14 Tuesday
May 2024
2024 May 14
1445 Dhoul-Qida 6

ശാഹീന്‍ബാഗുകള്‍ മുസ്‌ലിം സ്ത്രീകള്‍ സമരങ്ങളെ നിര്‍ണയിക്കുന്നു – ഹിശാമുല്‍ വഹാബ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധപ്രകടനങ്ങള്‍ അലയടിക്കുകയാണ്. ഡിസംബര്‍ 11-ന് രാജ്യസഭയില്‍ ഈ ബില്‍ പാസ്സാക്കിയതിനുശേഷം, 20-ാം തിയ്യതി തന്നെ കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്, പാക്കിസ്താനില്‍ നിന്നുള്ള ഏഴ് അഭയാര്‍ഥികള്‍ക്ക് പൗരത്വരേഖകള്‍ കൈമാറിക്കൊണ്ട് അതിന്റെ പ്രയോഗവത്ക്കരണത്തിന് തുടക്കം കുറിച്ചു. അഖിലേന്ത്യാതലത്തില്‍ ജനുവരി 10 മുതല്‍ നടപ്പിലായ ഈ നിയമം അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളില്‍ പെട്ട വ്യക്തികള്‍ക്ക് ആറു വര്‍ഷത്തെ ഇന്ത്യയിലെ വാസത്തിനു ശേഷം പൗരത്വപദവി നല്‍കും എന്നതാണ്.
ഇതിന്റെ സവിശേഷസാഹചര്യം അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വപട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട 19 ലക്ഷം ആളുകളില്‍ നിന്നും മുസ്‌ലിം ഇതര സമുദായക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള ബി ജെ പി അജണ്ടയാണ്. അതോടൊപ്പം ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ച അഖിലേന്ത്യാ എന്‍ ആര്‍ സിയും, മുസ്‌ലിംകള്‍ക്കുള്ള പരൗത്വനിഷേധത്തെയും അതിനെ തുടര്‍ന്നുള്ള വംശീയ ഉന്മൂലനത്തിന്റെയും ആസൂത്രണ പദ്ധതികള്‍ക്കുമെതിരെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്, പൊതുവേ തുടര്‍ന്നുവന്നിരുന്ന പ്രക്ഷോഭങ്ങള്‍ പൗരത്വഭേദഗതി ബില്ലിന്റെ പ്രഖ്യാപനത്തോടുകൂടി ആളിപ്പടര്‍ന്നത്. തദ്ദേശീയ ജനതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരരംഗത്തുള്ള അവര്‍, ഡിസംബര്‍ മുതല്‍ ബന്ദും ഹര്‍ത്താലും സംഘടിപ്പിച്ചാണ് ഈ നിയമത്തെ നേരിടുന്നത്. എന്‍ ആര്‍ സി നടപ്പിലാക്കിയ അസമില്‍ പൗരത്വരേഖകള്‍ ഫോറിനേഴ്‌സ് ട്രിബ്യൂണലിനു മുമ്പില്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്ന 19 ലക്ഷം ആളുകളില്‍ നിന്നും, സി എ എയോടു കൂടി അഞ്ചുലക്ഷത്തിലധികം മുസ്‌ലിംകളാണ് തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കപ്പെടുന്നത്. വിഭജനങ്ങളുടെ നീണ്ട പരമ്പരയുള്ള ബംഗാളി ജനതയാണ് പൊതുവെ അസമില്‍ അനധികൃത കുടിയേറ്റക്കാര്‍ എന്ന് വിളിക്കപ്പെട്ടുകൊണ്ട് വിവേചനങ്ങള്‍ക്കിരകളാവാറുള്ളത്.

നിലവിലെ അനുമാനപ്രകാരം, ബംഗാളികളായ മുസ്‌ലിംകളാണ് ഈ നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുക. അമിത്ഷാ പ്രഖ്യാപിച്ച എന്‍ പി ആര്‍, എന്‍ ആര്‍ സി, സി എ എ എന്നിവയുടെ കാലക്രമം പ്രയോഗതലത്തില്‍ നാം അഭിമുഖീകരിക്കുമ്പോള്‍ തന്നെയാണ് പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നമുക്ക് പ്രതീക്ഷകള്‍ നല്‍കുന്നത്.
