുവിന് മാത്രമായുള്ള വിശേഷ ഗുണങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് സ്ഥാപിക്കുന്നു. അല്ലാഹു അരുളി: അവന്‍ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാല്‍ അവന്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനായിരിക്കുന്നു”(മുഅ്മിനൂന്‍ 92). മറ്റൊരു ഖുര്‍ആന്‍ വചനം ഇപ്രകാരമാണ്: അവനല്ലാതെ അവ അറിയുകയില്ല”അവന്റെ പക്കലാകുന്നു അദൃശ്യ കാര്യത്തിന്റെ ഖജനാവുകള്‍”(അന്‍ആം 59).
നാല്: സര്‍വവിധ സംരക്ഷണ നിയന്ത്രണാധികാരങ്ങളും അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമാകുന്നു എന്നതാണ്. മഴ പെയ്യിക്കുന്നത് അല്ലാഹുവാണ്. അല്ലാഹു അരുളി: ”തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യദിനം സംബന്ധിച്ചുള്ള അറിവ്. അവന്‍ മഴ പെയ്യിക്കുന്നു”(ലുഖ്മാന്‍ 34).  സൂര്യചന്ദ്രന്മാരെ നിയന്ത്രിക്കുന്നത് അല്ലാഹുവാണ്. അല്ലാഹു അരുളി: ”സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്”(യാസീന്‍ 38). അതേയവസരത്തില്‍ വലിയ്യാണെന്നവകാശപ്പെടുകയോ കരുതപ്പെടുകയോ ചെയ്യുന്ന ഒരു വ്യക്തിയോട് മഴ പെയ്യിക്കണം, സൂര്യന്റെ ചൂട് കുറച്ചുതരണം എന്നിങ്ങനെ അപേക്ഷിക്കല്‍ ശിര്‍ക്കാണ്. അതേയവസരത്തില്‍ ചൂട് കുറയാന്‍ വേണ്ടിയും മഴക്കുവേണ്ടിയും അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ പറയല്‍ സുന്നത്താണ്.
അഞ്ച്: ആരാധനകളില്‍ ശിര്‍ക്ക് വരുന്നതാണ്. ഇത് രണ്ടു വിധമുണ്ട്. ഒന്ന്: അല്ലാഹുവിന് വേണ്ടി മാത്രം ചെയ്യുന്ന ആരാധനാകര്‍മങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുക. രണ്ട്: രിയാഇന്നു (മറ്റുള്ളവരെ കാണിക്കാന്‍) വേണ്ടി ആരാധനാ കര്‍മങ്ങള്‍ ചെയ്യുക. ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് വലിയ ശിര്‍ക്കില്‍ പെട്ട കാര്യങ്ങളാണ്. അഥവാ അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി അര്‍പ്പിക്കുന്ന നേര്‍ച്ച വഴിപാടുകള്‍, അല്ലാഹുവല്ലാത്തവരെ പിടിച്ചു സത്യം ചെയ്യുക തുടങ്ങിയവയാണ്. അല്ലാഹു അരുളി: ”നിങ്ങളുടെ രക്ഷിതാവ് അരുളിയിരിക്കുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ പിന്നീട് നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്. തീര്‍ച്ച”(മുഅ്മിന്‍ 60). എല്ലാ സല്‍ കര്‍മങ്ങളിലും പ്രാര്‍ഥനയുണ്ടായിരിക്കും. പ്രാര്‍ഥനയുണ്ടെങ്കിലേ ഏതൊരു കാര്യവും ആരാധനയാകൂ എന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
ആറ്: സംരക്ഷണത്തില്‍ വരുന്നതാണ്. ദുനിയാവില്‍ വെച്ച് നമുക്ക് വേണ്ടപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന സംരക്ഷണം വളരെ പരിമിതമാണ്. എന്നാല്‍ ഇഹത്തിലും പരത്തിലും നമ്മുടെ യഥാര്‍ഥ സംരക്ഷകന്‍ അല്ലാഹു മാത്രമാണ്. ദുനിയാവിലും ആഖിറത്തിലും അദൃശ്യമായ നിലയില്‍ നമ്മെ രക്ഷിക്കാന്‍ ശുപാര്‍ശകരോ സഹായികളോ ഉണ്ടെന്നു വിശ്വസിക്കല്‍ ശിര്‍ക്കാണ്. അല്ലാഹു അരുളി: ”നിങ്ങള്‍ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലതന്നെ”(അല്‍ബഖറ 107). മറ്റൊരു ഖുര്‍ആന്‍ വചനം ഇപ്രകാരമാണ്: ”അല്ലാഹുവിന് പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകരും അവര്‍ക്കില്ല” (അന്‍ആം 51).
