12 Thursday
December 2024
2024 December 12
1446 Joumada II 10

ശിര്‍ക്കും മുശ്‌രിക്കാക്കലും – പി കെ മൊയ്തീന്‍ സുല്ലമി

ആദ്യകാലത്ത് സമസ്തക്കാരുടെയും സംസ്ഥാനക്കാരുടെയും അവരോട് യോജിച്ചു പ്രവര്‍ത്തിക്കുന്നവരുടെയും വാദം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ജാഇസ് (അനുവദനീയം) ആണ് എന്നതായിരുന്നു. എന്നാല്‍ കാന്തപുരം സമസ്തക്കാര്‍ രംഗപ്രവേശം ചെയ്തതോടെ അല്ലാഹു അല്ലാത്തവരെ വിളിച്ചുതേടല്‍ നിര്‍ബന്ധം എന്ന നിലയിലായിത്തീര്‍ന്നു. അതിനവര്‍ പറയുന്ന ന്യായം ഖുര്‍ആനോ സുന്നത്തോ പണ്ഡിതാഭിപ്രായമോ അല്ല. മറിച്ച്, വലിയ ട്രാന്‍സ്‌ഫോമറില്‍ നിന്നും നേരിട്ട് വൈദ്യുതി എടുത്താല്‍ കരിഞ്ഞുപോകും എന്നതാണ്. അതിനാല്‍ അല്ലാഹു അല്ലാത്തവരോട് തേടല്‍ ഉമ്മാനോട് കഞ്ഞി ചോദിക്കുക, ഡോക്ടറോട് രോഗം പറഞ്ഞ് മരുന്ന് ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ പോലെ മാത്രമാണ് എന്നതാണ് അവരുടെ പക്ഷം.
അവരുടെ മറ്റൊരു വാദം ഒരു മുസ്‌ലിമില്‍ നിന്നും ഒരിക്കലും ശിര്‍ക്കു വരുന്നതല്ല. വഹ്ഹാബികള്‍ മുഅ്മിനുകളെ മുശ്‌രിക്കാക്കുന്നു. മക്കാ മുശ്‌രിക്കുകളുടെ മേല്‍ ഇറങ്ങിയ ഖുര്‍ആന്‍ വചനങ്ങള്‍ മുഅ്മിനുകളുടെ മേല്‍ ആരോപിക്കുകയാണ് എന്നൊക്കെയാണ് അവരുടെ വാദങ്ങള്‍. ഇവിടെ ആദ്യമായി നാം പരിശോധിക്കേണ്ടത് ഒരു മുസ്‌ലിമില്‍ നിന്നും ശിര്‍ക്കുവരുമോ എന്നതാണ്. എക്കാലത്തും വന്ന പ്രവാചകന്മാരും ശിര്‍ക്കിനെക്കുറിച്ച് ജനങ്ങള്‍ക്ക് ശക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നതാണ് വസ്തുത. അതില്‍ നിന്നും അല്ലാഹുവോട് രക്ഷ തേടിയിട്ടുമുണ്ട്.
ഇബ്‌റാഹീം(അ)യുടെ പ്രാര്‍ഥന ശ്രദ്ധിക്കുക: ”എന്റെ രക്ഷിതാവേ, നീ എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യേണമേ”(ഇബ്‌റാഹീം 35). മൂസാനബി(അ)യോട് തൗഹീദ് പഠിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജനത ഒരു ദൈവത്തെ നിശ്ചയിച്ചുകൊടുക്കാന്‍ കല്പിക്കുന്നതായി ഇപ്രകാരം കാണാം.” ഹേ, മൂസാ ഇവര്‍ക്ക് ദൈവങ്ങളുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ ഏര്‍പ്പെടുത്തിത്തരണം”(അഅ്‌റാഫ് 138).