സര്‍വകലാശാലകളിലും തെരുവുകളിലും ആരംഭിച്ച പ്രതിഷേധ കൂട്ടായ്മകള്‍ പിന്നീട് രാജ്യത്തുടനീളം വ്യാപിച്ചു. ഡിസംബര്‍ പത്തോടു കൂടി അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പൂര്‍ണ ബന്ദ് പ്രഖ്യാപിച്ച പ്രതിഷേധക്കാരുടെ തുടര്‍ച്ച ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ, ഹൈദരബാദ് കേന്ദ്ര സര്‍വകലാശാല, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങലില്‍ പടര്‍ന്നു പിടിച്ചു. ഡിസംബര്‍ 13-ന് ജാമിഅ മില്ലിയയില്‍ നിന്നും ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചിനെ ഡല്‍ഹി പോലീസ് ക്രരമായി അടിച്ചമര്‍ത്തി. അലിഗഡില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് അക്രമിക്കുകയും എണ്ണമറ്റ കേസുകള്‍ ചുമത്തുകയും ചെയ്തു. ജാമിഅയിലെ പ്രകടനത്തെ അഭിസംബോധന ചെയ്ത ജെ എന്‍ യു ഗവേഷകന്‍ ഷര്‍ജീല്‍ ഇമാമാണ് വഴിതടയല്‍ ഒരു സമരമാര്‍ഗമായി നിര്‍ദേശിച്ചത്. പിന്നീട് ഡിസംബര്‍ 15-നാണ് ജാമിഅ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ശാഹീന്‍ബാഗിലെ ഡല്‍ഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന റോഡ് തടയുന്നത്. വളരെ ലളിതമായി തുടങ്ങിയ ശാഹീന്‍ബാഗ് സമരത്തിന്റെ അന്‍പതില്‍പരം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അതിന്റെ നേതൃത്വം കൈയാളുന്നത് മുസ്‌ലിം സ്ത്രീകളാണ് എന്നത്, അത് ഒരു മാതൃക എന്ന നിലയില്‍ രാജ്യത്തുടനീളം വ്യാപിക്കുവാന്‍ പ്രേരകമായിട്ടുണ്ട്.
ശാഹീന്‍ബാഗ് സമരം മാതൃകയാകുന്നത്, അതിന്റെ സ്ഥിരതാ സ്വഭാവവും ക്ഷമാപൂര്‍ണവും സമാധാനപരവുമായ നിലനില്പിന്റെയും കാരണത്താലാണ്. ഒരു നീണ്ട കാലയളവിനെ നേരിട്ട് അത് ഇപ്പോഴും തുടരുന്നു എന്നത് മുസ്‌ലിം സ്ത്രീകളുടെ പ്രാപ്തിയെയും അര്‍പ്പണ സന്നദ്ധതയെയുമാണ് സൂചിപ്പിക്കുന്നത്. എന്‍ ഡി ടി വി ശാഹീന്‍ബാഗിലെ ഉമ്മൂമ്മകളുമായി നടത്തിയ പരിപാടിയില്‍, അവര്‍ നേരിട്ട് വെല്ലുവിളിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയുമാണ്. തങ്ങളുടെ പൈതൃകത്തെ എണ്ണിപ്പറഞ്ഞുകൊണ്ട് അവര്‍ ഉന്നയിക്കുന്നത് പൗരത്വഭേദഗതി നിയമത്തിന്റെ അസംബന്ധത്തെയും അസാധുതയെയുമാണ്. ഭരണകൂടത്തിന്റെ മുസ്‌ലിംവിരുദ്ധ നയങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ഈ കിരാതനിയമം പിന്‍വലിക്കുന്നതുവരെ തെരുവില്‍ തുടരുമെന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ സാമ്പ്രദായിക നേതൃത്വധാരണകളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചുകൊണ്ടാണ് ശാഹീന്‍ബാഗിലെ മുസ്‌ലിം സ്ത്രീകള്‍ സമരവുമായി മുന്നോട്ടുപോവുന്നത്. അതിന്റെ അനുരണനങ്ങളായി രാജ്യത്തുടനീളം ‘ശാഹീന്‍ബാഗ് മാതൃകകള്‍’ വ്യാപിക്കുമ്പോള്‍ മുസ്‌ലിം സ്ത്രീകളുടെ പ്രാതിനിധ്യവും നേതൃത്വവും നാം കണ്ടുകൊണ്ടിരിക്കുന്നത്.