ഏഴ്: ഏതെങ്കിലും കര്‍മങ്ങളില്‍ നിന്നോ ശക്തികളില്‍ നിന്നോ ആദൃശ്യവും കാര്യകാരണ ബന്ധങ്ങള്‍ക്കതീതവുമായും ഖൈറോ ശര്‍റോ പ്രതീക്ഷിക്കല്‍ ശിര്‍ക്കില്‍ പെട്ടതാണ്.
സിഹ്‌റ്, കണ്ണേറ്, ഏലസ്സ്, ഉറുക്ക്, ലക്ഷണം നോക്കല്‍ എന്നിവകളില്‍ നിന്നും ഖൈറോ ശര്‍റോ പ്രതീക്ഷിക്കല്‍ അതിലുള്‍പ്പെടുന്നു. മേല്‍ പറഞ്ഞവയില്‍ സിഹ്‌റും ഏലസ്സും ഉറുക്കും ലക്ഷണം നോക്കലും ശിര്‍ക്കാണെന്ന് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. കണ്ണേറില്‍ നിന്നല്ല നാം അല്ലാഹുവിങ്കല്‍ രക്ഷ തേടുന്നത്. മറിച്ച് അസൂയക്കണ്ണില്‍ നിന്നാണ്. അല്ലാഹു അരുളി: ”അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ ശര്‍റില്‍ നിന്നും (ഞാന്‍ രക്ഷ തേടുന്നു)” (ഫലഖ് 5). നബി(സ)ക്ക് ജിബ്‌രീല്‍(അ) നടത്തിയ മന്ത്ര പ്രാര്‍ഥന ഇപ്രകാരമായിരുന്നു: ”അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ താങ്കള്‍ക്ക് മന്ത്ര പ്രാര്‍ഥന നടത്തുന്നു. താങ്കളെ ദ്രോഹിക്കുന്ന എല്ലാ വസ്തുക്കളില്‍ നിന്നും ശരീരങ്ങളില്‍ നിന്നും അല്ലെങ്കില്‍ അസൂയ നിറഞ്ഞ കണ്ണില്‍ നിന്നും”(സ്വഹീഹുമുസ്‌ലിം 7:424)
എട്ട്: അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ മറ്റു വല്ലവരെയും സ്‌നേഹിക്കയെന്നതാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അരുളി: ”അല്ലാഹു അല്ലാത്തവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു”(അല്‍ബഖറ 165). അല്ലാഹുവെ സ്‌നേഹിക്കല്‍ നബി(സ)യെ പിന്‍പറ്റി ജീവിക്കലാണ് എന്ന് സൂറത്ത് ആലുഇംറാന്‍ 31-ാം വചനത്തില്‍ അല്ലാഹു അരുളിയിട്ടുണ്ട്.
ഒമ്പത്: അല്ലാഹുവെ ഭയപ്പെടുന്നതുപോലെ മറ്റുള്ളവയെ ഭയപ്പെടുകയെന്നതാണ്. എന്നാല്‍ ഭൗതികമായി ചില വസ്തുക്കളെ നാം ഭയപ്പെടുന്നു. ചില വ്യക്തികളെയും നാം ഭയപ്പെടേണ്ടതുണ്. മാതാപിതാക്കള്‍, ഗുരുനാഥന്മാര്‍ എന്നിവര്‍ അതിനുദാഹരണങ്ങളാണ്. പക്ഷെ, ഇവയൊക്കെ ഭൗതികവും ദൃശ്യവുമാണ്. എന്നാല്‍ അദൃശ്യമായും അഭൗതികമായും കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായും അല്ലാഹുവെ മാത്രമേ ഭയപ്പെടാവൂ. അല്ലാഹു അരുളി: ”അദൃശ്യ നിലയില്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുകയും അന്ത്യദിനത്തെക്കുറിച്ച് ഉല്‍ക്കണ്ഠയുള്ളവരുമാരോ (അവര്‍ക്കുള്ള ഉല്‍ബോധനമാണിത്)”(അമ്പിയാഅ് 49). മറ്റൊരു ഖുര്‍ആന്‍ വചനം ഇപ്രകാരമാണ്: ”അത് പിശാച് മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി നിങ്ങളെ ഭയപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക”(ആലുഇംറാന്‍ 175) അപ്പോള്‍ അദൃശ്യജ്ഞാനികളായ ജിന്ന്, പൊട്ടി, ബ്രഹ്മരക്ഷസ്സ്, കുട്ടിച്ചാത്തന്‍ തുടങ്ങിയവയെ ഭയപ്പെടല്‍ ശിര്‍ക്കും ഇസ്‌ലാമിക വിരുദ്ധവുമാകുന്നു.
2.3 3 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x