മൂസാനബി(അ) ന്റെ ജനത അദ്ദേഹം തൗറാത്ത് വാങ്ങാന്‍ പോയ സന്ദര്‍ഭത്തില്‍ അവരില്‍ പെട്ട സാമിരി എന്ന് പറയപ്പെടുന്ന വ്യക്തിയുണ്ടാക്കിയ ഒരു പശുക്കുട്ടിയെ ആരാധിക്കുകയുണ്ടായി. അവരുടെ പ്രസ്താവന ഇപ്രകാരമായിരുന്നു: ”അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുന്നതുവരെ ഞങ്ങള്‍ ഇതിനെ ആരാധിക്കുന്നതില്‍ നിരതരായി തന്നെയിരിക്കുന്നതാണ്”(ത്വാഹ 91). ലുഖ്മാന്‍(അ) തന്റെ മകനെ ആദ്യമായി ഉപദേശിച്ചത് ശിര്‍ക്കിന്റെ ഗൗരവത്തെ സംബന്ധിച്ചായിരുന്നു. അല്ലാഹു അരുളി: ”ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കു ചേര്‍ക്കരുത്. തീര്‍ച്ചയായും അപ്രകാരം പങ്കു ചേര്‍ക്കല്‍ വമ്പിച്ച അക്രമം തന്നെയാകുന്നു” (ലുഖ്മാന്‍ 13)
ഖുര്‍ആനിലൂടെ അല്ലാഹു നമുക്കും ശിര്‍ക്കിനെ സംബന്ധിച്ച് ഒരുപാടു മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. യഥാര്‍ഥ ഭക്തന്മാരെക്കുറിച്ച് അല്ലാഹു അരുളിയതു ശ്രദ്ധിക്കുക: ”അവര്‍ അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും  വിളിച്ചു പ്രാര്‍ഥിക്കാത്തവരുമാണ്.” (ഫുര്‍ഖാന്‍ 68). മറ്റൊരു വചനം ശ്രദ്ധിക്കുക: ”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് സന്മാര്‍ഗം പ്രാപിച്ചവര്‍”(അന്‍ആം 82). ”ഇവിടെ അക്രമം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശിര്‍ക്കാകുന്നു”(ബുഖാരി).
ശിര്‍ക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അല്ലാഹു നമ്മോട് ഇപ്രകാരം കല്പിച്ചിട്ടുണ്ട്. മുസ്‌ലിംകളില്‍ നിന്നും ശിര്‍ക്ക് വരില്ലെങ്കില്‍ അപ്രകാരം കല്പിക്കേണ്ടതില്ലല്ലോ? അല്ലാഹു അരുളി: ”നിങ്ങള്‍ നമസ്‌കാരം മുറ പോലെ നിര്‍വഹിക്കണം. നിങ്ങള്‍ മുശ്‌രിക്കുകളില്‍ പെട്ടുപോകരുത്”(റൂം 31). ശിര്‍ക്കടക്കമുള്ള പാപങ്ങള്‍ സത്യവിശ്വാസികളില്‍ നിന്ന് സംഭവിച്ചിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. മുസ്‌ലിംകളെക്കാളും ശിര്‍ക്കും അനാചാരങ്ങളും ചെയ്യുന്നവരാണ് വേദക്കാര്‍. അവരെ സംബന്ധിച്ച് നമുക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നത് ഇപ്രകാരമാണ്. ”തങ്ങള്‍ക്കു മുമ്പ് വേദഗ്രന്ഥം നല്‍കപ്പെടുന്നവരെപ്പോലെ ആകാതിരിക്കാനും (സത്യവിശ്വാസികള്‍ക്ക്) സമയമായില്ലേ?”(ഹദീദ് 16).