സര്‍വകലാശാലകളിലും കാമ്പസുകളിലും ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളിലും മുന്‍പന്തിയില്‍ നിന്നുകൊണ്ട് നയിക്കുന്നത് മുസ്‌ലിം പെണ്‍കുട്ടികളാണ്. ഇവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളും ഒരേസമയം സമരത്തിന്റെ ഗതിനിര്‍ണയിക്കുകയും അതേസമയം ഒരു വ്യാവഹാരിക ഭാഷ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. അവ മുസ്‌ലിം പൗരത്വനിഷേധത്തിന്റെ പശ്ചാത്തലമായി ഇന്ത്യയില്‍ നിലനില്ക്കുന്ന ഇസ്‌ലാമോഫോബിയയുടെ വിവിധ തലങ്ങളെ ചോദ്യംചെയ്തുകൊണ്ടാണ് മുന്നേറുന്നത്. ഇന്നേവരെ ഇന്ത്യയിലെ മുഖ്യധാരാ അക്കാദമിക രാഷ്ട്രീയ പ്രതലങ്ങള്‍ അകറ്റിനിര്‍ത്തുവാനും അരികുവത്ക്കരിക്കുവാനും ശ്രമിച്ച മുസ്‌ലിമിന്റെ അതിലുപരി മുസ്‌ലിം സ്ത്രീയുടെ കര്‍തൃത്വവും പ്രതിനിധാനവും നേടിയെടുത്തുകൊണ്ടാണ് ഈ സമരപോരാളികള്‍ ഇന്ത്യയിലുടനീളം പ്രക്ഷോഭങ്ങള്‍ വ്യാപിപ്പിക്കുന്നത്.
ശാഹീന്‍ബാഗ് സമരം മറ്റിടങ്ങളിലേക്കും പടര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇതിനെതുടര്‍ന്ന്, കൊല്‍ക്കത്ത, മുംബൈ, ഗയ, പൂനെ, റാഞ്ചി, ഡല്‍ഹിയിലെ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അനിശ്ചിതകാല പ്രതിഷേധങ്ങളും ധര്‍ണകളും നടന്നുകൊണ്ടിരിക്കുന്നു. ഹിജാബ് ധാരികളായ മുസ്‌ലിം സ്ത്രീകള്‍ അധ്യക്ഷത വഹിക്കുന്ന സദസ്സുകളും അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും ദൂരപ്രദേശങ്ങളില്‍ നിന്നുപോലും ആളുകളെ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ‘ഞങ്ങള്‍ ഇന്ത്യന്‍ ജനത’, ‘ഭരണഘടന സംരക്ഷിക്കൂ’, ‘ഇന്ത്യയെ രക്ഷിക്കൂ’, ‘ഇന്ത്യയെന്ന ആശയം’ എന്നിങ്ങനെയുള്ള തലക്കെട്ടുകളാണ് ഭൂരിഭാഗം സമരക്കൂട്ടായ്മകളുടെയും പേരുകള്‍ സൂചിപ്പിക്കുന്നത്. ഒരു തലത്തില്‍ തുല്യപൗരത്വത്തിനു വേണ്ടിയുള്ള, ഭരണഘടനയുടെ മൂല്യങ്ങളുടെ നിലനില്പിന് വേണ്ടിയുള്ള സമരമാണെങ്കില്‍, മറ്റൊരു തലത്തില്‍ മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ അസ്തിത്വത്തിനും ശാക്തീകരണത്തിനും പുതിയ മാനങ്ങളാണിവ നല്കുന്നത്.

 

എന്തുകൊണ്ട് ഇത്തരം ശാഹീന്‍ബാഗ് മാതൃക സമരങ്ങളെല്ലാം മുസ്‌ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ മാ

ത്രം നടക്കുന്നു എന്നത്, ഇന്ത്യന്‍ ഭൂരിപക്ഷത്തിന്റെ മതേതര വാഗ്വാദങ്ങളെ ചോദ്യം ചെയ്യുന്നു. അതിനാല്‍ തന്നെ, കേവലം ഐക്യദാര്‍ഢ്യ പ്രസംഗങ്ങളുമായി ഇത്തരം സമരങ്ങളില്‍ എത്തി കൈയടി നേടുന്ന ലിബറല്‍ നേതാക്കളോട് ശാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ ചോദിക്കുന്നത്, നിങ്ങളുടെ ഏരിയകളില്‍ സിവില്‍ ലൈനുകളിലും പോഷ് ഏരിയകളിലും എന്തുകൊണ്ട് ആളുകളെക്കൂട്ടി ഒരു അനിശ്ചിതകാല സമരം നടത്തുവാന്‍ സാധിക്കുന്നില്ല എന്നതാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ധാരാളം സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ വന്നാല്‍ ശാഹീന്‍ബാഗിലെ സമരം അവസാനിപ്പിക്കുമെന്ന് പറഞ്ഞത് അമിത് ഷായാണ്. എന്തുകൊണ്ട് ശാഹീന്‍ബാഗിലെ മുസ്‌ലിംസ്ത്രീകള്‍ ബുര്‍ഖയും ഹിജാബും അണിഞ്ഞുകൊണ്ട് മാത്രം പങ്കെടുക്കുന്നു എന്നു ചോദിക്കുന്നത് ജ. മര്‍കണ്ഡേയ കട്ജു. സമരത്തില്‍ ബഹുജനപങ്കാളിത്തത്തെ ഉറപ്പുവരുത്താന്‍ മതകീയ സ്വഭാവമുള്ള മുദ്രാവാക്യങ്ങള്‍ ഒഴിവാക്കണമെന്ന് ശശി തരൂര്‍ എം പി നിര്‍ദേശിക്കുന്നു. സമരങ്ങളിലെ മുസ്‌ലിം സ്ത്രീ പ്രാതിനിധ്യത്തെയും നേതൃത്വമില്ലായ്മയെക്കുറിച്ചും പലവിധ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു.