അവരെപ്പോലെ നാമും ആയിത്തീരുമെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുമുണ്ട്. ഇനി സ്വഹാബികളില്‍ നിന്ന് പോലും ശിര്‍ക്ക് വന്നിട്ടുണ്ട്. ഹുനൈന്‍ യുദ്ധത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ചില സ്വഹാബികള്‍ നബി(സ)യോട് ഇപ്രകാരം ആവശ്യപ്പെടുകയുണ്ടായി: ”അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ആയുധം കൊളുത്താന്‍ (ബര്‍ക്കത്തിന്) മരമുള്ളതുപോലെ നമുക്കും ഒരു മരം നിശ്ചയിച്ചു തരണം. നബി(സ) പറഞ്ഞു: അല്ലാഹുവാണ് ഏറ്റവും മഹാന്‍. ഇത് ബനൂഇസ്‌റാഈല്യര്‍ മൂസാ(അ)യോട് അവര്‍ക്ക് കുറേ ദൈവങ്ങളുള്ളതുപോലെ നമുക്കും ഒരു ദൈവത്തെ നിശ്ചയിച്ചു തരണം” എന്ന് പറഞ്ഞതുപോലെ തന്നെയാണ്. തീര്‍ച്ചയായും നിങ്ങള്‍ മുന്‍കഴിഞ്ഞുപോയവരെ പിന്‍തുടരുക തന്നെ ചെയ്യുന്നതാണ്”(തിര്‍മിദി).
പക്ഷെ നബി(സ) ആരെയും മുശ്‌രിക്കാണെന്നു പറഞ്ഞ് ഇസ്‌ലാമില്‍ നിന്നും പുറത്താക്കിയിട്ടില്ല. മുസ്‌ലിംകളില്‍ നിന്ന് ശിര്‍ക്കു വരുമെന്ന് നബി(സ) ചില മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. അതിപ്രകാരമാണ്. ”എന്റെ സമുദായത്തില്‍ നിന്നും കുറേ ഗോത്രങ്ങള്‍ മുശ്‌രിക്കുകളെ പിന്തുടരുന്നതുവരെയും (ആരാധനകളില്‍) കുറേ ഗോത്രക്കാര്‍ വിഗ്രഹാരാധന നടത്തുന്നതുവരെയും ലോകാവസാനം സംഭവിക്കുന്നതല്ല”(അബൂദാവൂദ്).
മറ്റൊരു നബിവചനം: ”എന്റെ സമുദായത്തില്‍ പെട്ട കുറേ ഗോത്രക്കാര്‍ പിന്നീട് വിഗ്രഹാരാധന നടത്തുന്നതാണ്. കുറേ ഗോത്രക്കാര്‍ പില്‍ക്കാലത്ത് മുശ്‌രിക്കുകളെ പിന്തുടരുന്നതുമാണ്”(ഇബ്‌നുമാജ). മേല്‍ പറഞ്ഞ ഹദീസുകളില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ ദര്‍ശിക്കേണമെങ്കില്‍ നേര്‍ച്ചകളിലും പൂരങ്ങളിലും ഒരു സന്ദര്‍ശനം നടത്തിയാല്‍ മതിയാകുന്നതാണ്. ശിര്‍ക്കില്‍ വര്‍ഗീയതയില്ല, എന്ന് മനസ്സിലാക്കാന്‍ കഴിയും. ശിര്‍ക്ക് എന്ന മഹാപാപം ഏത് മഹാനില്‍ നിന്നും പല നിലക്കും വരാവുന്നതാണ്. അതിനാല്‍ അതിനെ നിങ്ങള്‍ സൂക്ഷിക്കണം എന്നാണ് നബി(സ) അരുളിയത്: ”ജനങ്ങളെ, നിങ്ങള്‍ ശിര്‍ക്കിനെ സൂക്ഷിക്കുവിന്‍. അത് ഉറുമ്പിന്റെ ചലനത്തേക്കാള്‍ ഗോപ്യമായ നിലയില്‍ നിങ്ങളില്‍ വന്നെത്തുന്നതാണ്”(അഹ്മദ്).
ഇനി ശിര്‍ക്കു ചെയ്യുന്നവരെയൊക്കെ മുശ്‌രിക്കെന്നു വിളിക്കാന്‍ പറ്റുമോ? നമുക്ക് ഏതു വിഷയത്തിനുമുള്ള പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. ഒരു വ്യക്തിയെ മുശ്‌രിക്കെന്നോ കാഫിറെന്നോ വിളിക്കേണമെങ്കില്‍ അയാള്‍ മുശ്‌രിക്കാണെന്നും കാഫിറാണെന്നും സ്വയം സമ്മതിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അതു കുറ്റകരവും പരദൂഷണവുമായിത്തീരും. അയാള്‍ കാഫിറോ മുശ്‌രിക്കോ അല്ലെങ്കില്‍ അപ്രകാരം വിളിച്ച വ്യക്തി അപ്രകാരമായിത്തീരും. ഇപ്രകാരമാണ് ഖുര്‍ആനും സുന്നത്തും നമ്മെ പഠിപ്പിക്കുന്നത്.
ഈസാനബി(അ)ന്റെയും മറിയം(അ)ന്റെയും കുരുശിന്റെയും വിഗ്രഹങ്ങളുടെയും ഫോട്ടോകളും വെച്ച് ആരാധനാ കര്‍മങ്ങള്‍ നടത്തുന്നവരാണ് ക്രിസ്ത്യാനികള്‍. എന്നിട്ടും അല്ലാഹു അവരെ ഖുര്‍ആനില്‍ അഭിസംബോധന ചെയ്യുന്നത് മുശ്‌രിക്കുകളേ എന്നല്ല, മറിച്ച് വേദക്കാരേ എന്നാണ്. അതിന്റെ കാരണം അവര്‍ മുശ്‌രിക്കുകളാണെന്ന് അവര്‍ സ്വയം സമ്മതിക്കാന്‍ തയ്യാറില്ലാത്തതുകൊണ്ടാണ്. അവര്‍ ശിര്‍ക്കു ചെയ്യുന്നവരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. അത് ശ്രദ്ധിക്കുക: ”അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകന്‍ മസീഹിനെയും അല്ലാഹുവിനു പുറമെ അവര്‍ റബ്ബുകളായി (രക്ഷിതാക്കള്‍) സ്വീകരിച്ചു. എന്നാല്‍ ഏകനായ ആരാധ്യനെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്പിക്കപ്പെട്ടത്. അവനല്ലാതെ ഒരു ദൈവവുമില്ല. അവര്‍ ശിര്‍ക്കു വെക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍”(തൗബ 31)
മേല്‍ പറഞ്ഞ വചനത്തില്‍ ക്രിസ്ത്യാനികള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരാണ് എന്ന് അല്ലാഹു ഉണര്‍ത്തുന്നു. എന്നിട്ടും അല്ലാഹു അവരെ അഭിസംബോധന ചെയ്യുന്നത് വേദക്കാരേ, എന്ന് വെളിച്ചുകൊണ്ടാണ്. അത് ശ്രദ്ധിക്കുക: ”നബിയേ, പറയുക. വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അഥവാ അല്ലാഹുവെയല്ലാതെ നാം ആരാധിക്കുകയും അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക എന്നതാണത്” (ആലുഇംറാന്‍ 64).