സമരങ്ങളെ പൊളിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനും തീവ്രവാദ ആരോപണം മുതല്‍ ഫണ്ടിംഗ് ആരോപണം വരെ ഉന്നയിക്കപ്പെടുന്നു. സമരങ്ങളുടെ മറ്റൊരു തലത്തെക്കുറിച്ച്, അസമിനെയും ബംഗാളിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത തടസ്സപ്പെടുത്താന്‍ ആഹ്വാനം ചെയ്ത, ഷര്‍ജീല്‍ ഇമാമിനെതിരെ യു എ പി എ ചുമത്തുകയും അദ്ദേഹം കീഴടങ്ങുകയും ചെയ്തു. എന്നാല്‍ പ്രതിഷേധക്കാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഇളക്കിവിട്ട ഹിന്ദുത്വതീവ്രവാദികള്‍ ജാമിഅയിലും ശാഹീന്‍ബാഗിലും വെടിയുതിര്‍ത്തെങ്കിലും പോലീസ് കണ്ണടയ്ക്കുന്നു. ഇങ്ങനെ മുസ്‌ലിം സമുദായത്തിന്റെ സമരരീതികളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയും അവയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു പരിതസ്ഥിതിയിലാണ് മുസ്‌ലിം സ്ത്രീകള്‍ ഈ പ്രക്ഷോഭങ്ങളെ മുന്നോട്ടുകൊണ്ടുപോവുന്നത്.
ഈ സമരരംഗത്തെ മുസ്‌ലിം സ്ത്രീകള്‍ പല അധീശത്വ ധാരണകളെയും പ്രതിരോധിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. തങ്ങളെ എങ്ങനെ സമരം ചെയ്യണമെന്ന് പഠിപ്പിക്കുവാന്‍ വരുന്നവരോട് ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് കാര്യക്ഷമമായി സമരം ചെയ്യുകയും ഇസ്‌ലാമിന്റെ മുദ്രകള്‍ മുഖ്യധാരയില്‍ പ്രതിനിധാനം ചെയ്യുകയുമാണവര്‍. അതോടൊപ്പം ജനാധിപത്യത്തിന്റെ എല്ലാ മേഖലകളും ഉപയോഗപ്പെടുത്തിക്കൊണ്ട്, സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തിക്കൊണ്ട്, വിശാല ഐക്യങ്ങളുടെ വേദിയായി മാറുകയാണ് ഇത്തരം സമരമുഖങ്ങള്‍. മുസ്‌ലിം സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളാണ് രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന ശാഹീന്‍ ബാഗുകള്‍. അവരെ സര്‍വാത്മനാ പിന്തുണക്കുവാന്‍ മുഖ്യധാരാ സമുദായ രാഷ്ട്രീയ സംഘടനകള്‍ തയ്യാറാകുന്നത് പുതിയ മുന്നേറ്റങ്ങള്‍ക്കുള്ള പ്രതീക്ഷകളാണ് നമുക്കേകുന്നത്. പൗരത്വനിഷേധവും മുസ്‌ലിം വംശഹത്യാ അജണ്ടകളും അടങ്ങിയ ഈ നിയമം പിന്‍വലിക്കുന്നതുവരെ ഈ നിയമത്തിന് പശ്ചാത്തലമൊരുക്കിയ ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെ തിരിച്ചറിഞ്ഞുകൊണ്ട് അഭിമാനകരമായ അസ്തിത്വത്തിന്നായി ഈ സമരം നിലനില്ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x