അല്ലാഹു അല്ലാതെ റബ്ബും ഇലാഹും ഇല്ലെന്ന്  വേദക്കാരും മുസ്‌ലിംകളും ഒരുപോലെ അംഗീകരിച്ചുപോരുന്നതാണ്.  യാഥാസ്ഥിതികര്‍ വാദിച്ചുപോരുന്നത് മുഹ്‌യുദ്ദീന്‍ ശൈഖിനെയോ, ബദ്‌രീങ്ങളെയോ വിളിച്ചു തേടുന്നതില്‍ തെറ്റില്ല എന്നാണ്. എന്നാല്‍ മക്കയിലെ മുശ്‌രിക്കുകള്‍ വിളിച്ചുതേടിയിരുന്നത് അതിനേക്കാള്‍ ഉന്നതന്മാരായ ഇബ്‌റാഹീം(അ)യെയും ഇസ്മാഈല്‍(അ)യെയുമായിരുന്നു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ശബരിമല അയ്യപ്പനോട് തേടുന്നതും ഉള്ളാള്‍ ശൈഖിനോട് തേടുന്നതും തുല്യ ശിര്‍ക്കുതന്നെയാണ്. പ്രാര്‍ഥന ഇബാദത്താണ്. അത് അല്ലാഹു അല്ലാത്ത ആരോട് നടത്തിയാലും ശിര്‍ക്കുതന്നെ. വ്യഭിചാരം ഹറാമാണ്. അത് മുസ്‌ലിം സ്ത്രീയായിരുന്നാലും ഹിന്ദു സ്ത്രീയായിരുന്നാലും ശരി. ജൂസു കുടിച്ചാലും കള്ളു കുടിച്ചാലും നോമ്പു മുറിയുമല്ലോ? ഇമാം റാസി വിഗ്രഹാരാധന എന്താണെന്ന് വിശദീകരിച്ചതിനു ശേഷം അതിന്ന് തുല്യമാണ് ഖബ്ര്‍ പൂജ എന്നും വിശദീകരിക്കുന്നു. അത് ശ്രദ്ധിക്കുക: മഹത്തുക്കള്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യും എന്ന വിശ്വാസത്തോടെ ഖബ്‌റുകളെ ബഹുമാനിക്കല്‍ വിഗ്രഹാരാധനക്ക് തുല്യമാണ്”(തഫ്‌സീറുല്‍ കബീര്‍: യൂനുസ് 18).
ഇനി അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുക, അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുക തുടങ്ങിയ ശിര്‍ക്കുകള്‍ ചെയ്യുന്നവരെ നാം മുശ്‌രിക്കുകളായി തള്ളിക്കളയുന്ന പക്ഷം പരിഹരിക്കാന്‍ പറ്റാത്ത ഒരുപാട് പ്രയാസങ്ങള്‍ നാം അനുഭവിക്കേണ്ടി വരും. അതിലൊന്ന് വിവാഹബന്ധമാണ്. ശിര്‍ക്കു ചെയ്യുന്ന മുസ്‌ലിംകളെല്ലാം മുശ്‌രിക്കുകളാണെങ്കില്‍ പല വിവാഹ ബന്ധങ്ങളും വേര്‍പെടുത്തേണ്ടതായി വരും. ഭാവിയില്‍ അത്തരക്കാരില്‍ നിന്നും വിവാഹം കഴിക്കല്‍ നിഷിദ്ധമായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ കല്പന ശ്രദ്ധിക്കുക: ”മുശ്‌രിക്കാത്തുകളെ (ബഹുദൈവ വിശ്വാസിനികള്‍) അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്”(അല്‍ബഖറ 221).
എന്നാല്‍ വേദക്കാരായ സ്ത്രീകളെ നമുക്ക് വിവാഹം കഴിക്കല്‍ അനുവദനീയമാകുമ്പോള്‍ അതുപോലെ ശിര്‍ക്കു ചെയ്യുന്ന സ്വന്തം സമുദായത്തില്‍ പെട്ടവര്‍ അതില്‍ നിന്നും പുറത്തുപോകുന്നതല്ലല്ലോ? അല്ലാഹു അരുളി: ”നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ക്കനുവദനീയമാകുന്നു”(മാഇദ 5). ശിര്‍ക്കു ചെയ്യുന്ന മുസ്‌ലിംകളെ മുഴുവന്‍ മുശ്‌രിക്കുകളായി പരിഗണിക്കുന്ന പക്ഷം നാം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല സ്വത്തുക്കളും പലര്‍ക്കും നിഷിദ്ധമായിത്തീരും. ഭാവിയില്‍ അവരുടെ സ്വത്തിന് നാം അവകാശികളായിത്തീരുന്നതുമല്ല. നബി(സ) അരുളി: ”കാഫിറിന്റെ സ്വത്ത് മുസ്‌ലിമിന് അനന്തരം ലഭിക്കുന്നതല്ല. മുസ്‌ലിമിന്റെ സ്വത്ത് കാഫിറിനും അനന്തരം ലഭിക്കുന്നതല്ല”(അല്‍അര്‍ബഅ).
മൂന്നാമതായി അതുകൊണ്ടുണ്ടാകുന്ന ദോഷം പല മയ്യിത്തുകളും മുസ്‌ലിംകളുടെ ഖബര്‍ സ്ഥാനങ്ങളില്‍ നിന്നും പുറത്തെടുത്ത് മുശ്‌രിക്കുകളുടെ ശ്മശാനങ്ങളില്‍ മറവു ചെയ്യേണ്ടതായി വരും. ഭാവിയില്‍ അത്തരക്കാരെ മുസ്‌ലിംകളെ മറവു ചെയ്യുന്ന സ്ഥലങ്ങളില്‍ മറവു ചെയ്യാവുന്നതുമല്ല. അതിനാല്‍ ശിര്‍ക്ക് രണ്ടു വിധമുണ്ട് എന്ന് നാം അംഗീകരിച്ചേ പറ്റൂ. ഒന്ന്: വിഗ്രഹാരാധനയില്‍ ജനിച്ച് വിഗ്രഹാരാധനയോടെ മരണപ്പെട്ടുപോകുന്ന അടിസ്ഥാനപരമായ ശിര്‍ക്ക്.
രണ്ട്: ഇസ്‌ലാം നിര്‍ദേശിക്കുന്ന സകല കാര്യങ്ങളും അംഗീകരിക്കുകയും മുസ്‌ലിംകളാണെന്നു വാദിക്കുകയും ചെയ്യുന്നവര്‍. പക്ഷെ, ഭാഗികമായി അവരില്‍ നിന്നും ശിര്‍ക്കുകള്‍ വന്നുകൊണ്ടിരിക്കുന്നു. അത്തരക്കാരെ ബാഹ്യമായി മുസ്‌ലിംകളായി നാം അംഗീകരിക്കേണ്ടതാണ്. നബി(സ) അരുളി: ”അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന് ജനങ്ങള്‍ പ്രസ്താവിക്കുന്നതുവരെ അവരോട് പോരാട്ടം നടത്താന്‍ ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു. അതവര്‍ പ്രഖ്യാപിക്കുകയും നമ്മുടെ നമസ്‌കാരം അവര്‍ നിര്‍വഹിക്കുകയും നമ്മുടെ ഖിബ്‌ലയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്താല്‍ അവരുടെ സമ്പത്തും രക്തവും അല്ലാഹുവിന്റെ അവകാശം ഒഴികെ നമുക്ക് നിഷിദ്ധമാണ്. അവരുടെ വിചാരണ അല്ലാഹുവിന്റെ അടുക്കലാണ്”(ബുഖാരി).
മേല്‍ പറഞ്ഞ ഹദീസിന്റെ താല്‍പര്യം നരകവും സ്വര്‍ഗവും നാം വിചാരണ നടത്തി തീരുമാനിക്കേണ്ടതില്ല. അല്ലാഹു വിചാരണ ചെയ്ത് തീരുമാനിച്ചുകൊള്ളും എന്നാണ്. അതേയവസരത്തില്‍ ശിര്‍ക്കിനെതിരില്‍ ശക്തമായ നിലയില്‍ പ്രബോധനം നടത്താത്ത പക്ഷം അല്ലാഹു വിന്റെ കോടതിയില്‍ നാം മറുപടി പറയേണ്ടി വരും.
Back to Top